പവിത്രോപാന ഏകാദശി
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
" പവിത്രോപാന ഏകാദശിയുടെ മഹാത്മ്യം ഭവിഷ്യപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവരിച്ചിരിക്കുന്നു.
ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് ആരാഞ്ഞു. " അല്ലയോ മധുസൂദനാ ! മധു എന്ന അസുരൻ ഹന്താവായവനേ, ശ്രാവണ (ജൂലൈ- ആഗസ്റ്റ് ) മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ നാമം എന്താണ് ? ഈ ഏകാദശിയുടെ മഹത്വത്തെപ്പറ്റി ദയവായി വിവരിച്ചാലും "
ശ്രീകൃഷ്ണഭഗവാൻ മറുപടിയോതി. " അല്ലയോ രാജാവേ ! പവിത്രമായ ഈ ഏകാദശിയുടെ നാമം പവിത്രോപാന ഏകാദശി എന്നാകുന്നു . ഇപ്പോൾ ഒരുവന്റെ സർവ്വവിധ പാപ പ്രതികരണങ്ങളെയും നശിപ്പിക്കുന്ന ഏകാദശിയുടെ വിശദാംശങ്ങളെക്കുറിച്ച് കേൾക്കുക. ഈ ഏകാദശിയുടെ മഹാത്മ്യത്തെ പറ്റി കേൾക്കുന്നതിലൂടെ ഒരുവന് വാജപേയ യജ്ഞം അനുഷ്ഠിച്ച ഫലം ലഭിക്കുന്നു."
" ദ്വാപരയുഗത്തിലെ ആരംഭ കാലത്തിൽ മഹിഷ്മതി പുരി എന്ന രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു മഹിജിത്ത്. പുത്രഭാഗ്യം ഇല്ലാത്തതിനാൽ അതീവ ദുഃഖിതനായ രാജാവ് വളരെ അസന്തുഷ്ടനായി തന്റെ കർത്തവ്യങ്ങൾ നിറവേറ്റി വന്നു. അനേക വർഷങ്ങളായി പല പരിശ്രമങ്ങൾ നടത്തിയിട്ടും തനിക്ക് ആനന്ദം പ്രദാനം ചെയ്യുന്ന ഒരു തങ്കക്കുടത്തിനെ അദ്ദേഹത്തിന് ലഭിച്ചില്ല.
ഒരുനാൾ തന്റെ ദയനീയമായ ഈ അവസ്ഥയെ മനസ്സിലാക്കിയ രാജാവ് താൻ സന്താനങ്ങളെ എന്നപോലെ പരിപാലിച്ചിരുന്ന പ്രജകളെ വിളിച്ചുവരുത്തി രാജസഭയിൽ വെച്ച് ഇപ്രകാരം പറഞ്ഞു. " എൻറെ പ്രിയ പ്രജകളെ, ഞാൻ എന്റെ ജീവിതത്തിൽ ഒരു വിധത്തിലുള്ള പാപ പ്രവർത്തികളും ചെയ്തിട്ടില്ല . അനധികൃതമായ രീതിയിൽ രാജ ഖജനാവ് നിറച്ചിട്ടില്ല. ബ്രഹ്മസ്വമോ ദേവസ്വമോ ഞാൻ കൊള്ളയടിച്ചിട്ടില്ല. മറിച്ച് ഞാൻ ഈ ലോകം കീഴടക്കിയത് ന്യായധർമ്മം അനുസരിച്ചാണ്. ഞാൻ നിങ്ങളേവരെയും എന്റെ മക്കളെപ്പോലെ പരിപാലിച്ചു കൊണ്ടിരിക്കുന്നു. എന്റെ ബന്ധുജനങ്ങൾ തെറ്റുകുറ്റങ്ങൾ ചെയ്താൽ പോലും മുഖം നോക്കാതെ തക്കശിക്ഷ നൽകുന്ന ആളാണ് ഞാൻ. ശത്രുവായി വരുന്നവൻ പുണ്യാത്മാവും സൗമ്യശീലനുമാണെങ്കിൽ അങ്ങനെയുള്ള ഒരുവന് എല്ലാവിധത്തിലുള്ള ബഹുമാനവും നൽകുന്നവനാണ് ഞാൻ." രാജാവ് തൻറെ ഉപദേശകരായ ബ്രാഹ്മണരോട് ഇപ്രകാരം ആരാഞ്ഞു. " അല്ലയോ ബ്രാഹ്മണരെ ! ധാർമികമായ പാതയിൽ ചരിക്കുന്ന ഞാൻ സന്താനരഹിതനാണ് . ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് ദയവായി പുനർചിന്തനം ചെയ്തു , എനിക്ക് തക്കതായ ഉപദേശം അരുളിയാലും."
രാജാവിൻറെ ഈ വിലാപം കേട്ട് ബ്രാഹ്മണ ഉപദേഷ്ടാക്കൾ കാര്യത്തെ ഗൗരവകരമായി അവലോകനം ചെയ്തതു. അദ്ദേഹത്തിന്റെ ക്ഷേമത്തിനായി അവർ തന്നെ വനാന്തരത്തിൽ പോയി അവിടെ വസിക്കുന്നവരും ഭൂത - ഭാവി - വർത്തമാന കാലങ്ങളെ ശരിയാംവണ്ണം ഗ്രഹിക്കാൻ കഴിവുള്ളവരുമായ മഹർഷി വര്യന്മാരെ സന്ദർശിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാം എന്ന് തീരുമാനിച്ചു . അങ്ങിനെ അവർ മഹർഷിവര്യന്മാരെ സന്ദർശിക്കാനായി ആരണ്യത്തിലേക്ക് പുറപ്പെട്ടു. അപ്രകാരം വനാന്തരത്തിൽ അലഞ്ഞുതിരിഞ്ഞ അവർ അനേകം ആശ്രമങ്ങളേയും സാധുക്കളേയും സന്ദർശിച്ചു. അവസാനം അവർ കഠിനമായ തപസ്യകളനുഷ്ടിച്ചു കൊണ്ടിരുന്ന ലോമശമഹർഷിയെ കണ്ടുമുട്ടി. അദ്ദേഹത്തിൻറെ ദേഹം ആത്മീയ തേജസിനാൽ ജ്വലിക്കുന്നതും ആനന്ദമയവുമായിരുന്നു. ഉപവാസ വ്രതം അദ്ദേഹം കർശനമായി പാലിച്ചു വന്നിരുന്നു.ആത്മനിയന്ത്രണം ഉള്ളവനും ശാശ്വതമായ ധർമ്മ തത്വശാസ്ത്രങ്ങളെ നന്നായി അറിയുന്നവനും വേദശാസ്ത്ര വിശാരദനും ആയിരുന്നു അദ്ദേഹം. ബ്രഹ്മാവിൻറെ ആയുഷ്കാലത്തോളം ജീവിത ദൈർഘ്യമുള്ള അദ്ദേഹം മഹാതേജസ്വിയായ ഒരു സാധുവായിരുന്നു.ബ്രഹ്മാവിൻറെ ഒരു കല്പം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിൻറെ ദേഹത്തിൽ നിന്നും ഒരു മുടി( ലോമം) കൊഴിഞ്ഞു പോകുമായിരുന്നു . അതിനാൽ അദ്ദേഹം ലോമശനെന്ന എന്ന പേരിലറിയപ്പെട്ടു. ലോമശമഹർഷി ഭൂത- ഭാവി - വർത്തമാനം കാലങ്ങളെ അറിയുന്നവനായിരുന്നു.
ആ മഹർഷിയുടെ അലൗകിക തേജസിനാൽ ആകൃഷ്ടരായ ബ്രാഹ്മണർ അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ചു. അതിനുശേഷം താഴ്മയോടെ അദ്ദേഹത്തോട് ഇപ്രകാരം ഉര ചെയ്തു " അല്ലയോ മഹർഷേ ! ഞങ്ങളുടെ ഭാഗ്യാതിരേകത്താൽ ആണ് അങ്ങയെ പോലുള്ള ഒരു മഹാത്മാവിനെ കണ്ടുമുട്ടാൻ കഴിഞ്ഞത്."
ലോമശ മഹർഷി ആരാഞ്ഞു . നിങ്ങൾ ആരാണ് ? എന്തിനാണ് ഇവിടെ വന്നത് ? എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ഇപ്രകാരം പുകഴ്ത്തുന്നത് ?"
ബ്രാഹ്മണർ മറുപടിയോതി. " അല്ലയോ മഹർഷേ ! , ഞങ്ങളിവിടെ വന്നത് ഒരു വലിയ ധർമ്മ സങ്കടത്തിന് പരിഹാരം കണ്ടെത്താനായിട്ടാണ് . അല്ലയോ പ്രഭോ ! ഞങ്ങളുടെ രാജാവായ മഹിജിത്തിന് പുത്രഭാഗ്യമില്ല . ഞങ്ങളെ സ്വന്തം സന്താനങ്ങളെ പോലെ പരിപാലിക്കുന്ന രാജാവിൻറെ ഉൽക്കടമായ വ്യഥ കണ്ടു ഞങ്ങളും വ്യഥിതഹൃദയരായിത്തീർന്നിരിക്കുന്നു. അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠാ ! ഞങ്ങളുടെ രാജാവിന് ഒരു പുത്രനെ ലഭിക്കുന്നതിനുള്ള മാർഗം ദയവായി ഉപദേശിച്ചാലും. "
ബ്രാഹ്മണരുടെ ഹൃദയപൂർവ്വമായ പ്രാർത്ഥനകൾ ശ്രവിച്ച ലോമശ മഹർഷി ഒരു നിമിഷനേരത്തേക്ക് ധ്യാനത്തിലാണ്ടു. ഇപ്രകാരം അദ്ദേഹത്തിന് രാജാവിൻറെ പൂർവ്വജന്മത്തെപ്പറ്റി ഉടനടി ഗ്രഹിക്കാൻ സാധിച്ചു. അദ്ദേഹം പറഞ്ഞു." ഈ രാജാവ് തൻറെ കഴിഞ്ഞ ജന്മത്തിൽ വൈശ്യൻ ആയിരുന്നപ്പോൾ ഒരു പാപം പ്രവർത്തിച്ചിരുന്നു. തന്റെ വ്യാപാരത്തിനായി ഗ്രാമങ്ങൾതോറും യാത്ര ചെയ്ത അദ്ദേഹം ദാഹത്താൽ പരവശനായി തീർന്നു.ശ്രാവണ മാസത്തിലെ ദ്വാദശി ദിവസം, മദ്ധ്യാഹ്ന സമയമായിരുന്നു അത് . ഉടൻതന്നെ മനോഹരമായ ഒരു തടാകം അദ്ദേഹം കണ്ടെത്തുകയും അതിൽ നിന്ന് ജലപാനം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. അതേ സമയത്തിൽ ഒരു പശുവും അതിൻറെ നവജാതനായ പശുകിടാവും ദാഹമകറ്റാൻ ആയി അവിടെ വന്നുചേർന്നു . പശു ജലം പാനം ചെയ്യാൻ തുടങ്ങിയതും വ്യാപാരി അതിനെ ആട്ടിയോടിച്ചിട്ട് സ്വയം ജലം പാനം ചെയ്യാൻ തുടങ്ങി . അപ്രകാരം ദാഹിച്ചുവലഞ്ഞ പശുവിനെ ജലപാനം ചെയ്യുന്നതിൽ നിന്നും തടസ്സപ്പെടുത്തിയതിലൂടെ വ്യാപാരി അപരാധം ചെയ്തു . ഇക്കാരണത്താലാണ് അനേകം പുണ്യപ്രവർത്തികൾ ചെയ്തിട്ടുണ്ടെങ്കിലും മഹിജിത്ത് രാജാവിന് പുത്രഭാഗ്യം ഇല്ലാതായത്. "
ലോമശ മഹർഷിയിൽ നിന്നും ഈ വാക്കുകൾ കേട്ട ബ്രാഹ്മണർ ഇപ്രകാരം അപേക്ഷിച്ചു ." അല്ലയോ മഹർഷേ ! പുണ്യ പ്രവൃത്തിയുടെ പ്രഭാവത്താൽ പാപപ്രവർത്തിയുടെ ഫലം അത് ഇല്ലാതാക്കാൻ സാധിക്കും എന്ന് പുരാണങ്ങൾ പറയുന്നു. അതിനാൽ ഈ പാപ പ്രതികരണങ്ങളെ ഇല്ലാതാക്കി രാജാവിന് ഒരു മകനെ ലഭിക്കുന്നതിനുള്ള മാർഗം പറഞ്ഞുതന്നാലും."
ലോമശ മഹർഷി പറഞ്ഞു. " ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന പവിത്ര ഏകാദശി രാജാവും പ്രജകളും വിധിയാംവണ്ണം അനുഷ്ഠിക്കണം.എന്നിട്ട് പ്രജകൾ ഏവരും തങ്ങൾ നോറ്റ ഏകാദശിയുടെ പുണ്യഫലം രാജാവിന് നൽകണം. ഇപ്രകാരം ചെയ്താൽ തീർച്ചയായും നിങ്ങളുടെ രാജാവ് സൽപുത്രനാൽ അനുഗ്രഹീതനാകുന്നതാണ് . ഇത് കേട്ട രാജാവിന്റെ ഉപദേഷ്ടാക്കളായ ബ്രാഹ്മണർ , ആനന്ദഭരിതരായി. അവർ ലോമശ മഹർഷിക്ക് സാദര പ്രണാമങ്ങൾ അർപ്പിച്ചു. അതിനുശേഷം സ്വന്തം രാജ്യത്തിലേക്ക് തിരിച്ചുപോയി. അവിടെ രാജാവിനെ കണ്ട് വിവരം ഉണർത്തിച്ചു.
അതിനുശേഷം ശ്രാവണ മാസത്തിലെ ശുക്ലപക്ഷ ഏകാദശി വന്നെത്തിയപ്പോൾ രാജാവും സർവ്വ പ്രജകളും ഈ പവിത്രോപാന ഏകാദശി അനുഷ്ഠിക്കുകയും, ദ്വാദശി ദിവസം പ്രജകൾ തങ്ങൾക്ക് ഏകാദശി അനുഷ്ഠാനത്തിലൂടെ വന്നുചേർന്ന പുണ്യഫലത്തെ രാജാവിന് നൽകുകയും ചെയ്തു. ആ പുണ്യ സഞ്ചയത്തിന്റെ പ്രഭാവത്താൽ രാജ്ഞി ഗർഭവതിയാവുകയും അതീവ സുന്ദരനായ ഒരു ആൺ ശിശുവിന് ജന്മം നൽകുകയും ചെയ്തു."
" അല്ലയോ യുധിഷ്ഠിര മഹാരാജാവേ ! ഈ ഏകാദശിവ്രതം ആരെല്ലാം നോൽക്കുന്നുണ്ടോ അവർ പാപ പ്രതികരണങ്ങളിൽ നിന്നും മുക്തരായി ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അളവില്ലാത്ത ആനന്ദത്തെ പ്രാപ്തമാക്കുന്നു. ഈ ഏകാദശി മഹാത്മ്യം വിശ്വാസത്തോടെ കേൾക്കുന്ന ഒരുവന് പുത്രലാഭത്താൽ ആനന്ദം പ്രാപ്തമാക്കുകയും അടുത്ത ജന്മത്തിൽ പരമമായ അദ്ധ്യാത്മിക ലോകം പ്രാപിക്കുകയും ചെയ്യുന്നു.
No comments:
Post a Comment