Home

Saturday, October 23, 2021

പാപികളായ ജഗായ്,മധായ് എന്നിവരുടെ ഉദ്ധാരണം

 


ഗൗര ലീല

പാപികളായ ജഗായ്,മധായ് എന്നിവരുടെ ഉദ്ധാരണം


ഒരിക്കൽ നിത്യാനന്ദ പ്രഭുവും, ശ്രീല ഹരിദാസ് ഠാക്കൂറും മുഖ്യ വീഥിയിലൂടെ നടന്നുവരുമ്പോൾ, അട്ടഹസിക്കുന്ന ഒരു കൂട്ടം ജനങ്ങളെ കണ്ടു. അതുവഴി കടന്നുവന്ന ഒരാളോട് കാര്യമെന്തെന്ന് അന്വേഷിച്ചപ്പോൾ, ജഗായ്, മാധായ് സഹോദരന്മാർ മദ്യപിച്ച് ലക്കുകെട്ട് പൊതു ജന ശല്യം സൃഷ്ടിക്കുകയാണെന്ന് മനസ്സിലായി. ആദരണീയമായ ബ്രാഹ്മണകുടുംബത്തിൽ ജന്മമെടുത്തവരാണെങ്കിലും, സംഗദോഷത്താൽ അവർ വിഷയലമ്പടന്മാരും വഷളന്മാരുമായിത്തീർന്നുവെന്ന് മനസ്സിലാക്കി. അവർ മദ്യപന്മാർ മാത്രമല്ല, മാംസഭോജികളും, കാമാസക്തരും, കൊള്ളക്കാരും അങ്ങനെ എല്ലാത്തരം പാപ്രപ്രവർത്തനങ്ങൾ ചെയ്തുകൂട്ടുന്ന കൊടും പാപികളുമായിരുന്നു. ഈ കഥകളൊക്കെ ശ്രവിച്ചിരുന്ന ശ്രീല നിത്യാനന്ദ പ്രഭു നിശ്ചയമായും ഈ പതിതാത്മാക്കളെയും മുക്തരാക്കണമെന്ന് തീർച്ചപ്പെടുത്തി. ഇരുവരെയും ഈ പാപജീവിതത്തിൽനിന്നും സ്വതന്ത്രമാക്കിയാൽ ചൈതന്യ മഹാപ്രഭുവിന്റെ സദ് നാമം അധികം മാഹാത്മ്യമുള്ളതായിത്തീരും. ഇവ്വിധം ചിന്തിച്ചുകൊണ്ട് അവർ ജനക്കൂട്ടത്തിനിടയിലൂടെ കടന്ന് ഇരു സഹോദരന്മാരോടും ഭഗവാൻ ഹരിയുടെ ദിവ്യനാമം ജപിക്കുവാൻ ആവശ്യപ്പെട്ടു. ഇതു കേട്ട് പ്രകോപിതരായ ഇരു മദ്യപാനികളും നിത്യാനന്ദ് പ്രഭുവിന്റെ മേൽ അസഭ്യവർഷം നടത്തി കുറേ ദൂരം അദ്ദേഹത്തെ ശകാരിച്ചുകൊണ്ട് പിന്തുടരുകയും ചെയ്തു. പ്രചരണ പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ അറിയിക്കുന്ന സമയത്ത് നിത്യാനന്ദ പ്രഭുവും ഹരിദാസ് ഠാക്കൂറും ആഭാസന്മാരായ രണ്ടു സഹോദരന്മാരെ മോചിപ്പിക്കുവാൻ ശ്രമം നടത്തി എന്നറിഞ്ഞപ്പോൾ ചൈതന്യ മഹാപ്രഭു അങ്ങേയറ്റം സന്തോഷവാനായി.
അടുത്ത ദിവസം നിത്യാനന്ദ പ്രഭു ആ ആഭാസ സഹോദരന്മാരെ സന്ദർശിക്കുവാൻ പോയി. പ്രഭുവിനെ ദർശിച്ച മാത്രയിൽ അവരിലൊരുവൻ പൊട്ടിയ മൺകലത്തിന്റെ ഒരു കഷ്ണം അദ്ദേഹത്തിന്റെ നേർക്കെറിഞ്ഞു. ആ മൺ കഷ്ണം കൊണ്ട് നെറ്റി മുറിഞ്ഞ് രക്തമൊഴുകാൻ തുടങ്ങി. എന്നാൽ പ്രഭു അതികാരുണ്യവാനാകയാൽ ഈ പരമനിഷ്ഠൂര പ്രവർത്തിക്കെതിരെ പ്രതിഷേധിക്കുന്നതിനു പകരം ഇപ്രകാരം അരുളി ച്ചെയ്തു. “നീ ഈ കല്ല് എന്റെ നേർക്ക് എറിഞ്ഞതിനെ ഞാൻ കാര്യമാക്കുന്നില്ല; ഞാൻ നിന്നോട് ഇപ്പോഴും ഭഗവാൻ ഹരിയുടെ നാമം ജപിക്കണമെന്ന് അപേക്ഷിക്കുന്നു.”
നിത്യാനന്ദ പ്രഭുവിന്റെ അക്ഷോഭ്യമായ പെരുമാറ്റം ദർശിച്ച്, സഹോദരന്മാരിലൊരാളായ ജഗായ് അത്ഭുതപ്പെടുകയും, ഉടൻതന്നെ പ്രഭുവിന്റെ പാദങ്ങളിൽ നമസ്കരിച്ച്, തന്റെ പാപിയായ സഹോദരനോട് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നിത്യാനന്ദ പ്രഭുവിനെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ ജഗായ് അയാളെ തടയുകയും, പ്രഭുവിന്റെ പാദങ്ങൾ സവിനയം നമസ്കരിക്കാൻ അനുനയിപ്പിക്കുകയും ചെയ്തു. ഇതിനോടകം തന്നെ നിത്യാനന്ദ പ്രഭുവിനെ ആക്രമിച്ച് വിവരം ചൈതന്യ മഹാപ്രഭു അറിയുകയും, അത്യുഗമായ കോപാവേശത്തോടുകൂടി അദ്ദേഹം അവിടെ എത്തിച്ചേരുകയും, ആ പാപികളെ വധിക്കുവാനായി സുദർശന ചക്രത്തെ വിളിച്ചു വരുത്തുകയും ചെയ്തു. ഇതു കണ്ട നിത്യാനന്ദ പ്രഭു ഉടനെത്തന്നെ മഹാപ്രഭുവിന്റെ ആഗമനോദ്ദേശ്യത്തെക്കുറിച്ച് അദ്ദേഹത്തെ അനുസ്മരിപ്പിച്ചു. പ്രത്യാശയ്ക്കുപോലും വകയില്ലാത്ത വിധം അധഃപതിച്ചുപോയവരെ മോചിപ്പിക്കുക എന്നതാണ് മഹാപ്രഭുവിന്റെ ദൗത്യം. ജഗായിയും മാധായിയുമാകട്ടെ ഇത്തരത്തിൽ അധഃപതിച്ചവരുടെ ഏറ്റവും നല്ല ദൃഷ്ടാന്തങ്ങളുമാണ്. ഉന്നതകുല ജാതരും, ഭൗതിക സാംസ്കാരിക സമ്പന്നരുമായ ഇ യുഗത്തില തൊണ്ണൂറു ശതമാനം ജനങ്ങളും ഈ സഹോദരന്മാരുമായി സാരൂപ്യമുള്ളവരാകുന്നു. ശാസ്ത്രമതാനുസാരം, ഇ കലിയുഗത്തിൽ ലോക ജനത മുഴുവൻ നീചശൂദ്രമായതോ അതിലും നിന്ദ്യമായ ഗുണങ്ങളാ ഉളളവരാണ്. ശ്രീ ചൈതന്യ മഹാപ്രഭു ഒരിക്കലും കാലാകാലങ്ങളിൽ തുടർന്നുപോന്നിരുന്ന ജന്മാവകാശ ജാതി സമ്പ്രദായത്തെ അംഗീകരിച്ചിരുന്നില്ല എന്നുമാത്രമല്ല, ഒരു വ്യക്തിയുടെ സ്വരൂപത്തെ, അഥവാ യഥാര്ത്ഥ വ്യക്തിത്വത്തെ സംബന്ധിച്ച വിഷയങ്ങളിൽ പ്രഭു ധർമശാസ്ത്ര നിർണയങ്ങളെ കർശനമായി അനുസരിച്ചിരുന്നു.

സുദർശന ചക്രഞ്ഞ ആനയിക്കുന്നതു കണ്ട് നിത്യാനന്ദ പ്രഭു ആ ഇരു സഹോദരരോടും ക്ഷമിക്കുവാൻ പ്രഭുവിനെ സവിനയം അനുനയിപ്പിച്ചു. ഇരു സഹോദരന്മാരും, തങ്ങളുടെ അഹന്താനിർഭരമായ പ്രവൃത്തിയെ മാപ്പാക്കണമെന്ന് യാചിച്ചുകൊണ്ട് പ്രഭുവിന്റെ പാദങ്ങളിൽ നമസ്കരിക്കുകയും ചെയ്തു. പശ്ചാത്താപവിവശരായ അവരെ സ്വീകരിക്കണമെന്ന് ചൈതന്യ മഹാപ്രഭുവീനോട് നിത്യാനന്ദ പ്രഭു ആവശ്യപ്പെട്ടു. ഇനിയൊരിക്കലും പാപനിർഭര പ്രവർത്തനങ്ങളിലോ അസാന്മാർഗിക പ്രവർത്തനങ്ങളിലോ ഏർപ്പെടരുതെന്ന ഏക വ്യവസ്ഥയിൽ അവർക്ക് മാപ്പ് നൽകി സ്വീകരിക്കാൻ ശ്രീ ചൈതന്യ പ്രഭു സമ്മതിച്ചു. ഇരു സഹോദരന്മാരും പ്രഭുവീന്റെ വ്യവസ്ഥകൾക്ക് വഴങ്ങുകയും, അവരുടെ സകല അധാർമിക ശീലങ്ങളും ഉപേക്ഷിക്കാമെന്ന് സത്യം ചെയ്യുകയും ചെയ്തു. അനന്തരം, കൃപാലുവായ പ്രഭു അവരെ സ്വീകരിക്കുകയും, പിന്നീട് അവരുടെ ഗതകാല ദുഷ്കൃതങ്ങളെ സംബന്ധിച്ച് സൂചിപ്പിക്കുകയോ ചെയ്തില്ല.

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ വിശേഷമായ കാരുണ്യമാണിത്. ഈ യുഗത്തിൽ ആർക്കും താൻ പാപമുക്തനെന്ന് അവകാശപ്പെടാൻ സാധ്യമല്ല. ഏതൊരാൾക്കും അപ്രകാരം പറയുക അസാധ്യമാണ്. ഉത്തമവിശ്വാസയോഗ്യനായ ആത്മീയാചാര്യനിൽനിന്നും ദീക്ഷ സ്വീകരിച്ചതിനു ശേഷം, പാപനിർഭര കർമങ്ങൾ ആവർത്തിക്കരുത് എന്ന വ്യവസ്ഥയിൽ ചൈതന്യ മഹാപ്രഭു സർവ പാപികളെയും സ്വീകരിക്കും.

ഇരു സഹോദരന്മാരുടെയും സംഭവത്തിൽ ശ്രദ്ധ ചെലുത്തേണ്ട അനേകം പ്രബോധന ആശയങ്ങൾ നിരീക്ഷിക്കാം. ഈ കലിയുഗത്തിൽ സർവ ജനങ്ങളും പ്രായേണ ജഗായ്, മധായ്മാരുടെ ഗുണങ്ങൾ ഉൾക്കൊളളുന്നവരാണ്. അധാർമിക കർമങ്ങളുടെ പ്രത്യാഘാതങ്ങളിൽനിന്നും വിമുക്തരാകാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും ശ്രീ ചൈതന്യ മഹാപ്രഭുവിനെ അഭയം പ്രാപിക്കേണ്ടതാണെന്നുമാത്രമല്ല, ദീക്ഷ സ്വീകരിച്ചതിനു ശേഷം, ശാസ്ത്രങ്ങളിൽ അനുശാസിച്ചിരിക്കുന്ന ധർമശാസ്ത്ര വിരുദ്ധ പ്രവർത്തനങ്ങൾ പരിവർജിക്കുകയും വേണം. ശ്രീല രൂപ ഗോസ്വാമിക്ക് മഹാപ്രഭു നൽകിയ ഉപദേശങ്ങളിൽ നിരോധക നിയമങ്ങൾ വിശദമായി ചർച്ച ചെയ്തിരിക്കുന്നു.

*************************
ശ്രീകൃഷ്ണ ചൈതന്യ പ്രഭു നിത്യാനന്ദ
ശ്രീ അദ്വൈത ഗദാധര ശ്രീവാസാദി ഗൗരഭക്ത വൃന്ദ

ഞാന് ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു, നിത്യാനന്ദപ്രഭു, ശ്രീ അദ്വൈതന്, ഗദാധരന്, ശ്രീവാസൻ എന്നിവരേയും, ഭക്തിമാര്ഗ്ഗചാരികളായ മറ്റുള്ളവരേയും ഞാന് നമസ്കരിക്കുന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment