ബ്രഹ്മാർപണം ബ്രഹ്മഹവിർ
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മ കർമസമാധിനാ.
വിവര്ത്തനം
*****************
കൃഷ്ണാവബോധത്തിൽ മുഴുകിയ ഒരാൾ ആദ്ധ്യാത്മിക പ്രവർ ത്തനങ്ങൾക്കായി സ്വയം സമർപ്പണം ചെയ്തതു കൊണ്ട് നിശ്ചയമായും ആത്മീയലോകത്തിൽ എത്തിച്ചേരും. അങ്ങനെയുള്ള യജ്ഞത്തിൽ ഹവിസ്സും യജ്ഞാഗ്നിയും, രണ്ടും ആത്മീയസ്വഭാവമുള്ളവയാണ്.
ഭാവാർത്ഥം:
*****************
കൃഷ്ണാവബോധപ്രവർത്തനങ്ങൾ എങ്ങനെ ആത്യന്തികമായി ആദ്ധ്യാത്മികലക്ഷ്യത്തിലേക്ക് എത്തിക്കുന്നുവെന്ന് ഇവിടെ വിവരിക്കുന്നു. കൃഷ്ണാവബോധത്തിൽ പ്രവൃത്തികൾ പലതുണ്ട്. അവയെപ്പറ്റി തുടർന്നു പ്രതിപാദിക്കും. ഇവിടെ കൃഷ്ണാവ ബോധത്ത്വം മാത്രമാണ് പറയുന്നത്. ഭൗതികതാമാലിന്യങ്ങളിലകപ്പെട്ട ബദ്ധജീവാത്മാവ് ഭൗതികമായ ചുറ്റുപാടിൽത്തന്നെ പ്രവർത്തിക്കുമെന്നതിൽ സംശയമില്ല. എന്നാൽ അത്തരത്തിലുള്ള ഒരു പരിതഃസ്ഥിതിയിൽ നിന്നു പുറത്തുവന്നേ തീരൂ. ബദ്ധജീവാത്മാവിന് ഈ ഭൗതികാന്തരീക്ഷത്തിൽ നിന്ന് വിട്ടുമാറാനുള്ള പ്രകിയയാണ് കൃഷ്ണാവബോധം. ക്ഷീരോത്പന്നങ്ങളുടെ അമിതോപയോഗത്താൽ കുടൽരോഗം ബാധിച്ച ഒരാൾക്ക് പാലിൽ നിന്നുള്ള മറ്റൊരുത്പന്നം - തൈര്, ഔഷധമായിത്തീരുന്നു. ഭൗതികതയിൽ മുഴുകിയ ബദ്ധനായ ഒരാത്മാവിന് ഇവിടെ ഗീത സൂചിപ്പിച്ചിട്ടുള്ളതുപോലെ, കൃഷ്ണാവ ബോധമാണ് പ്രത്യൗഷധം. ഈ പ്രക്രിയയെ സാമാന്യമായി വിഷ്ണു വിന്റെ - കൃഷ്ണന്റെ മാത്രം പ്രീതിക്കുവേണ്ടിചെയ്യുന്ന യജ്ഞമെന്നു പറയുന്നു. ഇപ്രകാരം ലൗകികകർമ്മങ്ങൾ കൃഷ്ണാവബോധത്തോടെ വിഷ്ണുവിനു വേണ്ടി മാത്രം അനുഷ്ഠിക്കുന്നതിൽ നിമഗ്നമാവുന്ന തോതനുസരിച്ച് അന്തരീക്ഷം ആദ്ധ്യാത്മികമായിത്തീരും. ബഹ്മമെന്നതിന് ആത്മീയമെന്നാണർത്ഥം, ആത്മീയമയമാണ് ഭഗവാൻ. അവി ടുത്തെ ദിവ്യശരീരത്തിന്റെ കിരണങ്ങൾ ബ്രഹ്മജ്യോതിസ്സ്, ആത്മീയ പ്രഭാപൂരം എന്നറിയപ്പെടുന്നു. എല്ലാ സത്തകളും ആ ബ്രഹ്മജ്യോതിസ്സിൽ സ്ഥിതിചെയ്യുന്നു. എന്നാൽ അത് മായകൊണ്ടോ ഐന്ദ്രിയ വിഷയാസക്തികൊണ്ടോ മറയ്ക്കപ്പെടുമ്പോൾ ഭൗതികതയായി. കൃഷ്ണാവബോധംകൊണ്ട് ഈ മറ ഉടനെ നീക്കാം. അപ്രകാരം കൃഷ്ണാവബോധത്തിനർപ്പിക്കപ്പെട്ടവയും, ഈ നിവേദ്യത്തിന്റെ ഭോക്താവും, ഉപഭോഗപ്രകിയയും, നിവേദകനും, ഫലവും എല്ലാം ചേർന്നതാണ് ബ്രഹ്മൻ അഥവാ നിരപേക്ഷിതത്ത്വം. മായാച്ഛന്നമായ പരമസത്യമാണ് ഭൗതിക പദാർത്ഥമെന്ന് പറയപ്പെടുന്നത്. പരമസത്യത്തിന്നായി വിനിയോഗിക്കുമ്പോൾ അതിന് ആദ്ധ്യാത്മികഭാവം വീണ്ടുകിട്ടുന്നു. മായാബോധത്തെ ബ്രഹ്മബോധ (ഭഗവദ്ബോധം)മാക്കി മാറ്റുന്ന പ്രക്രിയയത്രേ കൃഷ്ണാവബോധം. അതിൽ പൂർണ്ണമായി മുഴുകിയ മനസ്സിന്റെ അവസ്ഥയാണ് സമാധി. അപ്രകാരമുള്ള അതീന്ദ്രിയബോധത്തിൽചെയ്യുന്നതെന്തും യജ്ഞമെന്നു പറയപ്പെടുന്നു. അവബോധത്തിന്റെ ആ ആദ്ധ്യാത്മികനിലയിൽ യജ്ഞകർത്താവും യജ്ഞദ്രവ്യവും അതിന്റെ ഭുക്തിയും യജ്ഞത്തിന്റെ യജമാനനും യജ്ഞഫലവുമെല്ലാം നിരപേക്ഷത്രത്ത്വത്തിൽ - പരബ്രഹ്മത്തിൽ ഏക ഭാവം കൈക്കൊള്ളുന്നു. ഇതാണ് കൃഷ്ണാവബോധത്തിന്റെ രീതി.
(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം നാല് / ശ്ലോകം 24)
🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.
🙏🏻
🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
No comments:
Post a Comment