ഒരുകാലത്ത് ഒറീസ സംസ്ഥാനം ഭരിച്ച ഗോംഗ രാജവംശത്തിൽ പുരുഷോത്തമ ദേവൻ എന്ന രാജാവ് ഉണ്ടായിരുന്നു. ജഗന്നാഥന്റെ വലിയ ഭക്തനായിരുന്നു അദ്ദേഹം. എല്ലാ വർഷവും രഥയാത്രയിൽ രാജാവ് ജഗന്നാഥന്റെ ആനന്ദത്തിനായി രഥത്തിന്റെ മുൻവശത്തെ രാജപാത വൃത്തിയാക്കുമായിരുന്നു. എല്ലാറ്റിന്റെയും ഉടമയും രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയും ഭഗവാനാണെന്നു അദ്ദേഹം മനസിലാക്കി. അദ്ദേഹം സ്വയം ഭഗവാന്റെ ദാസനായി കണക്കാക്കി.
ഒരു തവണ രാജാവ് ദക്ഷിണേന്ത്യയിൽ പര്യടനം നടത്തി. കാഞ്ചി എന്ന രാജ്യത്തിലെത്തിയ അദ്ദേഹം തലസ്ഥാന നഗരത്തിലെ ഒരു പൂന്തോട്ടത്തിൽ കൂടാരം സ്ഥാപിച്ചു. അവിടെ പുരുഷോത്തമ ദേവൻ കാഞ്ചി രാജകുമാരിയായ പത്മാവതിയെ കണ്ടുമുട്ടി, ഇരുവർക്കും പരസ്പരം വളരെ ഇഷ്ടപ്പെട്ടു. കാഞ്ചി രാജാവ് കൊട്ടാരത്തിലേക്ക് പുരുഷോത്തമ ദേവനെ ക്ഷണിച്ചു. കാഞ്ചി രാജാവിനും രാജ്ഞിക്കും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. പുരുഷോത്തമ ദേവന് അവരുടെ പുത്രിയെ വിവാഹം ചെയ്ത് കൊടുക്കാനുള്ള ആഗ്രഹം പറഞ്ഞു.
പുരുഷോത്തമ ദേവൻ.ഈ നിർദ്ദേശം വളരെ സന്തോഷത്തോടെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ഒറീസയിലേക്ക് മടങ്ങി. അതിനു ശേഷം, കാഞ്ചിയിലെ രാജാവ് തന്റെ മകളെ വിവാഹം കഴിക്കാനുള്ള ഔദ്യോഗിക വിവാഹാലോചനയുമായി മന്ത്രിയെ ഒറീസയിലേക്ക് അയച്ചു. മന്ത്രിയെ പുരുഷോത്തമ ദേവ രാജാവ് ഹൃദ്യമായി സ്വീകരിച്ചു. രഥയാത്രയുടെ കാലമായിരുന്നു അത്, രാജാവിന് വളരെ പ്രിയപ്പെട്ട സമയമായിരുന്നു. വിവാഹാലോചന അദ്ദേഹത്തിന്റെ സന്തോഷം വർദ്ധിപ്പിച്ചു.
രഥയാത്ര ഉത്സവത്തിൽ പങ്കെടുക്കാനായി പുരുഷോത്തമ ദേവ രാജാവ് കാഞ്ചി മന്ത്രിയോട് കുറച്ച് ദിവസം കൂടി താമസിക്കാൻ അഭ്യർത്ഥിച്ചു. ഉത്സവം കാണാനുള്ള നല്ലൊരു അവസരമാണിതെന്ന് മന്ത്രി മനസിലാക്കി, കുറച്ച് ദിവസം കൂടി പുരിയിൽ തുടരാൻ സമ്മതിച്ചു. രഥയാത്ര ദിനത്തിൽ, ശുഭസമയത്ത്, ജഗന്നാഥൻ, ബാലഭദ്രൻ, സുഭദ്ര മഹാറാണി ഒപ്പം സുദർശൻ ചക്രവും ക്ഷേത്രത്തിൽ നിന്ന് രഥങ്ങളിലേക്ക് കൊണ്ടുവന്നു.
ആഘോഷങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു, കീർത്തനം, പെരുമ്പറ, ശംഖുകൾ എന്നിവയുടെ മധുരമായ ശബ്ദം അവിടെ മുഴങ്ങി. പുരി രാജാവ് രഥത്തിന് മുന്നിൽ കൈയിൽ ചൂലുമായി നിൽക്കുന്നത് കാഞ്ചി മന്ത്രി കണ്ടു. രാജപാത വൃത്തിയാകാൻ തുടങ്ങിയപ്പോൾ മന്ത്രി ആശയക്കുഴപ്പത്തിലായി. ഒരു സാധാരണ മനുഷ്യനെപ്പോലെ രാജാവ് രാജപാത വൃത്തിയാക്കുന്നു! രാജാവ് ഭഗവാനു വേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിലും, സേവനത്തിന്റെ മഹത്വം മന്ത്രിക്ക് മനസ്സിലായില്ല. ഈ പെരുമാറ്റം ഒരു രാജാവിനെ അപമാനിക്കുന്നതായി അദ്ദേഹം കരുതി, കാരണം രാജപാത വൃത്തിയാക്കുന്നത് ചണ്ഡാലരുടെ കടമയാണ്.
മന്ത്രി ഉടൻ തന്നെ പുരി വിട്ട് കാഞ്ചിയിലേക്ക് മടങ്ങി, താൻ സാക്ഷ്യം വഹിച്ചതെല്ലാം രാജാവിനെ അറിയിച്ചു, പ്രത്യേകിച്ച് പുരുഷോത്തമ ദേവ ഒരു ചണ്ഡാലന്റെ പെരുമാറ്റത്തിൽ ഏർപ്പെട്ടതെങ്ങനെയെന്ന്. കാഞ്ചി രാജാവിനോട് മന്ത്രി പറഞ്ഞു, "പദ്മാവതി രാജകുമാരി ചണ്ഡാലനെ പോലെ പെരുമാറുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കും?" പുരുഷോത്തമ ദേവന്റെ പെരുമാറ്റത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാതെ രാജാവ് തന്റെ മന്ത്രിയോട് യോജിക്കുകയും പുരിക്ക് ഒരു സന്ദേശം അയയ്ക്കുകയും ചെയ്തു. പുരുഷോത്തമ ദേവയോട് തന്റെ മകൾ ചണ്ഡാലനെ പോലെ രാജപാത വൃത്തിയാക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. ഈ വാർത്ത പുരുഷോത്തമ ദേവയെയും രാജകുമാരി പദ്മാവതിയെയും ദു:ഖിപ്പിച്ചു.
കാഞ്ചിയിലെ രാജാവ് പദ്മാവതിയുടെ സ്വയംവര ചടങ്ങ് സംഘടിപ്പിക്കുകയും പുരി രാജാവൊഴികെ ജില്ലയിലെ എല്ലാ അനുയോജ്യരായ ആളുകളെയും ക്ഷണിക്കുകയും ചെയ്തു. പുരുഷോത്തമ ദേവർ ഇതിൽ വളരെ അസ്വസ്ഥനായി, കാഞ്ചി രാജാവിനോട് പ്രതികാരം ചെയ്യാൻ പ്രതിജ്ഞ എടുത്തു. കാഞ്ചി രാജാവിനെ അദ്ദേഹം യുദ്ധത്തിന് വെല്ലുവിളിച്ചു.
കാഞ്ചിയിലെ രാജാവ് ഗണേശ ദേവന്റെ വലിയ ഭക്തനായിരുന്നു, യുദ്ധം തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഒരു നിബന്ധന നൽകി: പുരിയിലെ രാജാവിനെ പരാജയപ്പെടുത്തിയാൽ, ജഗന്നാഥൻ, ബാലദേവ, സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങൾ കാഞ്ചി രാജാവ് കൊണ്ട് പോയി ഗണേശ ദേവന്റെ ശ്രീകോവിലിന്റെ പിൻവശത്തു വയ്ക്കും. അതുപോലെ, കാഞ്ചിയിലെ രാജാവിനെ പരാജയപ്പെടുത്തിയാൽ, ജഗന്നാഥ്, ബലദേവ, സുഭദ്ര എന്നിവരുടെ ശ്രീകോവിലിന്റെ പിൻവശത്തു ഗണേശ ദേവന്റെ വിഗ്രഹം സമർപ്പിക്കും.
തന്റെ കൂടാരത്തിനു തീപിടിച്ച് പുരുഷോത്തമ ദേവ യുദ്ധക്കളത്തിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതനായപ്പോൾ, അത് വലിയ അപമാനമാണെന്ന് അദ്ദേഹത്തിന് തോന്നി. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹങ്ങൾ നഷ്ടപ്പെടുമെന്നും കാഞ്ചിയിൽ ഗണേശ ദേവന് പുറകിൽ സ്ഥാപിക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. രാജാവ് ഭഗവാൻ ജഗന്നാഥനോട് പ്രാർത്ഥിക്കാൻ തുടങ്ങി: "ജഗന്നാഥ പ്രഭു! ദയവായി എന്നെ സഹായിക്കൂ.
രാജപാത വൃത്തിയാക്കുന്ന അങ്ങയുടെ സേവനത്തിൽ ഏർപ്പെട്ടിരുന്നതിനാൽ, കാഞ്ചിയിലെ രാജാവിനെ അപമാനിക്കുകയും എന്റെ വിവാഹം റദ്ദാക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ ഞാൻ പരാജയപ്പെട്ടാൽ, അത് അങ്ങയുടെ തോൽവിയല്ലേ? ഇത് അങ്ങയ്ക്ക് വലിയ അപമാനമാണ്! പ്രപഞ്ചത്തിന്റെ നാഥനായ അങ്ങയ്ക്ക് എങ്ങനെ ഗണേശ ദേവന്റെ പിൻവശത്തു പോയി ഇരിക്കാൻ സാധിക്കും?” ആ രാത്രിയിൽ, ഭഗവാൻ ജഗന്നാഥൻ രാജാവിന്റെ ഉറക്കത്തിൽ പ്രത്യക്ഷപെട്ട് പറഞ്ഞു, "വിഷമിക്കേണ്ട. കാഞ്ചി രാജാവിനോടും സൈന്യത്തോടും യുദ്ധം ചെയ്യാൻ വീണ്ടും പോകുക. ഈ സമയം യുദ്ധത്തിൽ ഞാൻ നിങ്ങളെ വ്യക്തിപരമായി സഹായിക്കും." രാജാവ് ഉറക്കമുണർന്നു, ഭഗവാനിൽ നിന്ന് കാര്യങ്ങൾ ശരിയാക്കാം എന്ന സൂചന ലഭിച്ചതിൽ അദ്ദേഹത്തിന് സന്തോഷം തോന്നി. അത് കാഞ്ചി രാജാവുമായി വീണ്ടും യുദ്ധം ചെയ്യാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.
പുരുഷോത്തമ ദേവ രാജാവ് രണ്ടാം തവണ യുദ്ധം ചെയ്യാനായി കാഞ്ചിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഇത്തവണ ജഗന്നാഥനും ബലരാമനും അദ്ദേഹത്തിനു വേണ്ടി പോരാടാൻ വ്യക്തിപരമായി അദ്ദേഹത്തോടൊപ്പം പോയി. പട്ടാളക്കാരായി വേഷമിട്ട ജഗന്നാഥൻ കറുത്ത കുതിരപ്പുറത്തും ബലദേവൻവെള്ളക്കുതിരയിലും കയറി. വൈശാഖത്തിലെ വേനൽക്കാല മാസമായതിനാൽ കാലാവസ്ഥ വളരെ ചൂടായിരുന്നു. അവർ ചിലിക തടാകം കടന്നു പോയപ്പോൾ ദാഹം തോന്നി. വൃദ്ധയായ ഒരു സ്ത്രീ തലയിൽ ഒരു കലം സംഭാരം ചുമന്ന് വരുന്നത് അവർ ശ്രദ്ധിച്ചു.
അവരുടെ പേര് മണിക എന്നായിരുന്നു. സംഭാരം വിൽക്കാൻ അങ്ങാടിയിലേക്കുള്ള യാത്രയിലായിരുന്നു. പ്രഭുക്കന്മാർ രണ്ടുപേരും സംഭാരം കുടിക്കാൻ ആഗ്രഹിച്ചു. അവർ വൃദ്ധയെ തടഞ് തൃപ്തിയാകും വരെ സംഭാരം കുടിച്ചു. അത് കഴിഞ് യാത്ര തുടരാൻ അവർ തയ്യാറായി. ജഗന്നാഥനും.ബലരാമനും സംഭാരത്തിന് പണം നൽകാൻ പോകുന്നില്ലെന്ന് മനസിലാക്കിയ വൃദ്ധയായ മണിക, അവരെ തടഞ്ഞു പണം ചോദിച്ചു.
അവർ പറഞ്ഞു, "ഞങ്ങൾ യുദ്ധത്തിന് പോകുന്ന സൈനികരാണ്. ഞങ്ങളുടെ പക്കൽ പണമില്ല." വൃദ്ധ കരയാൻ തുടങ്ങി. സംഭാരം അവളുടെ ഏക ഉപജീവനമാർഗ്ഗമായിരുന്നു, വിറ്റു കിട്ടുന്ന പണം കൊണ്ടാണ് കുംടുംബം കഴിഞ് പോകുന്നത്. അവൾ ഇത് ജഗന്നാഥനോടും ബലരാമനോടും വിശദീകരിച്ചപ്പോൾ ജഗന്നാഥൻ കുതിരപ്പുറത്തുനിന്ന് വിരലിൽ കിടന്ന ഒരു സ്വർണ്ണ മോതിരം മണികയ്ക്ക് നൽകി പറഞ്ഞു: "ഇത് സ്വീകരിക്കൂ, കുറച്ച് സമയത്തിനകം നമ്മുടെ രാജാവ് ഈ വഴിയിലൂടെ കടന്നുപോകും. അദ്ദേഹം വരുമ്പോൾ, ഈ മോതിരം കൊടുത്ത് സംഭാരത്തിന് പണം തരാൻ ആവശ്യപ്പെടുക, അദ്ദേഹം തരും. "മനസ്സില്ലാമനസ്സോടെ, വൃദ്ധ മോതിരം സ്വീകരിച്ചു, സഹോദരന്മാർ യുദ്ധത്തിനുള്ള യാത്ര തുടർന്നു.
വൃദ്ധയായ മണിക രാജാവിന്റെ വരവിനായി പാതയരികിൽ നിന്നു. കുറച്ചു സമയത്തിനുശേഷം, രാജാവ് സൈന്യവുമായി അടുത്തുവരുന്നത് അവൾ കണ്ടു. മണിക രാജാവിനെ തടഞ്ഞു നിർത്തി പറഞ്ഞു, "നിങ്ങളുടെ രണ്ട് സൈനികർ കുതിരപ്പുറത്ത് ഈ വഴി വന്നിരുന്നു, ഒരാൾ കറുത്ത കുതിരയിലും മറ്റെയാൾ വെളുത്ത കുതിരയിലും ആയിരുന്നു. അവർ സഹോദരന്മാരെപ്പോലെ തോന്നിച്ചു. അവർ എന്റെ സംഭാരം കുടിച്ചു, പക്ഷേ അതിന് നൽകാൻ പണമില്ലായിരുന്നു." അവൾ കൈപ്പത്തി തിരിച്ച് രാജാവിന് സ്വർണ്ണ മോതിരം കാണിച്ചു. "നിങ്ങൾക്ക് നൽകാനായി അവർ ഈ മോതിരം എനിക്ക് തന്നു.
ഈ മോതിരത്തിന് പകരമായി സംഭാരത്തിന്റെ പണം ചോദിക്കാൻ അവർ എന്നോട് പറഞ്ഞു. എന്റെ കുടുംബത്തെ പരിപാലിക്കുന്നതിനായി ദയവായി ഈ മോതിരം എടുത്ത് സംഭാരത്തിന്റെ വില എനിക്ക് തരൂ!" രാജാവ് മോതിരം കണ്ടപ്പോൾ വളരെ ആശ്ചര്യപ്പെട്ടു: ഇത് സാധാരണ സ്വർണ്ണ മോതിരം അല്ല, ജഗന്നാഥന്റെ വജ്ര മോതിരം! വാഗ്ദാനം പാലിക്കാനായി രണ്ടുപേരും സൈനികരുടെ രൂപത്തിൽ കാഞ്ചിയിലേക്ക് പോയിരുന്നു എന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായി . തന്റെ വിജയം ഉറപ്പാണെന്ന് മനസ്സിലാക്കിയ രാജാവ് വളരെ സന്തുഷ്ടനായി.
അദ്ദേഹം മണികയോട് പറഞ്ഞു, "ജഗന്നാഥനെയും ബലരാമിനെയും കാണാനും അവർക്ക് സംഭാരം നൽകി അവരെ സേവിക്കാനും കഴിഞ്ഞ നിങ്ങൾ ഭാഗ്യവതിയാണ്. ഭഗവാൻ ആവശ്യപ്പെട്ടതുപോലെ ഞാൻ തീർച്ചയായും പ്രതിഫലം നൽകും." ഭഗവാൻ ജഗന്നാഥും ബലദേവനും തന്റെ സൈന്യത്തിൽ യുദ്ധം ചെയ്തതിൽ രാജാവിന് വളരെ അഭിമാനം തോന്നി. രാജാവ് മണികക്ക് സുഖമായി ജീവിക്കാനായി നിരവധി ഗ്രാമങ്ങളുടെ ഉടമസ്ഥാവകാശം നൽകി- ജഗന്നാഥും ബലദേവനും സംഭാരം സേവിച്ച ഗ്രാമത്തെ മണി പഠന എന്ന് രാജാവ് പേരിട്ടു, ഈ ഗ്രാമം ഒറീസയിലാണ്.
രാജാവ് കാഞ്ചിയിലേക്ക് നീങ്ങി. ഇരു സൈന്യങ്ങളും തമ്മിൽ ഒരു വലിയ യുദ്ധം നടന്നു. കാഞ്ചി രാജാവിന്റെ സൈനികർ പുരുഷോത്തമ ദേവന്റെ സൈന്യത്തിൽ രണ്ട് പുതിയ സൈനികരെ കണ്ടു; ഒരാൾ കറുത്ത കുതിരപ്പുറത്തും ഒരാൾ വെളുത്ത കുതിരപ്പുറത്തും സവാരി ചെയ്യുകയായിരുന്നു. ഈ രണ്ട് സൈനികരും വളരെ ശക്തമായി പോരാടി, അവരെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. കാഞ്ചി രാജാവിന്റെ സൈന്യത്തിൽ നിന്നുള്ള നിരവധി സൈനികർ കൊല്ലപ്പെട്ടു. കാഞ്ചിയിലെ രാജാവ് പരാജയപ്പെട്ടു. കാഞ്ചി രാജാവിന് പകരം പത്മാവതി രാജകുമാരിയെ പുരുഷോത്തമ ദേവൻ ബന്ധിച്ചു. രാജകുമാരിയുമായുള്ള വിവാഹം റദ്ദാക്കിയതിന്റെ പ്രതികാരമായി, അവളെ ഒരു ചണ്ഡാലനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ പദ്ധതിയിട്ടു.
തന്റെ മന്ത്രിയെ വിളിച്ച് പത്മാവതി രാജകുമാരിയെ വിവാഹം കഴിക്കാൻ ഒരു ചണ്ഡാല ബാലനെ അന്വേഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. രാജാവിൽ നിന്ന് ഈ വാർത്ത കേട്ടപ്പോൾ എല്ലാവർക്കും വളരെ സങ്കടം തോന്നി. പുരുഷോത്തമ ദേവ രാജാവിനോട് പത്മാവതി കുമാരിക്ക് യഥാർത്ഥ ഇഷ്ടമായിരുന്നു. തന്റെ പിതാവിന്റെ പ്രവൃത്തികളോടുള്ള പ്രതികാരത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു. എന്നാൽ പുരുഷോത്തമ രാജാവിന്റെ മന്ത്രി വളരെ ബുദ്ധിമാനായിരുന്നു. രാജകുമാരിയെ വിവാഹം കഴിക്കാൻ അനുയോജ്യമായ ചണ്ഡാല ബാലനെ കണ്ടെത്താൻ കുറച്ച് സമയമെടുക്കുമെന്നതിനാൽ ക്ഷമയോടെ കാത്തിരിക്കാൻ അദ്ദേഹം രാജാവിനോട് പറഞ്ഞു.
ഇതിനിടയിൽ മന്ത്രി പത്മാവതിയെ കൂട്ടിക്കൊണ്ടുപോയി അദ്ദേഹത്തിന്റെ വീട്ടിൽ അഭയം നൽകി. പത്മാവതി രാജകുമാരിക്ക് ഒറീസയിലെ രാജ്ഞിയാകാൻ കഴിയാത്തത് നിർഭാഗ്യകരമായി തോന്നി. രാജാവിന്റെ പരിചാരിക ആവാൻ പോലും കഴിയില്ല എന്ന് തോന്നി. തന്റെ കഷ്ടപ്പാടുകൾക്ക് അവസാനമില്ലെന്ന് അവൾക്ക് തോന്നി. രഥയാത്ര ദിവസം ആസന്നമായിരുന്നു. ഉത്സവത്തിനായി ആയിരക്കണക്കിന് ആളുകൾ പുരിലേക്ക് വരുന്നുണ്ടായിരുന്നു, മാത്രമല്ല പ്രദേശത്തെ എല്ലാവരും സന്തോഷത്തിലായിരുന്നു. എന്നാൽ പത്മാവതി രാജകുമാരി ഒരു ചണ്ഡാലനുമായി വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് ചിന്തിച്ച് ദുഖിതയായി.
ഒരു ദിവസം മന്ത്രി പത്മാവതിയോട് പറഞ്ഞു, ഇന്ന് കുമാരിയുടെ വിവാഹ ദിനമായതിനാൽ ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിക്കണം. ഇത് കേട്ടയുടനെ ജീവിതകാലം മുഴുവൻ ഒരു ചണ്ഡാലന്റെ വീട്ടിൽ കഴിയേണ്ടി വരും എന്ന് ഓർത്ത് പത്മാവതി കരയാൻ തുടങ്ങി. "ദയവായി പത്മാവതി രാജകുമാരി വിഷമിക്കേണ്ട. ജഗന്നാഥനെ ആശ്രയിക്കുക" എന്ന് മന്ത്രി അവളെ സമാധാനിപ്പിച്ചു. ജഗന്നാഥൻ നിങ്ങളെ സഹായിക്കും.
എല്ലാ സ്ത്രീകളും പത്മാവതിയെ വളരെ മനോഹരമായി അലങ്കരിച്ചു. മന്ത്രിക്കൊപ്പം അവൾ ഒരു പല്ലക്കിൽ കയറി. രഥയാത്ര ദിനമായതിനാൽ തെരുവുകൾ നിറഞ്ഞു, ജഗന്നാഥൻ, ബാലദേവ, സുഭദ്ര ദേവി എന്നിവർ ഇതിനകം അവരുടെ രഥങ്ങളിൽ ഇരുന്നു. ആയിരക്കണക്കിന് ആളുകൾ തെരുവുകളിൽ അണിനിരന്നു, നാമസങ്കീർത്തന്റെ ശബ്ദം വായുവിൽ നിറഞ്ഞു. ഭക്തർ മൃദഗയും കരതാളവും കൊട്ടുകയും ശംഖ് ഊതുകയും ചെയ്തു. രഥയാത്ര ആരംഭിക്കാൻ എല്ലാം തയ്യാറായിരുന്നു.
പുരി രാജാവ് ജഗന്നാഥന്റെ രഥത്തിന്റെ മുൻവശത്തേക്ക് നടന്നു, ഭഗവാന്റെ പ്രീതിക്കായി രാജപാത വൃത്തിയാക്കാൻ ഒരു സ്വർണ്ണ ചൂല് കയ്യിൽ കരുതി. അദ്ദേഹം വളരെ സന്തോഷത്തോടെ വൃത്തിയാക്കാൻ തുടങ്ങി, ഹൃദയം ജഗന്നാഥന്റെ ഭക്തിയാൽ നിറഞ്ഞു. പുരുഷോത്തമ ദേവൻ തൂത്തുവാരൽ പൂർത്തിയാക്കിയപ്പോൾ മന്ത്രി പത്മാവതി രാജകുമാരിയെ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു, വളരെ ബുദ്ധിപൂർവ്വം അദ്ദേഹത്തോട് പറഞ്ഞു, "എന്റെ പ്രിയ രാജാവേ, രാജകുമാരിക്ക് അനുയോജ്യമായ ഒരു ചണ്ഡാലനെ കണ്ടെത്തുന്നതിൽ ക്ഷമ കാണിക്കാൻ ഞാൻ അങ്ങയോട് ആവശ്യപ്പെട്ടിരുന്നു.അവളുടെ ഭർത്താവാകാൻ അനുയോജ്യമെന്ന് കരുതുന്ന ഒരു ചണ്ഡാലനെ ഞാൻ കണ്ടെത്തി എന്ന് അങ്ങയോട് പറയാൻ വന്നതാണ്. രാജാവ് തന്റെ മന്ത്രിയോട് പറഞ്ഞു, " വളരെ നല്ലത്, പക്ഷേ ഇന്ന് രഥ യാത്ര ആയതിനാൽ എനിക്ക് ഇതിന് സമയമില്ല. നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ ചെയ്യുക." മന്ത്രി രാജാവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, " പക്ഷേ, എന്റെ പ്രിയ രാജാവേ, ഞാൻ തിരഞ്ഞെടുത്ത ചണ്ഡാലൻ അങ്ങാണ്. രാജാവ് തന്റെ മന്ത്രിയെ അദ്‌ഭുതത്തോടെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. മന്ത്രി തുടർന്നു, അങ്ങ് ഇന്ന് ഒരു ചണ്ഡാലനാണ്.പത്മാവതി രാജകുമാരിയുടെ വിവാഹം ചണ്ഡാലനോട് സജ്ജീകരിക്കാൻ അങ്ങ് എനിക്ക് നിർദ്ദേശം നൽകി, അതിനാൽ ഞാൻ അങ്ങയെ തിരഞ്ഞെടുത്തു. മന്ത്രി , പത്മാവതി രാജകുമാരിയോട് പുരുഷോത്തമ ദേവനെ പൂമാല അണിയിക്കാൻ ആജ്ഞാപിച്ചു. രാജാവ് സന്തോഷത്തോടെ പൂമാല സ്വീകരിച്ച്, മന്ത്രിയുടെ ബുദ്ധിചാതുര്യത്തെ പ്രശംസിച്ചു. പത്മാവതി രാജകുമാരിക്ക് ആശ്വാസമായി, തനിക്ക് വളരെയധികം ഇഷ്ടമുള്ള, അതെ സമയം, തന്നെ അന്തസ്സോടെ പരിപാലിക്കാൻ കഴിയുന്ന ആളെ വിവാഹം കഴിച്ചതിൽ സന്തോഷിച്ചു.
കാഞ്ചി രാജാവ് നിശ്ചയിച്ച വ്യവസ്ഥകൾ അനുസരിച്ച് ഗണേശ ദേവന്റെ വിഗ്രഹം പുരിയിലേക്ക് കൊണ്ടുവന്ന് ജഗന്നാഥ ക്ഷേത്രത്തിന് പിന്നിലുള്ള ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഇന്നും അതേ ഗണേശ ദേവന്റെ വിഗ്രഹം അവിടെയുണ്ട്. ഇന്നും രഥയാത്ര ഉത്സവം ആരംഭിക്കുന്നതിന് മുമ്പ് പുരിയിലെ രാജാവ് ജഗന്നാഥ രഥത്തിന് മുന്നിൽ രാജപാത വൃത്തിയാക്കുന്നു.
ഗംഭീരയിൽ ആരാധന നടത്തുന്ന ശ്രീ ശ്രീ രാധ-രാധകാന്ത വിഗ്രഹങ്ങളെയും കാഞ്ചീപുരത്ത് നിന്ന് കൊണ്ടു വന്നതാണ്. ജഗന്നാഥ ക്ഷേത്രത്തിലും ഇവരെ ആരാധിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ജഗന്നാഥന്റെ ശ്രീകോവിലിനും നൈവേദ്യം തയ്യാറാക്കുന്ന മുറിക്കും ഇടയിലുള്ള ഒരു കോവിലിലാണ് ഈ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നത്.
ജഗന്നാഥ ക്ഷേത്ര പാചകക്കാർ ഭഗവാനായി ധാരാളം നല്ല ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിൽ വിദഗ്ധരാണ്. ശ്രീ ശ്രീ രാധ-രാധകാന്തൻ ക്ഷേത്രത്തിൽ താമസിക്കാനെത്തിയ ശേഷം ജഗന്നാഥൻ നല്ല വസ്തുക്കൾ തനിക്ക് നൽകുന്നില്ലെന്ന് കണ്ടെത്തി. നൈവേദ്യം തയ്യാറാക്കിയ മുറിയിൽ നിന്ന് പുറത്തു പോയതിനുശേഷം ജഗന്നാഥന്റെ ശ്രീകോവിൽ എത്തുന്നതിനുമുമ്പ് ആരോ അത് എടുക്കുകയായിരുന്നു.
ശ്രീ ശ്രീ രാധ-രാധകാന്ത വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ കൊണ്ടു വന്ന് നൈവേദ്യ മുറിയിൽ തയ്യാറാക്കിയതെല്ലാം ഭക്ഷിക്കുന്നതായി ജഗന്നാഥൻ കണ്ടെത്തി! വിഗ്രഹങ്ങളെ ക്ഷേത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ ജഗന്നാഥൻ പൂജാരികളോട് നിർദ്ദേശിച്ചു. ഭഗവാന്റെ കൽപ്പനപ്രകാരം ഈ വിഗ്രഹങ്ങളെ കാശി മിശ്രയുടെ വീട്ടിൽ സൂക്ഷിച്ചു, ഇപ്പോൾ അത് ഗംഭീര എന്നറിയപ്പെടുന്നു, അവിടെ ശ്രീ ചൈതന്യ മഹാപ്രഭു പതിനെട്ട് വർഷം താമസിച്ച്, ശ്രീ ശ്രീ രാധ-രാധകാന്ത വിഗ്രഹങ്ങളെ ആരാധിച്ചു.
No comments:
Post a Comment