ചാതുർമാസ്യ വ്രതം
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
ഈ വർഷത്തിൽ ചാതുർമാസ്യ വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 22 മുതൽ നവംബർ 15 വരെയാണ്. ഈ കാലയളവിൽ ഭക്തൻമാർ ആത്മീയതയിൽ പുരോഗമിക്കുന്നതിനായി വിവിധതരത്തിലുള്ള തപസ്യകൾ അനുഷ്ഠിക്കുന്നു.
ആഷാഢ മാസത്തിലെ ( ജൂൺ-ജൂലൈ ) വെളുത്ത പക്ഷത്തിൽ വരുന്ന ശയന ഏകാദശിദിവസമാണ്, ചാതുർമാസ്യകാലം ആരംഭിക്കുന്നത്. ഈ കാലയളവ്, കാർത്തിക മാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന ഉത്ഥാന ഏകാദശി ദിവസം അവസാനിക്കുന്നു. ഈ നാലു മാസക്കാലം ചാതുർമാസ്യം എന്നറിയപ്പെടുന്നു. ചില വൈഷ്ണവർ ആഷാഢ മാസത്തിലെ പൗർണമിയിൽ നിന്ന് കാർത്തിക മാസത്തിലെ പൗർണമി വരേക്കും ഈ വ്രതം അനുഷ്ഠിക്കുന്നു. ഇതും നാലുമാസ കാലയളവ് തന്നെയാണ്. ചാന്ദ്ര മാസ പ്രകാരം കണക്കു കൂട്ടപ്പെട്ട ഈ കാലയളവിനെ ചാതുർമാസ്യം എന്ന് വിളിക്കുന്നു. എന്നാൽ ചിലർ ഈ വ്രതം സൗര മാസ കണക്കുകൂട്ടൽ പ്രകാരം ശ്രാവണ മാസം മുതൽ കാർത്തിക വരെ അനുഷ്ഠിക്കുന്നു. ചന്ദ്രമാസ പ്രകാരമായാലും സൗരമാസ പ്രകാരമായാലും ഈ കാലയളവ് മഴക്കാലത്താണ് വരുന്നത്. ചാതുർമാസ്യം മാനവ സമുദായത്തിലെ എല്ലാ വിഭാഗക്കാരും അനുഷ്ഠിക്കേണ്ടതാണ്. ഒരുവൻ ഗൃഹസ്ഥനോ, സന്ന്യാസിയോ എന്നത് ഇവിടെ പ്രസക്തമല്ല. ആശ്രമ ഭേദമന്യേ എല്ലാവരും ഈ വ്രതം അനുഷ്ഠിക്കേണ്ടത് അനിവാര്യമാണ്. ഇന്ദ്രിയാസ്വാദനത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്, നാലുമാസം ഈ വ്രതം അനുഷ്ഠിക്കേണ്ടതിന്റെ ഉദ്ദേശ്യം . ഇത് അത്ര പ്രയാസകരമല്ല. ശ്രാവണ മാസത്തിൽ ഒരുവൻ ഇലവർഗ്ഗങ്ങൾ കഴിക്കാൻ പാടില്ല. ഭാദ്ര മാസത്തിൽ ഒരുവൻ തൈര് ആഹരിക്കരുത്. ആശ്വിന മാസത്തിൽ ഒരുവൻ പാൽ ഉപേക്ഷിക്കണം. കാർത്തിക മാസത്തിൽ ഒരുവൻ മത്സ്യം അഥവാ മാംസാഹാരം ഉപേക്ഷിക്കണം. മാംസാഹാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മത്സ്യം, മാംസം എന്നിവയാണ്. മൈസൂർപരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവയും മാംസാഹാരമായി കരുതപ്പെടുന്നു. ഒറ്റനോട്ടത്തിൽ പറയുകയാണെങ്കിൽ, ചാതുർമാസ്യമെന്ന ഈ നാലു മാസക്കാലയളവിൽ,ഇന്ദ്രിയാസ്വാദനത്തിന് ഉദ്ദേശിച്ചിട്ടുള്ള ആഹാരപദാർത്ഥങ്ങളെ ഉപേക്ഷിക്കാൻ ഒരുവൻ പരിശീലിക്കണം.
( ചൈതന്യ ചരിതാമൃതം/ മദ്ധ്യലീല/ അദ്ധ്യായം 4 ശ്ലോകം169 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment