Home

Saturday, April 10, 2021

പുരി ജഗന്നാഥന്റെ ദിവ്യചരിത്രം


 പുരി ജഗന്നാഥന്റെ ദിവ്യചരിത്രം


🍁🍁🍁🍁🍁🍁🍁


മിക്കവാറും എല്ലാ ഭാരതീയർക്കും ഭഗവാൻ ജഗന്നാഥനെ കുറിച്ചറിയാം വർഷന്തോറും നടത്തിവരുന്ന അദ്ദേഹത്തിന്റെ രഥ യാത്ര, കോടിക്കണക്കിന് ജനങ്ങളെ ആകർഷിക്കുക വഴി, അതിനെ ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായി അംഗീകരിക്കപ്പെടുന്നു എന്നിരുന്നാലും വളരെ കുറച്ചു ആളുകൾക്കു മാത്രമേ, ഭഗവാൻ എന്തുകൊണ്ട് ഈ ശ്രേഷ്ഠമായ രൂപത്തിൽ വന്നു എന്നതിനെക്കുറിച്ച് അറിവുള്ളൂ. ഇതൊരു അതിശയകരമായ വസ്തുതയാണ്.


ഭഗവാൻ ജഗന്നാഥൻ പുരിയിൽ പ്രത്യക്ഷമായതിന്റെ രഹസ്യം


🍁🍁🍁🍁🍁🍁🍁


വർഷങ്ങൾക്ക് മുമ്പ്  ഭഗവാൻ വിഷ്ണുവിന്റെ വലിയ  ഭക്തനായിരുന്ന ഇന്ദ്രദ്യുമ്നമഹാരാജാവ് ഭഗവാനെ നേരിട്ടു കാണുവാൻ ആത്മാർത്ഥമായി അഭിലഷിച്ചു. ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹാവതാരമായ നിലമാധവൻ, ഇന്ദ്രദ്യുമ്നനാൽ രാജകീയമായ രീതിയിൽ പൂജിക്കപ്പെടണമെന്ന് തന്റെ പുരോഹിതനായ വിദ്യാപതിയെ അറിയിച്ചതായി രാജാവ് അറിഞ്ഞു. പക്ഷേ, രാജാവ് അവിടെ എത്തിയപ്പോഴേക്കും ആ വിഗ്രഹം അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.. ആകാശത്തു നിന്ന് ഒരു അശരീരി രാജാവിനോട് നീലാചലത്തിന്റെ മുകളിൽ ഒരു ക്ഷേത്രം പണിയുവാനും, ഭഗവാൻ അവിടെ തടി കൊണ്ടുണ്ടാക്കിയ രൂപത്തിൽ പ്രത്യക്ഷനാവുമെന്നും സൂചിപ്പിച്ചു.


ഇപ്രകാരം അശരീരിയനുസരിച്ച് ഇന്ദ്രദ്യുമ്ന മഹാരാജാവ്, ഒരു ക്ഷേത്രവും അതിനുചുറ്റും “രാമകൃഷ്ണപുരം' എന്ന പട്ടണവും പണികഴിപ്പിച്ചു. ക്ഷേത്ര പ്രതിഷ്ഠ ബ്രഹ്മദേവൻ തന്നെ ചെയ്യണമെന്ന് മഹാരാജാവിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനുവേണ്ടി ബ്രഹ്മദേവനെ  കാണുവാനായി അദ്ദേഹം ബ്രഹ്മലോകത്തേക്കു പോയി. പക്ഷെ ബ്രഹ്മലോകത്തെ കാലചക്രം വ്യത്യസ്തമാകയാൽ, നൂറ്റാണ്ടുകൾക്കു ശേഷം രാജാവ് ഭൂമിയിൽ തിരികെ എത്തിയപ്പോഴേക്കും, ക്ഷേത്രം മണൽ കാറ്റാൽ മൂടപ്പെട്ടിരുന്നു. ഇന്ദ്രദ്യുമ്നരാജാവ് പോയതിനു ശേഷം രണ്ട് രാജാക്കന്മാർ ആ ഭൂമിയിൽ ആധിപത്യം സ്ഥാപിക്കുകയും, രണ്ടാമത്തെ രാജാവായ  ഗാളമാധവൻറെ ഭരണകാലത്ത് ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയ്തു.


ബ്രഹ്മലോകത്തു നിന്ന് തിരികെയെത്തിയ മഹാരാജാവ്, താനാണ് ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് അവകാശവാദം ഉന്നയിച്ചു. പക്ഷെ ആരും അത് വിശ്വസിച്ചില്ല. എന്നാൽ കാലങ്ങളായി ക്ഷേത്രത്തിന് സമീപത്തുള്ള  ആൽ മരത്തിൽ വസിച്ചിരുന്ന ഭൂഷണ്ഡി എന്ന കാക്ക  ക്ഷേത്ര നിർമാണം വീക്ഷിച്ചിരുന്നു. ഭൂഷണ്ഡി , രാജാവിന്റെ കഥയെ സ്ഥിരീകരിച്ചു. അതിനു ശേഷം ബ്രഹ്മദേവനോട് ക്ഷേത്രവും, അതിനു ചുറ്റുമുള്ള ശ്രീ ക്ഷേത്രവും സ്ഥാപിപ്പിക്കുവാൻ രാജാവ് അപേക്ഷിച്ചു.


ബ്രഹ്മദേവൻ അരുളിച്ചെയ്തു "ഈ സ്ഥലം സർവോത്തമനായ ഭഗവാന്റെ ആന്തരിക ശക്തിയാൽ പ്രകടമാകപ്പെട്ടതാണ്; ഭഗവാൻ ആദ്യന്തവിഹീനനായി ഇവിടെ വസിക്കുകയും, സ്വന്തം ആഗ്രഹപ്രകാരം ഇവിടെ പ്രത്യക്ഷപ്പെ ടുകയും ചെയ്യും. ഭഗവാനെ ഇവിടെ സ്ഥാപിക്കുക എന്നത് എന്റെ ശക്തിയുടെ അധീനതയിൽപ്പെട്ടതല്ല".


ഇത് കേട്ട രാജാവിന്റെ സ്വൈര്യം നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ അക്ഷമ വിഷാദമായി മാറുന്നിടം വരെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ജീവിതം ഉപയോഗശൂന്യമാണെന്നു കരുതി നിരാഹാരം ഇരുന്നു ജീവൻ ത്യജിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അപ്പോൾ ഭഗവാൻ ജഗന്നാഥൻ രാജാവിന്റെ സ്വപ്നത്തിൽ പ്രത്യക്ഷനായിട്ടു പറഞ്ഞു, "പ്രിയ രാജാവേ, നിന്റെ ഉത്കണ്ഠ ത്യജിക്കൂ; നാളെ ദാരുബ്രഹ്മൻ എന്ന എന്റെ തടിയുടെ രൂപം കടലിൽ നിന്നും ബാൻക്കിമുഹാൻ എന്ന സ്ഥലത്ത് ഒഴുകി വരും".  അടുത്ത നാൾ ആഹ്ലാദകരമായ ഒരു കീർത്തനത്തിനിടയിൽ  ദാരുബ്രഹ്മൻ കരയ്ക്ക് അടുക്കുകയും ഒരു സ്വർണ്ണ രഥത്തിൽ രാജാവിൻറെ അടുത്തെത്തിക്കപ്പെടുകയും ചെയ്തു. അദ്ദേഹം പല സമർത്ഥന്മാരായ ശില്പികളെ വരുത്തി, പക്ഷെ അവർക്കാർക്കും ദാരുബഹ്മനെ തൊടാൻ പോലും കഴിഞ്ഞില്ല;അവരുടെ ഉളി തടി കഷണത്തെ തൊടുമ്പോഴേക്കും ചിന്നഭിന്നമായി പൊയ്ക്കൊണ്ടിരുന്നു.


അങ്ങനെ ഒരു ദിവസം, അനന്ത മഹാറാണ എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ട് ഒരു ശില്പി വന്നു. വിഗ്രഹം കൊത്തികൊടുക്കുവാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ചിലരെ സംബന്ധിച്ചിടത്തോളം  ഇദ്ദേഹം അനന്ത ശേഷൻ തന്നെയായിരുന്നു;. മറ്റുചിലർ പറയുന്നതനുസരിച്ച് അദ്ദേഹം ദേവന്മാരുടെ ശില്പിയായ വിശ്വകർമ്മാവാണ്. അദ്ദേഹം ഭഗവാന് സേവ സമർപ്പിക്കുവാനായി വന്നതാണ്. അദ്ദേഹത്തെ അടച്ച മുറിയിൽ തനിയെ വിഗ്രഹത്തിന്റെ പണി ചെയ്യാൻ സമ്മതിക്കുകയാണെങ്കിൽ, 21 ദിവസങ്ങൾക്കുള്ളിൽ വിഗ്രഹം തയ്യാറാക്കാമെന്ന് അദ്ദേഹം വാക്കു കൊടുത്തു. ദിവസേന രാജാവ് വലിയ പ്രതീക്ഷയോടെ ക്ഷേത്രത്തിന്റെ കതകുകൾക്കു മുൻപിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു. പക്ഷെ പതിനാലാമത്തെ ദിവസം ശില്പിയുടെ ആയുധങ്ങളുടെ ശബ്ദം കേൾക്കാതെയായപ്പോൾ രാജാവിന്റെ പ്രതീക്ഷകൾ ഉത്കണ്ഠയിലേക്ക് വഴിമാറി. മന്ത്രിമാരുടെ നിരന്തരമായ വിലക്കുകളെ വകവയ്ക്കാതെ, രാജാവ് ബലമായി അടക്കപ്പെട്ടിരുന്ന കതകുകൾ തുറന്നു. അപ്പോഴേക്കും " ശില്പി അവിടെനിന്നും അപ്രത്യക്ഷനായിരുന്നു, ദാരുബ്രഹ്മൻ അപ്പോൾ മൂന്നു രൂപത്തിൽ പ്രത്യക്ഷമായിരുന്നു. ജഗന്നാഥനും, സുഭദ്രയും, പിന്നെ ബലദേവനും. വിഗ്രഹങ്ങളുടെ അടുത്തെത്തിയ രാജാവ് അവരുടെ കൈകളുടേയും കാലുകളുടേയും പണി കഴിഞ്ഞിട്ടില്ല എന്നു തിരിച്ചറിഞ്ഞു.


" അഹോ കഷ്ടം !!  അദ്ദേഹം  നിലവിളിച്ചു . "ഞാനെന്താണീ ചെയ്തത് ! ഞാനെന്തുകൊണ്ട് ഇത്ര അക്ഷമനായി ??? ഇപ്പോൾ വിഗ്രഹത്തിന്റെ  പണി തീരാതിരിക്കുകയും, ശില്പി അപ്രത്യക്ഷനാവുകയും ചെയ്തു. ഞാനൊരു വലിയ അപരാധിയാണ്. " ഇങ്ങനെ ചിന്തിച്ചു കൊണ്ട്, നിരാഹാരം ഇരുന്നു ജീവൻ ത്യജിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഭഗവാൻ ജഗന്നാഥൻ അദ്ദേഹത്തിന്റെ സ്വപ്നത്തിൽ വന്ന് ഇങ്ങനെ പറഞ്ഞു, ഈ ഭൗതികലോകത്തിൽ എന്റെ വസതിയോടൊപ്പം പല അവതാരങ്ങൾ ഞാൻ എടുക്കും. എനിക്ക് ഭൗതികമായ കൈയുകളോ കാലുകളോ ഇല്ല. പക്ഷെ ആദ്ധ്യാത്മീകമായ ഇന്ദ്രിയങ്ങളാൽ എന്റെ ഭക്തന്മാരാൽ അർപ്പിക്കപ്പെട്ട സേവ ഞാൻ അംഗീകരിക്കുകയും, ലോകത്തിന്റെ നൻമയ്ക്കായി ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ഞാൻ പോവുകയും ചെയ്യും. നീ നിന്റെ വാക്കു തെറ്റിച്ചു. പക്ഷേ അത് " കാലുകളില്ലാതെ അവൻ ചലിക്കുന്നു, കൈകളില്ലാതെ അവൻ സ്വീകരിക്കുന്നു "  എന്ന വേദ വാക്യങ്ങളെ സംരക്ഷിക്കുന്ന ജഗന്നാഥ രൂപത്തിനെ പ്രകടിപ്പിക്കുവാനുള്ള എന്റെ ലീലയുടെ മാധുര്യമുള്ള ഒരു ഭാഗം മാത്രമാണ്. എങ്കിലും സ്നേഹത്താൽ പവിത്രമാക്കപ്പെട്ട കണ്ണുകളുള്ള എന്റെ ഭക്തൻമാർ എന്നെ സദാ ഓടക്കുഴലേന്തി നിൽക്കുന്ന  ശ്യാമസുന്ദരനായിട്ട് കാണുന്നു. എന്നെ സമൃദ്ധമായി പൂജിക്കുവാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ സമയാസമയങ്ങളിൽ സ്വർണ്ണവും, വെള്ളിയും കൊണ്ടുണ്ടാക്കിയ കൈകളും കാലുകളും വച്ച് എന്നെ ആരാധിക്കാം. എന്നാൽ എന്റെ കൈയും കാലുമാണ് എല്ലാ ആഭരണങ്ങളുടേയും ആഭരണം എന്നു നീ മനസ്സിലാക്കണം." സ്വപ്നത്തിൽ കേട്ട ജഗന്നാഥന്റെ വാക്കുകളാൽ ഇന്ദ്രദ്യുമ്നമഹാരാജാവ് സംതൃപ്തനാവുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്തു . "ജഗത്തിലുള്ള എല്ലാവർക്കും അങ്ങയുടെ ദർശനം ലഭിക്കുവാനായി ഒരു ദിവസം മൂന്നു മണിക്കൂർ മാത്രമേ അങ്ങയുടെ ക്ഷേത്രം അടഞ്ഞിരിക്കാവൂ. അങ്ങ് ദിവസം മുഴുവനും ആഹാരം കഴിച്ചു കൊണ്ടിരിക്കുകയും അങ്ങയുടെ താമരയിതളുകൾ പോലുള്ള വിരലുകൾ ഒരിക്കലും ഉണങ്ങാതെയിരിക്കുകയും വേണം."  ഭഗവാൻ ജഗന്നാഥൻ മറുപടി പറഞ്ഞു "തദാസ്തു!!! അങ്ങനെ തന്നെ നടക്കട്ടെ."


 ഇപ്രകാരം ഇന്ദ്രദ്യുമ്ന മഹാരാജാവിനായും ,  സാമാന്യ ജനങ്ങൾക്കായും, ഭക്തവത്സലനും കാരുണ്യ മൂർത്തിയുയുമായ പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ ശ്രീകൃഷ്ണൻ, ജഗത്തിന്റെ നാഥനായ ജഗന്നാഥന്റെ രൂപത്തിൽ , ഈ ഭൗതിക ലോകത്തിൽ പ്രത്യക്ഷനായി.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆



No comments:

Post a Comment