സത്ത്വാനുരൂപാ സർവസ്യ ശ്രദ്ധാ ഭവതി ഭാരത
ശ്രദ്ധാമയോഽയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ
വിവര്ത്തനം
വ്യത്യസ്തമായ പ്രകൃതിഗുണങ്ങളിൽ സ്ഥിതിചെയ്യുന്നതിനനുസരിച്ച്, അല്ലയോ ഭാരതശ്രേഷ്ഠാ, ഓരോ വ്യക്തിയും ഓരോ തരത്തിലുള്ള വിശ്വാസത്തെ വളർത്തിയെടുക്കുന്നു. താനാർജ്ജിച്ച ഗുണങ്ങൾക്കനുസരിച്ച് ജീവസത്തകളെ ഓരോ പ്രത്യേക വിശ്വാസമുള്ളവരെന്ന് പറയപ്പെടുന്നു.
ഭാവാർത്ഥം:
ഏതൊരാൾക്കുമുണ്ടാവും പ്രത്യേകമായൊരു വിശ്വാസം. അയാളാരായാലും ശരി, അത് സാത്ത്വികമോ രാജസമോ താമസമോ എന്നത് അയാളുടെ ആർജ്ജിതസ്വഭാവത്തെ ആശ്രയിച്ചിരിക്കും. തന്റെ പ്രത്യേക വിശ്വാസമനുസരിച്ച് ആ മനുഷ്യൻ ചില വ്യക്തികളുമായി സഹവസിക്കുകയുംചെയ്യും. ഓരോ ജീവനും പതിനഞ്ചാമദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളതുപോലെ മൗലികമായി പരമപുരുഷന്റെ വിഭിന്നാംശമാണ്. അതിനാൽ നമ്മൾ മൗലികമായി ഭൗതികപ്രകൃതിഗുണങ്ങൾക്കതീതരാണ്. എന്നാൽ പരമപുരുഷനുമായുള്ള ബന്ധം മറന്ന് ഭൗതികപ്രകൃതിയോടിണങ്ങുമ്പോൾ ബദ്ധമായി, പ്രകൃതിയുടെ വൈവിദ്ധ്യങ്ങൾക്കു വഴങ്ങി തന്റേതായൊരു വ്യക്തിത്വത്തെ സ്വയം സൃഷ്ടിക്കുന്നു. തത്ഫലമായുണ്ടാവുന്ന കൃത്രിമജീവിതവും വിശ്വാസവും കേവലം ഭൗതികമാണ്. ജീവിതത്തെക്കുറിച്ചുള്ള ഏതെങ്കിലുമൊരു ആശയത്താൽ അഥവാ സിദ്ധാന്തത്താൽ നയിക്കപ്പെടുന്നുവെങ്കിലും മൗലികമായി ആത്മാവ് ഗുണാതീതനത്രേ. പരമപുരുഷനുമായുള്ള ബന്ധം വീണ്ടെടുക്കാൻ ജീവാത്മാവിന് താൻ നേടിക്കൂട്ടിയ ഭൗതികതാമാലിന്യങ്ങളിൽ നിന്ന് സ്വയം മുക്തനാവണം. നിർഭയം തിരിച്ചു പോകുവാനുള്ള വഴി ഒന്നു മാത്രം; കൃഷ്ണാവബോധം. അതിലുറച്ച വിശ്വസിക്കുന്നവർക്ക് തീർച്ചയായും പരിപൂർണ്ണതയിലേയ്ക്കുയരാം. ആത്മസാക്ഷാത്കാരത്തിനുള്ള ഈ വഴിയിൽ കാലൂന്നാത്തവർക്കാകട്ടെ ത്രിഗുണങ്ങളുടെ പ്രേരണയ്ക്ക് കീഴ്പ്പെട്ട് നീങ്ങേണ്ടി വരുന്നു.
ഇവിടെ 'ശ്രദ്ധ’ എന്ന വാക്ക് സാരവത്താണ്. ശ്രദ്ധ അഥവാ വിശ്വാസം മൗലികമായി സത്ത്വഗുണത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഒരാളുടെ വിശ്വാസം ഒരു ദേവനിലോ, ദേവനാക്കപ്പെട്ടവനിലോ, ഒരു ഭാവനാസൃഷ്ടിയിലോ ആവട്ടെ, ദൃഢവും പ്രബലവുമാണെങ്കിൽ ഭൗതികവും സാത്ത്വികവുമായ കർമ്മങ്ങൾക്കു കാരണമായിത്തീരും. പക്ഷേ ബദ്ധമായ ഭൗതികജീവിതത്തിൽ ഒരു കർമ്മവും തികച്ചും വിശുദ്ധങ്ങളല്ല, ഇന്ദ്രിയാതീതമത്രേ. വിശുദ്ധസാത്ത്വികാവസ്ഥയിൽ പരമമായ ഭഗവത്സത്തയുടെ യഥാർത്ഥ സ്വഭാവം ഗ്രാഹ്യമാകുന്നു. വിശ്വാസം പൂർണ്ണമായും ശുദ്ധസാത്ത്വികതയുള്ളതല്ലെന്നുവരുന്ന കാലത്തോളം അതിനെ ത്രിഗുണങ്ങളുടേതായ മാലിന്യം ബാധിക്കാനിടയുണ്ട്. മലിനീകൃതങ്ങളായ ഈ ഗുണങ്ങൾ ഹൃദയത്തിൽ വ്യാപിച്ചിരിക്കും. അതിനാൽ സ്വഹൃദയത്തിലിഴുകിച്ചേർന്നിട്ടുള്ളത് ത്രിഗുണങ്ങളിലേതാണോ, അതിനനുയോജ്യമായ വിശ്വാസമാണ് ഒരാൾക്കുണ്ടാവുക. ഹൃദയം സാത്ത്വികഗുണമുറ്റതെങ്കിൽ വിശ്വാസവും സാത്ത്വികമാവും. ഹൃദയം രാജോഗുണബാധിതമെങ്കിൽ വിശ്വാസവും രാജസമായിരിക്കും. ഹൃദയം തമോഗുണം അഥവാ മിഥ്യയിലാണെങ്കിൽ വിശ്വാസവും അങ്ങനെ മലിനമായതാവാനേ വഴിയുള്ളൂ. ഇങ്ങനെ ലോകത്തിൽ പല വിധത്തിലുള്ള വിശ്വാസങ്ങളും അവയെ മുൻനിർത്തിക്കൊണ്ട് വ്യത്യസ്ത മതങ്ങളുമുള്ളതായിക്കാണാം. യഥാർത്ഥ മതവിശ്വാസത്തിന്റെ സത്ത് ശുദ്ധസാത്ത്വികതയിലാണുള്ളത്. ഹൃദയത്തിന്റെ മാലിന്യബാധയ്ക്കനുസരിച്ച് വ്യത്യസ്ത മത പ്രമാണങ്ങളെ നാം സ്വീകരിക്കുകയാണ്. വിവിധ വിശ്വാസങ്ങൾക്കനുയോജ്യമായി വെവ്വേറെ ആരാധനാക്രമങ്ങളുണ്ട്.
(ഭഗവദ് ഗീതാ യഥാരൂപം 17. 3)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment