Home

Sunday, June 20, 2021

പാണ്ഡവ നിർജല ഏകാദശി


 പാണ്ഡവ നിർജല ഏകാദശി

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🍁🍁🍁🍁🍁🍁

ജ്യേഷ്ഠ മാസത്തിൽ (മെയ് / ജൂൺ (മിഥുനം) മാസങ്ങളിൽ വരുന്ന നിർജ്ജല ഏകാദശിയുടെ വിവരണം ബ്രഹ്മ-വൈവർത്ത പുരാണത്തിൽ വ്യാസദേവനും ഭീമസേനനും തമ്മിലുള്ള സംഭാഷണത്തിൽ വിവരിച്ചിരിക്കുന്നു.


ഒരിക്കൽ യുധിഷ്ഠിരന്റെ ഇളയ സഹോദരനായ ഭീമസേനൻ, മഹാനായ ശ്രീല വ്യാസദേവനോട് ചോദിച്ചു, " പണ്ഡിത ശിരോമണിയും ആരാധ്യനുമായ പിതാമഹാ, ദയവായി എന്റെ അഭ്യർത്ഥന സ്വീകരിച്ചാലും, എന്റെ മൂത്ത സഹോദരൻ യുധിഷ്ഠിരൻ, അമ്മ കുന്തിദേവി, സഹോദരന്മാരായ അർജ്ജുൻ, നകുലൻ, സഹദേവൻ, ദ്രൗപതി എന്നിവർ ഏകാദശി ദിവസം ആഹാരമൊന്നും തന്നെ കഴിക്കാറില്ല. അവരെല്ലാവരും പ്രത്യേകിച്ച് യുധിഷ്ഠിരൻ ജേഷ്ഠൻ,   ഏകാദശി ദിവസം ഉപവസിക്കണമെന്ന് എല്ലായിപ്പോഴും.എന്നോട് പറയുന്നു.ഏകാദശിയിൽ ഉപവസിക്കുക എന്നത് വേദശാസ്ത്രങ്ങളിലെ ഒരു അനുശാസനമാണെന്ന് എനിക്കറിയാമെങ്കിലും,  വിശപ്പ്  സഹിക്കാൻ കഴിയാത്തതിനാൽ എനിക്ക് ഉപവസിക്കാൻ സാധിക്കുകയില്ല എന്ന് ഞാൻ അവരോട് പറയാറുണ്ട്. എന്റെ ശക്തിക്കനുസരിച്ച്  ദാനധർമ്മം ചെയ്യുവാനും , ശരിയായ ക്രമനിയമങ്ങൾ കൈകൊണ്ട്  കേശവനെ ആരാധിക്കുവാനും എനിക്ക് സാധിക്കും .പക്ഷേ  ഉപവസിക്കാൻ കഴിയില്ല. അതിനാൽ ഏകാദശിയുടെ ഫലം ഉപവസിക്കാതെ തന്നെ എങ്ങനെ നേടാം എന്ന് ദയവായി എനിക്ക് വിശദീകരിച്ചു തന്നാലും." 


ഭീമസേനന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ശ്രീ വ്യാസദേവൻ പറഞ്ഞു, “ഓ ഭീമ, നരകത്തിലേക്ക് പോകുന്നത് ഒഴിവാക്കി സ്വർഗ്ഗത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മാസം തോറുമുള്ള രണ്ട് ഏകാദശികളിലും താങ്കൾ ഭക്ഷിക്കുന്നത് ഒഴിവാക്കണം" 


ഭീമസേനൻ പറഞ്ഞു, "ഓ മുനി ശ്രേഷ്ഠാ! ഭഗവാനാൽ നിർദേശിക്കപ്പെട്ടതുപോലെ വർഷംതോറും 24 ഏകാദശികളിൽ ഉപവാസമനുഷ്ഠിക്കുക എന്നാൽ  അസാധ്യമാണ്. രാവും പകലും ഉപവസിക്കുന്നതിനെ പറ്റി എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല,  ഒരു നിമിഷം പോലും വിശപ്പ് എനിക്ക് സഹിക്കാൻ  കഴിയില്ല,  'വൃക' എന്നറിയപ്പെടുന്ന വിശപ്പിന്റെ അഗ്നി എല്ലായ്പ്പോഴും എന്റെ ഉദരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു, മാത്രമല്ല അധികമായ അളവിലുള്ള ഭോജനത്തിലൂടെ മാത്രമ  ആ അഗ്നിയെ  അണക്കാൻ സാധിക്കുകയുള്ളൂ.എന്നാൽ കഠിനപ്രയത്നം ചെയ്യുകയാണെങ്കിൽ വർഷത്തിൽ ഒരു ദിവസം എനിക്ക് ഉപവസിക്കാൻ  കഴിയും അതിനാൽ ഈ ജീവിതത്തിലും അടുത്ത ജീവിതത്തിലും പുണ്യം നേടുന്നതിന് എനിക്ക് പിന്തുടരാവുന്ന ഒരു വ്രതത്തേക്കുറിച്ച് ദയവായി വിശദീകരിച്ചാലും."


ശ്രീ വ്യാസദേവൻ പറഞ്ഞു, "അല്ലയോ രാജാവേ,വേദത്തിലെ ധാർമ്മീകമായ തത്ത്വങ്ങളെക്കുറിച്ചും, മനുഷ്യരുടെ കടമകളെക്കുറിച്ചും താങ്കൾ എന്നിൽ നിന്ന് ഇതിനോടകം കേട്ടു കഴിഞ്ഞു. എന്നാൽ ഈ കലിയുഗത്തിൽ എല്ലാവർക്കും ആ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ കഴിയില്ല. അതിനാൽ ഉത്‌കൃഷ്‌ടമായ  ഫലങ്ങൾ നേടാൻ കഴിയുന്ന ഒരു അതിശയകരമായ മാർഗ്ഗത്തെക്കുറിച്ച് ഞാൻ താങ്കളോട് പറയാം. ഈ മാർഗ്ഗം എല്ലാ പുരാണങ്ങളുടെയും സത്തയാണ്. മാസം തോറും  കൃഷ്ണപക്ഷത്തിലും, ശുക്ളപക്ഷത്തിലും, വരുന്ന  ഏകാദശിക്ക്  ഉപവസിക്കുന്നവർ ഒരിക്കലും നരകത്തിൽ പോകില്ല."


വ്യാസദേവന്റെ വാക്കുകൾ കേട്ട്  അതിശക്തനായ യോദ്ധാവായ ഭീമസേനൻ ഭയന്ന് ഒരു ആലില പോലെ വിറച്ചുകൊണ്ട് പറഞ്ഞു, " പിതാമഹാ, ഞാൻ എന്താണ് ചെയ്യേണ്ടത്? വർഷം മുഴുവനും മാസത്തിൽ രണ്ടുതവണ   ഉപവസിക്കാൻ, തീർച്ചയായും എനിക്ക്  സാധിക്കില്ല, അതിനാൽ, എൻറെ പ്രഭോ, അത്യന്തം സുകൃതം പ്രദാനം ചെയ്യുന്ന  ഒരു വ്രതത്തെക്കുറിച്ചും, അത് പാലിക്കുന്നതിലൂടെ എപ്രകാരം എല്ലാ പ്രയോജനവും  നേടാൻ കഴിയും  എന്നതിനെക്കുറിച്ചും ദയവായി ഉപദേശം നൽകിയാലും"


അപ്പോൾ ശ്രീ വ്യാസദേവൻ മറുപടി പറഞ്ഞു, "ജ്യേഷ്ഠ മാസത്തിലെ  ശുക്ളപക്ഷത്തിൽ,സൂര്യന്റെ സാന്നിധ്യം ഇടവം-മിഥുനം രാശിയിലാകുമ്പോൾ വരുന്ന ഏകാദശിയെ നിർജ്ജല ഏകാദശി എന്ന് വിളിക്കുന്നു. ഈ ഏകാദശി ദിവസം  ജലം പോലും കഴിക്കാതെ പൂർണ്ണമായിട്ടും വ്രതമനുഷ്ഠിക്കണം. 

ഈ ദിവസം ശുദ്ധീകരണത്തിനായി ആചമനം ചെയ്യുമ്പോൾ പോലും  ഒരു കടുമണിയോളമോ , അല്ലെങ്കിൽ ഒരു തുള്ളി സ്വർണ്ണം മുങ്ങിപോകാൻ പാകത്തിനളവിലോ  മാത്രം ജലം കുടിച്ചുകൊണ്ട് അത് നിർവഹിക്കേണ്ടതാണ്. ഒരുവൻ ഈ പറഞ്ഞ അളവിലുള്ള ജലം , പശുവിന്റെ ചെവിയുടേതിന് സമാനമായ മുദ്രയിൽ വച്ചിരിക്കുന്ന ഉള്ളംകൈയിൽ എടുക്കണം.ഒരുവൻ ഇതിനേക്കാൾ കൂടുതലോ കുറവോ ജലം കുടിക്കുകയാണെങ്കിൽ, അത് വീഞ്ഞു കുടിക്കുന്നതിന് സമമായി കണക്കാക്കപ്പെടും.


"ഈ ഏകാദശി ദിവസം ഒരുവൻ ഒന്നും തന്നെ ആഹരിക്കരുത്, അല്ലാത്തപക്ഷം വ്രതം ലംഘിക്കപ്പെടും. ഏകാദശി ദിവസം സൂര്യോദയം മുതൽ ദ്വാദശി ദിവസം സൂര്യോദയം വരെ ഒരു തുള്ളി ജലം പോലും കുടിക്കരുത്.  ഈ രീതിയിൽ ഒരാൾ ജലം പോലും കുടിക്കാതെ ഈ ഏകാദശിയെ കർശനമായി അനുഷ്ഠിക്കുകയാണെങ്കിൽ, ഒരു വർഷത്തിലെ എല്ലാ ഏകാദശികളും അനുഷ്ഠിച്ചതിന്റെ ഫലം അവന് നേടാൻ കഴിയും.


"ഒരുവൻ ദ്വാദശി ദിവസം അതിരാവിലെ  കുളിച്ച് സ്വർണവും ജലവും ബ്രാഹ്മണർക്ക് ദാനം നൽകണം. അതിനുശേഷം ഏകാദശി അനുഷ്ടിച്ചയാൾ ബ്രാഹ്മണരോടൊപ്പം ആനന്ദത്തോടെ പ്രസാദം സേവിക്കേണ്ടതാണ്.


ഓ ഭീമസേന! ഈ ഏകാദശിയിൽ ഉപവസിക്കുന്നതിലൂടെ ഒരാൾ സഞ്ചയിക്കുന്ന പുണ്യത്തെക്കുറിച്ച് ഇപ്പോൾ ശ്രവിച്ചാലും. ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ഒരുവന് വർഷത്തിലെ എല്ലാ ഏകാദശികളെയും ആചരിക്കുന്ന പുണ്യഫലം നേടാൻ കഴിയും.  ഒരിക്കൽ  ശംഖ ചക്ര ഗദാ പത്മധാരിയായ വിഷ്ണു ഭഗവാൻ എന്നോട് ഇപ്രകാരം പറഞ്ഞു, " ഒരു വ്യക്തി എല്ലാത്തരം വിശ്വാസപ്രമാണങ്ങളും ഉപേക്ഷിച്ച് എന്നെ ശരണം പ്രാപിക്കുകയും എനിക്ക് വളരെ പ്രിയങ്കരമായ  ഈ നിർജ്ജല ഏകാദശി ആചരിക്കുകയും ചെയ്താൽ,അവൻ തീർച്ചയായും എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും   മോചിതനാകുന്നു.ഈ കലിയുഗത്തിൽ  സമ്പത്ത് ദാനം  നൽകിയാലോ,  സ്മാർത്ത നിയമങ്ങൾ പിന്തുടരുന്നതിനാലോ,  നിയന്ത്രണങ്ങൾ പാലിക്കുന്നതിനാലോ പരമോന്നത ലക്ഷ്യസ്ഥാനം പ്രാപിക്കാൻ കഴിയില്ല. വാസ്തവത്തിൽ  വിവിധതരത്തിലുള്ള തെറ്റുകളും ന്യൂനതകളും കൊണ്ട് മലീമസമായ ഈ കലിയുഗത്തിൽ  മതാധിഷ്‌ഠിതമായ വൈദികപ്രമാണങ്ങളെല്ലാം അന്യം നിന്ന് പോയിരിക്കുന്നു.


 "അല്ലയോ വായു പുത്രാ! ഇതിൽ കൂടുതൽ എന്താണ് എനിക്ക് നിന്നോട് പറയാൻ കഴിയുക? യഥാർത്ഥത്തിൽ‍എല്ലാ ഏകാദശികളിലും ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു, കൂടാതെ നിർജല ഏകാദശിയിൽ വെള്ളം കുടിക്കുന്നത് പോലും നിരോധിച്ചിരിക്കുന്നു. ഈ ഏകാദശിയിൽ ഉപവസിക്കുന്നതിലൂടെ എല്ലാ പുണ്യസ്ഥലങ്ങളും സന്ദർശിക്കുമ്പോൾ ലഭിക്കുന്ന  പുണ്യം ഒരാൾ നേടുന്നു. അത്തരമൊരു വ്യക്തിയെ മരണസമയത്ത്  ഭയാനകമായ രൂപത്തിലുള്ള യമദൂതൻമാർ സമീപിക്കുന്നില്ല, മറിച്ച് ദിവ്യരായ വിഷ്ണുദൂതൻമാർ അദ്ദേഹത്തെ സമീപിച്ച്  ഭഗവാൻ വിഷണുവിന്റെ വാസസ്ഥലമായ വൈകുണ്ഠധാമത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ഏകാദശി ആചരിച്ചതിനുശേഷം ഒരാൾ ജലവും, പശുക്കളും ദാനം നൽകിയാൽ അവൻ എല്ലാ പാപപ്രവൃത്തികളിൽ നിന്നും മോചിതനാകുന്നു. 


മറ്റ് പാണ്ഡവർ ഈ ഏകാദശിയുടെ മഹത്വത്തെക്കുറിച്ച് കേട്ടപ്പോൾ ദൃഢനിശ്ചയത്തോടെ അത് അനുഷ്ഠിക്കാൻ തീരുമാനിച്ചു. അന്നുമുതൽ ഭീമസേനൻ ഈ നിർജല ഏകാദശി ദിവസം  അനുഷ്ഠിക്കുവാൻ തുടങ്ങി, അങ്ങിനെ അത് പാണ്ഡവ നിർജല ഏകാദശി അല്ലെങ്കിൽ ഭീമസേന ഏകാദശി എന്ന നിലയിൽ പ്രസിദ്ധമായി.

ഈ ഏകാദശി ദിവസം  ഉപവസിക്കുന്നവരുടെ, സുമേരു അഥവാ  മന്ദര പർവതതുല്യമായ പാപപ്രതികരണങ്ങൾ പോലും നൊടിയിടയിൽ ഭസ്മീകരിക്കപ്പെടുന്നു.  അല്ലയോ രാജാവേ, പുണ്യസ്ഥലങ്ങളിൽ കുളിക്കുക, ദാനധർമ്മങ്ങൾ നടത്തുക, വേദമന്ത്രങ്ങൾ ചൊല്ലുക, യാഗം നടത്തുക എന്നിങ്ങനെ ഈ നിർജല ഏകാദശി ദിനത്തിൽ ചെയ്യുന്ന ഏതൊരു പുണ്യ പ്രവർത്തിയും അളവുറ്റതായിത്തീരുന്നു എന്ന് ശ്രീകൃഷ്ണ ഭഗവാൻ  പ്രഖ്യാപിച്ചിട്ടുണ്ട്, 


ഈ ഏകാദശിയുടെ മഹാത്മ്യം ഭക്തിയോടെ വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്ന ഒരുവൻ വൈകുണ്ഠ ധാമത്തിലേക്ക് മടങ്ങിപോകുന്നു. അമാവാസി ദിവസം വ്രതമനുഷ്ഠിക്കുന്നത് കൊണ്ടും, സൂര്യഗ്രഹണ സമയത്ത് പിതൃക്കൾക്ക് തർപ്പണം  ചെയ്യുന്നതുകൊണ്ടും ഒരുവൻ നേടുന്ന ഫലം ഈ ഏകാദശിയുടെ മഹാത്മ്യം  വെറുതെ കേൾക്കുന്നതുകോണ്ട് മാത്രം അവർക്ക് ലഭിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment