Home

Tuesday, July 20, 2021

ദേവശയനി ഏകാദശി


 
ദേവശയനി ഏകാദശി

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


ശയന, ദേവ ശയനി ,പദ്മ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഏകാദശിയുടെ മഹാത്മ്യം ഭവിഷ്യോത്തരപുരാണത്തിൽ ഭഗവാൻ ശ്രീകൃഷ്ണനും യുധിഷ്ഠിരനും തമ്മിലുള്ള സംഭാഷണത്തിൽ വിവരിച്ചിരിക്കുന്നു.


" ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് ഇപ്രകാരം ആരാഞ്ഞു. " അല്ലയോ കേശവ ! ആഷാഢ മാസത്തിലെ (ജൂൺ- ജൂലൈ മാസം) ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ നാമം എന്താണ് ?  ഈ ഏകാദശി അനുഷ്ഠിക്കേണ്ടതിന്റെ വിധി എന്താണ് ? ദയവായി ഇതെല്ലാം എനിക്ക് വിവരിച്ചു തന്നാലും."


ഭഗവാൻ കൃഷ്ണൻ മറുപടിയോതി . " ഈ ചോദ്യം ഒരിക്കൽ നാരദമുനി ബ്രഹ്മാവിനോട് ചോദിച്ചിരുന്നു. ബ്രഹ്മദേവൻ വിവരിച്ച ഈ അത്ഭുതകരമായ ചരിത്രം ഇപ്പോൾ എന്നിൽനിന്ന് ശ്രവിക്കുക."


" ഒരിക്കൽ മഹാനായ വാഗ്മിയും സാധുജനോത്തമനുമായ നാരദ മുനി ബ്രഹ്മദേവനോട് ഇപ്രകാരം പറഞ്ഞു. " അല്ലയോ പ്രിയ പിതാവേ , ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ നാമം എന്താണ് ? ഭഗവാൻ വിഷ്ണുവിനെ പ്രീതിപ്പെടുത്തുവാനായി ഈ ഏകാദശി എപ്രകാരമാണ് അനുഷ്ഠിക്കേണ്ടത് എന്ന്‌ ദയവായി പറഞ്ഞു തന്നാലും."


ബ്രഹ്മദേവൻ അരുളിച്ചെയ്തു. " പ്രിയ പുത്രാ ,  ഏകാദശിയോളം പവിത്രമായ ഒരു വ്രതാനുഷ്ഠാനം ഈ ഭൗതിക ലോകത്തിലില്ല തന്നെ. ഒരുവൻ തന്റെ പാപപ്രതികരണങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ഏകാദശീവ്രതം അനുഷ്ഠിക്കേണ്ടത് അനിവാര്യമാണ് . ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിൽ ( വെളുത്ത പക്ഷത്തിൽ )വരുന്ന ഈ ഏകാദശി ദേവശയനി , പദ്മ എന്നീ നാമധേയങ്ങളാൽ അറിയപ്പെടുന്നു . പരമ പുരുഷനായ ഭഗവാൻ ശ്രീഹൃഷികേശനെ പ്രീതിപ്പെടുത്താനായി ഒരുവൻ  ഈ ഏകാദശി അനുഷ്ഠിക്കേണ്ടതാണ്."


" മാന്താത എന്ന നാമധേയത്തോടുകൂടിയ പുണ്യ ശീലനായ ഒരു രാജാവ് ഈ അഖില ലോകവും വാണിരുന്നു എന്ന് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നു . സൂര്യ വംശത്തിൽ പിറന്ന അദ്ദേഹം അതീവ ബലശാലിയും സത്യപരാക്രമിയുമായിരുന്നു. അദ്ദേഹം തന്റെ പ്രജകളെ സ്വന്തം സന്താനങ്ങൾ എന്നപോലെ വാത്സല്യത്തോടെയും ധർമ്മനിഷ്ഠയോടെയും പരിപാലിച്ചു വന്നു. ധർമ്മ ശാലിയായ ഈ രാജാവിന്റെ രാജ്യത്തിൽ ദാരിദ്ര്യമോ, വരൾച്ചയോ, രോഗങ്ങളോ സംഭവിച്ചിരുന്നില്ല . സർവ്വ പ്രജകളും ശാന്തിയോടെ, ഉൽക്കണ്ഠാരഹിതരായി ജീവിതം കഴിച്ച് കൂട്ടിയിരുന്നു. അവരെല്ലാവരും സമ്പൽസമൃദ്ധിയോടെ ജീവിച്ചിരുന്നു . നിയമവിരുദ്ധമായി സമ്പാദിച്ച ഒരു നാണയം പോലും അദ്ദേഹത്തിന്റെ ഖജനാവിൽ ഉണ്ടായിരുന്നില്ല . ഇപ്രകാരം രാജാവും പ്രജകളും ആനന്ദത്തോടെ അവരുടെ നാളുകൾ കഴിച്ചുകൂട്ടി.


ഒരുപാട് വർഷങ്ങൾക്കു ശേഷം വിധിവശാലും, ചില പാപ പ്രവൃത്തികളുടെ ഫലമായും അദ്ദേഹത്തിൻറെ രാജ്യത്തിൽ,  തുടർച്ചയായി മൂന്നു വർഷത്തോളം വർഷപാതം ഇല്ലാതായി. തത്ഫലമായി, ജനങ്ങൾ ഭക്ഷ്യപദാർത്ഥങ്ങളുടെ അഭാവത്താലും വിശപ്പിനാലും വലഞ്ഞു .അവർ അത്യന്തം ഉൽക്കണ്ഠാഭരിതരായിത്തീർന്നു. ഭക്ഷ്യപദാർത്ഥങ്ങളുടെ അഭാവത്തിനാൽ  യാഗാനുഷ്ഠാനങ്ങളെല്ലാം നിലച്ചുപോയി. അപ്പോൾ എല്ലാ പ്രജകളും രാജാവിന്റെ സമക്ഷം ആഗതരായി അദ്ദേഹത്തോട് ഇപ്രകാരം അപേക്ഷിച്ചു"


" അല്ലയോ നൃപോത്തമാ , ആത്യന്തീകമായി നമുക്കേവർക്കും നന്മ പ്രദാനം ചെയ്യുന്ന ഞങ്ങളുടെ ഈ വാക്കുകൾ ചെവിക്കൊണ്ടാലും. ശാസ്ത്രങ്ങളിൽ 'നാരാ' എന്ന പദം ജലത്തെ അഭിസംബോധന ചെയ്യുന്നു( ' നാരാ' = ജലം അയന= ഗൃഹം  അഥവാ വാസസ്ഥലം. ) പരമ പുരുഷനായ ഭഗവാൻ ജലം ആകുന്ന വാസ സ്ഥലത്തിൽ - ജലം ആകുന്ന ഭവനത്തിൽ വസിക്കുന്നു. അതിനാൽ അദ്ദേഹത്തിൻറെ അനേകം നാമങ്ങളിൽ ഒന്ന് നാരായണൻ എന്നാകുന്നു. പരമ പുരുഷനായ അതേ ഭഗവാൻ മേഘങ്ങളുടെ രൂപത്തിൽ എല്ലായിടത്തും സ്ഥിതിചെയ്യുന്നു. അവിടുന്നാണ് വർഷപാതത്തിന്റെ കാരണഭൂതൻ. ധാന്യങ്ങൾ മഴയിൽ നിന്നും ഉൽപ്പന്നമാകുന്നു. ജീവജാലങ്ങൾ ധാന്യങ്ങളാൽ നിലനിൽക്കുന്നു. ഇപ്പോൾ ആ ഭക്ഷ്യപദാർത്ഥങ്ങളുടെ അഭാവത്താൽ അങ്ങയുടെ പ്രജകൾ ദുരിതമനുഭവിക്കുന്നു. അല്ലയോ നൃപോത്തമാ, ഞങ്ങളെ ഈ ദുഃഖകരമായ അവസ്ഥയിൽ നിന്ന് മോചിതരാക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനുള്ള എന്തെങ്കിലും ഒരു പരിഹാരം കണ്ടെത്തിയാലും."


രാജാവ് പ്രതിവചിച്ചു." നിങ്ങൾ പറഞ്ഞതൊക്കെയും പരമാർത്ഥമാണ് . ഭക്ഷ്യധാന്യങ്ങൾ ബ്രഹ്മന് സമാനമായി കണക്കാക്കപ്പെടുന്നു. ഭക്ഷ്യധാന്യങ്ങളാണ് സർവ്വതിനേയും ആധാര കീലം. സമസ്ത പ്രപഞ്ചത്തിലെയും ജീവജാലങ്ങൾ നിലനില്ക്കുന്നതും പരിപോഷിപ്പിക്കപ്പെടുന്നതും ധാന്യത്താലാണ്. ശാസ്ത്ര പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ളതനുസരിച്ച് ഒരു രാജാവ് ചെയ്യുന്ന പാപ പ്രവൃത്തിയാൽ അദ്ദേഹവും അദ്ദേഹത്തിന്റെ പ്രജകളും ദുരിതമനുഭവിക്കുന്നു. എന്റെ സ്വന്തം ബുദ്ധിയാലും  പര്യാലോചനയാലും എന്താണ് ഞാൻ ചെയ്ത തെറ്റ് എന്ന് തിട്ടപ്പെടുത്തുവാൻ കഴിഞ്ഞില്ലെങ്കിലും എന്റെ പ്രജകളുടെ നന്മയ്ക്കായി എന്നാൽ കഴിയുന്നതിന്റെ പരമാവധി പരിശ്രമിക്കാം.


ഇപ്രകാരം പ്രജകളെ സമാശ്വസിപ്പിച്ചതിനുശേഷം രാജാവ് മാന്താത ബ്രഹ്മദേവന് പ്രണാമങ്ങൾ അർപ്പിച്ചതിനുശേഷം തന്റെ മുഖ്യ സൈന്യത്തോടൊപ്പം വനത്തിലേക്ക് പ്രവേശിച്ചു. വനാന്തർഭാഗത്ത് അദ്ദേഹം പതിവായി മഹാത്മാക്കളായ സാധുജനങ്ങളുടെയും യോഗികളുടെയും ആശ്രമങ്ങൾ സന്ദർശിച്ചു. ഇപ്രകാരം വനാന്തരത്തിൽ അലഞ്ഞു കൊണ്ടിരിക്കെ വിധിവശാൽ രാജാവ് ബ്രഹ്മപുത്രനായ അംഗിരസ്സ് മഹർഷിയെ സന്ധിച്ചു.


അംഗിരസ്സ് മുനി ബ്രഹ്മദേവനെ പോലെ തേജസ്വിയായിരുന്നു. അദ്ദേഹത്തിൽ നിന്നും ബഹിർഗമിക്കുന്ന തേജസ്സിനാൽ നാലുദിക്കുകളും പ്രകാശിതമായി. ആത്മനിയന്ത്രണം ഉള്ള രാജാവ് മഹർഷിയെ കണ്ടപാടെ തൻറെ രഥത്തിൽ നിന്നും കീഴെയിറങ്ങി അദ്ദേഹത്തിന്റെ പാദകമലങ്ങളിൽ സാദരപ്രണാമങ്ങൾ അർപ്പിച്ചു. അതിനു ശേഷം രാജാവ് , അഞ്ജലിബദ്ധനായി പ്രാർഥനകൾ സമർപ്പിച്ചു .ആ മഹർഷി രാജാവിനെ അനുഗ്രഹിച്ചുകൊണ്ട് പ്രതികരിച്ചു .


അതിനുശേഷം മഹർഷി  രാജ്യത്തിന്റെ ക്ഷേമത്തെ കുറിച്ചും വനാഗമനത്തിന്റെ കാരണത്തെക്കുറിച്ചും ആരാഞ്ഞു.രാജാവ് പ്രതിവചിച്ചു "എന്റെ  പ്രഭോ , ധാർമിക തത്ത്വങ്ങൾക്ക് അനുസൃതമായാണ് ഞാൻ രാജ്യം ഭരിച്ച് വന്നത് .എന്നാൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി എന്റെ രാജ്യത്തിൽ വർഷപാതമില്ല . തദ്ഫലമായി എന്റെ പ്രജകൾ പലതരത്തിലുള്ള ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ മൂലകാരണം മനസ്സിലാക്കി അതിനെ ഉന്മൂലനം ചെയ്യുന്നതിൽ  ഞാൻ അശക്തനായി തീർന്നിരിക്കുന്നു . ഇന്ന് ഞാൻ അങ്ങയുടെ പാദകമലങ്ങളെ അഭയം പ്രാപിക്കുകയാണ്. എന്റെ പ്രജകൾക്ക് ശാന്തിപൂർവ്വം ജീവിക്കുവാനും അപ്രകാരം സർവ്വമംഗളത്തെയും നേടാനും എപ്രകാരം സാധിക്കുമെന്ന് ദയവായി അരുളി ചെയ്താലും."


അംഗിരസ്സ് മഹർഷി  ഉത്തരം കൂറി. "അല്ലയോ രാജാവേ ഈ സത്യയുഗം മറ്റെല്ലാ യുഗങ്ങളിലും വെച്ച് ഉത്തമമാണ്. ഈ യുഗത്തിൽ ജനങ്ങൾ പരബ്രഹ്മത്തെ ആരാധിക്കുന്നു. നാലു തരത്തിലുള്ള ധാർമിക തത്ത്വങ്ങളും ഈ യുഗത്തിൽ പ്രത്യക്ഷമാകുന്നു. ഈ സത്യയുഗത്തിൽ ബ്രാഹ്മണർ ഒഴികെ ആരും തപസ്യകൾ അനുഷ്ഠിക്കാൻ യോഗ്യരല്ല. ഇത്രയെല്ലാമായിട്ടും അങ്ങയുടെ രാജ്യത്തിൽ ഒരു ശൂദ്രൻ അതികഠിനമായ തപസ്യ അനുഷ്ഠിക്കുന്നുണ്ട് .ഈ നിയമവിരുദ്ധമായ പ്രവൃത്തിയാലാണ് അങ്ങയുടെ രാജ്യം അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത്. അതിനാൽ ആ വ്യക്തിയെ കണ്ടെത്തി ഉടനടി വധിച്ചു കൊണ്ട് താങ്കളുടെ രാജ്യത്തിൽ ശാന്തിയെയും സമ്പൽസമൃദ്ധിയും ക്ഷണിച്ചു വരുത്തുക."


രാജാവ് പറഞ്ഞു." അല്ലയോ മഹർഷേ, തപസ്യകളനുഷ്ഠിക്കുന്ന നിഷ്കളങ്കനായ ഒരു വ്യക്തിയെ വധിക്കുക എന്നത് എന്നാലസാധ്യമാണ്. ആയതിനാൽ ദയവായി മറ്റെന്തെങ്കിലും ലളിതമായ പോംവഴി നിർദേശിച്ചാലും."


അപ്പോൾ മഹർഷി മറുപടിയോതി. "അല്ലയോ രാജാവേ, ഇത്തരമൊരു സന്ദർഭത്തിൽ അങ്ങ് ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്നതും ദേവശയനി, പദ്മ എന്നീ നാമങ്ങളിൽ അറിയപ്പെടുന്നതുമായ പവിത്രമായ ഏകാദശി വ്രതമനുഷ്ഠിക്കേണ്ടതാണ്. ഈ വ്രതാനുഷ്ഠാനത്തിന്റെ പ്രഭാവത്താൽ തീർച്ചയായും അങ്ങയുടെ രാജ്യത്തിൽ വർഷപാതം ഉണ്ടാകുന്നതാണ്. ഈ ഏകാദശി ഒരുവന് സർവ്വമംഗളങ്ങളും പരിപൂർണതയും പ്രദാനം ചെയ്യുന്നു . പരിപൂർണതയുടെ പാതയിലുള്ള എല്ലാവിധ വിഘ്നങ്ങളേയും അത് നശിപ്പിക്കുന്നു . അല്ലയോ രാജാവേ അങ്ങ് അങ്ങയുടെ പ്രജകളോടൊപ്പം ഈ ഏകാദശി വ്രതമനുഷ്ഠിക്കേണ്ടതാണ്."


 മഹർഷിയുടെ സമാശ്വാസവാക്കുകൾ ശ്രവിച്ച രാജാവ് അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ച് തന്റെ രാജഭവനത്തിലേക്ക് തിരിച്ച് യാത്രയായി. അതിനുശേഷം ആഷാഢ മാസത്തിൽ രാജാവ് തന്റെ കുടുംബത്തോടും പ്രജകളോടുമൊപ്പം മംഗളകരമായ ഈ പദ്മ അഥവാ ശയന ഏകാദശി വ്രതം അനുഷ്ഠിച്ചു.ഈ വ്രതത്തിന്റെ അനുഷ്ഠാനത്താൽ അദ്ദേഹത്തിൻറെ രാജ്യമൊട്ടാകെ വർഷപാതം ഉണ്ടായി. അവിടെ ഒരിക്കൽ പോലും ജലക്ഷാമം ഉണ്ടായില്ല. സമ്പൂർണ്ണ ലോകവും ധാന്യങ്ങളാൽ നിറഞ്ഞുകവിഞ്ഞു. ഭഗവാൻ ഹൃഷികേശന്റെ അനുഗ്രഹത്താൽ സർവ്വരും സസന്തോഷം വാണുവന്നു. അതിനാൽ ആനന്ദവും മോക്ഷവും പ്രദാനം ചെയ്യുന്ന ഈ ഏകാദശി അനുഷ്ഠിക്കേണ്ടത് ഏവരുടെയും കടമയാണ്. ഈ ഏകാദശി മാഹാത്മ്യം വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്ന ഒരുവന്റെ  എല്ലാവിധ പാപങ്ങളും ഭസ്മീകരിക്കപ്പെടുന്നു.


ഈ ഏകാദശി, വിഷ്ണു ശയന ഏകാദശി എന്ന പേരിലും അറിയപ്പെടുന്നു. ഭഗവാൻ വിഷ്ണുവിനെ സന്തുഷ്ടനാക്കുവാനായി ഭക്തർ സവിശേഷ ഭക്തിയോടെ ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നു. അവർ ഒരിക്കലും ഭൗതിക ആസ്വാദനത്തിനോ, മോക്ഷത്തിനുവേണ്ടിയോ ശ്രമിക്കുകയില്ല, മറിച്ച് അവർ ഭഗവാൻറെ പരിശുദ്ധമായ ഭക്തിയുത സേവനത്തിനായി പ്രാർത്ഥിക്കുന്നു .പ്രശസ്തമായ ചാതുർമാസ്യവ്രതം ആരംഭിക്കുന്നത് ഈ ഏകാദശി മുതലാണ്. ഭക്തർ ഭഗവാൻ നിദ്രയിലാഴുന്ന ഈ ദിവസം മുതൽ നാല് മാസം, അവിടുന്ന് നിദ്ര വിട്ടുണരുന്നതുവരെ ഭഗവാനെക്കുറിച്ച് ഭക്തിപൂർവം ശ്രവിക്കുകയും കീർത്തിക്കുകയും ചെയ്യുന്നതിലൂടെ ചാതുർമാസ്യവ്രതം ആചരിക്കുന്നു.


യുധിഷ്ഠിര മഹാരാജാവ് ശ്രീകൃഷ്ണ ഭഗവാനോട് പറഞ്ഞു.  "അല്ലയോ കൃഷ്ണാ ,  ഈ ശ്രീ വിഷ്ണുശയന വ്രതം അഥവാ ചാതുർമാസ്യവ്രതം എപ്രകാരമാണ് അനുഷ്ഠിക്കേണ്ടത് എന്ന് പറഞ്ഞു തന്നാലും."


ഭഗവാൻ കൃഷ്ണൻ പ്രതിവചിച്ചു . " അല്ലയോ രാജാവേ, സൂര്യൻ കർക്കിടക രാശിയിൽ സ്ഥിതി ചെയ്യുമ്പോൾ സമസ്ത പ്രപഞ്ചത്തിനും നാഥനായ ഭഗവാൻ മധുസൂദനൻ നിദ്രയിലാഴുന്നു . സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുമ്പോൾ അവിടുന്ന് നിദ്ര വിട്ട് എഴുന്നേൽക്കുന്നു. ചാതുർമാസ്യവ്രതം ആരംഭിക്കുന്നത് ശയനഏകാദശി ദിനത്തിൽ ആണ്. അല്ലയോ യുധിഷ്ഠിര മഹാരാജാവേ,  ആദ്യം തന്നെ ഒരുവൻ ഭഗവദ് വിഗ്രഹത്തെ ഒരു ബ്രാഹ്മണനാൽ തൈര്, പാല്, നെയ്യ്, തേൻ ,മധുര പാനീയം, ജലം എന്നിവകൊണ്ട് സ്നാനം ചെയ്യിക്കണം. ഭഗവാൻറെ തിരുമേനി മൃദുലമായ വസ്ത്രത്താൽ തുടച്ച് വൃത്തിയാക്കുകയും സുഗന്ധപൂരിതമായ ചന്ദനലേപനം ചാർത്തുകയും വേണം . ശേഷം ഒരുവൻ  ഭഗവദ് വിഗ്രഹത്തിൽ പീതാംബരം ചാർത്തണം.   ധൂപം, ദീപം, സുഗന്ധ പുഷ്പങ്ങൾ ആദിയായവയാൽ ഭക്തിപൂർവ്വം ഭഗവാനെ ആരാധിക്കണം. അതിൽപിന്നെ ഒരുവൻ പാൽനുരപോലെ വെൺമയാർന്ന വിരിപ്പിനാൽ ആവരണംചെയ്യപ്പെട്ട മൃദുശയ്യയിൽ  ഭഗവാന് വിശ്രമം കൊടുക്കണം. 


ഏകാദശി നാളിലോ, ദ്വാദശിയിലോ, പൗർണമിയിലോ,സംക്രാന്തിയിലോ ( സൂര്യൻ കർക്കിടകരാശിയിൽ പ്രവേശിക്കുമ്പോൾ ) ഒരുവന് ചാതുർമാസ്യവ്രതം ആരംഭിക്കാവുന്നതാണ്. ചാതുർമാസ്യവ്രതം കാർത്തികമാസത്തിലെ ഉത്ഥാന ഏകാദശിക്ക് ശേഷം വരുന്ന ദ്വാദശിയിൽ അവസാനിക്കുന്നു. ചാതുർമാസ്യവ്രതം ഭക്തിയോടെ അനുഷ്ഠിക്കുന്ന ഒരു വ്യക്തി സൂര്യ സമാനമായി പ്രകാശിക്കുന്ന വിമാനത്തിൽ ഉപവിഷ്ടനായി ഭഗവാൻ വിഷ്ണുവിന്റെ നിത്യ വാസസ്ഥാനമായ വൈകുണ്ഠത്തിലേക്ക് പ്രയാണം ചെയ്യുന്നു . ഭഗവദ് ക്ഷേത്രവും പരിസരവും ശുദ്ധിയാക്കുക , അവിടം പുഷ്പലതാദികളാൽ അലങ്കരിക്കുക, തന്റെ കഴിവിനനുസരിച്ച് ബ്രാഹ്മണർക്ക് ഭോജനം നൽകുക ഇത്യാദിയായ കാര്യങ്ങൾ ചെയ്യുന്ന ഏത് വ്യക്തിയും വ്രതസമാപ്തിയിൽ ഏഴു ജന്മങ്ങളോളം, അക്ഷയമായ ആനന്ദത്തെ അനുഭവിക്കുന്നതാണ് .  ഈ വ്രതാനുഷ്ഠാന സമയത്ത് ഭഗവാന് നെയ്ദീപങ്ങൾ സമർപ്പിക്കുന്ന ഒരുവൻ ഭാഗ്യശാലിയും, ഐശ്വര്യശാലിയുമായിത്തീരുന്നു


പ്രഭാതം , മദ്ധ്യാഹ്നം, സായാഹ്നം എന്നിങ്ങനെ മൂന്നു സന്ധ്യകളിൽ ക്ഷേത്രത്തിൽ ഉപവിഷ്ടനായി 108 തവണ ഗായത്രി മന്ത്രം ജപിക്കുന്ന ഒരുവന് പാപ പ്രവർത്തികളിൽ ഏർപ്പെടേണ്ടതായി വരില്ല. ഇപ്രകാരം വിഷ്ണുഭഗവാന്റെ വാസസ്ഥലമായ വൈകുണ്ഠത്തിലേക്ക്  മടങ്ങിയെത്തുന്ന ഒരുവനിൽ വ്യാസദേവൻ സന്തുഷ്ടനാകുന്നു. വ്രതസമാപ്തിയിൽ 108 മൺകലശങ്ങളിൽ  എള്ള് നിറച്ച് ബുദ്ധിശാലിയായ ഒരു ബ്രാഹ്മണന്  ദാനം ചെയ്യുന്ന ഏതൊരാളും വ്രതപര്യവസാനത്തിൽ ദേഹം, മനസ്സ്, വാക്ക്, എന്നിവയാൽ അടിഞ്ഞുകൂടിയ പാപങ്ങളിൽ നിന്നെല്ലാം മുക്തി നേടുന്നു . അപ്രകാരം ഒരു വ്യക്തി എല്ലാവിധ രോഗങ്ങളിൽ നിന്നും മുക്തി നേടുകയും ബുദ്ധിശാലികളായ സന്താനങ്ങളെ നേടുകയും ചെയ്യുന്നു.


ഭഗവാൻ ജനാർദ്ദനൻ വിശ്രമിക്കുന്ന ഈ നാലു മാസങ്ങളിൽ വ്രത പരിശീലകൻ മെത്തയിൽ ശയിക്കുവാൻ പാടുള്ളതല്ല . ആർത്തവസമയത്ത് ഒഴികെ മറ്റു സമയങ്ങളിൽ ലൈംഗികാസ്വാദനം നിരോധിക്കപ്പെട്ടിരിക്കുന്നു. ഒരുവൻ ഈ വ്രതം,  ഉപവസിക്കുക, അത്താഴം മാത്രം കഴിക്കുക, ദിവസത്തിലൊരിക്കൽ മാത്രം കഴിക്കുക ,അല്ലെങ്കിൽ ആരോടും യാചിക്കാതെ എന്ത് ലഭിക്കുന്നുവോ അത് മാത്രം ഭുജിക്കുക എന്നീ രീതികളിൽ അനുഷ്ഠിക്കാവുന്നതാണ്. ഈ ചാതുർ മാസത്തിൽ ഭഗവാൻ വിഷ്ണുവിന് മുന്നിൽ ജപിക്കുകയും കീർത്തനം ചെയ്യുകയും ചെയ്യുന്ന ഒരുവൻ ഗന്ധർവ്വ ലോകത്തിൽ പ്രവേശിക്കുന്നു . ശർക്കര കഴിക്കുന്നത് ഉപേക്ഷിക്കുന്ന ഒരുവൻ പുത്രന്മാരാലും പേരക്കുട്ടികളാലും അനുഗ്രഹീതനായിത്തീരുന്നു. എണ്ണ ഉപേക്ഷിക്കുന്നത് മൂലം ഒരുവൻ രൂപസൗകുമാര്യം ഉള്ളവനും ശത്രുക്കൾ ഇല്ലാത്തവനും ആയിരുന്നു.


 കയ്പ് , എരിവ് ,പുളിപ്പ് ,  മധുരം ,  ഉപ്പ് എന്നീ രുചികളെ ഉപേക്ഷിക്കുന്ന ഒരുവന്റെ വൈരുപ്യം , ദേഹത്തിലെ ദുർഗന്ധം എന്നിവ അപ്രത്യക്ഷമാകുന്നു .  പുഷ്പങ്ങൾ ആസ്വദിക്കുന്നത് ഉപേക്ഷിക്കുന്ന ഒരുവൻ  സ്വർഗ്ഗ ലോകത്തെയോ വിദ്യാധര ലോകത്തെയോ പ്രാപിക്കുന്നു. താംബൂലം (വെറ്റില മുറുക്കുന്നത്) ഉപേക്ഷിക്കുന്ന ഒരുവൻ ഉടനടി രോഗവിമുക്തനാകുന്നു . വെറും നിലത്ത് ഭോജനം ഉണ്ണുന്ന ഒരുവൻ ഇന്ദ്ര ലോകത്തിൽ പ്രവേശിക്കുന്നു. ഭഗവാൻ കൃഷ്ണന്റെ പ്രീത്യർത്ഥം തൈര് , പാൽ എന്നിവ ഉപേക്ഷിക്കുന്ന ഒരുവൻ ഭഗവത് ധാമമായ ഗോലോക വൃന്ദാവനം അടയുന്നു. നഖം മുറിക്കാതെയും, മുടി മുണ്ഡനം ചെയ്യാതെയും ഇരിക്കുന്നവന്  വിഷ്ണു ഭഗവാന്റെ പാദകമലങ്ങൾ സ്പർശിക്കുവാനുള്ള ഭാഗ്യം ലഭിക്കുന്നു. വിഷ്ണു ഭഗവാന്റെ ക്ഷേത്രത്തെ വലംവയ്ക്കുന്ന ഒരുവൻ, ഹംസ വാഹനത്തിൽ ഭഗവാൻ വിഷ്ണുവിൻറെ ശാശ്വത വാസസ്ഥലമായ വൈകുണ്ഠം അടയുന്നു.


ഹരേ കൃഷ്ണ !


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment