🍁🍁🍁🍁🍁🍁🍁🍁
തന്റെ ഇച്ഛാനുസൃതം, ചന്ദ്രഗ്രഹണം സംഭവിച്ച 1407 ശതാബ്ദത്തിലെ ഒരു ഫാൽഗുനി പൂർണിമ സായാഹ്നത്തിൽ ഭഗവാൻ അവതരിച്ചു. ഗ്രഹണവേളയിൽ ഗംഗയിലോ, മറ്റേതെങ്കിലും പുണ്യനദികളിലോ സ്നാനം ചെയ്ത്, വേദമന്ത്രങ്ങളുരുവിട്ട് ആത്മശുദ്ധീകരണം നടത്തുന്ന ആചാരം ഹിന്ദുക്കളുടെ ഇടയിലുണ്ട്. ചന്ദ്രഗ്രഹണ വേളയിൽ ചൈതന്യ മഹാപ്രഭു ഭൂജാതനായപ്പോൾ ആർഷഭാരതം മുഴുവൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്ന പവിത്ര മന്ത്രോച്ചാരണത്താൽ മുഖരിതമായിരുന്നു. ഈ യുഗത്തിലെ ‘താരക-ബ്രഹ്മ നാമം' എന്ന് വിശേഷിപ്പിക്കുന്ന ഭഗവാന്റെ ഈ 16 നാമങ്ങളും നിരവധി പുരാണങ്ങളിലും, ഉപനിഷത്തുക്കളിലും പ്രസ്താവിച്ചിരിക്കുന്നു. അപരാധമുക്തമായ ഭഗവാന്റെ ഈ പവിത്ര നാമജപത്തിലൂടെ പതിതാത്മാവ് ഭൗതിക ബന്ധനങ്ങളിൽനിന്നും ത്രാണനം ചെയ്യപ്പെടുന്നു. ഭഗവാന് ഭാരതത്തിനകത്തും, പുറത്തും അസംഖ്യം നാമങ്ങളുണ്ട്. സമസ്ത നാമങ്ങളും പരമദിവ്യോത്തമപുരുഷനെ ലക്ഷ്യമാക്കുന്നതാകയാൽ അവയൊക്കെത്തന്നെ തുല്യമേന്മയുള്ളവയാകുന്നു. എന്നിരുന്നാലും, ഈ 16 നാമങ്ങളും ഈ യുഗത്തിനായി വിശിഷ്യാ നിർദ്ദേശിക്കപ്പെട്ടതാകയാൽ ജനങ്ങൾ അവയുടെ ആനുകൂല്യം ഫലപ്രദമായി വിനിയോഗിച്ച്, ശാസ്ത്ര നിയമങ്ങൾ പരിശീലിച്ച് വിജയം പ്രാപ്തമാക്കിയ മഹാആചാര്യന്മാരുടെ പാത പിന്തുടരണം.
ഭഗവാന്റെ ആവിർഭാവവും, ചന്ദ്രഗ്രഹണവും (ഏകകാലത്ത് സംഭ വിച്ചത്) അദ്ദേഹത്തിന്റെ സവിശേഷ ദൗത്യത്തെ സൂചിപ്പിക്കുന്നു. കലി യുഗത്തിൽ ഹരിനാമജപ മാഹാത്മ്യം പ്രചരിപ്പിക്കുക എന്നതാണ് മഹാ പ്രഭുവിന്റെ ദൗത്യം. നിസ്സാര കാര്യങ്ങൾക്കുപോലും കലഹങ്ങളുണ്ടാകുന്ന ഈ കലിയുഗത്തിൽ ആത്മസാക്ഷാത്കാരത്തിനുള്ള സാമാന്യ മാർഗമായി ഭഗവദ്നാമജപം ശ്ലാഘിച്ചു സമർപ്പിച്ചിരിക്കുന്നു. എല്ലാവരും ഒത്തുകൂടി, അവരവരുടേതായ തനത് ഭാഷയിലും, കർണാമൃതങ്ങളായ കീർത്തനാലാപനങ്ങളിലൂടെയും ഭഗവാനെ പ്രകീർത്തിക്കാം. മാത്രമല്ല, അത്തരം സത്സംഗങ്ങൾ അപരാധമുക്തമായി നിർവഹിക്കുന്നപക്ഷം, പങ്കെടുക്കുന്ന ഏവരും, മറ്റു കാർക്കശ്യ മാർഗങ്ങൾ അവലംബിക്കാതെ ത്തന്നെ ആത്മീയ പരിപൂർണതയിലേക്ക് നിശ്ചയമായും ക്രമേണ ഉയർത്തപ്പെടും. അപ്രകാരമുള്ള ഒത്തുചേരലിൽ ഏവരും: പണ്ഡിതനും, പാമരനും, ധനികനും, ദരിദ്രനും, ഹിന്ദുക്കളും, മുസ്ലീങ്ങളും, ഇംഗ്ലീഷുകാരും, ഭാരതീയരും, ചണ്ഡാലരും, ബ്രാഹ്മണരും അങ്ങനെ സർവരും അതീന്ദ്രിയ ധ്വനി ശ്രവിക്കുന്നതാകയാൽ, മനസ്സാകുന്ന കണ്ണാടിയിലെ ഭൗതിക സംസർഗമെന്ന മാലിന്യം വൃത്തിയാക്കപ്പെടുന്നു. ഭഗവാന്റെ ദൗത്യത്തെ അവിതർക്കിതവും, ദൃഡതരവുമാക്കുവാൻ മനുഷ്യവർഗ നന്മയ്ക്കായി സാർവലൗകികമതഹേതുവായി ലോകത്തിലെ സർവമാന ജനങ്ങളും ഭഗവാന്റെ പവിത്ര നാമത്തെ പൊതുവേദികയായി അംഗീകരിക്കണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ചൈതന്യ മഹാപ്രഭുവിന്റെ ആഗമനത്തോടുകൂടി ദിവ്യനാമവും സമാഗതമായി.
( ശ്രീമദ് ഭാഗവതം / അവതാരിക )
🍁🍁🍁🍁🍁🍁🍁🍁
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
🍁🍁🍁🍁🍁🍁🍁🍁🍁🍁
https://t.me/joinchat/SE9x_uS_gyO6uxCc
No comments:
Post a Comment