Home

Friday, April 23, 2021

പരമപൂജ്യ ജയപതാകസ്വാമിയുടെ ജീവചരിത്രം



പരമപൂജ്യ ജയപതാകസ്വാമിയുടെ ജീവചരിത്രം


🍁🍁🍁🍁🍁🍁🍁



ദിവ്യപൂജ്യ ജയപതാക സ്വാമി വടക്കേ അമേരിക്കയിലെ വിസ്കോൻസിനിലെ മിൽവൗകീയിൽ ഐശ്വര്യപൂർണമായ ചുറ്റുപാടുകളിൽ 1949 ഏപ്രിൽ 9-ന് രാമനവമിക്ക് ശേഷം വന്ന ഏകാദശി നാളിൽ ഭൂജാതനായി. അദ്ദേഹത്തിന്റെ പിതാവ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഔദ്യോഗിക ശിക്ഷണം അവസാനിപ്പിച്ച പരിശീലകനായ ഒരു പുരോഹിതനും, അദ്ദേഹത്തിന്റെ പിതാ മഹൻ കോടിക്കണക്കിന് ഡോളറുകളുടെ ആസ്തിയുള്ള ഒരു പെയിന്റ് ഫാക്ടറിയുടെ സ്ഥാപക അദ്ധ്യക്ഷനുമായിരുന്നു.


കുട്ടിക്കാലത്ത് അദ്ദേഹം അനിതരസാധാരണമായ ബുദ്ധിവൈഭവവും, തത്ത്വശാസ്ത്രത്തിലും ആധ്യാത്മിക വിഷയങ്ങളിലും അതീവ താത്പര്യവും പ്രകടിപ്പിച്ചു. പതിനൊന്നാമത്തെ വയസിൽ അദ്ദേഹം തനിക്കുണ്ടായ ഒരു ത്വക് രോഗം മുത്തശ്ശന്റെ നിർദേശമനുസരിച്ച് ദൈവത്തിന്റെ ദിവ്യനാമത്തിൽ അഭയം പ്രാപിച്ച് സ്വയം ഭേദമാക്കി.


പ്രശസ്തമായ സെന്റ് ജോൺസ് അക്കാഡമിയിൽ നിന്ന് ബിരുദം നേടിയതിനു ശേഷം അദ്ദേഹം പൂർണ സ്കോളർഷിപ്പുകളോടെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ചു. അവിടെ നവാഗത വിദ്യാർഥിയായിരുന്ന അദ്ദേഹത്തിന്റെ മനസ് ബുദ്ധന്റെ ജീവിതത്തെക്കുറിച്ചു കേട്ട പ്രഭാഷണത്താൽ പാടേ ഇളക്കിമറിക്കപ്പെട്ടു. അതോടെ പഠനത്തിലുള്ള എല്ലാ താത്പര്യവും നഷ്ടമായ അദ്ദേഹം ഒരാദ്ധ്യാത്മിക ഗുരുവിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പാശ്ചാത്യലോകത്ത് ഒരു യഥാർഥ ആത്മീയഗുരുവിനെ കണ്ടെത്താൻ കഴിയാഞ്ഞ അദ്ദേഹം തന്റെ ഗുരുവിനെ കണ്ടെത്താൻ ഇന്ത്യയിലേക്ക് പോകാൻ തീരുമാനിച്ചു.


ഇന്ത്യയിലേക്ക് പോകാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദരുടെ ശിഷ്യന്മാരെ കണ്ടുമുട്ടുകയും സൻഫ്രാൻസിസ്കോയിലെ രഥയാത്രാ ദിനത്തിൽ അവരോടൊത്തു ചേരുകയും ചെയ്തു. അതിനുശേഷം താമസംവിനാ അദ്ദേഹം ശ്രീല പ്രഭുപാദരെ സന്ധിക്കുന്നതിന് മോണ്ട്രിയൽ ക്ഷേത്രത്തിലേക്ക് പോയി. ആ സമയത്ത് ക്ളേശങ്ങൾ നേരിട്ടുകൊണ്ടിരുന്ന പുതിയ ക്ഷേത്രത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ അദ്ദേഹത്തിന് നിസാരമായ ജോലികൾ പോലും ചെയ്യേണ്ടി വന്നു.



അധികം താമസിയാതെ ഇസ്കോണിന്റെ സ്ഥാപകാചാര്യൻ ദിവ്യപൂജ്യ ശ്രീശ്രീമദ് എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദരാൽ ആദ്ധ്യാത്മിക ദീക്ഷ നൽകപ്പെട്ട അദ്ദേഹം ജയപതാക ദാസ് ബ്രഹ്മചാരി എന്ന നാമത്താൽ അനുഗ്രഹിക്കപ്പെട്ടു. ശ്രീല പ്രഭുപാദർക്ക് വ്യക്തിപരമായ സേവനങ്ങൾ ചെയ്യുന്നതിനു പുറമെ അദ്ദേഹം പൂജാരിയായും പിന്നീട് മോൺട്രിയൽ ക്ഷേത്രത്തിന്റെ പ്രസിഡ ണ്ടായും സേവനം അനുഷ്ഠിക്കുകയുണ്ടായി. ശ്രീല പ്രഭുപാദരുടെ ആജ്ഞ പ്രകാരം അദ്ദേഹം ടോറന്റോയിലും, കാനഡയിലും, ചിക്കാഗോയിലും ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിന് സഹായിച്ചു.


1970-ൽ ശ്രീല പ്രഭുപാദർ, ഭഗവാൻ ചൈതന്യന്റെ ജന്മസ്ഥലമായ മായാപ്പൂരിലും, കൃഷ്ണഭഗവാന്റെ ബാല്യകാല ലീലാഭൂമിയായ വൃന്ദാവനത്തിലും അന്താരാഷ്ട്ര കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള തന്റെ ഇന്ത്യയിലേക്കുളള മടക്കയാത്രയുടെ തയ്യാറെടുപ്പിനുവേണ്ടി ജയപതാകദാസനെ ഇൻഡ്യയിലേക്കയച്ചു. ശ്രീല പ്രഭുപാദരുടെ പേരിൽ മാർഗം തെളിക്കാനുള്ള ജോലിയിലേക്ക്, ആ സമയത്ത് ഇന്ത്യയിൽ ഇസ്കോണിൽ ഉണ്ടായിരുന്ന ഒരേ ഒരു അംഗമായ അച്യുതാന്ദ ദാസന്റെ കൂടെ അദ്ദേഹം ചേർന്നു. ഈ രണ്ട് യുവ ബ്രഹ്മചാരികളും ഒരുമിച്ച് കൽക്കത്തയിൽ കീർത്തനവും, പ്രഭാഷണവും, പൊതു-സ്വകാര്യ പരിപാടികളും, ആജീവനാന്ത അംഗങ്ങളെ ചേർക്കുന്ന സേവനജോലികളും നിർവഹിച്ചു. പിന്നീട് ശ്രീല പ്രഭുപാദർ ഇൻഡ്യയിലെത്തി അന്താരാഷ്ട്ര കൃഷ്ണാവബോധസമിതി ഔപചാരികമായി ബോംബെയിൽ രജിസ്റ്റർ ചെയ്തു. 1970-ൽ രാധാഷ്ടമിനാളിൽ ജയപതാക ദാസന് ശ്രീല പ്രഭുപാദരാൽ സന്ന്യാസ ദീക്ഷയും ജയപതാക സ്വാമി മഹാരാജ് എന്ന നാമവും നൽകപ്പെട്ടു. ഇസ്കോണിന്റെ കൽക്കത്ത ക്ഷേത്ര പ്രസിഡണ്ടായി നിയമിക്കപ്പെട്ട അദ്ദേഹം, 30,000 ജനങ്ങൾ പങ്കെടുത്ത രണ്ട് ബൃഹത്തായ ശ്രീല പ്രഭുപാദ പ്രഭാഷണപരിപാടികൾ സംഘടിപ്പിക്കുന്നതിൽ സഹായിച്ചു.


1971-ൽ ഇസ്കോണിന്റെ അന്താരാഷ്ട്ര പ്രചാരണ പ്രസ്ഥാനത്തിന്റെ ലോക ആസ്ഥാന കേന്ദ്രം നിർമിക്കുന്നതിനുളള സ്ഥലം ശ്രീധാമ മായാപൂരിൽ ലഭ്യമായി. “ജയപതാക സ്വാമീ, ഞാൻ നിങ്ങൾക്ക് ഭഗവദ് സാമ്രാജ്യം നൽകിയിരിക്കുന്നു, ഇനി നിങ്ങളിത് അഭിവൃദ്ധിപ്പെടുത്തുക" എന്നു പറഞ്ഞുകൊണ്ട് ശ്രീല പ്രഭുപാദർ ശ്രീ മായാപൂർ പദ്ധതി സ്വന്തം ജീവിത കർമമായി ഏറ്റെടുക്കാൻ ജയപതാക സ്വാമിയെ ഏൽപിച്ചു. ശ്രീ മായാപ്പൂർ ചന്ദ്രോദയ മന്ദിരത്തിന്റെ പ്രാരംഭ വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീ ശ്രീ രാധാമാധവ വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്ക് കൊണ്ടുവരവെ, ജയപതാക സ്വാമി, താൻ പാശ്ചാത്യനാടുകളിൽ പ്രചാരണം നടത്തുന്നതിനും വളരെ വളരെ മുമ്പ് ഒരു സ്വപ്നത്തിൽ ദർശിച്ച വിഗ്രഹങ്ങളാണവയെന്ന് തിരിച്ചറിയുകയുണ്ടായി.


അതിനു ശേഷം ജയ പതാക സ്വാമി കൃഷ്ണാവബോധ പ്രസ്ഥാനം ഇന്ത്യയിലും ലോകത്തെമ്പാടും വ്യാപിപ്പിക്കുന്നതിന് അക്ഷീണം യത്നിച്ചു. അദ്ദേഹം ഇന്ത്യൻ ഭാഷകളും പ്രാദേശിക സംസ്കാരവും പഠിച്ച് ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രഭാഷണങ്ങൾ നടത്താൻ വർഷങ്ങളോളം ചെലവഴിച്ചു. ബംഗ്ളാദേശ് യുദ്ധത്തിനു ശേഷം അഭയാർഥികളും വിശക്കുന്നവരുമായ ജനങ്ങൾക്ക് ഭക്ഷണം നൽകാൻ അദ്ദേഹം ഇസ്കോൺ ഭക്ഷണ സഹായ പദ്ധതി ഇന്ത്യയിൽ രൂപീകരിച്ചു. യാതൊരു വിവേചനവുമില്ലാതെ ആവശ്യമുളളവർക്കെല്ലാം പോഷകാഹാരം നൽകാൻ പ്രതിവർഷം ശരാശരി നാല് ദശലക്ഷം തളിക ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടി ഒരു ദശകത്തിലേറെ തുടർന്നു കൊണ്ടിരിക്കുന്നു.


ജയപതാക സ്വാമി ഇസ്കോണിന്റെ ഭരണനിർവഹണ സമിതി അംഗമായും, ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റിന്റെ ഒരു ട്രസ്റ്റിയായും നിയമിതനായി. ഒരു ആദ്ധ്യാത്മിക ദീക്ഷാഗുരു കൂടിയായ അദ്ദേഹത്തിന് ലോകത്തിലുടനീളം ധാരാളം ശിഷ്യന്മാരുണ്ട്.


ഇന്ത്യയിലെ ഗ്രാമീണ ജനങ്ങൾക്കിടയിൽ ഏറെ അറിയപ്പെടുന്ന ജയപതാക സ്വാമി അവരാൽ സ്നേഹിക്കപ്പെടുന്നു. 1978-ലെ വൻ പ്രളയത്തിന്റെ സമയത്തും, അതിനു ശേഷവും അനവധി തവണയും, പ്രളയജലത്തിലാണ് ഗ്രാമീണർക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യാൻ ബോട്ടുകളുടെ അപര്യാപ്തതയിലും സാഹസിക യത്നം നടത്തിയ അദ്ദേഹത്തിന് പലപ്പോഴും തന്റെ ജീവൻ പണയം വയ്ക്കേണ്ടി വന്നിട്ടുണ്ട്. ജയപതാക സ്വാമി ഇൻഡ്യയിലെ ജനങ്ങൾക്കു വേണ്ടി ചെയ്തിട്ടുളള ഇതും മറ്റനേകം നിസ്വാർഥ സേവനങ്ങളും, അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് പ്രമുഖരായ ധാരാളം ഇന്ത്യക്കാരും അതുപോലെ തന്നെ പതിനായിരക്കണക്കിന് ഗ്രാമീണരും ഇന്ത്യൻ ഗവൺമെന്റിനോട് അപേക്ഷിക്കുവാൻ കാരണമായി.


ജയപതാക സ്വാമി വ്യാപകമായി കൃഷ്ണാവബോധം പ്രചാരണം ചെയ്തു കൊണ്ടും, ധാരാളം വ്യക്തികളെ ഹരേ കൃഷ്ണ മഹാമന്ത്ര ജപം സ്വീകരിക്കാൻ പ്രചോദിപ്പിച്ചുകൊണ്ടും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് നടത്തുന്ന തന്റെ യാത്ര തുടരുന്നു. ശ്രീല പ്രഭുപാദരുടെ ഗ്രന്ഥങ്ങൾ അനേകം ഇൻഡ്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. അദ്ദേഹം അനേകം നഗരങ്ങളിൽ രഥയാത്രാ ഉത്സവങ്ങൾ നടത്തുന്നതിന്, പ്രത്യേകിച്ചും ലോകത്തിലെ ഏറ്റവും വലിയ വാർഷികോത്സവങ്ങളിൽ ഒന്നായിക്കഴിഞ്ഞ കൽക്കത്താ രഥയാത്രയ്ക്ക് പ്രചോദനമേകുകയും ചെയ്യുന്നു. ഭഗവാൻ ചൈതന്യ മഹാപ്രഭുവിന്റെ ആവിർഭാവത്തിന്റെ അഞ്ഞൂറാം സ്മരണോത്സവത്തിലെ 6000 കിലോമീറ്റർ പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചത് അദ്ദേഹമാണ്. ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാകുറിന്റെ ബംഗാളി കാവ്യമായ, വൈഷ്ണവ കേ? ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ വൃന്ദാവന ഭജനം എന്നിവയുടെ വിവർത്തനവും വ്യാഖ്യാനവും ഉൾപ്പെടെ, അനേകം പ്രമുഖ വൈഷ്ണവ ഗ്രന്ഥങ്ങളുടെ ഇംഗ്ളീഷിലേക്കുളള വിവർത്തനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment