Home

Wednesday, July 21, 2021

മനഃശിക്ഷ

 



ഏതദ്ധ്യാതുരചിത്താനാം മാത്രാസ്പർശേച്ഛയാ മുഹുഃ

ഭവസിന്ധുപ്ലവോ ദൃഷ്ടോ ഹരിചര്യാനുവർണനം

 

വിവർത്തനം

 

******************

 

ഇന്ദ്രിയങ്ങൾ ആനന്ദദായകമായ വിഷയങ്ങളിൽ സമ്പർക്കത്തിലാകാൻ അഭിലഷിക്കുന്നതു കാരണം, സദാ മനോവ്യഥകളാലും, ഉത്കണ്ഠകളാലും സാന്ദ്രമായവർക്ക് പരമദിവോത്തമപുരുഷന്റെ അതീന്ദ്രിയ ലീലകളുടെ നിരന്തര ജപമാകുന്ന വഞ്ചിയാൽ, അജ്ഞതയാകുന്ന സാഗരത്തെ തരണം ചെയ്യാൻ സാധ്യമാകുന്നു. അത് ഞാൻ സ്വയം അനുഭവിച്ചറിഞ്ഞതാകുന്നു.

 

ഭാവാർത്ഥം

*****************

 

ജീവാത്മാക്കൾക്ക് അല്പ നേരത്തേക്കു പോലും വെറുതെയിരിക്കുവാൻ കഴിയുകയില്ല. അവർ സദാ എന്തെങ്കിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; അല്ലെങ്കിൽ എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കുകയോ, ചിന്തിക്കുകയോ ചെയ്തുകൊണ്ടിരിക്കും. സാധാരണയായി, ഭൗതിക വാദികൾ അവരുടെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയോ, ചിന്തിക്കുകയോ ചെയ്യുന്നു. എന്നാൽ ഇക്കാര്യങ്ങളൊക്കെ ബഹിരംഗശക്തിയായ മായാശക്തിയുടെ സ്വാധീനത്തിന് വിധേയമായി നിർവഹിക്കപ്പെടുന്നതാകയാൽ അത്തരം ഇന്ദ്രിയഗത കർമങ്ങൾ യഥാർത്ഥത്തിൽ അവർക്ക് യാതൊരു സംതൃപ്തിയും നൽകുന്നില്ല. കടകവിരുദ്ധമായി, അവ മനോവ്യഥകളാലും ഉത്കണ്ഠകളാലും സാന്ദ്രമായിത്തീരുന്നു. ഇതിനെ മായ', അല്ലെങ്കിൽ മിഥ്യ' എന്ന് വിശേഷിപ്പിക്കുന്നു. യാതൊന്നാണോ അവർക്ക് സംതൃപ്തി പ്രദാനം ചെയ്യാത്തത്, അതിനെ സംതൃപ്തിക്കുള്ള വിഷയമായി അവർ അംഗീകരിച്ചിരിക്കുന്നു. ആകയാൽ, ഇന്ദിയാസ്വാദനത്തിൽ വ്യാപൃതരായ അത്തരം ജീവാത്മാക്കൾ സംതൃപ്തിക്കായി ഭഗവദ് ലീലകളെക്കുറിച്ച് സദാ ആലപിക്കുക എന്ന് ശ്രീ നാരദ മുനി സ്വന്തം അനുഭവത്തിൽനിന്നും ഉദ്ബോധിപ്പിക്കുന്നു. ശ്രദ്ധാവിഷയത്തെ മാത്രം മാറ്റുക എന്നതാണ് സൂചന. ജീവാത്മാക്കളുടെ ചിന്തകളെയോ, വികാരങ്ങളെയോ, ആഗ്രഹങ്ങളെയോ, അഥവാ പ്രവർത്തന നടപടികളെയോ നിയന്ത്രിക്കാൻ ആർക്കും സാധ്യമല്ല. എന്നാൽ യഥാർത്ഥ ആനന്ദം ആഗ്രഹിക്കുന്നപക്ഷം ഒരാൾ ശ്രദ്ധാവിഷയത്തെ മാത്രം പരിവർത്തിപ്പിക്കേണ്ടതാണ്. മൃത്യു വരിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുക, സിനിമാ നടീനടന്മാരുടെ ചേഷ്ടകളെ ആസ്വദിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികൾക്കു പകരം, ഗോപികമാരെയും, ലക്ഷ്മികളെയും പോലുളള ഭഗവാന്റെ ശാശ്വത പങ്കാളികളുമായി ഭഗവാൻ നടത്തുന്ന ലീലകളിലേക്ക് ശ്രദ്ധയെ തിരിച്ചുവിടാവുന്നതാണ്. സർവശക്തനായ പരമദിവോത്തമ പുരുഷൻ, അദ്ദേഹത്തിന്റെ അഹേതുകമായ കാരുണ്യത്താൽ ഭൂമിയിൽ അവതരിക്കുകയും, ഏറെക്കുറെ ലൗകിക വ്യക്തികളുടേതുപോലെ, എന്നാൽ സർവശക്തനാകയാൽ, അസാധാരണവും അതിമാനുഷികവുമായ കർമങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. സർവ ബദ്ധാത്മാക്കളുടെയും ക്ഷേമത്തിനായി അവരുടെ ശ്രദ്ധ സർവാതിശയവും ആത്മജ്ഞാനപരവും അതീന്ദ്രിയവുമായതിൽ കേന്ദ്രീകരിക്കാനാണ് ഭഗവാൻ അപ്രകാരം പ്രവർത്തിച്ചത്. അവ്വിധം പ്രവർത്തിക്കുന്നതാകയാൽ ബദ്ധാത്മാവ് ക്രമേണ അതീന്ദ്രിയ പദവിയിലേക്ക് ആരോഹണം ചെയ്യപ്പെടുകയും, അങ്ങനെ സർവ ദുരിതങ്ങളുടെയും പ്രഭവകേന്ദ്രമായ അജ്ഞതാസാഗരത്തെ അനായാസേന തരണം ചെയ്യുകയും ചെയ്യുന്നു. ശ്രീ നാരദ മുനിയെപ്പോലുള്ള പ്രാമാണികന്റെ സ്വ അനുഭവത്തിൽനിന്നും അരുളിച്ചെയ്യപ്പെട്ടതാണിത്. ഭഗവാന് അത്യധികം പ്രിയപ്പെട്ട ശ്രേഷ്ഠ നാരദ മുനിയുടെ കാലടികളെ പിന്തുടരാൻ നാം ആരംഭിച്ചാൽ അനന്തരം നമുക്കും ഇതേ അനുഭവം പ്രാപ്തമാക്കാൻ സാധ്യമാകുന്നു.

 

(ശ്രീമദ് ഭാഗവതം 1.6.34)

 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

No comments:

Post a Comment