🍁🍁🍁🍁🍁🍁🍁🍁
ഭഗവാൻ കോടിക്കണക്കിന് ജീവസത്തകളിൽ ആരുടെയും ശത്രുവല്ല, മറിച്ച് എല്ലായ്പ്പോഴും എല്ലാവരുടെയും സുഹൃത്താണ് . ഇതാണ് ശരിയായ അവബോധം . ഭഗവാൻ ശത്രുവാണെന്ന് ആരെങ്കിലും കരുതിയാൽ അവന്റെ ബുദ്ധി, പശു ബുദ്ധി, ഒരു മൃഗത്തിന്റെ ബുദ്ധി ആയിരിക്കും. അവൻ ഇങ്ങനെ തെറ്റായി ചിന്തിക്കും , “ ഞാൻ എന്റെ ശത്രുവിൽ നിന്ന് വ്യത്യസ്തനാണ്, എന്റെ ശത്രു എന്നിൽ നിന്ന് വ്യത്യസ്തനാണ്. ശത്രു ഇതു ചെയ്തു, അതിനാൽ അവനെ കൊല്ലുകയാണ് എന്റെ ധർമം .” ഇത്തരം തെറ്റായ സങ്കല്പത്തെ ഈ ശ്ലോകത്തിൽ ഭേദ—ഗതാസതീ എന്നു വിളിച്ചിരിക്കുന്നു. എല്ലാവരും ഭഗവാന്റെ ദാസൻമാരാണെന്നതാണ് വാസ്തവം, ശ്രീ ചൈതന്യ മഹാപ്രഭു ചൈതന്യ ചരിതാമൃതത്തിൽ സ്ഥിരീകരിച്ചിട്ടുള്ളതുപോലെ ( ജീവേര ‘ സ്വരൂപ’ ഹയ--- കൃഷ്ണേര ‘ നിത്യ-ദാസ’ ). ഭഗവാന്റെ ദാസൻമാരെന്ന നിലയിൽ നമ്മൾ ഒന്നാണ് , അവിടെ ശത്രുതയുടെയും സൗഹൃദത്തിന്റെയും പ്രശ്നമില്ല. നമ്മളോരോരുത്തരും ഭഗവാന്റെ ദാസൻമാരാണെന്ന് വാസ്തവത്തിൽ മനസ്സിലാക്കുന്ന പക്ഷം ശത്രുവെന്നും മിത്രമെന്നുമുള്ള ചിന്തയ്ക്ക് എവിടെയാണ് പ്രസക്തി?
ഭഗവാന്റെ സേവനത്തിനു വേണ്ടി എല്ലാവരും സൗഹൃദത്തിലാകണം. ഓരോരുത്തരും മറ്റുള്ളവരുടെ ഭഗവദ് സേവനത്തെ ശ്ലാഘിക്കുകയും സ്വന്തം സേവനത്തിൽ അഹങ്കരിക്കാതിരിക്കുകയും ചെയ്യണം. ഇതാണ് വൈഷ്ണവ ചിന്തയുടെ, വൈകുണ്ഠ ചിന്തയുടെ രീതി. സേവന നിർവഹണത്തിൽ സേവകൻമാർ തമ്മിൽ ശത്രുതയും മാത്സര്യവും ഉണ്ടായേക്കാം , പക്ഷേ വൈകുണ്ഠ ലോകങ്ങളിൽ ഒരു ഭൃത്യന്റെ സേവനത്തെ മറ്റൊരു ഭൃത്യൻ അഭിനന്ദിക്കുന്നു , വിമർശിക്കുന്നില്ല. ഇതാണ് വൈകുണ്ഠത്തിലെ മത്സരം. അവിടെ ഭൃത്യൻ മാർക്കിടയിൽ ശത്രുതയില്ല. ഓരോരുത്തരെയും അവരവരുടെ കഴിവിനനുസരിച്ച് ഭഗവദ് സേവനം ചെയ്യാൻ അനുവദിക്കുകയും, അന്യരുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്യണം. ആ വിധത്തിലാണ് വൈകുണ്ഠത്തിലെ പ്രവർത്തനങ്ങൾ . എല്ലാവരും ദാസൻമാരാകയാൽ ഒരേ തലത്തിലാണ് , എല്ലാവരും അവരവരുടെ കഴിവിനനുസരിച്ച് സേവനമനുഷ്ഠിക്കാൻ അനുവദിക്കപ്പെടുകയും ചെയ്യുന്നു.
( ശ്രീമദ് ഭാഗവതം 7.5.12 - ഭാവാർത്ഥം)
No comments:
Post a Comment