Home

Wednesday, May 19, 2021

ഹരേ കൃഷ്ണ മഹാമന്ത്രം


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

 

ഈ മഹായന്ത്രജപത്തിലൂടെ ഉളവാകുന്ന അതീന്ദ്രിയ സപ്ന്ദനമാണ് നമ്മുടെ കഷാവബോധത്തിന്റെ പുനരുജ്ജീവനത്തിനുതകുന്ന ദിവ്യ മാർഗ്ഗം. ജീവാത്മാക്കളാകയാൽ, നാം ഓരോരുത്തരും കൃഷ്ണാവബോധമുൾക്കൊണ്ട സത്തകളത്രേ. എന്നാൽ, സ്മരണാതീതകാലം മുതലുള്ള ഭൗതിക സമ്പർക്കം നമ്മുടെ അവബോധത്തെ ഭൂഷിപ്പിച്ചിരിക്കുന്നു. നാം ഇപ്പോൾ ജീവിക്കുന്ന ഭൗതിക ചുറ്റുപാടിനെ 'മായ' എന്നു വിളിക്കാം. 'മായ' എന്നാൽ  'ഇല്ലാത്തത്' എന്നർത്ഥം.  എന്താണ് ഈ 'മായ'? ഭൗതിക ശക്തിയുടെ കർക്കശമായ നിയമങ്ങൾക്ക് അടിപ്പെട്ടിരിക്കെത്തന്നെ, അതിന്റെ നാഥനാകാനുള്ള നാമേവരുടേയും ശ്രമത്തെ 'മായ' എന്നു പറയാം. ഒരു ദാസൻ, തന്റെ സർവ്വ ശക്തനായ യജമാനനെ കൃത്രിമമായി അനുകരിക്കാൻ ശ്രമിക്കുന്നതിനെ 'മായ' എന്നു വിളിക്കാം. ഈ ദൂഷിതമായ ജീവിത വീക്ഷണത്താൽ നാമെല്ലാം ഭൗതിക പ്രകൃതിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു. പക്ഷേ, നാമെല്ലാം ഭൗതിക പ്രകൃതിയുടെ സങ്കീർണ്ണതകളിൽ, കൂടുതൽ കൂടുതൽ ബദ്ധരാകുന്നതേയുള്ളൂ. ആകയാൽ, നാം പ്രകൃതിയെ കീഴടക്കാൻ കഠിന പരിശ്രമം നടത്തുമ്പോഴും, കൂടുതൽ കൂടുതൽ അതിനെ ആശ്രയിക്കുന്നവരായിത്തീരുന്നു. ഭൗതിക പ്രകൃതിക്ക് എതിരായുള്ള ഈ മായിക സമരം, നമ്മിലുള്ള കൃഷ്ണാവബോധത്തെ പുനരുജ്ജീവിപ്പിക്കുക വഴി പെട്ടെന്ന് അവസാനിപ്പിക്കാവുന്നതാണ് . 


കൃഷ്ണാവബോധം മനസ്സിന്മേൽ കൃത്രിമമായി വച്ചുകെട്ടുന്ന ഒന്നല്ല. ഈ അവബോധമാണ് ജീവസത്തയുടെ മൗലിക ചൈതന്യം. അതീന്ദ്രിയമായ സ്പന്ദനങ്ങൾ കേൾക്കുമ്പോൾ ഈ അവബോധം പുനരുജ്ജീവിക്കുന്നു. ആചാര്യന്മാർ ഇക്കാലത്തേക്കായി നിർദ്ദേശിക്കുന്നതും ഈ പ്രക്രിയയത്രേ. മോക്ഷപ്രാപ്തിക്കായുള്ള ഈ മഹാമന്ത്രം ഒരിക്കല്ലെങ്കിലും ജപിക്കുന്നതിലൂടെ ഒരാൾക്ക് അദ്ധ്യാത്മിക തലത്തിൽ നിന്നുള്ള അതീന്ദ്രിയാനന്ദം അനുഭവിക്കാൻ കഴിയും. ഇത് പ്രായോഗികമായി നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇന്ദ്രിയങ്ങളുടേയും, മനസ്സിന്റേയും, ബുദ്ധിയുടേയും നിലകൾക്കപ്പുറത്ത്, ശരിയായ ആദ്ധ്യാത്മിക ജ്ഞാനമേഖലയിൽ നിലകൊള്ളുന്ന വ്യക്തി അതീന്ദ്രിയതലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്ന മന്ത്രജപം ആദ്ധ്യാത്മിക തലത്തിൽ നടത്തപ്പെടുന്നതാകയാൽ, അതിലെ ശബ്ദ തരംഗങ്ങൾ ഇന്ദ്രിയപരവും, മാനസികവും, ബുദ്ധിപരവുമായ താഴേക്കിടയിലുള്ള അവബോധങ്ങളെ മറികടക്കുന്നു. ആകയാൽ, ഈ മന്ത്രത്തിന്റെ ഭാഷ മനസ്സിലാക്കേണ്ട ആവശ്യമില്ല. മാനസികമായ ഊഹാപോഹങ്ങളോ, ബുദ്ധിപരമായ സമീകരണങ്ങളോ ഈ മഹാമന്ത്ര ജപത്തിന് ആവശ്യമില്ല. ഇത് ആദ്ധ്യാത്മിക പ്രതലത്തിൽ നിന്നും സ്വയം ഉത്ഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ യാതൊരു പൂർവ്വകാല യോഗ്യതയും കൂടാതെ, ഏതൊരാൾക്കും ഈ ജപത്തിൽ പങ്കുകൊള്ളാം, ആനന്ദ നൃത്തം ചെയ്യാം. 


ഇത് നാം പ്രായോഗികമായി കണ്ടിട്ടുള്ളതാണ് . ഒരു കുട്ടിക്കുകൂടി ഈ മന്ത്രജപത്തിൽ പങ്കുകൊള്ളാം. എന്തിന് ഒരു നായ്ക്കുകൂടി അത് ചെയ്യാവുന്നതേയുള്ളൂ. ഭൗതിക ജീവിതത്തിൽ മുഴുകിയ ഒരാൾ യോഗ്യതയിലെത്താൻ, തീർച്ചയായും സ്വല്പം കൂടുതൽ സമയമെടുത്തേക്കും. അപ്രകാരം, ഭൗതികതാമഗ്നനായ ഒരാൾപോലും, മന്ത്രജപത്താൽ വളരെ പെട്ടെന്ന് ആദ്ധ്യാത്മിക നിലയിലേക്ക് ഉയരുന്നതായിക്കാണാം. ഭഗവാന്റെ ഒരു ഉത്തമ ഭക്തൻ പ്രേമത്തോടുകൂടി ഈ മന്ത്രം ജപിക്കുന്നത്, ശ്രോതാക്കളിൽ അത്യധികമായ സ്വാധീന മുണ്ടാക്കുന്നു. മന്ത്രജപം കേൾക്കേണ്ടത് ഭഗവാന്റെ ഉത്തമ ഭക്തന്റെ അധരപുടങ്ങളിൽ നിന്നുതന്നെയാണ്. അപ്പോൾ, പെട്ടെന്നുതന്നെ ഫലമുളവാകുന്നു. കഴിയുന്നിടത്തോളം, അഭക്തരുടെ ചുണ്ടുകളിൽനിന്ന് ഈ മന്ത്രം കേൾക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. പാമ്പ് ചുണ്ടണച്ച പാലിൽ വിഷമുണ്ടാകുമല്ലോ.


 'ഹര' എന്ന വാക്ക്  ഭഗവാന്റെ ശക്തിവിശേഷത്തെയാണ് കുറിക്കുന്നത്. കൃഷ്ണ, രാമ എന്നീ പദങ്ങൾ ഭഗവാനെ നേരിട്ട് സംബോധന ചെയ്യുന്നു.  'കൃഷ്ണ', 'രാമ' എന്നീ പദങ്ങൾ പരമാനന്ദശക്തിയാണ്.  'ഹരേ' എന്നാകുമ്പോൾ, അത് സംബോധനയായി. ഭഗവാന്റെ പരമാനന്ദശകതി, നമ്മെ ഭഗവാനിലേക്കെത്താൻ സഹായിക്കുന്നു. 'മായ' എന്നറിയപ്പെടുന്ന ഭൗതിക ശക്തിയുടെ ഭഗവാന്റെ വിവിധ ശക്തികളിൽ ഒന്നാണ്. ജീവസത്തകളും ഭഗവാന്റെ ശക്തി ( തടസ്ഥ ശക്തി ) തന്നെയാണ്. ജീവസത്തകൾ ഭൗതിക ശക്തിയേക്കാൾ മുകളിലാണ്.  ഉയർന്ന ശക്തി, താഴ്ന്ന ശക്തിയുമായി സമ്മേളിക്കുമ്പോൾ, പൊരുത്തമില്ലാത്ത ഒരു സ്ഥിതിവിശേഷമുണ്ടാകും. 


 എന്നാൽ, ഉയർന്ന തടസ്ഥ ശക്തി ( ജീവസത്ത ) 'ഹര' എന്ന ഉയർന്ന ശക്തിയുമായി സമ്മേളിക്കുമ്പോൾ, ജീവസത്ത അതിന്റെ യഥാർത്ഥ സന്തുഷ്ട നിലയിൽ സ്ഥിതി ചെയ്യുന്നു. 


ഈ മഹാമന്ത്രത്തിന്റെ അതീന്ദ്രീയ ബീജങ്ങളാണ്  'ഹരേ',  'കൃഷ്ണ',  'രാമ' എന്നീ മൂന്ന് വാക്കുകൾ ഭഗവാനേയും, ഭഗവാന്റെ അന്തരംഗ ശക്തിയേയും, ജീവാത്മാവിന് രക്ഷ നൽകാനായി വിളിക്കുന്ന ആദ്ധ്യാത്മിക പ്രക്രിയയാണ് മന്ത്രജപം. മന്ത്രജപം വാസ്തവത്തിൽ, ഒരു കുട്ടി, തന്റെ അമ്മയെ വിളിച്ച് കരയുന്നതുപോലെയാണ്.  'ഹര' എന്ന അമ്മ, പരമപിതാവായ ഹരിയുടെ - കൃഷ്ണന്റെ അനുഗ്രഹം ലഭിക്കുവാൻ ഭക്തനെ സഹായിക്കുന്നു. ആത്മാർത്ഥ മായി മന്ത്രം ജപിക്കുന്ന ഭക്തന് ഭഗവാൻ സ്വയം പ്രത്യക്ഷമാകുന്നു. ആകയാൽ, മറ്റൊരു ആദ്ധ്യാത്മിക സാക്ഷാത്കരണ മാർഗ്ഗവും,  ഈ മഹാമന്ത്രജപം പോലെ ഈ യുഗത്തിൽ ഫലപ്രദമല്ല. കലിസന്തരണോപനിഷത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.


'ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഇതി ഷോഡശകം നാമ്നാം കലികല്മഷനാശനം 

നാതഃ പരതരോപായ സർവ്വവേദേഷു ദൃശ്യതേ'


 “പതിനാറു തിരുനാമങ്ങൾ അടങ്ങുന്ന ഈ ഹരേകൃഷ്ണ മഹാമന്ത്രം കലിയുഗത്തിന്റെ സമസ്ത കൽമഷങ്ങളെയും നീക്കി നമ്മെ ശുദ്ധരാക്കുന്നു.  ഇതിലും ശ്രേഷ്ഠമായ ഒരു ഉപായം വേദങ്ങളിൽ മറ്റൊരിടത്തും കാണാവുന്നതല്ല.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment