ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
പ്രീയപ്പെട്ടവരുടെ മരണം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം രണ്ട് / / ശ്ലോകം 20
*************************************************
ന ജായതേ മ്രിയതേ വാ കദാചി -
ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോ ഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ.
ആത്മാവിന് ഒരിക്കലും ജനനമരണങ്ങളില്ല. അത് ഉണ്ടായിട്ടില്ല; ഉണ്ടാകുന്നില്ല; ഭാവിയിൽ ഉണ്ടാവുകയുമില്ല. അജനും നിത്യനും ശാശ്വതനും പ്രാചീനനുമാണത്. ശരീരം നശിക്കുമ്പോൾ അതിന് മരണമില്ല.
പരമപുരുഷന്റെ സൂക്ഷ്മാണു.പ്രായങ്ങളായ ആത്മാക്കൾ ഗുണങ്ങളിൽ പരമാത്മാവിനെപ്പോലെയാണ്. ശരീരത്തിനെന്നപോലെ അതിന് മാറ്റങ്ങൾ സംഭവിക്കുന്നില്ല. ആത്മാവ് കൂടസ്ഥൻ (സ്ഥിരൻ) എന്ന പേരിൽ അറിയപ്പെടുന്നു. ആറുവിധം മാറ്റങ്ങൾക്കധീനമാണ് ശരീരം. അത് അമ്മയുടെ ഉദരത്തിൽ ജന്മമെടുക്കുന്നു; കുറച്ചു ദിവസങ്ങൾ അവിടെ കഴിച്ചുകൂട്ടിയ ശേഷം ഭൂമിയിൽ ജനിക്കുന്നു. വളരുന്നു. ചിലതെല്ലാം ചെയ്യുന്നു. ക്ഷയിക്കുന്നു. കാലയവനികൾക്കുള്ളിൽ മറയുന്നു. ആത്മാവാകട്ടെ, ഇത്തരം മാറ്റങ്ങൾക്ക് വിധേയനല്ല, ജനിക്കുന്നതുമില്ല, ആത്മാവ് ഒരു ശരീരം കൈക്കൊള്ളുന്നതുകൊണ്ട് ആ ശരീരമാണ് പിറക്കുന്നത്. ഇവിടെ ജനിക്കുന്നതും, മരിക്കുന്നതും ആത്മാവല്ല. ജനനമുള്ളതെന്തിനും മരണമുണ്ട്. ആത്മാവിന് ജനനമില്ലാ ത്തതിനാൽ ഭൂതം, ഭാവി, വർത്തമാനം എന്നീ കാലഭേദങ്ങളുമില്ല. ശാശ്വതനും ആദിമനുമാണ് ആത്മാവ്, അതിന്റെ ഉത്പത്തി എന്താണെന്ന് ചരിത്രത്തിനറിഞ്ഞുകൂടാ. ദേഹാവബോധത്താൽ ആത്മാവിന്റെ ജനനാദികളെക്കുറിച്ച് നാം അന്വേഷിക്കുന്നു. ശരീരത്തിനെ എന്ന പോലെ ആത്മാവിനെ ഒരിക്കലും വാർദ്ധക്യം ബാധിക്കാറില്ല. അതുകൊണ്ട് കിഴവനെന്ന് കരുതപ്പെടുന്ന ആൾക്ക്, തനിക്ക് ബാല്യത്തിലും യൗവ്വനത്തിലുമുണ്ടായിരുന്ന അതേ ആവേശം ഇന്നും ഉണ്ടെന്ന് തോന്നുന്നു. ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ആത്മാവിനെ ബാധിക്കില്ല. ഏതെങ്കിലും ഭൗതികവസ്തുവിനെപ്പോലെയോ ഒരു പടുമരത്തെ പ്പോലെയോ ആത്മാവ് ക്ഷയിക്കുന്നില്ല. ആത്മാവിന് ഉപോത്പന്നങ്ങളുമില്ല. ശരീരത്തിന്റെ ഉപോത്പന്നങ്ങളായ സന്താനങ്ങളും വെവ്വേറെ ആത്മാക്കളത്രേ. ശാരീരികബന്ധംകൊണ്ട് അവർ ഒരു പ്രത്യേക വ്യക്തിയുടെ മക്കളെന്നറിയപ്പെടുന്നു. ആത്മാവിന്റെ സാന്നിദ്ധ്യം കൊണ്ടാണ് ശരീരം വളരുന്നതെങ്കിലും ആത്മാവിന് ഉപോത്പന്നങ്ങളില്ല മാറ്റവുമില്ല; അതുകൊണ്ട് ആറ് ശാരീരിക പരിണാമങ്ങളിൽ നിന്ന് മുക്തനാണത്.
കഠോപനിഷത്തിൽ (12,18) പറഞ്ഞിരിക്കുന്നു :
ന ജായതേ മ്രിയതേ വാ വിപശ്ചിന്നായം
കുതശ്ചിന്ന ബഭൂവ കശ്ചിത്
അജോ നിത്യ ശാശ്വതോ ഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ
ഈ പദ്യത്തിന്റെ പൊരുളും വ്യാഖ്യാനവും ഭഗവദ്ഗീതയിലെ ശ്ലോകത്തിലുള്ളതുപോലെ തന്നെ. വിപശ്ചിത് (അറിവുള്ളയാൾ) എന്ന പദം മാത്രമേ ഭിന്നമായിട്ടുള്ളൂ.
വിജ്ഞാനമയനാണ് ആത്മാവ്, സദാ ബോധമുള്ളവനാണ്. അതു കൊണ്ട് അവബോധം ആത്മാവിന്റെ ലക്ഷണമാണ്. ഹൃദയാന്തർ ഭാഗത്ത് സ്ഥിതിചെയ്യുന്ന ആത്മാവിനെ ഒരാൾക്ക് കണ്ടെത്താനാവില്ലെങ്കിലും അവബോധത്തിന്റെ സാന്നിദ്ധ്യംകൊണ്ട് ആത്മാവ് അവിടെയുണ്ടെന്ന് മനസ്സിലാക്കാം. ആകാശത്തിൽ സൂര്യനുണ്ടെങ്കിലും ചിലപ്പോൾ മേഘങ്ങളുടെ മൂടൽകൊണ്ടോ മറ്റോ കണ്ടില്ലെന്നു വരാം. എങ്കിലും സൂര്യപ്രകാശം എപ്പോഴുമുള്ളതുകൊണ്ട് പകൽ സമയമാണെന്ന് നാം അറിയുന്നു. പുലരുന്നതിനു മുൻപ് ആകാശത്തിൽ തെല്ലൊരു വെളിച്ചം കണ്ടാൽ സൂര്യനുദിക്കുകയാണെന്ന് നമുക്കറിയാം. എല്ലാ ശരീരത്തിലും, മനുഷ്യന്റേതാകട്ടെ, മൃഗത്തിന്റേതാകട്ടെ അവയിലൊക്കെയും ബോധമുള്ളതുകൊണ്ട് ആത്മാവിന്റെ സാന്നിദ്ധ്യം നമുക്ക് മനസ്സിലാക്കാം. ജീവാത്മാവിന്റെ ഈ ബോധം സർവ്വോത്തമാവബോധത്തിൽ നിന്നു വ്യത്യസ്തമാണ്. ഭൂതവർത്തമാനഭാവികളെ സംബന്ധിച്ച് സർവ്വവിജ്ഞാനവുമുൾക്കൊള്ളുന്നതത്രേ ഈ സർവ്വോത്തമാവബോധം. ഓരോ ജീവാത്മാവിന്റേയും അവബോധം മറവിക്ക് വിധേയമാണ്. അങ്ങനെ തന്റെ മൂലസ്വരൂപം മറന്നുപോകുമ്പോൾ കൃഷ്ണൻ നൽകുന്ന സമുത്ക്ക്യഷ്ട പാഠങ്ങളിലൂടെ ആത്മാവ് ഉദ്ബുദ്ധനാകുന്നു. മറവിയുള്ള ആത്മാവിനെപ്പോലെയല്ല ശ്രീകൃഷ്ണൻ. അങ്ങനെയാകിൽ ഭഗവാന്റെ ഗീതോപദേശം വ്യർത്ഥമാകുമായിരുന്നു.
ആത്മാക്കൾ രണ്ടുവിധമുണ്ട്. അണു ആത്മാവ്, വിഭു- ആത്മാവ്. അണുമാത്രനായതും, മഹത്തായ വിഭുവായതും. ഇത് കറോപനിഷ ത്തിലും (1.2.20) ഊന്നിപ്പറഞ്ഞിട്ടുണ്ട്,
അണോരണീയാൻ മഹതോ മഹീയാനാ
ത്മാസ്യ ജന്തോർനിഹിതോ ഗുഹായാം
തമക്രതുഃ പശ്യതി വീതശോകോ
ധാതുഃ പ്രസാദാൻമഹിമാനമാത്മനഃ
പരമാത്മാവും അണുമാത്രനായ ജീവാത്മാവും ശരീരമാകുന്ന ഒരേ വൃക്ഷത്തിൽ ജീവസത്തയുടെ ഹൃദയാന്തർഭാഗത്ത് കുടികൊള്ളുന്നു. ഭൗതികങ്ങളായ എല്ലാ ആഗ്രഹങ്ങളും ശോകങ്ങളും അകറ്റിക്കഴിഞ്ഞ വ്യക്തിക്കു മാത്രമേ ഭഗവാന്റെ കാരുണ്യത്താൽ ആത്മാവിന്റെ മഹത്ത്വം മനസ്സിലാക്കാൻ കഴിയൂ.തുടർന്നുള്ള അദ്ധ്യായങ്ങളിൽ വിവരിക്കുന്നതു പോലെ, പരമാത്മാവിന്റേയും പ്രഭവസ്ഥാനമാണ് കൃഷ്ണൻ. എന്നാൽ അർജുനനാകട്ടെ, തന്റെ സ്വാഭാവികാവസ്ഥ മറന്നുപോയ അണുമാത്രനായ ജീവാത്മാവും. അതുകൊണ്ട് അദ്ദേഹത്തിന് കൃഷ്ണനാൽ അഥവാ കൃഷ്ണന്റെ വിശ്വാസ്യനായ ഒരു പ്രതിനിധിയാൽ (ആത്മീയഗുരു) ഉദ്ബുദ്ധനാകേണ്ടിയിരിക്കുന്നു.
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment