ശ്രീ ഭഗവാനുവാച
പാർഥ നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ
നഹി കല്യാണകൃത്കശ്ചിദ്ദുർഗതിം താത ഗച്ഛതി
ശ്രീഭഗവാൻ പറഞ്ഞു - ഹേ പാർത്ഥാ, മംഗളകരങ്ങളായ കർമ്മങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ആദ്ധ്യാത്മികജ്ഞാനിക്ക് ഈ ലോകത്തിലാകട്ടെ, ആത്മീയലോകത്തിലാകട്ടെ, നാശമില്ല. സുഹൃത്തേ, നന്മചെയ്യുന്നവന് ഒരിക്കലും ദുർഗതി സംഭവിക്കാൻ വയ്യ.
ഭാഗവതത്തിൽ (1.5.17) നാരദ മുനി വ്യാസദേവനെ ഉപദേശിക്കുന്നു.
ത്യക്ത്വാ സ്വധർമം ചരണാംബുജം ഹരേർ
ഭജന്നപക്വോ ഽഥ പതേത്തതോയദി
യത്ര ക്വവാഭദ്രഭൂദമുഷ്യ കിം കേവാർഥ
ആപ്തോ ഽഭജതാം സ്വധർമതഃ
"ഭൗതികധർമ്മങ്ങളെല്ലാം ത്യജിച്ച് ഭഗവാന്റെ ചരണങ്ങളിൽ ആശയം തേടുന്നവർക്ക് ഒരു വിധത്തിലും നഷ്ടമോ പതനമോ ഉണ്ടാവില്ല. മറിച്ച് ഭക്തിയില്ലാത്ത ഒരാൾ തന്റെ കർത്തവ്യങ്ങൾ തികച്ചും നിറവേറ്റിയിരുന്നാലും യാതൊരു ഗുണവും നേടുന്നില്ല. "ധർമ്മശാസ്ത്ര പ്രോക്തങ്ങളായും പതിവായി ആചരിച്ചുപോരുന്നവയുമായി ശ്രേയസ്ക രങ്ങളായ ഭൗതിക കർമ്മങ്ങൾ ഒട്ടേറെയുണ്ട്. ആദ്ധ്യാത്മികതയിൽ തത്പരനായ മനുഷ്യൻ ആത്മീയോന്നതിക്കുവേണ്ടി എല്ലാ ഭൗതികപ്രവർത്തനങ്ങളും ത്യജിക്കണം. കൃഷ്ണാവബോധം തന്നെ ഈ ആത്മീയോത്കർഷം. കൃഷ്ണാവബോധത്താൽ പരിപൂർണ്ണതയുടെ ഉച്ച കോടിയിലെത്താമെങ്കിലും ആ അവസ്ഥയിലെത്താൻ സാധിക്കാതെ വന്നാൽ അയാൾക്ക് ഭൗതികവും ആദ്ധ്യാത്മികവുമായ നഷ്ടം നേരിടുമെന്നും ഒരാൾക്ക് വാദിക്കാം. വിധിക്കപ്പെട്ട കർമ്മങ്ങൾ നിറവേറ്റാതിരിക്കുന്നവന് തജ്ജന്യമായ ദുഷ്ഫലമനുഭവിക്കേണ്ടിവരുമെന്നാണ് ധർമ്മശാസ്ത്രങ്ങൾ പ്രസ്താവിക്കുന്നത്. അങ്ങനെ ആദ്ധ്യാത്മിക കർമ്മങ്ങളുടെ ശരിയായ നിർവ്വഹണത്തിൽ പരാജയപ്പെടുന്നവൻ പ്രതികരണങ്ങൾക്ക് വിധേയനാകേണ്ടിവരും. എന്നാൽ ഭാഗവതം ഉറപ്പുതരുന്നത് ആ പരാജിതനായ യോഗിക്ക് വിഷമിക്കേണ്ടതില്ലെന്നാണ്. വിഹിതമായ കർമ്മം വേണ്ടും വിധം അനുഷ്ഠിക്കാതിരുന്നതിന്റെ ദുഷഫലം അനുഭവിക്കേണ്ടിവന്നാൽപ്പോലും അയാൾക്ക് നഷ്ടമില്ല. എന്തെന്നാൽ മംഗളകരമായ കൃഷ്ണാവബോധം ഒരിക്കലും മാഞ്ഞുപോകുന്നതല്ല. അതിൽ മുഴുകിയവൻ അടുത്ത ജന്മത്തിൽ നീചകുലത്തിൽ പിറന്നാൽക്കൂടി കൃഷ്ണാവബോധത്തോടെയുള്ള പ്രവർത്തനം തുടരും. മറിച്ച് കൃഷ്ണാവബോധം കൂടാതെ സ്വധർമ്മങ്ങൾ പിഴകൂടാതെ അനുഷ്ഠിക്കുന്നതുകൊണ്ട് മാത്രം ശുഭകരങ്ങളായ ഫലങ്ങൾ നേടണമെന്നില്ല.
ഇതിന്റെ പൊരുൾ ഇപ്രകാരം മനസ്സിലാക്കാം. മനുഷ്യരിൽ രണ്ടു വിഭാഗമുണ്ട്. നിയമത്തിന് വഴങ്ങുന്നവരും, വഴങ്ങാത്തവരും. അടുത്ത ജന്മത്തേയോ ആത്മാവിന്റെ മുക്തിയേയോക്കുറിച്ചറിയാതെ കേവലം മൃഗീയമായ ഇന്ദ്രിയസുഖാനുഭവത്തിൽ മുഴുകി നാൾപോക്കുന്നവർ വഴങ്ങാത്തവരുടെ വിഭാഗത്തിൽപ്പെടുന്നു. ധർമ്മശാസ്ത്രവിഹിതങ്ങളായ കർമ്മങ്ങളിലേർപ്പെടുന്നവർ നിയമാനുസാരികളത്രേ. പരിഷ്കൃതമോ അപരിഷ്കൃതമോ വിദ്യാസമ്പന്നമോ നിരക്ഷരമോ ശക്തമോ ബലഹീനമോ ആകട്ടെ, മൃഗീയവാസനകളുടെ കൂത്തരങ്ങാണ് അനിയന്ത്രിത വിഭാഗം. ആഹാരം, നിദ്ര, സ്വയരക്ഷ, ലൈംഗികഭോഗം എന്നീ മൃഗീയവാസനാചോദിതങ്ങളായ പ്രവൃത്തികളിൽ ആനന്ദം തേടി എന്നെന്നേയ്ക്കും ദുഃഖാവഹമായ ഭൗതികതയിൽ ജീവിക്കുന്ന, ഇക്കൂട്ടരുടെ കർമ്മങ്ങൾ ഒരിക്കലും മംഗളകരങ്ങളല്ല. ധർമ്മശാസ്ത്രപ്രോക്തങ്ങളായ നിയമങ്ങ്ൾക്ക് വഴങ്ങുന്നവരാകട്ടെ, ക്രമേണ കൃഷ്ണാവബോധമുദിച്ച് തീർച്ചയായും ജീവിതോത്കർഷം നേടുന്നു.
മംഗളകരമായ മാർഗ്ഗത്തിലൂടെ മുന്നേറുന്നവരെ മൂന്നായി വിഭജിക്കാം : (1) ധർമ്മശാസ്ത്രശാസനകൾക്കു വഴങ്ങി ജീവിച്ച് ഭൗതികൈശ്വര്യമനുഭവിക്കുന്നവർ (2) ഭൗതികജീവിതത്തിൽ നിന്ന് ആത്യന്തിക മോചനം നേടാൻ ഉപായമാരായുന്നവർ (3) കൃഷ്ണാവബോധമാർന്ന ഭക്തന്മാർ. പ്രാപഞ്ചിക സുഖലബ്ധിക്കുവേണ്ടി ധർമ്മശാസ്ത്രശാസനകളനുസരിക്കുന്നവരിൽത്തന്നെ രണ്ട് കൂട്ടരുണ്ട്, ഫലേച്ഛകൊണ്ട് കർമ്മംചെയ്യുന്നവരും ഇന്ദ്രിയസുഖ ഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്നവരും. സുഖാനുഭോഗങ്ങൾക്കുവേണ്ടി ഫലാകാംക്ഷയോടെ പ്രവർത്തിക്കുന്നവർ ജീവിതത്തിൽ ഉന്നതി പ്രാപിച്ചേയ്ക്കാം, ഉപരിലോകങ്ങളിൽപ്പോലുമെത്തിയെന്നും വരാം. എങ്കിലും ഭൗതികതയിൽ നിന്ന് മുക്തരല്ലാത്തതുകൊണ്ട് ശരിക്കും ശ്രേയസ്കരങ്ങളായ വഴിക്കല്ല, അവർ നീങ്ങുന്നത്. മുക്തിയിലേക്ക് നയിക്കുന്ന മാർഗ്ഗങ്ങൾ മാത്രമേ ശ്രേയസ്കരങ്ങളായിട്ടുള്ളൂ. ഭൗതികവും സ്ഥലദേഹ സംബന്ധിയുമായ ജീവിത ബോധത്തിൽ നിന്നുള്ള മോചനത്തെ, ആത്യന്തികമായ ആത്മസാക്ഷാത്കാരത്തെ, ലക്ഷ്യമാക്കാതെചെയ്യുന്ന ഒരു പ്രവൃത്തിയും ശ്രേയസ്കരമല്ല. കൃഷ്ണാവബോധപൂർവ്വമായ കർമ്മം മാത്രമാണ് ശ്രേയസ്സിന് കാരണമാകുന്നത്. ആ വഴിക്ക് മുന്നേറാൻ വേണ്ടി കൃഷ്ണാവബോധമാർഗ്ഗത്തിൽ പുരോഗമിക്കാൻ എന്തു ശാരീരിക ക്ലേശത്തേയും സ്വമേധയാ സ്വീകരിക്കുന്നവനെ തികഞ്ഞ അതീന്ദ്രിയജ്ഞാനിയും മഹാതപസ്വിയുമെന്നുതന്നെ കരുതാം. അഷ്ടാംഗയോഗപദ്ധതിയുടെ അന്തിമലക്ഷ്യം, കൃഷ്ണാവബോധമാകയാൽ അതും ശ്രേയസ്കരമത്രേ. ഈ വിഷയത്തിൽ കഴിവുപോലെ ശ്രമിച്ചുപോരുന്നവർക്ക് തരംതാഴുമെന്ന ഭയം വേണ്ട.
ഭഗവദ് ഗീതാ യഥാരൂപം - 6.40
No comments:
Post a Comment