ഈ നിമിഷം നാം അനുഭവിക്കുന്ന ക്ലേശങ്ങൾക്ക് കാരണമായ ദുഷ്കൃതം, ഒരുപക്ഷേ നാം വിസ്മരിച്ചേക്കാം. എന്നാൽ പരമാത്മാവ് നമ്മുടെ സന്തത സഹചാരിയാണെന്നും, ആകയാൽ ഭൂതവും വർത്തമാനവും ഭാവിയു മായ സർവതും ഭഗവാൻ അറിയുന്നുവെന്നും നാം ഓർമിക്കണം. ശ്രീകൃഷ്ണ ഭഗവാന്റെ പരമാത്മ ഭാവം സർവ പ്രവർത്തനങ്ങളെയും പ്രതിപ്രവർത്തനങ്ങളെയും മുൻകൂട്ടി തീർച്ചയാക്കിയിരിക്കുന്നുവെന്നു മാത്രമല്ല, അദ്ദേഹം പരമനിയന്താവുമാകുന്നു. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഒരു പുൽക്കൊടിക്കു പോലും ചലിക്കാനാവില്ല. ജീവാത്മാക്കൾക്ക് അവർ അർഹിക്കുന്ന സ്വാതന്ത്ര്യം അനുവദിച്ചു നൽകപ്പെട്ടിരിക്കുന്നു. എന്നാൽ, ആ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുമ്പോൾ അത് ക്ലേശത്തിന് ഹേതുവാകുന്നു. ഭഗവദ്ഭക്തർ അവരുടെ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുന്നില്ല. ആകയാൽ അവർ ഭഗവാന്റെ സദ്പുത്രന്മാരാകുന്നു. സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുന്നവർ കാലനിയോഗമായ ദുരിതങ്ങളിൽ എറിയപ്പെടുന്നു. ബദ്ധാത്മാക്കൾക്ക് കാലം സന്തോഷവും, സന്താപവും - രണ്ടും പ്രദാനം ചെയ്യുന്നു. ഇതൊക്കെ നിത്യമായ കാലത്തിന്റെ പൂർവ വിധിയാകുന്നു. നാം ആവശ്യപ്പെടാതെ ദുരിതങ്ങൾ വന്നു ചേരുന്നതുപോലെ, സന്തോഷനിമിഷങ്ങളും ആവശ്യപ്പെടാതെതന്നെ കാലത്തിന്റെ വിധിവിഹിതമായി താനേ എത്തിച്ചേരുന്നു. ആകയാൽ ആരും ഭഗവാന്റെ മിത്രമോ, ശത്രുവോ അല്ല. ഓരോരുത്തരും അവരവരുടെ വിധിവിഹിതങ്ങളായ സന്തോഷങ്ങളും സന്താപങ്ങളും അനുഭവിക്കുന്നു. കാലാനുസൃതമായ സാമൂഹ്യസംസർഗത്താലുളവാകുന്നവ യാണ് ഈ വിധി. ഏവരും ഭൗതികപ്രകൃതിയെ നയിക്കാൻ ആഗ്രഹിക്കുന്നു. പരമഭഗവാന്റെ നിരീക്ഷണത്തിൽ ഓരോരുത്തരും താന്താങ്ങളുടേതായ വിധിക്ക് ഹേതുവായിത്തീരുന്നു. ഭഗവാൻ സർവവ്യാപിയാകയാൽ ഏവരുടെയും പ്രവൃത്തികൾ ദർശിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. ഭഗവാന് ആദിയും അന്തവുമില്ലാത്തതിനാൽ അദ്ദേഹം നിത്യമായ ' കാലം ' എന്നറിയപ്പെടുന്നു.
( ശ്രീമദ് ഭാഗവതം 1/8/28/ഭാവാർത്ഥം )
No comments:
Post a Comment