🌼🌼🌼🌼🌼🌼🌼🌼
അയോധ്യാ രാജാവും, ഭഗവാന്റെ പരിശുദ്ധ ഭക്തനുമായ മഹാരാജാവ് ദശരഥന്റെ പുത്രഭാവം സ്വീകരിച്ചു കൊണ്ട് പരമദിവ്യോത്തമപുരുഷൻ, സ്വയം ശ്രീരാമചന്ദ്ര ഭഗവാനായി അവതരിച്ചു. ഭഗവാൻ രാമൻ, അദ്ദേഹത്തിന്റെ പൂർണാംശങ്ങളോടുകൂടിയാണ് അവതരിച്ചത്. പൂർണാംശങ്ങളെല്ലാംതന്നെ അദ്ദേഹത്തിന്റെ ഇളയ ഭ്രാതക്കളായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടത്. ത്രേതായുഗത്തിലെ ഒരു ചൈത്രമാസത്തിൽ, അമാവാസി കഴിഞ്ഞ് ഒമ്പതാം ദിവസം ഭഗവാൻ അവതരിച്ചു. ധർമതത്ത്വങ്ങൾ സ്ഥാപിക്കുന്നതിനും, അധർമികളെ നശിപ്പിക്കുന്നതിനുമാണ് ഭഗവാൻ അവതരിച്ചത്. ശ്രീരാമചന്ദ്ര ഭഗവാൻ കൗമാരപ്രായത്തിൽത്തന്നെ, സന്യാസിമാരുടെ ദിനചര്യകൾക്ക് വിഘ്നം വരുത്തിക്കൊണ്ടിരുന്ന രാക്ഷസൻമാരായ സുബാഹുവിനെ വധിച്ചും, മാരീചനെ പ്രഹരിച്ചും വിശ്വാമിത്ര മഹർഷിയെ സഹായിച്ചു. സാമാന്യ ജനങ്ങളുടെ ക്ഷേമാർത്ഥം സഹകരിച്ചു പ്രവർത്തനം നടത്താനാണ് ബ്രാഹ്മണരെയും ക്ഷത്രിയരെയും ഉദ്ദേശിച്ചിട്ടുളളത്. ശ്രേഷ്ഠമായ ജ്ഞാനത്താൽ ജനങ്ങളെ പ്രബുദ്ധരാക്കാൻ ബ്രാഹ്മണ സന്യാസിമാർ യത്നിക്കുന്നു. ക്ഷത്രിയർക്ക് അവരുടെ സംരക്ഷണമാണ് നിർദേശിച്ചിരിക്കുന്നത്. ശ്രീരാമചന്ദ്ര ഭഗവാൻ 'ബ്രാഹ്മണ്യ - ധർമം' എന്ന് വിശേഷിപ്പിക്കുന്ന മാനവ സംസ്കാര പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും മകുടോദാഹരണമായ രാജാവായിരുന്നു. ഭഗവാൻ, വിശേഷിച്ചും ഗോക്കളുടേയും ബ്രാഹ്മണരുടെയും സംരക്ഷകനായിരുന്നു. അക്കാരണത്താൽ അദ്ദേഹം ലോകത്തിന്റെ ഐശ്വര്യവും സമൃദ്ധിയും വർദ്ധിപ്പിച്ചിരുന്നു. രാക്ഷസന്മാരെ പരാജയപ്പെടുത്താനായി വിശ്വാമിത്ര മഹർഷി മുഖേന, ഭരണകർത്താക്കളായ ദേവന്മാർ അദ്ദേഹത്തിന് ഫലപ്രദങ്ങളായ ആയുധങ്ങൾ സമ്മാനിച്ചു. ശ്രീരാമൻ, ജനക മഹാരാജാവിന്റെ 'ധനുർ യജ്ഞ'ത്തിൽ പങ്കെടുക്കുകയും, പരമശിവന്റെ അജയ്യമായ ധനുസ്സ് ഭേദിച്ച്, ജനക മഹാരാജാവിന്റെ പുത്രിയായ സീതാദേവിയെ പരിണയിക്കുകയും ചെയ്തു.
വിവാഹത്തിനു ശേഷം, പിതാവായ മഹാരാജാവ് ദശരഥന്റെ ആജ്ഞയനുസരിച്ച് അദ്ദേഹം പതിനാല് വർഷം വനവാസം സ്വീകരിച്ചു. ദേവന്മാരെ ഭരണത്തിൽ സഹായിക്കാനായി അദ്ദേഹം പതിനാലായിരത്തോളം രാക്ഷസന്മാരെ വധിച്ചു. രാക്ഷസന്മാരുടെ രഹസ്യ പദ്ധതിയാൽ അദ്ദേഹത്തിന്റെ പത്നി സീതാദേവി, രാവണനാൽ അപഹരിക്കപ്പെട്ടു. ഭഗവാൻ, സുഗ്രീവനുമായി മൈത്രിയിലാകുകയും, സുഗ്രീവസഹോദരനായ ബാലിയെ വധിക്കുവാൻ സുഗ്രീവനെ സഹായിക്കുകയും, അപ്രകാരം ഭഗവാന്റെ സഹായത്താൽ സുഗ്രീവൻ വാനര രാജാവായിത്തീരുകയും ചെയ്തു. ഭഗവാൻ ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ പൊങ്ങിക്കിടക്കുന്ന പാലം ശിലകളാൽ നിർമിക്കുകയും, സീതയെ അപഹരിച്ച രാവണന്റെ രാജ്യമായ ലങ്കയിൽ എത്തിച്ചേരുകയും ചെയ്തു. അനന്തരം ഭഗവാൻ ശ്രീരാമൻ, രാവണനെ വധിക്കുകയും , രാവണസഹോദരനായ വിഭീഷണനെ ലങ്കാരാജ്യത്തിലെ സിംഹാസനത്തിൽ അവരോധിക്കുകയും ചെയ്തു. വിഭീഷണൻ, രാക്ഷസരാജനായ രാവണന്റെ സഹോദരനായിരുന്നെങ്കിലും, ശ്രീരാമ ഭഗവാൻ, തന്റെ അനുഗ്രഹാശിസ്സുകളാൽ വിഭീഷണനെ അനശ്വരനാക്കിത്തീർത്തു. പതിനാലു വർഷത്തെ വനവാസക്കാലം സമാപ്തമായശേഷം ലങ്കയിലെ എല്ലാ കാര്യങ്ങളും വ്യവസ്ഥപ്പെടുത്തിയശേഷം ഭഗവാൻ ശ്രീരാമൻ, സ്വരാജ്യമായ അയോധ്യയിൽ, പുഷ്പകവിമാനത്തിൽ തിരിച്ചെത്തി. മഥുര ഭരിച്ചിരുന്ന ലവണാസുരനെ ആക്രമിക്കാൻ ശ്രീരാമ ഭഗവാൻ, സ്വസഹോദരനായ ശത്രുഘ്നന് നിർദേശം നൽകുകയും, ശത്രുഘ്നൻ, ലവണാസുരനെ വധിക്കുകയും ചെയ്തു. ഭഗവാൻ ശ്രീരാമൻ പത്ത് അശ്വമേധയജ്ഞങ്ങൾ അനുഷ്ഠിക്കുകയും, പിൽക്കാലത്ത് സരയൂനദിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കെ അപ്രത്യക്ഷനാവുകയും ചെയ്തു. ശ്രീരാമചന്ദ്ര ഭഗവാൻ നിർവഹിച്ച ലീലകളുടെ ചരിത്രമാണ് മഹാ ഇതിഹാസകാവ്യമായ രാമായണം. ആധികാരിക ഇതിഹാസമായ രാമായണ മഹാകാവ്യത്തിന്റെ രചയിതാവ് വാല്മീകി മഹർഷിയാകുന്നു .
( ശ്രീമദ് ഭാഗവതം1.12.19/ ഭാവാർത്ഥം )
No comments:
Post a Comment