Home

Saturday, October 16, 2021

യമളാർജുന വൃക്ഷങ്ങളുടെ വിമോചനം

 


യമളാർജുന വൃക്ഷങ്ങളുടെ വിമോചനം

     ( ആധാരം - ശ്രീമദ്ഭാഗവതം / ദശമസ്കന്ദം /  അദ്ധ്യായം 10 )

 *******************************************************************

മഹാ ശിവഭക്തരായിരുന്നു കുബേര പുത്രന്മാരായ നളകൂബരനും മണിഗ്രീവനും. അതിനാൽ തന്നെ കൈലാസ പർവതത്തിലെ മന്ദാകിനി നദീതീരത്തുള്ള ഒരു പൂന്തോട്ടത്തിൽ സഞ്ചരിക്കുവാൻ അവർക്ക് അനുവാദം കിട്ടിയിരുന്നു . സ്വാതന്ത്ര്യം ഉപയോഗിച്ച് വാരുണി എന്ന മദ്യം നിറയെ പാനം ചെയ്തു ലഹരിയിൽ കലങ്ങിമറിഞ്ഞ കണ്ണുകളോടെ അവിടെ സ്ത്രീകളോടൊപ്പം പാട്ടും പാടി അവർ അലഞ്ഞുതിരിഞ്ഞു .  ഭൗതികസമ്പത്തിന്റെ ആധിക്യം കാരണം ധൂർത്തരും ബോധഹീനരുമായി മാറിയ അവർ  നഗ്നരായി പെൺകുട്ടികളുമൊത്ത്  മന്ദാകിനീ നദിയിൽ ഉല്ലസിച്ചുകൊണ്ടിരിക്കുമ്പോൾ  നാരദമുനി വഴി കടന്നു പോകാനിടയായി. സമ്പത്തും മിഥ്യാഹങ്കാരവും കാരണം മത്തുപിടിച്ചിരുന്ന അവർ നാരദമുനിയുടെ സാന്നിദ്ധ്യമറിഞ്ഞിട്ടും ലജ്ജിതരായില്ലെന്നുമാത്രമല്ല, നഗ്നരായി തുടരുകയും ചെയ്തു. സമ്പത്തും മിഥ്യാഹങ്കാരവും കാരണം അവർ സാമാന്യമര്യാദപോലും മറന്നുപോയെന്നർത്ഥം.

 

സ്വത്തും വലിയ പദവിയുമൊക്കെയുണ്ടാകു മ്പോൾ സാമാന്യമര്യാദകൾ മറക്കുകയും നാരദമുനിയെപ്പോലുള്ള മഹാമുനിമാരെപ്പോലും വകവയ്ക്കാതിരിക്കുകയും ചെയ്യുക എന്നതൊക്കെ ഭൗതികഗുണങ്ങളുടെ സ്വഭാവമാണ്. ഇത്തരം ബോധഹീനർക്ക് (അഹങ്കാര വിമൂഢാത്മാ), പ്രത്യേകിച്ചും ഭക്തരെ അവഗണിക്കുന്നവർക്ക് ശരിയായ ശിക്ഷ വീണ്ടും ദാരിദ്ര്യബാധിതരാകുകയെന്നതാണ്. യമനിയമാദികൾ പരിശീലിപ്പിച്ച് മിഥ്യാഹങ്കാരം നിയന്ത്രിക്കുന്നതെങ്ങനെയെന്ന് വൈദികനിയമങ്ങൾ പറഞ്ഞുതരുന്നുണ്ട് (തപസാ ബ്രഹ്മചര്യേണ ശമേന ദമേന ). ഭൗതി കലോകത്തിൽ സമ്പന്നപദവിയുടെ അന്തസ്സ് എത്ര താത്കാലികമാണെന്ന് ഒരു ദരിദ്രനെ ബോദ്ധ്യപ്പെടുത്താൻ വളരെ എളുപ്പമാണ്. പക്ഷേ ധനികൻ അതു മനസ്സിലാക്കാൻ കൂട്ടാക്കുകയില്ല. അതിനാൽ നാരദമുനി നളകൂബരമണിഗ്രീവന്മാരെ മന്ദരും ബോധഹീനരുമായ വൃക്ഷങ്ങളാവാൻ ശപിച്ച് ഉദാഹരണം കാണിച്ചുതന്നു. ഉചിതമായ ശിക്ഷയായിരുന്നു അത്. എന്നാൽ കൃഷ്ണന്റെ കാരുണ്യം മൂലം ഭഗവാനെ നേർക്കുനേർ കാണാനാവും വിധം ഭാഗ്യം, ശിക്ഷയിലും അവർക്കു ലഭിച്ചു. അതിനാൽ വൈഷ്ണവർ നൽകുന്ന ശിക്ഷ ശിക്ഷയേയല്ല; അതുമൊരുതരം കാരുണ്യവർഷമാണ്.

 

ദേവർഷി നൽകിയ ശാപം മൂലം നളകൂബരമണിഗ്രീവന്മാർ രണ്ട് യമളാർജുനവൃക്ഷങ്ങളായി. കൃഷ്ണനെ നേരിട്ട് കാണാനുള്ള ഭാഗ്യവും പ്രതീക്ഷിച്ച് യശോദാനന്ദഗോപന്മാരുടെ വീട്ടുമുറ്റത്ത് നില്പായി. ഭഗവാൻ കൃഷ്ണൻ ഭക്തന്റെ ആഗ്രഹമനുസരിച്ച് യമളാർജുന വൃക്ഷങ്ങളെ കടപുഴക്കി. നളകൂബരമണിഗ്രീവന്മാരെ കൃഷ്ണൻ മോചിപ്പിച്ചപ്പോൾ നൂറു ദേവവർഷങ്ങൾ കഴിഞ്ഞിരുന്നെങ്കിലും അവരുടെ പൂർവ്വബോധം ഉണരുകയും ദേവന്മാർക്കുചിതമായ രീതിയിൽ അവർ കൃഷ്ണനു സ്തുതികളർപ്പിക്കുകയും ചെയ്തു. അങ്ങനെ കൃഷ്ണനെ നേർക്കുനേർ കാണാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ നാരദമുനി എത്ര കാരുണ്യവാനായിരുന്നു എന്നവർക്ക് മനസ്സിലായി. അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുകയും കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.പരമദിവോത്തമപുരുഷനായ കൃഷ്ണനെ പ്രദക്ഷിണം വെച്ചിട്ട് അവർ സ്വധാമങ്ങളിലേയ്ക്ക് മടങ്ങി.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment