നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ
പരിഹാരം
ക്രോധം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം അഞ്ച് / ശ്ലോകം 26
*************************************************
കാമക്രോധ വിമുക്താനാം യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിർവാണം വർതതേ വിദിതാത്മനാം
കാമക്രോധ വിമുക്താനാം - കാമക്രോധങ്ങളിൽ നിന്ന് മുക്തനായി; യതചേതസാം - സംയതചിത്തന്മാരായി; വിദിതാത്മാനാം – ആത്മജ്ഞാനികളായ; യതീനാം - യതികൾ; അഭിതഃ - താമസിയാതെ; ബ്രഹ്മനിർവാണം - പരമമുക്തിയിൽ; വർതതേ - സ്ഥിതിചെയ്യുന്നു.
കാമക്രോധങ്ങളൊഴിഞ്ഞ് അച്ചടക്കത്തോടെ പരിപൂർണ്ണതയ്ക്കു വേണ്ടി അനവരതം യത്നിക്കുന്ന ആത്മസാക്ഷാത്കാരം നേടിയവർക്ക് അചിരേണ പരമപദപ്രാപ്തി സുനിശ്ചിതമാണ്.
മുക്തിക്കുവേണ്ടി നിരന്തരം യത്നിച്ചുകൊണ്ടി രിക്കുന്ന പവിത്രാത്മാക്കളിൽവെച്ച് ഉത്തമനാണ് കൃഷ്ണാവബോധം സിദ്ധിച്ചവൻ. ഭാഗവതം (4.22,39) ഇതിനെ അനുകൂലിക്കുന്നു.
യത്പാദപങ്കജപലാശവിലാസഭക്ത്യാ
കർമാശയം ഗ്രഥിതമുദ്ഗ്രഥയന്തി സന്തഃ
തദ്വന്നരിക്തമതയോ യതയോ ഽപിരുദ്ധ
സ്രോതോഗണാസ്തമരണം ഭജവാസുദേവം
“കാമ്യകർമ്മങ്ങൾചെയ്യാനുള്ള ആഴത്തിൽ വേരൂന്നിയ ആഗ്രഹങ്ങളെ പിഴുതെടുത്ത ശേഷം ഭഗവത്പാദസേവയിൽ മുഴുകി അതീന്ദ്രിയ ആനന്ദമനുഭവിക്കുന്നവരാണ് ഭക്തന്മാർ. അവരെപ്പോലെ ഇന്ദിയ സുഖങ്ങളുടെ അദമ്യമായ ത്വരയെ ഫലപ്രദമായി നിയന്ത്രിക്കാൻ മഹർഷീശ്വരന്മാർക്കുപ്പോലും സാധിക്കുന്നില്ല.”
കാമ്യകർമ്മങ്ങളുടെ ഫലമനുഭവിക്കാനുള്ള ആഗ്രഹം ബദ്ധനായ ജീവാത്മാവിൽ ആഴത്തിൽ വേരൂന്നികിടക്കുകയാണ്. ഏറെ പരിശ്രമിച്ചാലും മഹർഷിമാർക്കുപോലും അത്തരം ആഗ്രഹങ്ങൾ നിയന്ത്രിക്കാൻ പ്രയാസമുണ്ട്. കൃഷ്ണാവബോധത്തോടെ നിരന്തരം ഭഗവത്സേവനത്തിലേർപ്പെടുന്ന ഭക്തനാകട്ടെ, പൂർണ്ണമായ ആത്മസാക്ഷാത്കാരം നേടി പെട്ടെന്നുതന്നെ പരമപദപ്രാപ്തി ലഭിക്കുന്നു. ആത്മസാക്ഷാത് കാരത്തെപ്പറ്റി പൂർണ്ണജ്ഞാനമുള്ള അയാൾ എപ്പോഴും സമാധിയി ലാണ്. ഇതിനൊരുദാഹരണം പറയാം,
ദർശനധ്യാനസംസ്പർശൈർ മത്സ്യകൂർമവിഹംഗമാഃ
സ്വാന്യപത്യാതി പുഷ്‌ണന്തി തഥാഹമപി പദ്മജ
"ദർശനം, ധ്യാനം, സ്പർശം എന്നിവകൊണ്ട് മാത്രം മത്സ്യങ്ങളും, ആമകളും പക്ഷികളും മക്കളെ പുലർത്തിപ്പോരുന്നു. ഹേ പദ്മജാ, ഞാനും അങ്ങനെ തന്നെ."
നോട്ടംകൊണ്ട് മാത്രമാണത്രേ മത്സ്യം കുഞ്ഞുങ്ങളെ പോറ്റുന്നത്. ആമ, ധ്യാനം കൊണ്ടും. ആമ കരയിലാണ് മുട്ടയിടുന്നത്, വെള്ളത്തിൽ കിടന്നുകൊണ്ട് ആ മുട്ടകളിൽ മനസ്സുന്നുകയുംചെയ്യുന്നു. അതുപോലെ കൃഷ്ണാവബോധമുള്ള ഭക്തനും ഭഗവദ്ധാമത്തിൽ നിന്ന് വിദൂരസ്ഥനെങ്കിലും നിരന്തരമായ ധ്യാനംകൊണ്ടും കൃഷ്ണാവബോധപ്രവർത്തനം കൊണ്ടും ആ ധാമത്തിലേയ്ക്ക് സ്വയം ഉയരാം. ഭൗതികക്ലേശ ങ്ങളുടെ ആഘാതം അയാൾക്ക് അനുഭവപ്പെടില്ല. സദാ പരമപുരുഷനിൽ മുഴുകിയിരിക്കുന്നതുമൂലം പ്രാപഞ്ചിക ക്ലേശങ്ങൾ തീണ്ടാത്ത ഈ അവസ്ഥയാണ് ബഹ്മനിർവ്വാണം.
No comments:
Post a Comment