ഷട് - തില ഏകാദശി
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🍁🍁🍁🍁🍁🍁🍁
മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഷട് - തില ഏകാദശിയെക്കുറിച്ച് ഭവിഷ്യോത്തരപുരാണത്തിൽ ഇപ്രകാരം പ്രതിപാദിക്കുന്നു. ഒരിക്കൽ ദാൽബ്യ മഹർഷി പുലസ്ത്യ മഹർഷിയോട് ഇപ്രകാരം ആരാഞ്ഞു . " അല്ലയോ ബഹുമാന്യനായ ബ്രാഹ്മണശ്രേഷ്ഠാ , നശ്വരമായ ഈ ലോകത്തിൽ ജനങ്ങൾ ബ്രഹ്മഹത്യ മുതൽ പലവിധത്തിലുള്ള പാപപ്രവർത്തികളിലും ഇന്ദ്രിയ സന്ദർപ്പണങ്ങളിലുമേർപ്പെടുന്നു. ഈ പാപ പ്രവർത്തനങ്ങളുടെ ഫലമായി ഇവർ അനുഭവിക്കുന്ന ഈ നരകയാതനകളിൽ നിന്ന് എങ്ങനെ മുക്തരാവാൻ സാധിക്കും ? ദയവായി അരുളി ചെയ്താലും ." പുലസ്ത്യ മഹർഷി അരുളിച്ചെയ്തു . " അല്ലയോ അതീവ ഭാഗ്യശാലിയായവനെ , ഒരുവൻ ശുദ്ധമായ മാനസികാവസ്ഥയോടെ മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിൽ ആഗതമാകുന്ന ഏകാദശി ദിവസം പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഹരിയെ ആരാധിക്കേണ്ടതാണ്. ആരാധനാ സമയത്ത് ഒരുവൻ ഇപ്രകാരം പ്രാർത്ഥിക്കണം. " അല്ലയോ ഭഗവാനെ , ജനാർദ്ദനാ അല്ലയോ കാരുണ്യമൂർത്തേ , കൃഷ്ണാ , അങ്ങ് പതീതോദ്ധാരകനാണ്. സംസാരസാഗരത്തിൽ മുങ്ങിത്താഴുന്നവരോട് അങ്ങ് കരുണ കാണിക്കൂ . അല്ലയോ പരബ്രഹ്മമേ, അല്ലയോ പരമദിവ്യോത്തമപുരുഷാ, അല്ലയോ ജഗന്നാഥാ , ധർമ്മപത്നിയായ ലക്ഷ്മീദേവിയോടൊത്ത് എൻറെ ആരാധന സ്വീകരിച്ചാലും." അതിനുശേഷം ബ്രാഹ്മണർക്ക് കുടകൾ , വസ്ത്രങ്ങൾ ,പാദരക്ഷകൾ, ജലം നിറച്ച കമണ്ഡലു എന്നിവ ദാനം ചെയ്യുകവഴി അവരെ ആരാധിക്കുകയും വേണം. ഒരുവൻ ബ്രാഹ്മണോത്തമന്മാർക്ക് തൻറെ ശക്തിക്കും കഴിവിനുമനുസരിച്ച് ശ്യാമ വർണ്ണത്തിലുള്ള പശുവിനെയും എള്ളിനേയും ദാനം ചെയ്യേണ്ടതാണ്. എള്ള് ദാനമായി നൽകിയാൽ ഒരുവന് സ്വർഗ്ഗലോകങ്ങളിൽ അനേകകാലം ജീവിക്കാവുന്നതാണ്.
ഒരുവൻ ഈ ഏകാദശി നാളിൽ എള്ള് കലർന്ന ജലത്തിൽ സ്നാനം ചെയ്യുകയും, എള്ള് അരച്ച് ദേഹത്ത് ലേപനം ചെയ്യുകയും , എള്ള് ഉപയോഗിച്ച് അഗ്നിഹോത്രം അനുഷ്ഠിക്കുകയും , എള്ള് കലർന്ന ജലത്താൽ പിതൃക്കൾക്ക് തർപ്പണം നൽകുകയും, എള്ള് ഭക്ഷിക്കുകയും, എള്ള് ദാനമായി നൽകുകയും ചെയ്യണം. ഇപ്രകാരം ചെയ്യുകയാൽ ഒരുവന്റെ എല്ലാ പാപ പ്രതികരണങ്ങളും ഉന്മൂലനം ചെയ്യപ്പെടുന്നു. അതിനാൽ ഈ ഏകാദശി ഷട്-തില (തില -എള്ള്) ഏകാദശി എന്നറിയപ്പെടുന്നു .
നാരദമുനി ഷട് - തില ഏകാദശിയുടെ മാഹാത്മ്യത്തെക്കുറിച്ചും അത് അനുഷ്ഠിച്ചാൽ ലഭിക്കുന്ന ഫലത്തെക്കുറിച്ചും അറിയാനായി ഭഗവാൻ കൃഷ്ണനെ സമീപിച്ചപ്പോൾ അദ്ദേഹം ഷട് - തില ഏകാദശിയുടെ മാഹാത്മ്യത്തിന്റെ കഥ ഇപ്രകാരം വിവരിക്കുകയുണ്ടായി . "പണ്ടൊരിക്കൽ ഒരു ബ്രാഹ്മണി ജീവിച്ചിരുന്നു . അവൾ വളരെ കർശനമായി ബ്രഹ്മചര്യം അനുഷ്ഠിക്കുകയും, ഭഗവാനെ ആരാധിക്കുകയും ചെയ്തുവന്നു . നിരന്തരം പലതരത്തിലുള്ള വ്രതങ്ങൾ അനുഷ്ഠിക്കുകയാൽ അവൾ കാലക്രമേണ മെലിയുകയും ദുർബലയാവുകയും ചെയ്തു . ബ്രാഹ്മണർക്കും കന്യകമാർക്കും അവൾ ദാനം നൽകിയിരുന്നുവെങ്കിലും ഒരിക്കലും അന്ന ധാന്യങ്ങൾ ദാനംചെയ്തു കൊണ്ട് അവൾ ബ്രാഹ്മണരെയും ദേവന്മാരെയും പ്രീതിപ്പെടുത്തിയില്ല. അവൾ അതികഠിനമായ തപോവ്രതങ്ങൾ അനുഷ്ഠിക്കുക വഴി ദുർബലയാണെങ്കിലും അവളെ ഒരു പരിശുദ്ധയായ ആത്മാവായി ഞാൻ കരുതി. മാത്രവുമല്ല അവൾ വിശന്നിരിക്കുന്ന ജനങ്ങൾക്ക് ഒരിക്കൽപോലും അന്നമോ ധാന്യമോ ദാനമായി നൽകിയിരുന്നില്ല. അല്ലയോ നാരദമഹർഷേ ഈ ബ്രാഹ്മണിയെ പരീക്ഷിക്കാനായി ഒരു സന്യാസിയുടെ വേഷം ധരിച്ച് ഞാൻ ഈ നശ്വര ലോകത്തിൽ പ്രത്യക്ഷനായി. ഒരു ഭിക്ഷാപാത്രം കയ്യിലേന്തിയ ഞാൻ അവളുടെ ഭവനത്തെ സമീപിച്ചു . ബ്രാഹ്മണി ആരാഞ്ഞു ." അല്ലയോ ബ്രാഹ്മണദേവാ ദയവായി സത്യം പറഞ്ഞാലും. അങ്ങ് എവിടെ നിന്നാണ് വരുന്നത്?" .ഞാൻ അത് കേൾക്കാത്ത പോലെ നടിച്ചു കൊണ്ട് വീണ്ടും ഭിക്ഷ യാചിക്കാൻ തുടങ്ങി. ക്രുദ്ധയായ അവൾ എന്റെ ഭിക്ഷാ പാത്രത്തിൽ ഒരുപിടി കളിമണ്ണ് വാരിയിട്ടു . അതിനുശേഷം ഞാൻ എന്റെ ധാമത്തിലേക്ക് തിരിച്ചുപോയി. അതികഠിനമായ തപസ്ചര്യകളനുഷ്ഠിക്കയാൽ സന്യാസിനി തൻറെ മരണത്തിനുശേഷം എന്റെ ധാമത്തിലേക്ക് തിരിച്ചു വന്നു . അവിടെ അവൾക്ക് അതിമനോഹരമായ ഒരു മാളിക നൽകപ്പെട്ടു . എന്നാൽ എനിക്ക് കളിമണ്ണ് സമർപ്പിച്ചതിനാൽ അവളുടെ ഭവനം കാഞ്ചന രഹിതവും ധനധാന്യരഹിതവുമായിത്തീർന്നു. അല്ലയോ ബ്രാഹ്മണോത്തമാ, ആ ഭവനത്തിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഒന്നും തന്നെ അവൾക്ക് കണ്ടെത്താനായില്ല . ക്രമേണ ധനത്തിന്റെ അഭാവം അവളെ അസ്വസ്ഥയാക്കി . പിന്നീട് അവൾ എന്നെ സമീപിക്കുകയും കുപിതയായി ഇപ്രകാരം പറയുകയും ചെയ്തു ."അല്ലയോ ജനാർദ്ദനാ , ഞാൻ കഠിനമായ വ്രതങ്ങൾ അനുഷ്ഠിക്കുകയും അങ്ങയെ വേണ്ടവിധത്തിൽ ആരാധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും എന്ത് കാരണത്താലാണ് ധനധാന്യങ്ങളിൽ നിന്നുള്ള അഭാവം ഞാൻ അനുഭവിക്കുന്നത്?".
ഞാൻ പറഞ്ഞു." അല്ലയോ ബ്രാഹ്മണി, ഭവതി ഭൗതിക ലോകത്തിൽ നിന്നും ഇവിടേക്ക് വന്നു കഴിഞ്ഞു. ഇപ്പോൾ ദയവുചെയ്ത് സ്വന്തം ഗൃഹത്തിലേക്ക് മടങ്ങുക . നിൻറെ ദർശനം എടുക്കാനുള്ള ജിജ്ഞാസ നിമിത്തം ചില ദേവപത്നിമാർ നിന്നെ കാണാനായി നിന്റെ ഭവനം സന്ദർശിക്കുമ്പോൾ , അവരോട് . ഷട് - തില ഏകാദശിയുടെ മഹത്വത്തെപ്പറ്റി ചോദിച്ചറിയണം . അവരുടെ വിവരണം കഴിയുന്നത്വരേക്കും വാതിൽ തുറക്കരുത്." എൻറെ വാക്കുകൾ ശ്രവിച്ച ബ്രാഹ്മണി അവളുടെ മാളികയിലേക്ക് തിരിച്ചുപോയി .
ഒരു ദിവസം ബ്രാഹ്മണി തന്റെ ഗൃഹത്തിലെ ഒരു മുറിയിൽ വാതിൽ അടച്ചു കൊണ്ട് ഇരിക്കുകയായിരുന്ന സമയത്തിൽ ദേവപത്നിമാർ അവിടെ വന്നു. അവർ പറഞ്ഞു " അല്ലയോ മനോഹരീ , ഞങ്ങൾ അവിടുത്തെ ദർശനത്തിനായി വന്നിരിക്കുകയാണ്. ദയവായി വാതിൽ തുറന്നാലും." ബ്രാഹ്മണി മറുപടി പറഞ്ഞു. " നിങ്ങൾക്ക് എന്നെ കാണണമെങ്കിൽ ദയവുചെയ്ത് ഷട് - തില ഏകാദശിയുടെ പ്രാധാന്യവും മാഹാത്മ്യവും വിവരിച്ചാലും. അതിനുശേഷം ഞാൻ വാതിൽ തുറക്കുന്നതാണ്." അപ്പോൾ ദേവപത്നിമാരിൽ ഒരുവൾ ഷട് - തില ഏകാദശിയുടെ മഹത്വം വിവരിച്ചുകൊടുത്തു .ഷട് - തില ഏകാദശി മാഹാത്മ്യം ശ്രവിച്ചയുടൻ ബ്രാഹ്മണി അതീവ സംതൃപ്തയായി അവൾ വാതിൽ തുറന്നു.ദേവപത്നിമാർ അവളെ കണ്ടു സന്തുഷ്ടരായി.
ദേവ സ്ത്രീകളുടെ നിർദ്ദേശപ്രകാരം ബ്രാഹ്മണി , ഷട് - തില ഏകാദശി അനുഷ്ഠിച്ചു . അതിനുശേഷം അവൾ മനോഹരിയും തേജസ്വിയും സമൃദ്ധമായ ധനധാന്യങ്ങൾക്കും സ്വർണത്തിനും ഉടമയുമായി മാറി. എന്നാൽ ഒരിക്കലും ആരും അത്യാഗ്രഹം മൂലം ഈ ഏകാദശി അനുഷ്ഠിക്കുവാൻ പാടുള്ളതല്ല. ഏകാദശി അനുഷ്ഠിക്കുകയാൽ ഒരുവന്റെ ദാരിദ്ര്യവും, ദൗർഭാഗ്യവും എല്ലാം ഉന്മൂലനം ചെയ്യപ്പെടുന്നു .ഇന്നേ ദിവസം എള്ള് ദാനം ചെയ്യുകയാണെങ്കിൽ തന്റെ എല്ലാവിധ പാപപ്രതികരണങ്ങളിൽ നിന്നും ഒരുവന് മുക്തനാകാൻ കഴിയുന്നതാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment