💠💠💠💠💠💠💠💠💠
തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകം
ദാദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ
വിവർത്തനം
💠💠💠💠💠💠💠
പ്രേമഭക്തിയോടെ എന്നെ സദാ ആരാധിക്കുന്നവർക്ക്, എന്നെ പ്രാപിക്കാനുതകുന്ന ബുദ്ധിവിശേഷം ഞാൻ നല്കും.
ഭാവാർത്ഥം
💠💠💠💠💠💠
ബുദ്ധിയോഗമെന്ന വാക്ക് ഇവിടെ സാരഗർഭമാണ്. രണ്ടാമദ്ധ്യായത്തിൽ ഭഗവാൻ അർജുനനോട്, താൻ പല വിഷയങ്ങളെക്കുറിച്ചും വിവരിച്ചുകഴിഞ്ഞുവെന്നും മേലിൽ ബുദ്ധിയോഗത്തിന്റെ പദ്ധതി പറഞ്ഞുതരാമെന്നും പ്രസ്താവിച്ചുവല്ലോ. ഇതിൽ ബുദ്ധിയോഗത്തെക്കുറിച്ചാണ് ഉപദേശിക്കുന്നത്. ബുദ്ധിയോഗമെന്നാൽ കൃഷ്ണാവബോധത്തോടെചെയ്യുന്ന പ്രവർത്തനമാണ്. അതാണ് ബുദ്ധിയുടെ അത്യുത്കൃഷ്ട നില. യോഗമെന്നത് സിദ്ധി വൈഭവമോ യോഗാത്മകമായ ഉയർച്ചയോ ആണ്. ഒരാൾ കൃഷ്ണ സന്നിധിയിലേയ്ക്ക്, അഥവാ സ്വഭവനത്തിലേയ്ക്ക് തിരിച്ചുപോകാൻ ഉദ്ദേശിച്ചുകൊണ്ട്, കൃഷ്ണാവബോധമാർന്ന് ഭക്തിപൂർവ്വം ഭഗവത് സേവനത്തിലേർപ്പെടുന്നതാണ് ബുദ്ധി യോഗം. ഭൗതികലോകത്തിലെ ബന്ധനങ്ങളിൽ നിന്ന് മുക്തി നേടാനുതകുന്ന പ്രക്രിയയാണ്, ബുദ്ധിയോഗമെന്നും പറയാം. പുരോഗതിയുടെ ആത്യന്തികലക്ഷ്യം കൃഷ്ണൻ തന്നെ. ജനങ്ങൾക്ക് ഇതറിഞ്ഞുകൂടാ! അതിനാൽ ഭക്തന്മാരുടേയും വിശ്വാസ്യനായ ആദ്ധ്യാത്മികഗുരുവിന്റേയും സഹവാസം പ്രാധാന്യമർഹിക്കുന്നു. കൃഷ്ണനാണ് തന്റെ പ്രാപ്യ സ്ഥാനമെന്ന് ഒരാൾ അറിയണം. അതറിഞ്ഞുകഴിഞ്ഞാൽ ക്രമേണ ആ വഴിക്ക് നടന്ന് ലക്ഷ്യത്തിലെത്തിച്ചേരാം.
ജീവിതലക്ഷ്യമെന്തെന്നറിഞ്ഞിട്ടും കർമ്മഫലാസക്തി കൈവിടാത്തവനത്രേ കർമ്മയോഗി; ലക്ഷ്യം കൃഷ്ണനാണെന്നറിഞ്ഞാലും കൃഷ്ണനെപ്പറ്റിയുള്ള ഊഹാപോഹങ്ങളിൽ തത്പരനായിരിക്കുന്നവൻ ജ്ഞാനയോഗിയാണ്; ലക്ഷ്യമറിഞ്ഞ് പൂർണ്ണമായ കൃഷ്ണാവബോധത്തോടെ ഭക്തിയുതസേവനമനുഷ്ഠിക്കുന്നയാൾ ഭക്തിയോഗിയും, അതു തന്നെ ബുദ്ധിയോഗം അഥവാ പൂർണ്ണമായ യോഗം. അതാണ് ജീവിതത്തിന്റെ ഉന്നതമായ സമ്പൂർണ്ണാവസ്ഥ.
വിശ്വാസ്യനായൊരു ആദ്ധ്യാത്മിക ഗുരുവുണ്ടായാലും ഒരു ആദ്ധ്യാത്മികസംഘടനയിലുൾപ്പെട്ടാലും ശരി, മുന്നേറാനുതകുന്ന ബുദ്ധി ശക്തി ഒരാൾക്കില്ലെങ്കിൽ അയാൾക്ക് കൃഷ്ണൻ അന്തര്യാമിയായിരുന്ന ഉപദേശങ്ങൾ നൽകുന്നു. അങ്ങനെ ആ ഭക്തനും അവസാനത്തിൽ പ്രയാസം കൂടാതെ ഭഗവാനിൽ എത്തിച്ചേരാൻ ഇടവരുന്നു. നിരന്തരം കൃഷ്ണാവബോധത്തോടെ ജീവിക്കുകയും പ്രേമഭക്തിയോടെ കൃഷ്ണന്റെ സേവ ചെയ്യുകയുമാണ് അവശ്യമായ യോഗ്യത. ഭക്തൻ കൃഷ്ണണനുവേണ്ടി എന്തെങ്കിലും പ്രവൃത്തിചെയ്യണം. അത് പ്രേമപൂർവ്വ മാവുകയും വേണം. ആത്മസാക്ഷാത്കാരത്തിന്റെ മാർഗ്ഗത്തിൽ മുന്നോട്ട പോകാൻ തക്ക ബുദ്ധിശക്തിയില്ലെങ്കിലും ഭക്തിപൂർവ്വമായ ഭഗവത് സേവനത്തിൽ നിർവ്യാജം ഏർപ്പെട്ടുകൊണ്ടിരുന്നാൽ അയാൾക്ക് പുരോഗതിക്കും ഭഗവത്സന്നിധി പൂകുന്നതിനുമുള്ള അവസരം കൃഷ്ണൻ നല്കിക്കൊള്ളും.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പത്ത് / ശ്ലോകം 10
No comments:
Post a Comment