Home

Friday, June 25, 2021

ശ്യാമാനന്ദ പ്രഭു


 
ശ്യാമാനന്ദ പ്രഭു

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

ചൈതന്യ പ്രഭുവിന്റെ വലിയ ഭക്തനായിരുന്നു ശ്യാമാനന്ദ പ്രഭു. മഹാനായ ആചാര്യന്മാരായ ശ്രീനിവാസ ആചാര്യരുടെയും നരോത്തമ ദാസ താക്കൂറരുടെയും സമകാലികനായിരുന്നു അദ്ദേഹം. ഭഗവാന്റെ തിരോധാനത്തിനുശേഷം തന്റെ ശിക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവതാരമെടുത്ത ചൈതന്യ മഹാപ്രഭുവിന്റെ നിത്യ പാർഷദരായിരുന്നു മൂവരും. വൃന്ദാവനത്തിലെ ശ്രീല ജീവ ഗോസ്വാമിയുടെ കീഴിൽ അവർ പഠിച്ചു ചൈതന്യ മഹാപ്രഭുവിന്റെ തിരോധാനത്തിനു ശേഷം ക്ഷയിച്ച ഭക്തി പ്രസ്ഥാനത്തെ അവർ ബംഗാളിലും ഒറീസയിലും പുനരുജ്ജീവിപ്പിച്ചു. 


ജനനവും ബാല്യകാലവും

🔆🔆🔆🔆🔆

ധരേന്ദ് ബഹദൂർപൂർ ഗ്രാമത്തിലെ ഉത്കലയിലാണ് ശ്യമാനന്ദർ അവതരിച്ചത്. പിതാവിന്റെ പേര് ശ്രീകൃഷ്ണ മണ്ഡൽ, അമ്മയുടെ പേര് ശ്രീ ദുരിക. ഷഡ്-ഗോപന്മാരുടെ പരമ്പരയിൽ പെട്ട ശ്രീകൃഷ്ണ മണ്ഡലിന് നിരവധി ആൺമക്കളും പെൺമക്കളുമുണ്ടായിരുന്നു അവർ നിർഭാഗ്യവശാൽ ഈ മകന്റെ ജനനത്തിനുമുമ്പ് അന്തരിച്ചു. അക്കാരണത്താൽ ഈ മകന് ദുഖിയ എന്ന് നാമകരണം ചെയ്തു. ഈ കുട്ടി ഒരു പുണ്യാത്മാവും വിശുദ്ധ വ്യക്തിയും ആയിരിക്കുമെന്ന് എല്ലാവരും പറഞ്ഞു.ഭഗവാൻ ജഗന്നാഥന്റെ കാരുണ്യത്താൽ, ചൈത്ര മാസത്തിലെ പൗർണ്ണമി ദിനത്തിലെ  മംഗളകരമായ സമയത്താണ്  അദ്ദേഹം ജനിച്ചത്. 


ഭഗവാൻ ജഗന്നാഥൻ തന്റെ ശിക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിനായി വ്യക്തിപരമായി ഇവിടെ കൊണ്ടുവന്നതിനാൽ, ഭഗവാൻ വ്യക്തിപരമായി അവനെ പരിപാലിച്ച് പോന്നു. അദ്ദേഹം ഒരു പുതിയ കാമ ദേവനെ പോലെ തോന്നിച്ചു അദ്ദേഹത്തിന്റെ ദർശനമാത്രയിൽ തന്നെ ഒരുവന്റെ  നേത്രങ്ങളും മനസ്സും ശാന്തമാകും. 


കാലം കടന്നുപോയപ്പോൾ, ശുദ്ധീകരണ അനുഷ്ഠാനങ്ങൾ, അന്നപ്രാശം- ധാന്യങ്ങൾ ആദ്യമായി കൊടുക്കുക, മുണ്ഡനം (മുടി മുറിക്കുന്ന ചടങ്ങ്), വിദ്യാരംഭം- വിദ്യാഭ്യാസം ആരംഭിക്കുന്നതിനുള്ള ആചാരങ്ങൾ എന്നിവ ഒന്നിനുപുറകെ ഒന്നായി നടപ്പാക്കി. അദ്ദേഹത്തിന്റെ അഗാധമായ ബുദ്ധി കണ്ട് പണ്ഡിതന്മാർ അമ്പരന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹം വ്യാകരണം, കവിത, അലങ്കാര ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കി. തന്റെ ഗ്രാമത്തിലെ വൈഷ്ണവരിൽ നിന്ന് ചൈതന്യമഹാപ്രഭുവിന്റേയും നിത്യാനന്ദ പ്രഭുവിന്റേയും മഹത്വങ്ങളെക്കുറിച്ച് കേട്ടപ്പോൾ അവരുടെ പാദ പദ്മങ്ങളോട് വളരെ ആഴത്തിലുള്ള അടുപ്പം അദ്ദേഹത്തിൽ വളർന്നു. ശ്രീകൃഷ്ണ മണ്ഡൽ  ഒരു പരമ ഭക്തനായിരുന്നു. ചൈതന്യ മഹാപ്രഭുവിനേയും നിത്യാനന്ദ പ്രഭുവിനേയുംകുറിച്ച് ചിന്തിക്കുന്നതിൽ മകൻ എപ്പോഴും ലയിച്ചിരിക്കുന്നത് കണ്ട്, മന്ത്ര ദീക്ഷ എടുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.


ആ കുട്ടി മറുപടി പറഞ്ഞു, “ശ്രീ ഹൃദയ ചൈതന്യയാണ് എന്റെ ഗുരു. അദ്ദേഹം അംബിക കൽനയിലിണ് വസിക്കുന്നത്.ശ്രീ ഗൗരി ദാസ പണ്ഡിതനാണ് അദ്ദേഹത്തിന്റെ ഗുരു. ശ്രീ ഗൗര-നിത്യാനന്ദ ( ചൈതന്യ മഹാപ്രഭു , നിത്യാനന്ദ പ്രഭു )എന്ന രണ്ടു സഹോദരന്മാർ അദ്ദേഹത്തിന്റെ വീട്ടിൽ നിത്യമായി ഉണ്ട്. അങ്ങ് അനുമതി നൽകിയാൽ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനാകാൻ അവിടേക്ക് പോകും. പിതാവ് ചോദിച്ചു, “പക്ഷേ ദുഖിയ, നീ എങ്ങനെ അവിടെയെത്തും? “പിതാവേ, ഗംഗയിൽ കുളിക്കാൻ പോകുന്ന ധാരാളം ആളുകൾ ഇവിടെയുണ്ട്. ഞാൻ അവരോടൊപ്പം പോകും. . 


ഗുരുവുമായുള്ള കൂടിക്കാഴ്ചയും മന്ത്ര ദീക്ഷയും 

🔆🔆🔆🔆🔆🔆🔆🔆


ഇക്കാര്യത്തിൽ പിതാവ് വളരെ നന്നായി ആലോചിച്ചു, ഒടുവിൽ അദ്ദേഹം അനുമതി നൽകി. അങ്ങനെ ദുഖിയ ഗൗഡദേശത്തിലേക്ക് പുറപ്പെട്ടു. ക്രമേണ അദ്ദേഹം നവദ്വീപ്, പിന്നെ ശാന്തിപൂർ, ഒടുവിൽ അംബിക കൽ എന്നിവിടങ്ങളിൽ എത്തി, അവിടെ ഗൗരി ദാസ് പണ്ഡിതരുടെ വീട് എവിടെയാണെന്ന് പ്രദേശവാസികളോട് ചോദിച്ചു. മന്ദിരത്തിന്റെ പടിവാതിലിന് പുറത്ത് അദ്ദേഹം ദണ്ഡവത് നമസ്കാരം ചെയ്തു. ഈ സമയം അതു വഴി കടന്നു പോയ ശ്രീ ഹൃദയ ചൈതന്യ പ്രഭു ഏതാനും നിമിഷങ്ങൾ അവനെ നോക്കി എന്നിട്ട് ചോദിച്ചു, “നിങ്ങൾ ആരാണ്?'


ദുഖിയ മറുപടി പറഞ്ഞു, “ഞാൻ വന്നത് നിങ്ങളുടെ പാദ കമലങ്ങളെ സേവിക്കാനാണ്. എന്റെ വീട് ധരേന്ദ ബഹദൂർപൂരിലാണ്. ഞാൻ ജനിച്ചത് ഷഡ് ഗോപന്മാരുടെ പരമ്പരയിലാണ്. എന്റെ പിതാവിന്റെ പേര് ശ്രീകൃഷ്ണ മണ്ഡൽ. എന്റെ പേര് ദുഖിയ. ഈ മധുരഭാഷണത്തിൽ ശ്രീ ഹൃദയ ചൈതന്യർ അതീവ സന്തുഷ്ടനായി. അദ്ദേഹം ആ ബാലകനോട് പറഞ്ഞു, “ഇനി മുതൽ നിങ്ങളുടെ പേര് കൃഷ്ണ ദാസ്. ഇന്ന് അതിരാവിലെ മുതൽ ആരെങ്കിലും വരുമെന്ന് എനിക്ക് തോന്നി."

ശ്രീകൃഷ്ണ ദാസ വളരെ ഭക്തിയോടെ തന്റെ സേവനം ആരംഭിച്ചു, ഒരു ശുഭദിനത്തിൽ അദ്ദേഹത്തിന്റെ ഗുരു അവന് മന്ത്ര ദീക്ഷ നൽകി. തന്റെ പുതിയ ശിഷ്യൻ അങ്ങേയറ്റം ബുദ്ധിമാനും അതേ സമയം വളരെ അർപ്പണ ബോധമുള്ളവനുമാണെന്ന് ശ്രീ ഹൃദയ ചൈതന്യയ്ക്ക് മനസ്സിലായി, അതിനാൽ ശ്രീല ജീവ ഗോസ്വാമിയുടെ കീഴിലുള്ള സാഹിത്യങ്ങൾ പഠിക്കാൻ വൃന്ദാവനത്തിലേക്ക് പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ദാസ് സമ്മതത്തോടെ തല കുനിച്ചു, ഒരു ശുഭദിനത്തിൽ അദ്ദേഹം പുണ്യ ധാമത്തിലേക്കു പുറപ്പെട്ടു. പോകുമ്പോൾ അദ്ദേഹത്തിന്റെ ഗുരു അദ്ദേഹത്തിന് നിരവധി നിർദേശങ്ങൾ നൽകുകയും വൃന്ദാവനത്തിലെ ഗോസ്വാമികളുടെ പാദ കമലത്തിൽ തന്റെ ശിഷ്യനിലൂടെ പ്രണാമം അറിയിക്കുകയും ചെയ്തു.


വൃന്ദാവനയാത്രയും ജീവ ഗോസ്വാമിയുമായുള്ള കൂടിക്കാഴ്ചയും

🔆🔆🔆🔆🔆🔆🔆🔆


ദുഖി കൃഷ്ണ ദാസ് ആദ്യം നവദ്വീപിലെത്തി. ശ്രീ ജഗന്നാഥ മിശ്ര ഭവൻ എവിടെയാണെന്ന് അന്വേഷിച്ച ശേഷം അദ്ദേഹം അവിടെയെത്തി അകത്തേക്ക് പോയി. ശ്രീ ഈശാന താക്കൂറയെ കണ്ട് താഴെ വീണു പ്രണാമം അർപ്പിച്ചു. ഈശാന താക്കുറ അദ്ദേഹത്തോട് ആരാണ് എന്ന് ചോദിച്ചു, അപ്പോൾ ബാലകൻ സ്വയം പരിചയപ്പെടുത്തി. ഈശാന താക്കുർ അദ്ദേഹത്തെ അനുഗ്രഹിച്ചു. അന്ന് അദ്ദേഹം അവിടെ താമസിച്ചു. 


അടുത്ത ദിവസം തീർത്ഥാടകരുടെ ഒരു സംഘത്തോടൊപ്പം അദ്ദേഹം മഥുരയിലേക്ക് പുറപ്പെട്ടു. ഗയ ധാമിലെത്തിയ അദ്ദേഹം അവിടെ വിഷ്ണുവിന്റെ പാദ കമലം ദർശിച്ചു. ഈശ്വര പുരിയിൽ നിന്ന് മന്ത്ര ദീക്ഷ സ്വീകരിച്ച മഹാപ്രഭുവിന്റെ ലീലയെ അദ്ദേഹം ഓർത്ത് പരമാനന്ദത്തിൽ മുങ്ങി. ഗയയിൽ നിന്ന് കാശി ധാമിലെത്തിയ അദ്ദേഹം അവിടെ തപൻ മിശ്ര, ചന്ദ്രശേഖരൻ, മറ്റ് ഭക്തർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അവരുടെ പാദ കമലത്തിൽ അഭിവാദ്യം അർപ്പിച്ച്, അനുഗ്രഹം നേടി. 


ഒടുവിൽ അദ്ദേഹം മഥുര ധാമിൽ പ്രവേശിച്ചു. വിശ്രാം ഘട്ടത്തിൽ കുളിച്ചശേഷം ശ്രീ ആദി കേശവന്റെ ദർശനം കഴിഞ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തെ ധൂളിയിൽ മുങ്ങി. ഇവിടെ നിന്ന് വൃന്ദാവനത്തിലേക്ക് പോയി. അവിടെ ശ്രീല ജീവ ഗോസ്വാമിയുടെ ചരിത്രം പഠിച്ച ശേഷം ആ മഹാനായ ആചാര്യന്റെ പാദ കമലത്തിൽ അദ്ദേഹം പ്രണാമം അർപ്പിച്ചു. ചോദിച്ചപ്പോൾ, അദ്ദേഹം പൂർണ്ണ വിവരങ്ങൾ നൽകി സ്വയം പരിചയപ്പെടുത്തി.


“ഗുരുദേവൻ എന്നെ ചുമതലപ്പെടുത്തി. പരമ കൃപാലുവായ അങ്ങയോടുള്ള അദ്ദേഹത്തിന്റെ അപേക്ഷ ഇതാണ്, "ഞാൻ നിങ്ങളുടെ പരിപാലനത്തിനായി ദുഖി കൃഷ്ണ ദാസിനെ ചുമതലപ്പെടുത്തുന്നു. ദയവായി അവന്റെ മനസ്സിന്റെ ആഗ്രഹം നിറവേറ്റി, കുറച്ച് സമയത്തിന് ശേഷം അവനെ എന്റെ അടുത്തേക്ക് തിരിച്ച് അയക്കുകയും ചെയ്യുക." തന്റെ സംരക്ഷണയിൽ ദുഖി കൃഷ്ണ ദാസയെ സ്വീകരിച്ചതിൽ ശ്രീല ജീവ ഗോസ്വാമി അതിയായ സന്തോഷത്തിലായിരുന്നു. കൃഷ്ണ ദാസ് വളരെ ശ്രദ്ധാപൂർവ്വം ജീവ ഗോസ്വാമിയെ സേവിക്കാനും ഗോസ്വാമികളുടെ സാഹിത്യം പഠിക്കാനും തുടങ്ങി. ശ്രീനിവാസ ആചാര്യൻ നരോത്തമ ദാസ താക്കുർ എന്നിവരും പഠിക്കാനായി ശ്രീല ജീവ ഗോസ്വാമിയുടെ അടുത്തെത്തി. അങ്ങനെ കൃഷ്ണ ദാസിന് അവരെ കാണാനുള്ള അവസരം ലഭിച്ചു. 



ശ്രീമതി രാധാ റാണിയുമായുള്ള കൂടിക്കാഴ്ച


🔆🔆🔆🔆🔆🔆🔆


കൃഷ്ണ ദാസ് ശ്രീല ജീവ ഗോസ്വാമിയോട് പ്രത്യേക സേവനത്തിനായി അഭ്യർത്ഥിച്ചു. സേവാ കുഞ്ചിലെ വനത്തോട്ടം എല്ലാ ദിവസവും തുത്തു വൃത്തിയാക്കാൻ ശ്രീ ജീവ ഗോസ്വാമി നിർദ്ദേശിച്ചു. അന്നുമുതൽ അദ്ദേഹം വളരെ സന്തോഷത്തോടെ ഈ സേവനം ചെയ്യാൻ തുടങ്ങി. തന്റെ ജീവിതം വിജയകരമാണെന്ന് അദ്ദേഹത്തിന് തോന്നി. അവിടെ വൃത്തിയാക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി. ചിലപ്പോൾ അദ്ദേഹം ശ്രീ ശ്രീ രാധ ഗോവിന്ദന്റെ പേരുകൾ ഉച്ചത്തിൽ ചൊല്ലുകയും ചിലപ്പോൾ അവരുടെ വിനോദങ്ങൾ ഓർത്ത് നിഷ്ക്രിയനായിത്തീരുകയും ചെയ്തു.


ചിലപ്പോൾ പൊടി നിറഞ്ഞ ചൂല് അവൻ തലയിൽ വയ്ക്കുമായിരുന്നു. വൃന്ദാവനത്തിലെ ഈ ധൂളി അല്പം ലഭിക്കാൻ ബ്രഹ്മാവും ശിവനും പോലും പ്രാർത്ഥിക്കുന്നു.വൃന്ദാവനേശ്വരനും വൃന്ദാവനേശ്വരിയും കൃഷ്ണ ദാസിന്റെ സേവനത്തിൽ വളരെയധികം സന്തുഷ്ടരായിരുന്നു, അവർ ദർശനം നൽകാൻ തീരുമാനിച്ചു. ഒരു ദിവസം കൃഷ്ണ ദാസ് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ സേവാ കുഞ്ചം വൃത്തിയാക്കുന്നതിനിടയിൽ വളരെ മനോഹരമായ ഒരു പാദസ്വരം പൊടിയിൽ കിടക്കുന്നത് ശ്രദ്ധിച്ചു. അദ്ദേഹം അത് എടുത്ത് തലയിൽ സ്പർശിച്ച് മേൽവസ്ത്രത്തിന്റെ മൂലയിൽ കെട്ടിവച്ചു. " അന്വേഷിച്ചു വരുമ്പോൾ കൊടുക്കാം,” അദ്ദേഹം കരുതി.


പിറ്റേന്ന് രാവിലെ ശ്രീമതി രാധാറാണിയുടെ ഇടത്  പാദസ്വരം കാണുന്നില്ലെന്ന് കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി. രാധാറാണി വിശദീകരിച്ചു, “ഇന്നലെ രാത്രി ഞാൻ നികുഞ്ചത്തിൽ നൃത്തം ചെയ്യുമ്പോൾ അത് വീണു പോയിരിക്കണം. ദയവായി അത് അന്വേഷിച്ച് കണ്ടുപിടിച്ച് കൊണ്ടുവരിക. ഗോപികമാർ കാപ്പ് തിരയാൻ വന്നപ്പോൾ, കൃഷ്ണ ദാസ് നികുഞ്ചം വൃത്തിയാക്കുന്നത് വിശാഖ ദേവി ശ്രദ്ധിച്ചു. ദേവി അവനോടു ചോദിച്ചു, “നിങ്ങൾ ഇവിടെ ഒരു പാദസ്വരം കണ്ടെത്തിയോ?" ദുഖി കൃഷ്ണ ദാസ് അവളുടെ മധുരവാക്കുകളും തിളക്കമാർന്ന രൂപവും കണ്ട് അമ്പരന്നു. സ്വർഗത്തിൽ നിന്ന് ഇറങ്ങിയ ഒരു ദേവതയെ പോലെ തോന്നിച്ചു. ദേവി വീണ്ടും ചോദിച്ചു, 


“നിങ്ങൾ ഇവിടെ ഒരു  പാദസ്വരം കണ്ടെത്തിയോ?" 

ദുഖി കൃഷ്ണ പ്രണാമം അർപ്പിച്ച് താഴ്മയോടെ മറുപടി പറഞ്ഞു.'

അതെ, ഞാൻ അത് കണ്ടു. നിങ്ങൾ ആരാണ്?"


“ഞാൻ ഒരു ഗോപികയാണ്.


"താങ്കൾ എവിടെ താമസിക്കുന്നു?"


“ഈ ഗ്രാമത്തിൽ"


“ഇത് നിങ്ങളുടെ പാദസ്വരമാണോ ?


“ഇല്ല അത് എന്റേതല്ല. ഇത് ഞങ്ങളുടെ വീട്ടിലെ നവവധുവിന്റേതാണ്.


“ഇത് എങ്ങനെ ഇവിടെയെത്തി? “അവർ ഇന്നലെ ഇവിടെ പൂക്കൾ പറിക്കാൻ വന്നപ്പോൾ വീണു പോയിരിക്കണം.


“ശരി, എന്നാൽ അവരോടു നേരിട്ട് വന്ന് വാങ്ങിക്കാൻ പറയൂ. “ഇല്ല, നിങ്ങൾക്കത് എനിക്ക് തരൂ.


“ഇല്ല, ഞാൻ അത് നേരിട്ട് അവർക്ക് നൽകാൻ ആഗ്രഹിക്കുന്നു.


കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ഒരു വലിയ മരത്തിന്റെ ചുവട്ടിൽ നിഴലിൽ നിൽക്കുന്ന ശ്രീമതി രാധ താക്കുറാണിയുമായി വിശാഖ ദേവി മടങ്ങി. വിശാഖ കൃഷ്ണ ദാസയോട് വിളിച്ചുപറഞ്ഞു, “ഭക്താ, പാദസ്വരം നഷ്ടപ്പെട്ട വ്യക്തി അത് സ്വീകരിക്കാൻ എത്തിയിരിക്കുന്നു. 

ശ്രീ വൃക്ഷഭാനുനന്ദിനിയുടെ (രാധാറാണി) സമാനതകളില്ലാത്ത, മിഴിവുറ്റ പ്രതാപത്തിൽ, ദൂരത്തു നിന്നാണെങ്കിലും, ദുഖി കൃഷ്ണ ദാസ് സ്വയം മറന്നു. വളരെ സന്തോഷത്തോടെ അദ്ദേഹം പാദസ്വരം വിശാഖ ദേവിക്ക് കൈമാറി. ഈ സമയത്ത്, വളരെ ആഴത്തിലുള്ള എന്തെങ്കിലും സംഭവിക്കാൻ പോകുകയാണെന്ന് ദുഖി കൃഷ്ണ ദാസന് മനസ്സിലായി. അവന്റെ കണ്ണുകൾ നിറഞ്ഞു, പ്രണാമം അർപ്പിക്കാൻ അവൻ നിലത്തു വീണു.ഹർഷോൻമാദത്തിൽ ആ ധൂളിയിൽ കിടന്ന് ഉരുണ്ടു.


വിശാഖ അവനോടു പറഞ്ഞു, ഭക്ത ശ്രേഷ്ഠാ! നന്ദി സൂചകമായി ഞങ്ങളുടെ സഖി ഒരു വരം നൽകാൻ ആഗ്രഹിക്കുന്നു. 


ദുഖി കൃഷ്ണ ദാസ് തന്റെ മുൻപിൽ രാധ കുണ്ഡത്തിലെ വിശുദ്ധജലം കണ്ടു. പ്രണാമമർപ്പിച്ചശേഷം അവൻ ആ വെള്ളത്തിൽ മുങ്ങി. അങ്ങനെ അവൻ വളരെ സുന്ദരമായ സ്ത്രീ രൂപം നേടി. പരിശുദ്ധമായ രാധാ കുണ്ഡത്തിൽ നിന്ന് പുറത്തുവന്ന അദ്ദേഹം വിശാഖ ദേവിയുടെ മുന്നിൽ നിന്നുകൊണ്ട് പ്രാർത്ഥിച്ചു. ആ കാനന സഖിയുടെ കൈ പിടിച്ച് വിശാഖ ശ്രീമതി രാധ താക്കുറാണിയെ സമീപിച്ചു. പുതിയ സഖി അവരുടെ പാദ കമലങ്ങളിൽ വീണു.


തുടർന്ന് ശ്രീമതി രാധാറാണി  പാദസ്വരം ഉപയോഗിച്ച് പാദ കമലത്തിലെ കുങ്കുമം എടുത്ത് അവളുടെ നെറ്റിയിൽ തിലകം ചാർത്തി.


"ഈ തിലകം നിങ്ങളുടെ നെറ്റിയിൽ അവശേഷിക്കും. ഇന്ന് മുതൽ നിങ്ങൾ ശ്യാമാനന്ദ എന്നറിയപ്പെടും. ഇപ്പോൾ നിങ്ങൾക്ക് പോകാം.” ഇത് പറഞ്ഞതിന് ശേഷം ശ്രീമതി രാധ താക്കുറാണിയെയും സഖികളെയും കാണാതായി. ദുഖി കൃഷ്ണ ദാസ സ്വപ്നത്തിൽ നിന്ന് ഉണർന്നു നോക്കിയപ്പോൾ പഴയ പുരുഷ  ശരീരത്തിൽ ആയിരുന്നു. എന്നാൽ ശ്രീമതി രാധാറാണി ചാർത്തിയ തിലകം അവിടെ തന്നെ ഉണ്ടായിരുന്നു.


വികാരാധീനനായി അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞു, “ഞാൻ എന്താണ് കണ്ടത്?


“ഞാൻ എന്താണ് കണ്ടത്?”, ആഹ്ളാദത്തിന്റെ കണ്ണുനീർ അദ്ദേഹത്തിന്റെ കവിളുകളിലൂടെ ഒഴുകി.


ശ്രീ രാധികയോട് നൂറുകണക്കിന് തവണ പ്രാർത്ഥന നടത്തിയ ശേഷം അദ്ദേഹം ശ്രീല ജീവ ഗോസ്വാമിയുടെ അടുത്തേക്ക് മടങ്ങി. തന്റെ യുവ വിദ്യാർത്ഥിയുടെ നെറ്റിയിൽ തിലകത്തിന്റെ അതിശയകരമായ പുതിയ രൂപകൽപ്പന കണ്ടപ്പോൾ ജീവ ഗോസ്വാമി അത്ഭുതപ്പെട്ടു. പ്രണാമമർപ്പിച്ച ശേഷം, ദുഖി കൃഷ്ണ ദാസ ശ്രീ ജീവ ഗോസ്വാമിയുടെ അഭ്യർത്ഥന പ്രകാരം, നിറഞ്ഞ കണ്ണുകളോടെ സേവാ കുഞ്ചിലെ അനുഭവം വിശദീകരിച്ചു.


അദ്ദേഹത്തിന്റെ വലിയ ഭാഗ്യം കേട്ട് ജീവ ഗോസ്വാമി സന്തോഷിച്ചു, പക്ഷേ ദുഖിക്ക് മുന്നറിയിപ്പ് നൽകി, "ഈ അനുഗ്രഹീത സംഭവം ആരോടും വെളിപ്പെടുത്തരുത്. ഇന്ന് മുതൽ ശ്യാമാനന്ദ എന്ന പേര് തുടരുക. ദുഖി കൃഷ്ണ ദാസയുടെ പേരും തിലകത്തിന്റെ ശൈലിയും അജ്ഞാതമായ കാരണങ്ങളാൽ മാറ്റപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ വൈഷ്ണവർ സ്വാഭാവികമായും ഈ വിചിത്രമായ സംഭവവികാസം ചർച്ച ചെയ്യാൻ തുടങ്ങി. ഈ വാർത്ത ഒടുവിൽ അംബിക കൽനയിൽ എത്തി. തന്റെ ശിഷ്യന്റെ അനധികൃത പെരുമാറ്റത്തെക്കുറിച്ച് കേട്ടപ്പോൾ, ഹൃദയ ചൈതന്യ പ്രഭു അസ്വസ്ഥനായി. അദ്ദേഹം ഉടനെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു.


ഏതാനും മാസങ്ങൾക്കുശേഷം അവിടെയെത്തിയ അദ്ദേഹം, ദുഖി കൃഷ്ണയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ദുഃഖി കൃഷ്ണ ശ്യാമാനന്ദ ഗുരുദേവന്റെ പാദകമലത്തിൽ ദണ്ഡവത് പ്രണാമം അർപ്പിച്ചു.


തന്റെ ശിഷ്യന്റെ തിലകം കണ്ട് ഹൃദയ ചൈതന്യ പ്രഭു പ്രകോപിതനായി, “എന്നോടുള്ള നിങ്ങളുടെ പെരുമാറ്റം പൂർണ്ണമായും മ്ലേച്ഛമാണ്. 


ഞാൻ തന്നെ തിലകം നിങ്ങൾ മാച്ചു കളഞ്ഞു. അതിനു പകരം പുതിയ തിലക ശൈലിയും സ്വീകരിച്ചു. ഞാൻ നിങ്ങളെ ഉപേക്ഷിക്കുന്നു. ഈ നിമിഷം തന്നെ ഈ ആശ്രമം വിടുക" അദ്ദേഹം ആജ്ഞാപിച്ചു.



അവനെ വഴക്ക് പറയുന്നത് തുടർന്നു. ശ്യാമാനന്ദനുവേണ്ടി വിവിധ വിശദീകരണങ്ങൾ നൽകി വൈഷ്ണവന്മാർ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ശ്യാമാനന്ദൻ ഇതെല്ലാം മായാത്ത മുഖത്തോടെ സഹിക്കുകയും തന്റെ ഗുരുദേവനെ വിശ്വസ്തതയോടെ സേവിക്കുകയും ചെയ്തു.


കണ്ണുകൾ നിറഞ്ഞു, ശ്യാമാനന്ദ നിശബ്ദമായി നോക്കി. അദ്ദേഹത്തോട് അൽപ്പം സഹതാപം തോന്നിയ ഹൃദയ ചൈതന്യ പറഞ്ഞു, “നിങ്ങൾ ആ തിലകം കഴുകി പഴയത് വീണ്ടും ധരിച്ചാൽ ഞാൻ എന്റെ ആജ്ഞ പിൻവലിക്കാം.


എന്നാൽ പാവം ശ്യാമാനന്ദന് നെറ്റിയിൽ നിന്ന് തിലകം തുടയ്ക്കാൻ കഴിഞ്ഞില്ല. അയാൾ അത് തുടച്ചയുടനെ അത് അവന്റെ നെറ്റിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.


ശ്യാമാനന്ദ ആശ്രമം വിട്ട് പോയി. ഭക്ഷണമൊന്നും കഴിക്കാതെ അദ്ദേഹം യമുനയുടെ തീരത്ത് താമസിച്ചു.


അന്ന് രാത്രി ശ്രീ രാധ താക്കൂറാണി ഹൃദയ ചൈതന്യയുടെ സ്വപ്നത്തിൽ വന്നു. അതിൽ ശ്രീ രാധ താക്കൂറാണി വളരെ ഗൗരവത്തിലായിരുന്നു. അവൾ അവനെ ശാസിച്ചു, “ദുഖി കൃഷ്ണ ദാസന്റെ സേവനത്തിൽ വളരെ സംതൃപ്തയായ ഞാൻ തിലകവും പേരും മാറ്റി. നിങ്ങൾക്കോ മറ്റാരെങ്കിലുമോ ഇതിനെക്കുറിച്ച് എന്താണ് പറയാൻ ഉള്ളത്? " ഹൃദയ ചൈതന്യ പ്രഭു ശ്രീ വ്രജേശ്വരിയുടെ പാദ കമലത്തിൽ പാപ മോചനത്തിനായി പ്രാർത്ഥിക്കുകയും താൻ എത വലിയ കുറ്റവാളിയാണെന്ന് ചിന്തിക്കുകയും ചെയ്തു.


ഹൃദയ-ചൈതന്യ തന്റെ തെറ്റ് മനസിലാക്കി നദി തീരത്തേക്ക് ഓടി ശ്യാമാനന്ദനെ ആലിംഗനം ചെയ്തു. അവനെ മടിയിൽ വച്ചു വീണ്ടും വീണ്ടും സ്നേഹത്തോടെ ആലിംഗനം ചെയ്തു. കണ്ണുനീർ ഒഴുകിക്കൊണ്ട് അദ്ദേഹം ആവർത്തിച്ചു, “നിങ്ങൾ വളരെ ഭാഗ്യവാനാണ്.


ഹൃദയ ചൈതന്യ പ്രഭു കുറച്ചുകാലം വ്രജ ധാമത്തിൽ വസിച്ചു. തുടർന്ന് ശ്രീജീവ ഗോസ്വാമിക്കൊപ്പം കുറച്ചുദിവസം തുടരാൻ ശ്യാമാനന്ദനോട് നിർദ്ദേശിച്ച ശേഷം അദ്ദേഹം ഗൗഡദേശത്തിലേക്ക് മടങ്ങി. 


വൃന്ദാവനം വിട്ട് പ്രചാരം

🔆🔆🔆🔆🔆🔆


ശ്രീ ശ്യമാനന്ദൻ, ശ്രീനിവാസ്, ശ്രീ നരോത്തമ എന്നിവർ വളരെ ആനന്ദത്തിൽ അവരുടെ നാളുകൾ കടന്നുപോകാൻ തുടങ്ങി, ഗോസ്വാമികളുടെ സാഹിത്യങ്ങൾ പഠിക്കുകയും അൽപം ഭക്ഷണം യാചിച്ച് കഴിക്കുകയും ചെയ്തു. മൂന്നുപേരും ഈ രീതിയിൽ തുടരാനും വൃന്ദാവനത്തിലെ ശ്രീകൃഷ്ണനെ ആരാധിക്കാൻ തങ്ങളുടെ സമയത്തിന്റെ നല്ലൊരു ഭാഗം നീക്കിവയ്ക്കാൻ തീരുമാനിച്ചു.


ഗോസ്വാമി സാഹിത്യത്തിൽ അവതരിപ്പിച്ചിരിക്കുന്നതുപോലെ മഹാപ്രഭുവിന്റെ ശിക്ഷണങ്ങൾ പ്രസംഗിക്കാൻ ഈ മൂവരെയും ഗൗഡദേശയിലേക്ക് ഒരുമിച്ച് അയയ്ക്കണമെന്ന് ഗോസ്വാമികൾ തീരുമാനിച്ചു. ഒരു ദിവസം ശ്രീല ജീവ് ഗോസ്വാമി മൂവരെയും


വിളിച്ച് ഈ തീരുമാനം അറിയിച്ചു. അങ്ങനെ മൂന്നുപേരും തല കുനിച്ചുകൊണ്ട് ആ ഉത്തരവ് സ്വീകരിച്ചു.


അതിനുശേഷം, ഒരു ശുഭദിനത്തിൽ ശ്രീല ജീവ ഗോസ്വാമി ഒരു വലിയ, മനോഹരമായി അലങ്കരിച്ച പെട്ടി ധർമ്മശാസ്ത്രങ്ങൾ കൊടുത്ത് അവരെ യാത്രയയച്ചു. എന്നാൽ ബിഷ്ണുപൂരിലെ ശ്രീമാൻ ഹംഭീർ എന്ന രാജാവ് പുസ്തകങ്ങൾ മോഷ്ടിച്ചു. ശ്രീനിവാസ ആചാര്യ പ്രഭു പുസ്തകങ്ങൾ വീണ്ടെടുക്കാൻ അവിടെ തന്നെ തുടർന്നു. നരോത്തമ ഖേതുരിയിലേക്കും ശ്യാമാനന്ദ അംബിക കൽനയിലേക്കും പോയി.


അവിടെയെത്തിയ ശ്യാമാനന്ദൻ തന്റെ ഗുരുവിന് പ്രണാമം അർപ്പിച്ചു. ശ്രീ ഹൃദയ ചൈതന്യ പ്രഭു അദ്ദേഹത്തെ ആലിംഗനം ചെയ്ത് വൃന്ദാവനത്തിലെ ഗോസ്വാമികളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചു. ബിഷ്ണുപൂരിൽ ഗോസ്വാമികളുടെ പുസ്തകങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് കേട്ടപ്പോൾ അദ്ദേഹം വളരെ ആശങ്കാകുലനായി.ശ്യാമാനന്ദൻ തന്റെ ഗുരുവിന്റെ പാദ കമലങ്ങൾ വളരെ സന്തോഷത്തോടെ സേവിച്ചു, ഈ രീതിയിൽ അദ്ദേഹത്തിന്റെ ദിവസങ്ങൾ കടന്നുപോയി. ഈ സമയത്ത് ഒറീസയിലെ ചൈതന്യ മഹാ പ്രഭുവിന്റെ ഭക്തരിൽ ഭൂരിഭാഗം പേരും ഇഹലോകവാസം വെടിഞ്ഞു.അങ്ങനെ മഹാപ്രഭുവിന്റെ ശിക്ഷണങ്ങൾക്ക് ഒരു ചെറിയ വിരാമം വന്നു. ഹൃദയ ചൈതന്യ പ്രഭു ഇത് വളരെ ഗുരുതരമായ ഒരു പ്രശ്നമായി കണക്കാക്കുകയും ഒടുവിൽ മഹാപ്രഭുവിന്റെ ദൗത്യം നിർവഹിക്കാൻ അവിടേക്ക് പോകാൻ ശ്യാമാനന്ദ പ്രഭുവിനോട് നിർദ്ദേശിക്കുകയും ചെയ്തു.


ഷേർഖാന്റെ കഥ

🔆🔆🔆🔆🔆🔆

പഠനം പൂർത്തിയായപ്പോൾ ചൈതന്യ മഹാപ്രഭുവിന്റെ ശിക്ഷണങ്ങൾ വീണ്ടും പ്രചരിപ്പിക്കാൻ ശ്യാമാനന്ദ യാത്രയായി. ചൈതന്യ മഹാ പ്രഭുവിന്റെ സാന്നിധ്യത്തിൽ നിന്ന് ഒരു തലമുറ മാത്രമേ ആയിട്ടുള്ളൂവെങ്കിലും, ഒറീസ ഇതിനകം തന്നെ ജീവിക്കാൻ ഒരു മോശം സ്ഥലമായിത്തീർന്നു. അഫ്ഗാൻ ഭരണാധികാരികളെ ഭയന്നാണ് ആളുകൾ ജീവിച്ചിരുന്നത്. അത്തരത്തിലുള്ള ഒരു പഠാൻ ഭരണാധികാരിയാണ് ഷേർഖാൻ.


ഈ സമയം ശ്യാമാനന്ദന് ഒരുപാട് ശിഷ്യന്മാരുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അവരോടൊപ്പം സങ്കീർത്തൻ സംഘത്തിൽ ചേർന്ന് തെരുവുകളിൽ നൃത്തം ചെയ്യുകയും മന്ത്ര കീർത്തനം നടത്തുകയും ചെയ്തു. ആനന്ദകരമായ മന്ത്രോച്ചാരണം കേട്ട ഷേർഖാൻ അങ്ങേയറ്റം ദേഷ്യപ്പെടുകയും കീർത്തൻ സംഘത്തെ നിർബന്ധിച്ച് നിർത്തുകയും മന്ത്രം ജപിക്കരുതെന്നും ആജ്ഞാപിച്ചു. ഭക്തർ അത് കാര്യമാക്കിയില്ല. അടുത്ത ദിവസം തന്നെ ശ്യാമാനന്ദ കൂടുതൽ ഭക്തരെ കൂട്ടി തെരുവുകളിലൂടെ നയിച്ചു. ഷേർഖാൻ ഇപ്പോൾ പ്രകോപിതനായി. അവനും പട്ടാളക്കാരും ഭക്തരെ തടഞ്ഞു, മൃദംഗങ്ങൾ കരതാളം നദിയിലേക്ക് എറിയുകയും ചെയ്തു. ഈ സമയം ശ്യാമാനന്ദൻ രാധയുടെയും കൃഷ്ണന്റെയും പരിശുദ്ധ നാമങ്ങൾ വളരെ ഉച്ചത്തിൽ ചൊല്ലാൻ തുടങ്ങി. ഉടനെ ഷേർഖാനും അനുയായികളും രക്തം തുപ്പുകയും അവരുടെ താടിക്ക് തീ പിടിക്കുകയും ചെയ്തു. അവർ പരിഭ്രാന്തരായി ഓടി പോയി.


ഷേർഖാന്റെ സമർപ്പണം


🔆🔆🔆🔆🔆🔆


പിറ്റേന്ന് ശ്യാമാനന്ദൻ വീണ്ടും നൃത്തം ചെയ്യുന്ന സങ്കീർത്തന സംഘത്തെ തെരുവിലേക്ക് നയിച്ചു. ഇത്തവണ, ഷേർഖാൻ അവരുടെ കീർത്തനം കേട്ടപ്പോൾ അടുത്തേക്ക് ഓടിവന്ന് അവരുടെ മുമ്പിൽ വീണു, ശ്യാമാനന്ദന് പ്രണാമം അർപ്പിച്ചു. വ്യാകുലമായ സ്വരത്തിൽ അദ്ദേഹം വെളിപ്പെടുത്തി, "ഇന്നലെ രാത്രി ഞാൻ ഏറ്റവും ഭയാനകമായ പേടിസ്വപ്നം കണ്ടു. പരമമായ അല്ലാഹു എന്റെ മുമ്പാകെ പ്രത്യക്ഷപ്പെടുകയും വളരെ ദേഷ്യപ്പെട്ട് വീണ്ടും വീണ്ടും മുഖത്തടിക്കുകയും ചെയ്തു അവൻ നിങ്ങളുടെ ദൈവത്തെപ്പോലെയാണെന്ന് എന്നോടു പറഞ്ഞു. 


ചൈതന്യ മഹാപ്രഭു എന്ന തന്റെ സുവർണ്ണരൂപം എനിക്ക് വെളിപ്പെടുത്തി, വിശുദ്ധനാമത്തിന്റെ മന്ത്ര ദീക്ഷ നിങ്ങളിൽ നിന്ന് സ്വീകരിക്കണം എന്ന് പറഞ്ഞു". ഷേർഖാന്റെ സമർപ്പണത്തിൽ ശ്യാമാനന്ദന് സംതൃപ്തി തോന്നി. ഭഗവാന്റെ ഹിതമനുസരിച്ച്, അദ്ദേഹത്തിന് ചൈതന്യ ദാസ് എന്ന പേര് നൽകി. ഈ രീതിയിൽ ശ്യാമാനന്ദൻ നിരവധി മുസ്ലീം പത്താനുകളെ ശ്രീകൃഷ്ണന്റെ ഭക്തരാക്കി മാറ്റി, ഒടുവിൽ ഒറീസ മുഴുവൻ വീണ്ടും വൈഷ്ണവന്മാരാൽ നിറഞ്ഞു.


 അദ്ദേഹത്തിന്റെ അവസാന ദിനങ്ങൾ


🔆🔆🔆🔆🔆🔆🔆🔆


ഒരു ദിവസം ശ്യാമാനന്ദന് തന്റെ പ്രിയ ഗുരു ഹൃദയ ചൈതന്യ സമാധിയായി എന്ന സന്ദേശം ലഭിച്ചു. ഇത് അദ്ദേഹത്തിന്റെ ഹൃദയത്തെ തകർത്തു, ഭഗവത് പ്രചാരം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശിഷ്യന്മാരുടെ സഹായത്തോടെ അദ്ദേഹം ആ ദുഖത്തെ തരണം ചെയ്തു. താമസിയാതെ, അദ്ദേഹത്തിന് മറ്റൊരു സന്ദേശം ലഭിച്ചു - അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായ ദാമോദറും ഇഹലോകവാസം വെടിഞ്ഞു എന്ന്. ശ്യാമാനന്ദന് ഇത് വലിയ ഞെട്ടലായിരുന്നു. അദ്ദേഹം രോഗബാധിതനായി, മികച്ച വൈദ്യസഹായം ലഭിച്ചെങ്കിലും അദ്ദേഹം സുഖം പ്രാപിച്ചില്ല. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അദ്ദേഹം ഒറീസയിലെ നരസിംഗപൂർ എന്ന പട്ടണത്തിൽ സമാധിയായി. അദ്ദേഹത്തിന്റെ മുൻനിര ശിഷ്യനും അനുയായിയുമായ രസികാനന്ദൻ തന്റെ ഗുരുവിനായി മനോഹരമായ ഒരു സമാധി പണിതു, അത് ഇന്നും കാണാം. ശ്യാമാനന്ദ പ്രഭുവിന്റെ പുഷ്പ സമാധിയും ശ്രീമതി രാധാറാണിയുടെ കണങ്കാൽ കാപ്പ് കണ്ടെത്തിയ സ്ഥലവും വൃന്ദാവനത്തിലെ ശ്രീ ശ്രീ രാധ ശ്യാംസുന്ദര ക്ഷേത്രത്തിന്റെ അടുത്താണ്. ശ്രീ ശ്രീ രാധ ശ്യാംസുന്ദരനാണ് അദ്ദേഹത്തിന്റെ ആരാധനാമൂർത്തികൾ. 


ശ്രീല ശ്യമാനന്ദ പണ്ഡിതർ വിജയിക്കട്ടെ!



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment