അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🍁🍁🍁🍁🍁🍁🍁
ദുർവാസമുനി അംബരീഷ മഹാരാജാവിനെ നിന്ദിക്കുന്നു
🍁🍁🍁🍁🍁🍁
മനുപുത്രൻ നഭഗന്റെ പുത്രനായിരുന്ന നാഭാഗന്റെ പുത്രനായിരുന്നു മഹാഭക്തനിയിരുന്ന അംബരീഷൻ.അംബരീഷമഹാരാജാവ് സമസ്ത ലോകത്തിന്റെയും ചക്രവർത്തിയായിരുന്നെങ്കിലും, തന്റെ ഐശ്വര്യങ്ങളെ അദ്ദേഹം അസ്ഥിരങ്ങളായി കണക്കാക്കി. തീർച്ചയായും, അത്തരം ഭൗതികൈശ്വര്യങ്ങൾ ബദ്ധജീവിതത്തിലേക്കുള്ള പതനത്തിന് കാരണമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം അവയോട് അനാസക്തനായിരുന്നു. അദ്ദേഹം തന്റെ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ഭഗവാന്റെ സേവനത്തിൽ വ്യാപൃതമാക്കി. യുക്ത വൈരാഗ്യം, അഥവാ പ്രായോഗികമായ പരിത്യാഗം എന്നു വിളിക്കപ്പെടുന്ന ഈ പ്രക്രിയ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ആരാധനയ്ക്ക് തികച്ചും അനുയോജ്യമാണ്. ചക്രവർത്തി എന്ന നിലയിൽ അംബരീഷ മഹാരാജാവിന് അളവറ്റ സമ്പൽസമൃദ്ധി ഉണ്ടായിരുന്നതിനാൽ, അദ്ദേഹം ഭക്തിയുതസേവനം വളരെ ആർഭാടമായിത്തന്നെ നടത്തിയിരുന്നു. അതിനാൽ ധാരാളം സമ്പത്തുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പത്നിയോടോ, സന്താനങ്ങളോടോ, രാജ്യത്തോടോ തെല്ലും ആസക്തിയുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിരന്തരം ഭഗവാന്റെ സേവനങ്ങളിൽ നിമഗ്നമാക്കി. അതുകൊണ്ട് ഭൗതികൈശ്വര്യങ്ങൾ ആസ്വദിച്ചിരുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് മോക്ഷത്തിൽ പോലും കാംക്ഷയുണ്ടായിരുന്നില്ല.
ഒരിക്കൽ അംബരീഷ മഹാരാജാവ് വൃന്ദാവനത്തിൽ ദ്വാദശി വ്രതം അനുഷ്ഠിച്ചുകൊണ്ട് പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ആരാധിക്കുകയായിരുന്നു. ഏകാദശിയുടെ പിറ്റേന്നാളായ ദ്വാദശി നാളിൽ അദ്ദേഹം തന്റെ ഏകാദശി ഉപവാസം അവസാനിപ്പിക്കുവാൻ തയ്യാറെടുക്കുമ്പോൾ, മഹാ നിഗൂഢയോഗിയായ ദുർവാസാവ് മഹർഷി അദ്ദേഹത്തിന്റെ അതിഥിയായി ഭവനത്തിലെത്തിച്ചേരുകയുണ്ടായി. അംബരീഷ മഹാരാജാവ് ദുർവാസാവ് മഹർഷിയെ ആദരപൂർവം സ്വീകരിക്കുകയും, അവിടെ നിന്ന് ഭക്ഷിക്കാമെന്ന രാജാവിന്റെ ക്ഷണം സ്വീകരിച്ച ദുർവാസമുനി മധ്യാഹ്ന സമയത്ത് സ്നാനം ചെയ്യുന്നതിന് യമുനാ നദിയിലേക്ക് പോവുകയും ചെയ്തു. സമാധിയിൽ മുഴുകിയതിനാൽ അദ്ദേഹം പെട്ടെന്ന് മടങ്ങി വരികയുണ്ടായില്ല. അംബരീഷ മഹാരാജാവ് ഉപവാസം അവസാനിപ്പിക്കുന്നതിനുളള സമയം കടന്നുപോകുന്നതുകണ്ട്, പണ്ഡിതരായ ബ്രാഹ്മണരുടെ ഉപ ദേശം നേടി ഉപവാസം അവസാനിപ്പിക്കുക എന്ന ചടങ്ങിനായി മാത്രം അൽപ്പം ജലം പാനം ചെയ്തു. ദുർവാസാവ് മഹർഷിക്ക് യോഗശക്തിയിലൂടെ ഇത് മനസ്സിലാക്കാൻ കഴിയുകയും, അദ്ദേഹം അത്യന്തം കുപിതനാവുകയും ചെയ്തു. മടങ്ങിയെത്തിയ മഹർഷി രാജാവിനെ ശാസിക്കാനാരംഭിച്ചു. അതുകൊണ്ടും മതി വരാഞ്ഞ അദ്ദേഹം തന്റെ ജടയിൽ നിന്ന് മരണത്തിന്റെ അഗ്നി പോലെ പ്രത്യക്ഷനായ ഒരസുരനെ സൃഷ്ടിച്ചു. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ എന്തുതന്നെയായാലും, എല്ലായ്പ്പോഴും അവിടുത്തെ ഭക്തന്മാരുടെ സംരക്ഷകനാണ്. അംബരീഷ മഹാരാജാവിനെ സംരക്ഷിക്കുന്നതിന് അദ്ദേഹം തന്റെ സുദർശന ചക്രം അയയ്ക്കുകയും, ആഗ്നേയനായ ആ അസുരനെ തൽക്ഷണം തകർത്ത ചക്രം അംബരീഷ മഹാരാജാവിനോട് അങ്ങേയറ്റം ദ്വേഷം പുലർത്തിയ ദുർവാസാവിനെ പിന്തുടരുകയും ചെയ്തു. ദുർവാസാവ് ബ്രഹ്മലോകം, ശിവലോകം തുടങ്ങി യ ഉന്നത ലോകങ്ങളിലേക്കെല്ലാം പലായനം ചെയ്തെങ്കിലും അദ്ദേഹത്തിന് സുദർശന ചക്രത്തിന്റെ കോപത്തിൽ നിന്ന് സ്വയം രക്ഷിക്കാൻ കഴിഞ്ഞില്ല. അവസാനം അദ്ദേഹം ആദ്ധ്യാത്മിക ലോകത്തിൽ ചെന്ന് ഭഗവാൻ നാരായണനെ ശരണം പ്രാപിച്ചു. പക്ഷേ ഭഗവാൻ നാരായണന്, ഒരു വൈഷ്ണവനോട് അപരാധം ചെയ്ത ഒരുവനോട് ക്ഷമിക്കുവാൻ കഴിയുമായിരുന്നില്ല. അത്തരമൊരു അപരാധത്തിന് മാപ്പ് ലഭിക്കുവാൻ ഒരുവൻ അവൻ അപരാധം ചെയ്ത വൈഷ്ണവന് കീഴടങ്ങണം. മാപ്പ് ലഭിക്കുവാൻ മറ്റൊരു മാർഗവുമില്ല. അതിനാൽ അംബരീഷ മഹാരാജാവിന്റെ അടുത്തേക്ക് മടങ്ങിച്ചെന്ന് അദ്ദേഹത്തോട് മാപ്പപേക്ഷിക്കുവാൻ ഭഗവാൻ നാരായണൻ ദുർവാസാവിനെ ഉപദേശിച്ചു.
ദുർവാസാവിന് ജീവൻ തിരിച്ചു കിട്ടുന്നു
🍁🍁🍁🍁🍁🍁🍁
പരമദിവ്യോത്തമപുരുഷൻ ഭഗവാൻ വിഷ്ണുവിന്റെ ആജ്ഞയനുസരിച്ച് ദുർവാസാവ് മഹർഷി അപ്പോൾത്തന്നെ അംബരീഷ മഹാരാജാവിനെ സമീപിച്ച് അദ്ദേഹത്തിന്റെ പാദപങ്കജങ്ങളിൽ വീണു. സ്വതവേ വിനയാന്വിതനും ശാന്തനും സൗമ്യനുമായിരുന്ന അംബരീഷ മഹാരാജാവ്, ദുർവാസാവ് മുനി അപ്രകാരം കാൽക്കൽ വീണപ്പോൾ വളരെ ലജ്ജിതനാവുകയും, ദുർവാസാവിനെ രക്ഷിക്കുന്നതിന് സുദർശന ചക്രത്തോട് പ്രാർത്ഥിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്താണ് ഈ സുദർശന ചക്രം? സുദർശന ചക്രം പരമദിവ്യോത്തമപുരുഷൻ ഭഗവാൻ ഈ ഭൗതിക ലോകത്തെ മുഴുവൻ സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ കടാക്ഷമാകുന്നു. 'സ ഐ ക്ഷത, സ അസ്യജത.' ഇതാണ് വൈദിക അഭിപ്രായം. ഭഗവാന് ഏറ്റവും പ്രിയങ്കരവും, സൃഷ്ടിയുടെ മൂലവുമായ സുദർശന ചക്രത്തിന് ആയിരക്കണക്കിന് അഴികളുണ്ട്. സുദർശന ചക്രം മറ്റെല്ലാ ആയുധങ്ങളുടെയും ശക്തിയുടെ ഘാതകനാണ്, അന്ധകാരത്തിന്റെ ഘാതകനാണ്, ഭക്തിയുത സേവനശക്തിയുടെ ആവിഷ്കാരകനുമാണ്; ധർമ തത്ത്വങ്ങളുടെ സംസ്ഥാപനത്തിന്റെ മാർഗവും, അധാർമിക പ്രവർത്തനങ്ങളുടെ നിഗ്രഹകനുമാണ്. അദ്ദേഹത്തിന്റെ കാരുണ്യമില്ലാതെ ഈ വിശ്വപ്രപഞ്ചത്തെ പരിപാലിക്കു വാൻ കഴിയില്ല. അതിനാൽ പരമദിവ്യോത്തമപുരുഷൻ ഭഗവാനാൽ സുദർശന ചക്രം വിനിയോഗിക്കപ്പെടുന്നു. അംബരീഷ മഹാരാജാവ് അപ്രകാരം കാരുണ്യത്തിനു വേണ്ടി സുദർശന ചക്രത്തോട് പ്രാർത്ഥിച്ചപ്പോൾ, സുദർശന ചക്രം ശാന്തനാവുകയും, ദുർവാസാവ് മുനിയെ വധിക്കുന്നതിൽ നിന്ന് പിൻവാങ്ങുകയും, അവ്വിധത്തിൽ ദുർവാസാവ് മുനി സുദർശന ചക്രത്തിന്റെ കാരുണ്യം നേടുകയും ചെയ്തു. ദുർവാസാവ് മഹർഷി അപ്രകാരം, ഒരു വൈഷ്ണവനെ സാധാരണ വ്യക്തിയായി പരിഗണിക്കുകയെന്ന മലിനമായ ആശയം ഉപേക്ഷിക്കണമെന്ന് പഠിക്കുകയും ചെയ്തു (വൈഷ്ണവേ ജാതി-ബുദ്ധി). അംബരീഷ മഹാരാജാവ് ക്ഷത്രിയ വിഭാഗത്തിൽപ്പെട്ടിരുന്നതിനാൽ ദുർവാസാവ് മഹർഷി അദ്ദേഹത്തെ ബ്രാഹ്മണർക്ക് താഴെയായി പരിഗണിക്കുകയും, അദ്ദേഹത്തിനെതിരെ ബ്രാഹ്മണീയ ശക്തി പ്രയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വൈഷ്ണവരെ അവഗണിക്കുക എന്ന അനർത്ഥകാരിയായ ആശയം എപ്രകാരം അവസാനിപ്പിക്കണമെന്ന് ഈ സംഭവത്തോടെ എല്ലാവരും പഠിക്കണം. ഈ സംഭവത്തിനു ശേഷം അംബരീഷ മഹാരാജാവ് ദുർവാസാവ് മഹർഷിക്ക് സമൃദ്ധമായി ഭോജനം നൽകി. അനന്തരം, ഒരു വർഷമായി ഒന്നും ഭക്ഷിക്കാതെ നിന്നിടത്തു തന്നെ നിൽക്കുകയായിരുന്ന രാജാവും പ്രസാദം ഭക്ഷിച്ചു. അംബരീഷ മഹാരാജാവ് പിന്നീട് തന്റെ സമ്പത്തുകൾ പുത്രന്മാർക്ക് ഭാഗിച്ചു നൽകിയതിനു ശേഷം മാനസസരോവര തീരത്തു ചെന്ന് ഭക്തിയുത ധ്യാനത്തിൽ നിമഗ്നനായി.
മഹാഭക്തനായിരുന്ന അംബരീഷ മഹാരാജാവ്
🍁🍁🍁🍁
സ വൈ മനഃ കൃഷ്‌ണപദാരവിന്ദയോർ
വചാംസിവൈകുണ്ഠ ഗുണാനുവർണനേ
കരൗ ഹരേർമന്ദിരമാർജനാദിഷു
ശ്രുതിം ചകാരാച്യുതസത്ക്കഥോദയേ
മുകുന്ദലിംഗാലയദർശനേ ദൃശൗ
തദ്‌ഭൃത്യഗാത്രസ്പർശേ ഽങ്ഗസംഗമം
ഘ്രാണം ച തത്പാദസരോജസൗരഭേ
ശ്രീമത്തുളസ്യാ രസനാം തദർപിതേ
പാദൗ ഹരേഃക്ഷേത്രപാദാനുസർപണേ
ശിരോ ഹൃഷീകേശപദാഭിവന്ദനേ
കാമം ച ദാസ്യേ നതു കാമകാമ്യയാ
യദോത്തമശ്ളോക ജനാശ്രയാരതി
അംബരീഷ മഹാരാജാവിന്റെ മനസ്സ് എല്ലായ്പ്പോഴും കൃഷ്ണന്റെ പാദപങ്കജങ്ങളെ ധ്യാനിക്കുന്നതിലും, അദ്ദേഹത്തിന്റെ വാക്കുകൾ എല്ലായ്പ്പോഴും ഭഗവാന്റെ മഹിമകൾ വർണിക്കുന്നതിലും, കരങ്ങൾ ഭഗവാന്റെ ക്ഷേത്രം ശുചിയാക്കുന്നതിലും, കാതുകൾ കൃഷ്ണനാൽ പറയപ്പെട്ടതും കൃഷ് ണനെക്കുറിച്ച് പറയപ്പെട്ടതുമായ വാക്കുകൾ ശ്രവിക്കുന്നതിലും മുഴുകി. അദ്ദേഹത്തിന്റെ കണ്ണുകൾ കൃഷ്ണന്റെ വിഗ്രഹവും, കൃഷ്ണന്റെ ക്ഷേത്രങ്ങളും, മഥുരയും വൃന്ദാവനവും പോലുളള കൃഷ്ണന്റെ സ്ഥലങ്ങളും കാണുന്നതിൽ മുഴുകി. അദ്ദേഹം തന്റെ സ്പർശേന്ദ്രിയത്തെ ഭഗവാന്റെ ഭക്തന്മാരുടെ ശരീരങ്ങൾ സ്പർശിക്കുന്നതിലും, ഘ്രാണേന്ദ്രിയത്തെ ഭഗവാന് സമർപ്പിച്ച തുളസീദളങ്ങളുടെ സൗരഭ്യം ശ്വസിക്കുന്നതിലും, നാവിനെ ഭഗവാന്റെ പ്രസാദം രുചിക്കുന്നതിലും വ്യാപൃതമാക്കി. അദ്ദേഹം തന്റെ പാ ദങ്ങളെ പുണ്യസ്ഥലങ്ങളിലേക്കും ഭഗവാന്റെ ക്ഷേത്രങ്ങളിലേയ്ക്കും നടക്കുന്നതിലും, ശിരസ്സിനെ ഭഗവാനെ താണുവണങ്ങുന്നതിലും, ഒരു ദിവസത്തിന്റെ ഇരുപത്തിനാലുമണിക്കൂറും തന്റെ ആഗ്രഹങ്ങളെ ഭഗവാനെ സേവിക്കുന്നതിലും മുഴുകിച്ചു. തീർച്ചയായും അംബരീഷ മഹാരാജാവ് സ്വന്തം ഇന്ദ്രിയസുഖത്തിനു വേണ്ടി ഒന്നും ആഗ്രഹിച്ചില്ല. അദ്ദേഹം തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും ഭഗവാനുമായി ബന്ധപ്പെട്ട വിവിധ ഭക്തിയുതവനങ്ങളിൽ ഏർപ്പെടുത്തി. ഭഗവാനോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നതിനും എല്ലാ ഭൗതികാഭിലഷങ്ങളിൽ നിന്നും പൂർണമായി മുക്തനാകുന്നതിനുമുള്ള വഴി ഇതാണ്. (ഭഗവദ്ഗീത 9.4.18)
( ഭഗവദ്ഗീത / നവമ സ്കന്ധം / അധ്യായം 04 -05 )
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
🍁🍁🍁🍁🍁🍁🍁🍁🍁🍁
https://t.me/joinchat/SE9x_uS_gyO6uxCc
വെബ്സൈറ്റ്
🍁🍁🍁🍁🍁🍁
https://suddhabhaktimalayalam.com
No comments:
Post a Comment