യാതയാമം ഗതരസം പൂതി പര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം
മൂന്ന് മണിക്കൂറിന് മുമ്പ് പാകംചെയ്തതും, സ്വാദ് നഷ്ടപ്പെട്ടതും, ദുർഗന്ധമുള്ളതും, ഉച്ഛിഷ്ടവും, തൊടാൻ കൊള്ളാത്തതുമായ ഭക്ഷണങ്ങളെയാണ് താമസസ്വഭാവികൾ ഇഷ്ടപ്പെടുന്നത്.
ആയുസ്സും മനഃശുദ്ധിയും കായബലവും വർദ്ധിപ്പിക്കലാണ് ആഹാരത്തിന്റെ ഉദ്ദേശ്യം. പണ്ടു തന്നെ, പാലും അതിന്റെ ഉപോത്പന്നങ്ങളും അരി, ശർക്കര, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഏറ്റവുമധികം ഉതകുന്ന ഭക്ഷ്യങ്ങളെന്ന നിലയിൽ അഭിജ്ഞന്മാർ അംഗീകരിച്ചിട്ടുണ്ട്. സാത്ത്വികപ്രകൃതിയുള്ളവർ ഇഷ്ടപ്പെടുന്നതും ഇവയെത്തന്നെ. വേവിച്ച ചോളം, ശർക്കര മുതലായ മറ്റു ചിലതും അത്രയും സ്വാദുള്ളവയല്ലെങ്കിലും പാലോ വേറെ ഏതെങ്കിലും ആഹാരമോ ചേർത്താൽ രുചികരമാക്കാം. അപ്പോൾ അവ സാത്ത്വികാഹാരങ്ങളാകുന്നു. പ്രകൃത്യാ ശുദ്ധാഹാരങ്ങളാണിവ. മാംസം, മദ്യം, തുടങ്ങിയ അസ്പർശ്യങ്ങളായ ഭക്ഷ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തങ്ങളാണ് ഈ സാത്ത്വികാഹാരങ്ങൾ. സ്നിഗ്ദ്ധങ്ങളെന്ന് എട്ടാം ശ്ലോകത്തിൽ പറഞ്ഞിട്ടുള്ള കൊഴുപ്പുള്ള ആഹാരങ്ങൾക്ക് പ്രാണിഹിംസചെയ്ത് നേടുന്ന മൃഗക്കൊഴുപ്പുമായി ബന്ധമില്ല. ഉത്തമാഹാരമായ പാലിൽ നിന്ന് മൃഗക്കൊഴുപ്പ് വേണ്ടത്ര കിട്ടും. പാൽ, വെണ്ണ, പാൽക്കട്ടി മുതലായവയിലൂടെ മൃഗക്കൊഴുപ്പ ലഭ്യമാണെന്നിരിക്കെ, നിരപരാധികളായ ജീവികളെ ഹിംസിക്കേണ്ടുന്ന ആവശ്യമേയില്ല. ക്രൂരതകൊണ്ട് മാത്രമാണ് ഈ ഹിംസ തുടർന്നുപോരുന്നത്. പാലിലൂടെ കൊഴുപ്പ് നേടുകയത്രേ സംസ്കാരസമ്പന്നർക്കനുയോജ്യമായ മാർഗ്ഗം. ജന്തുഹിംസ മനുഷ്യോചിതമല്ല. പയറ്, പരിപ്പ്, തവിട് പോകാത്ത ഗോതമ്പ് ഇവയിൽ നിന്ന് പ്രോട്ടീനും ആവശ്യം പോലെ കിട്ടും.
കയ്പ്പുള്ളതോ ഉപ്പുരസവും എരിവും ചൂടും കൂടുതലുള്ളതോ ആയ ഭക്ഷ്യങ്ങൾ രാജസാഹാരങ്ങളാണ്. അവ ആമാശയത്തിലെ ശ്ലേഷ്മത്തെ വരട്ടി പലതരം രോഗങ്ങളുണ്ടാക്കും. താമസാഹാരങ്ങൾ മുഖ്യമായി പഴക്കം തട്ടിയവയാണ്. പാകംചെയ്ത് മൂന്ന് മണിക്കുർ കഴിഞ്ഞാൽ പഴകിയെന്ന് കണക്കാക്കാം. (ഭഗവത്പ്രസാദത്തിന്റെ കാര്യത്തിൽ ഈ തീർപ്പ് ബാധകമല്ല). പഴകുമ്പോൾ ആഹാരത്തിനൊരു ദുർഗന്ധമുണ്ടാകുന്നു. താമസസ്വഭാവികളെ ആകർഷിക്കുകയും സാത്ത്വികർക്ക് വെറുപ്പുണ്ടാക്കുകയുംചെയ്യുന്നതാണ് ഈ ഗന്ധം.
ഭഗവാന് നിവേദിച്ചതോ ഒരു മഹാമനുഷ്യന്റെ, വിശേഷിച്ച് ഒരാദ്ധ്യാത്മികാചാര്യന്റെ ഭക്ഷണത്തിനായി തയ്യാറാക്കിയതോ ആയ ആഹാരത്തിൽ ശേഷിച്ചത് ഭക്ഷിക്കുന്നതിൽ തെറ്റില്ല. മറ്റു വിധത്തിൽ ഉച്ഛിഷ്ടം ഭക്ഷണയോഗ്യമല്ല, താമസാഹാരമാണ്. അത് കഴിക്കുന്നത് രോഗത്തിന് വഴിവെയ്ക്കുകയുംചെയ്യും. അത്തരം ഭക്ഷ്യങ്ങൾ താമസസ്വഭാവികൾക്ക് വളരെ ഹൃദ്യങ്ങളായിത്തോന്നാമെങ്കിലും സാത്ത്വികർക്ക് വെറുപ്പുണ്ടാക്കും. അവയെ തൊടാൻപോലും സാത്ത്വികപ്രകൃതിയുള്ളവർ മടിക്കും. ഭഗവാന് ഭക്തിപൂർവ്വം നിവേദിച്ചതിന്റെ ഉച്ചിഷ്ടമാണ് സർവ്വോത്തമമായ ആഹാരം. ഭക്തിപൂർവ്വം നൽകുന്ന ധാന്യവും പച്ചക്കറികളും പാലുമെല്ലാം താൻ സ്വീകരിക്കുമെന്ന് ഭഗവാൻ ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ട്. പത്രം, പുഷ്പം, ഫലം, തോയം എന്നിങ്ങനെ. എന്നാൽ പ്രേമവും ഭക്തിയുമാണ് ഭഗവാന് സ്വീകാര്യമായത്. ഒരു സവിശേഷ രീതിയിൽ തയ്യാറാക്കേണ്ടതാണ് പ്രസാദമെന്ന് പറയപ്പെടുന്നു. ശാസ്ത്രപ്രോക്തമായ വിധത്തിൽ തയ്യാറാക്കിയതും കൃഷ്ണന് നിവേദിച്ചതുമായ ഏതു ഭക്ഷണവും തികച്ചും ആദ്ധ്യാത്മികമായതിനാൽ ഏറെക്കാലത്തിനു ശേഷവും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് ആഹാരത്തെ രോഗാണു്രഹിതവും സംശുദ്ധവും എല്ലാവർക്കും ആസ്വാദ്യകരവുമാക്കുവാൻ വേണ്ടി ഭഗവാന് നിവേദിക്കണം.
(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പതിനേഴ് / ശ്ലോകം 10)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment