അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🍁🍁🍁🍁🍁🍁🍁
സത്യയുഗത്തിൽ നദിജംഗാ എന്ന് പേരായ അതിഭയാനകനായ ഒരു അസുരൻ ജീവിച്ചിരുന്നു . അവൻ ദേവകൾക്കെല്ലാം ഒരു പേടിസ്വപ്നമായിരുന്നു . പിന്നീട് ഒരു ബ്രാഹ്മണകുടുംബത്തിൽ പുനർജനിച്ച അവന് മുരൻ എന്ന ഒരു മകൻ ജനിച്ചു . പിതാവിനൊപ്പം ശക്തനും കുപ്രസിദ്ധനുമായ മുരാസുരൻ ചന്ദ്രാവതി എന്ന നഗരം സ്വന്തം തലസ്ഥാനമാക്കി അവിടെ വാണു വന്നു . തന്റെ ബലത്തിൽ ഊറ്റം കൊണ്ടിരുന്ന മുരാസുരൻ ഒരിക്കൽ സ്വർഗ്ഗലോകങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും , ദേവന്മാരെ അവിടെ നിന്ന് നിഷ്കാസനം ചെയ്യുകയും , സ്വർഗ്ഗലോകാധിപനായി സ്വയം അവരോധിക്കുകയും ചെയ്തു. അവൻ ഇന്ദ്രൻ , അഗ്നി, യമൻ , വായു , ചന്ദ്രൻ , വരുണൻ , സൂര്യൻ , അഷ്ടവസുക്കൾ തുടങ്ങിയവരെയെല്ലാം തോൽപ്പിച്ച് അവരെ തൻറെ നിയന്ത്രണത്തിൻ കീഴിലാക്കി .
അശരണരായ ദേവന്മാർ ദേവേന്ദ്രനോടുകൂടി ഭഗവാൻ വിഷ്ണുവിന്റെ സമക്ഷം ചെന്ന് ഭഗവാനെ പ്രാർത്ഥിക്കുവാൻ തുടങ്ങി . അവരുടെ ഹൃദയംഗമമായ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ മുരാസുരനെ വധിച്ചു ദേവൻമാരെ സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തു . ഭഗവാൻ അരുളിച്ചെയ്തു "അല്ലയോ ദേവേന്ദ്രാ , ഈ ശക്തിശാലിയായ അസുരനെ ഞാൻ സ്വയം സംഹരിക്കുന്നതായിരിക്കും . ഇപ്പോൾത്തന്നെ എല്ലാവരും അവന്റെ തലസ്ഥാനനഗരിയായ ചന്ദ്രാവതിയിലേക്ക് പുറപ്പെടുവിൻ . " അങ്ങിനെ സകല ദേവന്മാരും യുദ്ധസജ്ജരായി ചന്ദ്രാവതിയിലേക്ക് പുറപ്പെട്ടു . അതിഭയങ്കരമായ ഒരു യുദ്ധം അവിടെ അരങ്ങേറി . അസുരന്മാരെല്ലാം പരാജയപ്പെട്ടുവെങ്കിലും മുരാസുരനെ തോൽപ്പിക്കുക എന്നത് അത്യന്തം കഠിനമായിരുന്നു . ഭക്തവത്സലനായ ഭഗവാൻ ഹരി മുരാസുരനുമായി യുദ്ധത്തിൽ ഏർപ്പെട്ടു . ആയുധങ്ങളാൽ യുദ്ധം ചെയ്തെങ്കിലും ആരും വിജയിക്കാത്തതിനാൽ ഭഗവാൻ ദ്വന്ദയുദ്ധത്തിൽ ഏർപ്പെട്ടു . അപ്രകാരം 10000 ദേവ വർഷങ്ങൾ ആ യുദ്ധം തുടർന്നു . അവസാനം ക്ഷീണിതനായ ഭഗവാൻ വിശ്രമിക്കുവാനായി ബദരികാശ്രമത്തിലേക്ക് യാത്രയായി . അവിടെ ഹിമവതി എന്ന് പേരായ മനോഹരമായ ഒരു ഗുഹക്കുള്ളിൽ പ്രവേശിച്ചു .
പിന്തുടർന്നുവന്ന മുരാസുരൻ നിദ്രയിയിലാണ്ടു കിടക്കുന്ന ഭഗവാനെ കണ്ടതും ഇപ്രകാരം ചിന്തിക്കുവാൻ തുടങ്ങി . " ഇന്ന് അസുരദ്വേഷിയായ ഇവനെ ഞാൻ വധിക്കും ." ദുർബുദ്ധിയായ മുരാസുരൻ ഇപ്രകാരം പദ്ധതിയിടവേ ആകസ്മികമായി ഭഗവാൻ ഹരിയുടെ ദേഹത്തിൽ നിന്നും തേജസ്വിനിയായ ഒരു കന്യക പ്രത്യക്ഷപ്പെട്ടു . അവൾ തന്റെ കൈകളിൽ വിവിധയിനം ദിവ്യായുധങ്ങൾ ധരിച്ചിരുന്നു .അവൾ മുരാസുരനെതിരെ തൻറെ അവിരാമമായ യുദ്ധമാരംഭിച്ചു . അതിശക്തമായി ആക്രമണം അഴിച്ചുവിട്ട അവളുടെ യുദ്ധമുറകളെല്ലാം തന്നെ ഇടിമിന്നൽ പോലെ ശക്തമായിരുന്നു . മുരാസുരന്റെ എല്ലാ ആയുധങ്ങളും അവൾ നിർവീര്യമാക്കുകയും നശിപ്പിക്കുകയും അവന്റെ രഥം തകർക്കുകയും ചെയ്തു . നിരായുധനായ അസുരൻ ക്രുദ്ധനായി അവൾക്ക് നേരെ പാഞ്ഞടുത്തു . കോപാകുലയായ ദേവി അവന്റെ ശിരസ്സ് ഛേദിച്ചു. അപ്രകാരം മുരാസുരൻ യമലോകം പൂകി .
ഭഗവാൻ ഹരി നിദ്രയിൽ നിന്ന് ഉണർന്നപ്പോൾ അസുരൻ വധിക്കപ്പെട്ടതായി കണ്ടു . അടുത്തുതന്നെ അഞ്ജലിബദ്ധയായി ഒരു കന്യക നിൽക്കുന്നതും അദ്ദേഹം ദർശിച്ചു . ആശ്ചര്യപൂർവ്വം അദ്ദേഹം ആരാഞ്ഞു . " ആരാണ് നീ ? "
ദേവി ഉത്തരമരുളി . " അല്ലയോ ഭഗവാനേ, ഞാൻ അങ്ങയുടെ ദേഹത്തിൽ നിന്നും ഉത്ഭവിച്ചവളാണ് . ഞാനാണ് ഈ അസുരനെ വധിച്ചത് . അങ്ങ് ശയിക്കുന്നത് കണ്ടു ഈ അസുരൻ അങ്ങയെ വധിക്കുന്നതിനായി ഒരുങ്ങിയപ്പോൾ ഞാൻ ഇവനെ കാലപുരിക്കയച്ചു."
ദേവിയിൽ അതീവ പ്രസന്നനായ ഭഗവാൻ ഇപ്രകാരം അരുളിച്ചെയ്തു . "അല്ലയോ ദേവീ , നിന്റെ ഈ പ്രവർത്തിയിൽ ഞാൻ സന്തുഷ്ടനായിരിക്കുന്നു. അവിടുത്തേക്ക് ഇഷ്ടമുള്ള എന്ത് വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക."
ദേവി പറഞ്ഞു . " അല്ലയോ ഭഗവാനേ, അങ്ങ് എന്നിൽ പ്രസന്നനായെങ്കിൽ ഈ ദിനത്തിൽ ഉപവാസം അനുഷ്ഠിക്കുന്ന ഏതൊരുവന്റേയും അതിഭയാനകമായ പാപപ്രതികരണങ്ങൾ പോലും ഇല്ലായ്മ ചെയ്യാനുള്ള ശക്തി എനിക്ക് പ്രദാനം ചെയ്താലും . ഈ ദിനത്തിൽ സായന്തനത്തിൽ മാത്രം ഭക്ഷിക്കുന്ന ഒരുവന് (ധാന്യങ്ങളും പയറുവർഗങ്ങളും ഒഴിച്ചുള്ള പദാർത്ഥങ്ങൾ) ഈ വ്രതത്തിന്റെ പകുതി ഫലം ലഭിക്കണമെന്നും മദ്ധ്യാഹ്നം മാത്രം ഭക്ഷിക്കുന്ന ഒരുവന് ഈ വ്രതത്തിന്റെ പകുതി ഫലം ലഭിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു . എൻറെ ആവിർഭാവ ദിനമായ ഇന്ന് , പൂർണ ശ്രദ്ധയോടെയും ഭക്തിയോടെയും കണിശമായും പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്ന ഒരുവന് ഈ ലോകത്തിലുള്ള സകല സുഖങ്ങളും ആസ്വദിക്കാനാവുകയും അന്ത്യത്തിൽ അങ്ങയുടെ പരമ വാസസ്ഥലമായ വൈകുണ്ഠലോകം പ്രാപ്തമാക്കാനാവുകയും വേണം എന്നും ഞാൻ ആഗ്രഹിക്കുന്നു . അല്ലയോ ഭഗവാനേ അങ്ങയുടെ കാരുണ്യം പ്രാപ്തമാക്കാനായി ഞാൻ ആഗ്രഹിക്കുന്ന വരം ഇതാണ്."
" എൻറെ ഭഗവാനേ , ഒരുവൻ മദ്ധ്യാഹ്നം മാത്രമോ സായന്തനം മാത്രമോ , പൂർണ ഉപവാസത്തോടെയോ വ്രതം അനുഷ്ഠിച്ചാൽ അവന് ധർമ്മാധിഷ്ഠിതമായ മനോഭാവവും, ധനധാന്യാദികളും അന്ത്യത്തിൽ മുക്തിയും ലഭ്യമാകണം . "
പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ അരുളിച്ചെയ്തു ." അല്ലയോ പുണ്യശാലിയായ ദേവി , അവിടുന്ന് ആവശ്യപ്പെട്ടതെല്ലാം ഞാൻ പ്രദാനം ചെയ്യുന്നു . എൻറെ അഖില ഭക്തരും ഭവതിയുടെ ആവിർഭാവ ദിനത്തിൽ ഉപവാസം അനുഷ്ഠിക്കുകയും അപ്രകാരം ത്രിലോകങ്ങളിലും പ്രസിദ്ധിയാർജ്ജിക്കുകയും അവസാനം എന്റെ പരമമായധാമത്തിൽ എന്നോടൊപ്പം വസിക്കുകയും ചെയ്യും. എന്റെ അതീന്ദ്രിയ ശക്തിയായ ഭവതി , ശുക്ലപക്ഷത്തിലെ പതിനൊന്നാം ദിവസം ആവിർഭവിക്കുകയാൽ അവിടുത്തെ നാമം ഏകാദശി എന്നറിയപ്പെടും . ഒരുവൻ ഏകാദശി ദിവസം ഉപവാസമനുഷ്ഠിച്ചാൽ സകലവിധ പാപ പ്രതികരണങ്ങളിൽ നിന്നും മുക്തനായി എൻറെ അതീന്ദ്രിയ ധാമത്തെ പ്രാപിക്കുന്നതാണ്.
No comments:
Post a Comment