ശ്രീ കൃഷ്ണ ഭഗവാന് തങ്ങളുടെ മുത്തുകൾ നൽകാൻ ഗോപികമാർ വിസമ്മതിക്കുന്നു.
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆🔆
ഒരു ദിവസം, ദ്വാരകയിൽ, രാജ്ഞി, സത്യഭാമ ശ്രീ കൃഷ്ണനോട് ആരാഞ്ഞു, “വൃന്ദാവനത്തിലെ ഒരു ഉദ്യാനത്തിൽ അങ്ങ് മുത്തുകൾ വളർത്തിയെന്ന് ഞാൻ കേട്ടിട്ടുണ്ട്. രസകരമായ ഈ കഥ ഒന്നു പറഞ്ഞു തരാമോ? ”
കൃഷ്ണ ഭഗവാൻ വിവരിച്ചു.
കാർത്തിക മാസത്തിലെ ഒരു ദീപാവലി ദിനത്തിൽ രാധറാണിയും ഗോപികമാരും ഒരുമിച്ച് മാല്യഹാര കുണ്ഡത്തിൽ ഒത്തുകൂടുകയും. ഈ വിവരം കൃഷ്ണൻ്റെ തത്ത വിചക്ഷണൻ, അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഭഗവാൻ മാല്യഹര കുണ്ഡത്തിൽ വന്നു. അവിടെ ശ്രീമതി രാധറാണിയും അവരുടെ സഖിമാരും മുത്തുകൾ കൊണ്ട് മാലകൾ നിർമ്മിക്കുന്നതുമായി കണ്ടു. എത്ര മനോഹരമായ മുത്തുകൾ !!
തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോക്കളായ ഹരിണിയിയെയും, ഹംസിയെയും അലങ്കരിക്കാൻ മുത്തുകളിൽ കുറച്ച് വേണമെന്ന് ഭഗവാൻ രാധയോടും ഗോപികമാരോടും അഭ്യർത്ഥിച്ചു. എന്നാൽ ഗോപികമാർ അത് നൽകാൻ വിസമ്മതിച്ചു. കൃഷ്ണൻ ഗോപികമാരോട് അപേക്ഷിച്ചു, “ദയവായി എന്റെ പശുക്കൾക്ക് കുറച്ച് മുത്തുകൾ തരൂ " എന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചു.
മുത്തുകൾ ഇരിക്കുന്ന സഞ്ചിയുടെ അടുത്തേക്ക് പോയ ലളിത സഖി, അതിൽ നിന്നും പൊട്ടിയ ഒരു ചെറിയ കഷണം കണ്ടെത്തി. അവൾ പറഞ്ഞു: "അങ്ങയ്ക്ക് ഇത് നൽകാം."
ശ്രീ ശ്യാമസുന്ദരർ വളരെയധികം അസന്തുഷ്ടനായി. അവിടെ നിന്നും ഭഗവാൻ വീട്ടിൽ മടങ്ങി വന്ന് അമ്മ യശോദയോട് പറഞ്ഞു, “എനിക്ക് മുത്തുകളുടെ ഒരു തോട്ടം വളർത്തണം. പൂന്തോട്ടത്തിൽ നടാൻ കുറച്ച് മുത്തുകൾ തരൂ. ”
യശോദമാതാവ് ഇപ്രകാരം പറഞ്ഞു .“ഓ ഗോപാലാ നിനക്കറിയില്ല." എന്നിട്ട് അവർ ചിരിച്ചു."മുത്തുകൾ മരങ്ങളിൽ വളരുകയില്ല .മുത്തുകൾ സമുദ്രത്തിൽ നിന്നാണ് ലഭിക്കുന്നത്."
ഗോപാലൻ ശാഠ്യം പിടിച്ചു, “ഇല്ല, ഞാൻ അവയെ നിലത്തു നട്ടാൽ അവ വളരും. അച്ഛൻ വളർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം മണ്ണിൽ വിത്തുകൾ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. മുത്തുകൾ, വിത്തുകൾ പോലെ, ഞാൻ നടാം. ”
ശ്രീകൃഷ്ണ ഭഗവാൻ മുത്തുകൾ നടുന്നു
🔆🔆🔆🔆🔆🔆🔆🔆
ഭഗവാൻ നിർബന്ധിച്ചതിനാൽ, അവിടുത്തെ ഹൃദയത്തെ തൃപ്തിപ്പെടുത്താൻ യശോദമാതാ കൃഷ്ണന് കുറച്ച് മുത്തുകൾ നൽകി. അവിടുന്ന് അവയെ യമുനയുടെ തീരത്തിന്നടുത്ത് കൊണ്ടുവന്ന് മണ്ണിൽ ചെറിയ ദ്വാരങ്ങൾ കുഴിച്ച് അതിൽ മുത്തുകളിട്ട് മണ്ണിട്ട് മൂടി, എന്നിട്ട് സുഹൃത്തായ മധു മംഗളിനോട് ഗോപികമാരുടെ അടുത്തു പോയി തന്റെ മുത്തുകൾ നനയ്ക്കാനാവശ്യമായ കുറച്ച് പാൽ തരുവാനായി പറഞ്ഞു.
അപ്രകാരം മധു മംഗൾ ശ്രീമതി രാധറാണിയുടെയും ഗോപികമാരുടെയും അടുത്തു പോയി കൃഷ്ണൻ്റെ മുത്തുകൾ നനയ്ക്കാനായി കുറച്ച് പാൽ അഭ്യർത്ഥിക്കുകയും, ഗോപികമാർ അത് കേട്ട് ചിരിക്കുകയും ചെയ്തു. അവർ അദ്ദേഹത്തിന് നൽകിയത് വെറുതെ ഒരു പരിഹാസ ചിരി മാത്രമായിരുന്നു. മധു മംഗൾ അതേ പോലെ മടങ്ങിവന്നു .
കൃഷ്ണൻ അമ്മ യശോദയുടെ അടുത്ത് ചെന്ന് കുറച്ച് പാൽ ആവശ്യപ്പെടുകയും, ഭഗവാനാവശ്യമുള്ളത്ര പാൽ യശോദാ മാതാവ് നൽകുകയും ചെയ്തു, അവിടുന്ന് അതുമായി യമുനയുടെ തീരത്ത് പോയി .അവിടെ മുത്തുകൾ പാകിയ സ്ഥലത്ത് ധാരാളമായി നനച്ചു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു ചെറിയ പച്ച തളിര് നിലത്തു നിന്ന് മുളച്ച് പുറത്തു വന്നു. കൃഷ്ണൻ വളരെ സന്തോഷവാനായി. അദ്ദേഹം ഇത് ഗോപികമാരോട് പറഞ്ഞു, ഗോപികമാർ വന്ന് മുളച്ച തളിരുകൾ നോക്കിയിട്ട്, ചിരിച്ചു കൊണ്ട് പറഞ്ഞു, “അവയെല്ലാം തളിർത്ത മുള്ളുകളാണ്, മുത്തുകൾ തളിർത്തതല്ല.”
ശ്രീ കൃഷ്ണന്റെ വലിയതും മനോഹരവുമായ മുത്തു വള്ളി പടർപ്പുകൾ
🔆🔆🔆🔆🔆🔆🔆🔆
കുറച്ച് ദിവസങ്ങൾക്ക് ശേഷം, വളർന്നു വന്ന ആ വള്ളി പടർപ്പുകളിൽ നിറയെ വലിയ മനോഹരമായ, നാനാവർണ്ണത്തിലുള്ള മുത്തുകൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടു. ആ മുത്തുകൾ വളരെ സവിശേഷതയുള്ളവയായിരുന്നു, വൃന്ദാവന ധാമം മുഴുവനും ലഹരി പടർത്തുന്ന സുഗന്ധത്തിൻ്റെ നറുമണം കൊണ്ട് നിറഞ്ഞു.
“എന്റെ കൈയ്യിലെ മുത്തുകൾ വളരെ വലുപ്പമുള്ളതും വർണ്ണാഭമായതും നിങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ സുഗന്ധമുള്ളതുമാണ്” എന്ന് കൃഷ്ണൻ ഗോപികമാരോട് ചിരിച്ചു കൊണ്ട് തമാശ പറയുകയും ചെയ്തു. അപ്പോൾ ഗോപികമാരുടെ ഉള്ളിൽ തികച്ചും സ്വാഭാവികമായി ഒരു മത്സര ബുദ്ധി വളർന്നു വന്നു. തുടർന്ന് ഗോപികമാർ എല്ലാവരും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തി. കൃഷ്ണൻ വളർത്തുന്ന മുത്തുകളെക്കാൾ മികച്ച ഒരു പൂന്തോട്ടം ഉണ്ടാക്കണമെന്ന് അവർ ശപഥം ചെയ്തു.
അങ്ങിനെ അവരുടെ മുത്തുമാലകളെല്ലാം നിലത്തു നട്ടു. എന്നിട്ട് അവർ മാതാപിതാക്കളുടെ വീടുകളിൽ ചെന്ന് അവരുടെ കുടുംബത്തിലെ എല്ലാ വീടുകളിൽ നിന്നും എല്ലാ മുത്തുകളും എടുത്തു, പിന്നെ അവർ ആ മുത്തുകളും നട്ടു. ദിവസത്തിൽ മൂന്നു പ്രാവശ്യം വീതം അവർ പാൽ, തൈര്, വെണ്ണ, നെയ്യ് എന്നിവ ഉപയോഗിച്ച് മുത്തുകൾ നനച്ചു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു ചെറിയ തളിര് നിലത്തു നിന്ന് മുളച്ചു വന്നു. അവർ വളരെ ആവേശഭരിതരായി. കുറച്ചുദിവസം കൂടി കഴിഞ്ഞപ്പോൾ അവിടെയെല്ലാം മുള്ളുള്ള കുറ്റിക്കാടുകളായി.
ശ്രി കൃഷ്ണനും ഗോപന്മാരും ആ മുള്ളുള്ള കുറ്റിക്കാടുകൾ കണ്ടപ്പോൾ അവർ ആവേശഭരിതരായി. അവർ ചിരിക്കുകയും തമാശ പറയുകയും ചെയ്തു. ഗോപികമാരെ കളിയാക്കാൻ ഭഗവാൻ ശരിക്കും ആഗ്രഹിച്ചു.
കൃഷ്ണന്, വലിയ സുന്ദരമായ നാനാവര്ണ്ണത്തിലുള്ള സുഗന്ധമുള്ള മുത്തുകളിൽ മുത്തുമാലകൾ നിർമ്മിക്കാൻ അദ്ദേഹത്തിന്റെ കൗമാരക്കാരായ ഗോപന്മാർ ഉണ്ടായിരുന്നു, അതുകൊണ്ട് അവർ വൃന്ദാവനത്തിലെ എല്ലാ ഗോക്കൾക്കും മുത്തുമാലകൾ ഉണ്ടാക്കി. എല്ലാ എരുമകൾക്കും, ഓരോ ആടിനും, എല്ലാ ചെമ്മരിയാടുകൾക്കും. വാസ്തവത്തിൽ, വ്രജ ഭൂമിയിലെ, ഓരോ കുരങ്ങിനും ഓരോ മുത്ത് മാല വീതം ഉണ്ടായിരുന്നു. പക്ഷേ, ഗോപികമാർക്ക് ഒരു മുത്ത് പോലും അവിടുന്ന് നൽകിയില്ല.
ശ്രീ കൃഷ്ണൻ്റെയും ഗോപികമാരുടെയും ഇടയിലുള്ള പ്രേമ നിർഭരമായ കൈമാറ്റങ്ങൾ
🔆🔆🔆🔆🔆🔆🔆🔆
ഗോപികമാർ അവരുടെ മാതാപിതാക്കളുടെ വീടുകളിലെ മുത്തുകളെല്ലാം എടുക്കുകയും ഇപ്പോൾ അവയെല്ലാം മുള്ളുകളായി മാറുകയും ചെയ്തതിനാൽ, ഇനി തങ്ങളുടെ മാതാപിതാക്കളോട് എന്താണ് പറയേണ്ടെതെന്നറിയാതെ അവർ വളരെയധികം ഉത്കണ്ഠയിലായിരുന്നു. ആയതിനാൽ, കൃഷ്ണൻ്റെ ഏതാനും മുത്തുകൾ വാങ്ങി പകരമായി തങ്ങളുടെ സ്വർണം കൈമാറാൻ അവർ ചന്ദ്രമുഖി, കാഞ്ചനലത എന്നീ രണ്ട് ഗോപികളെ സ്വർണവുമായികൃഷ്ണനരികിലേക്ക് അയച്ചു.
കൃഷ്ണൻ അവരെ നോക്കി പറഞ്ഞു, “ഭഗവാൻ നാരായണൻ്റെ കൗസ്തുഭ മണി പോലും എന്റെ ഒരു മുത്തിന്റെ ഒരു ഭാഗത്തിന്റെ വിലയുടെ ഒരു ഭാഗം പോലും വിലമതിക്കുന്നില്ല.”
കൃഷ്ണൻ്റെ കയ്യിലെ കുറച്ചു മുത്തുകൾക്കായി ഓരോ ഗോപികമാരും ഓരോരുത്തരായി വന്ന് അവരുടെ കൈവശമുളളതെല്ലാം നൽകി കൈമാറ്റത്തിന് ശ്രമിച്ചു. ശ്രീമതി രാധാറാണി, കണ്ണന് കാണാൻ കഴിയാത്ത രീതിയിൽ ഒരു സ്വകാര്യ കുഞ്ജത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. പക്ഷേ, ഓരോ ഗോപികമാരും ഓരോരുത്തരായി മാറി മാറി വരുന്നതും, അവിടെ പറയുന്നതെല്ലാം കേൾക്കാനും രാധാറാണിക്ക് കഴിയുമായിരുന്നു,
താൻ വളർത്തിയുണ്ടാക്കിയ മുത്തുകളുടെ ഒരു വലിയ പെട്ടി തന്നെ കണ്ണനുണ്ടായിരുന്നു. എന്നാൽ അവർ ഏതൊക്കെ രീതിയിൽ എന്ത് തന്നെ നൽകിയാലും ഒരു മുത്തുപോലും വിട്ടുകൊടുക്കാൻ കൃഷ്ണൻ തയ്യാറായില്ല. അവസാനമായി, കൃഷ്ണൻ വിശാഖ സഖിയോട് ഇങ്ങനെ പറഞ്ഞു, “എന്റെ എല്ലാ മുത്തുകളിലും വച്ച് ഏറ്റവും ചെറിയത് ഞാൻ അവരുടെ രാധറാണിക്ക് നൽകാം, എന്നാൽ ഞാൻ ചോദിക്കുന്ന ഏത് വിലയും ഉടനെ രാധറാണി എനിക്ക് നൽകണം, അല്ലാത്തപക്ഷം ഞാൻ രാധാറാണിയെ എന്റെ സ്വകാര്യ കുഞ്ജങ്ങളിലൊന്നിൽ തടവിലാക്കും.”
അങ്ങിനെ ആ ചർച്ചകളിൽ പോംവഴികൾ ഒന്നും പ്രാവർത്തികമാകാതിരിക്കുകയും, ഒരു വലിയ തർക്കം ഉണ്ടാവുകയും ചെയ്തു. ആ പ്രേമനിർഭരമായ വാദഗതികളെക്കുറിച്ച് രഘുനാഥ് ദാസ് ഗോസ്വാമി വിശദമായി പറയുന്നു. തുടർന്ന് അവർ സുബലയെ മധ്യസ്ഥനായി കൊണ്ടുവന്നു, കാരണം അവർക്ക് ആ ചർച്ചയിലെ ഒരു ഘടകം ക്രയവിക്രയം നടത്താൻ കഴിയാത്ത രീതിയിലുളളതായിരുന്നു. അങ്ങിനെ സുബല മധ്യസ്ഥനാകുകയും, ചർച്ചകൾ തുടരുകയും ചെയ്തു, എന്നിട്ടും അവർക്ക് വിലയിൽ അവസാനം വരെ ഒരു യോജിപ്പിലെത്താൻ കഴിഞ്ഞില്ല.
രാധറാണി എല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു. മറ്റ് ഗോപികമാർ, വളരെ സങ്കടത്തോടെ ശ്രീമതി രാധറാണിയുടെ അടുത്തെത്തുകയും പിന്നീട് രാധറാണിയുമായി അവരല്ലാവരും ശ്രീ രാധ കുണ്ഡത്തിലെത്തുകയും ചെയ്തു.
ശ്രീ കൃഷ്ണൻ്റെ സമ്മാനവും രാധറാണിയുടെ പ്രതികരണവും
🔆🔆🔆🔆🔆🔆🔆🔆
മാല്യഹാര കുണ്ഡത്തിൽ നിന്ന് ഏതാനും നിമിഷങ്ങൾ മാത്രം അകലെയാണ് രാധ കുണ്ഡം. ഗോപികമാർ രാധകുണ്ഡത്തിലായിരുന്നപ്പോൾ, കൃഷ്ണൻ തന്റെ മുത്തുകളിൽ ഏറ്റവും മികച്ചത് എടുത്ത്, സ്വന്തം കരങ്ങൾ കൊണ്ട് മനോഹരമായൊരു മാല കോർത്തു, അദ്ദേഹം ആ മാല ഒരു സ്വർണ്ണ പെട്ടിയിൽ ഇട്ടുവച്ചു. പിന്നീട്ട്, സ്നേഹനിർഭരമായ സ്വന്തം കരങ്ങളാൽ ആ പെട്ടിയിൽ ശ്രീമതി രാധറാണിയുടെ പേര് കൊത്തിവച്ചു. എന്നിട്ട് സ്വന്തം കൈകൊണ്ട് തന്നെ മുത്തുകളുടെ മറ്റൊരു മാല ഉണ്ടാക്കി ഒരു സ്വർണ്ണ പെട്ടിയിൽ ഇട്ട് മറ്റൊരു ഗോപികയുടെ പേര് എഴുതിവച്ചു.
ഈ രീതിയിൽ, രാധറാണിയുടെ എല്ലാ സഖികൾക്കും ശ്രീ രാധറാണിക്കും വേണ്ടി സ്വന്തം കൈകൊണ്ട് നിർമ്മിച്ച മുത്തുമാലകൾ പെട്ടികളിലിട്ട് സമ്മാനമായി അദ്ദേഹം തയ്യാറാക്കി. അവയെല്ലാം സമ്മാനമായി നൽകാനായി അദ്ദേഹം രാധ കുണ്ഡത്തിലേക്ക് അയച്ചു.
തുടർന്ന് ഗോപികമാർല്ലാവരും വളരെ സന്തോഷവതികളാവുകയും, ശ്രീമതി രാധറാണി പൂക്കളിൽ വച്ച് സുന്ദരവും സുഗന്ധവുമുള്ള പൂക്കൾ തിരഞ്ഞെടുത്ത് ഒരു ദിവ്യമാല്യം ഉണ്ടാക്കി, അതോടെപ്പം ദേവി ഏറ്റവും രുചിയും സുഗന്ധവുമുള്ള പ്രസാദം, പഴവർഗ്ഗങ്ങൾ എന്നിവ തയ്യാറാക്കുകയും, അവയെല്ലാം കൃഷ്ണനോടുള്ള സ്നേഹത്തിന്റെ പ്രതിഫലമായി രാധറാണി അവിടുത്തേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
അപ്പോൾ എല്ലാ ഗോപികമാരും ലോകത്തിലെ ഏറ്റവും മനോഹരമായ മുത്ത് മാലകൾ കൊണ്ട് സ്വയം അലങ്കരിച്ചിരിക്കുന്നു. പിന്നീട് അവർ വീട്ടിൽ പോവുകയും അവരുടെ മാതാപിതാക്കൾ വളരെ സന്തുഷ്ടരുമായി.
ഹരേ കൃഷ്ണ!
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment