Home

Tuesday, October 26, 2021

ശ്രീല നരോത്തമ ദാസ് താക്കൂർ


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


ശ്രീമദ് ഗൗരപ്രിയ ലോകനാഥ പദാബ്ജ- സത് പദം

രാധാ- കൃഷ്ണ രസോന്മത്തം വന്ദേ ശ്രീമാൻ നരോത്തം


ശ്രീ ചൈതന്യ മഹാപ്രഭുവിന് ഏറെ പ്രിയപ്പെട്ട ശ്രീമദ് ലോകനാഥ ഗോസ്വാമിയുടെ പാദകമലങ്ങളിലെ തേനീച്ചയായ ശ്രീല നരോത്തമ ദാസ് താക്കൂറിനെ ഞാൻ ആരാധിക്കുന്നു. രാധാ- കൃഷ്ണ പ്രേമത്തിൽ അദ്ദേഹം സദാ മുഴുകിയിരുന്നു.


ഭഗവാൻ ചൈതന്യൻ കിഴക്കൻ ബംഗാളിൽ





ഒരിക്കൽ ചൈതന്യ മഹാപ്രഭു തന്റെ എല്ലാ സഹചാരികളോടൊത്തും കിഴക്കൻ ബംഗാളിലെ ഖേത്തൂരി സന്ദർശിക്കുകയായിരുന്നു. പെട്ടെന്ന് ചൈതന്യ ഭഗവാൻ കരഞ്ഞു തുടങ്ങി, "നരോത്തമാ, നരോത്തമാ, എന്റെ പ്രിയപ്പെട്ട നരോത്തമാ, നീ എവിടെയാണ്?" ഭഗവാന്റെ സഹചാരികൾ വളരെ ആശ്ചര്യപ്പെട്ടു, കാരണം അവർക്ക് നരോത്തമൻ എന്ന് വിളിക്കപ്പെടുന്ന ആരെയും അറിയില്ലായിരുന്നു. "ആരാണ് നരോത്തമൻ?" അവർ ചോദിച്ചു.


ഭഗവാൻ മറുപടി പറഞ്ഞു, "ഭാവിയിൽ നരോത്തമൻ വരും." അടുത്ത ദിവസം ചൈതന്യ പത്മാ നദിയിൽ കുളിച്ചപ്പോൾ, അദ്ദേഹം തന്റെ ദിവ്യസ്നേഹം നദിക്ക് നൽകി, ഭാവിയിൽ നരോത്തമന് നൽകണമെന്ന് നദിയോട് അഭ്യർത്ഥിച്ചു.


നരോത്തമനെ എങ്ങനെ തിരിച്ചറിയാനാകുമെന്ന് പത്മാ നദി ചോദിച്ചു, ഭഗവാൻ പറഞ്ഞു, "നരോത്തമൻ വരുമ്പോൾ നിങ്ങളുടെ ഹൃദയം നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകും, നിങ്ങൾക്ക് പരമാനന്ദം അനുഭവപ്പെടും."


നരോത്തമദാസ് താക്കൂറിന്റെ ആഗമനം


കുറച്ച് വർഷങ്ങൾക്ക് ശേഷം, നരോത്തം ദാസ് ഠാക്കൂർ ഖേതുരിയിൽ ഒരു പൗർണ്ണമി ദിനത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണാനന്ദ ദത്ത, കായസ്ത-ശൂദ്രവർഗ്ഗത്തിലെ അതിസമ്പന്നനായ ഒരു രാജാവായിരുന്നു. കുട്ടിക്കാലത്ത് നരോത്തത്തിന് ആകർഷകമായ സവിശേഷതകളും കറുത്ത നിറവുമായിരുന്നു. ചൈതന്യ മഹാപ്രഭുവിൻറെ അദ്ധ്യാപകരിൽ നിന്ന് നിരവധി ലീലകൾ കേട്ട അദ്ദേഹം മഹാപ്രഭുവിൻറെ ഭക്തനായി. ഒരു ദിവസം അദ്ദേഹം കൊട്ടാരം വിട്ട് പത്മ നദിയിൽ കുളിക്കാൻ പോയി. വളരെ നേരം കഴിഞ്ഞ് കാണാതായാപ്പോൾ അദ്ദേഹത്തിന്റെ കുടുംബം വിഷമിച്ചു. നരോത്തം എവിടെ?


അവർ എല്ലായിടത്തും തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. ഒടുവിൽ, നദീതീരത്ത് അവർ സ്വർണ്ണ നിറമുള്ള ബാലൻ ഉന്മത്തനായി  കരഞ്ഞ് നൃത്തം ചെയ്യുന്ന ഒരു  കണ്ടു. അവനെ സമീപിച്ചപ്പോൾ അത് യഥാർത്ഥത്തിൽ നരോത്തനാണെന്ന് അവർക്ക് മനസ്സിലായി. നരോത്തമൻ പത്മാ നദിയിൽ കുളിച്ചപ്പോൾ, ചൈതന്യ ഭഗവാൻ അവിടെ ഏൽപ്പിച്ച് പോയ ഭഗവദ് സ്നേഹം അദ്ദേഹത്തിന് നൽകി. തൽഫലമായി,   അദ്ദേഹത്തിന്റെ നിറം കറുപ്പിൽ നിന്ന്, ഭഗവാന്റെ നിറത്തോട് സാമ്യമുള്ള സ്വർണ്ണ നിറത്തിലേക്ക് മാറി.


ഇത് അറിയാത്ത അദ്ദേഹത്തിന്റെ മാതാപിതാക്കൾ, തങ്ങളുടെ മകൻ ഭ്രാന്തനായി എന്ന് കരുതി. ഒരു ശുദ്ധ ഭഗവദ്  ഭക്തന്റെ ഇങ്ങനെയുള്ള പെരുമാറ്റം സ്വാഭാവീകമാണെന്ന് അവർക്ക് മനസ്സിലായില്ല. ഒടുവിൽ നരോത്തം  ശാന്തനായപ്പോൾ വീട്ടിലേക്ക് കൊണ്ടുപോയി.


പക്ഷേ അന്നുമുതൽ അദ്ദേഹത്തിന്റെ ചിന്ത വൃന്ദാവനത്തിലേക്ക് പോകുന്നതിനെക്കുറിച്ച് മാത്രമായിരുന്നു.  അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അവരുടെ മകനെക്കുറിച്ച് വലിയ പദ്ധതികൾ ഉണ്ടായിരുന്നു. പിതാവിനുശേഷം അവൻ രാജാവാകണം, അതിനാൽ അവനെ കൊട്ടാരത്തിൽ നിർത്താൻ അവർ ആവുന്നതെല്ലാം ചെയ്തു. പക്ഷേ നരോത്തം തന്റെ മനസ്സ് മാറ്റിയില്ല. അവൻ സമ്പത്തിനെയോ ലൗകിക സുഖങ്ങളെയോ പരിഗണിച്ചില്ല. ആദ്യ അവസരത്തിൽ തന്നെ അദ്ദേഹം ഓടിപ്പോയി. ഒരു രാജാവിന്റെ മകനാണെങ്കിലും, അദ്ദേഹം വൃന്ദാവനത്തിലേക്കുള്ള വഴി മുഴുവൻ നഗ്നപാദനായി ഓടി.


വൃന്ദാവനത്തിൽ


പുണ്യ ധാമമായ  വൃന്ദാവനത്തിലെത്തിയ നരോത്തമൻ  മഹാഭക്തനായിരുന്ന ലോകനാഥ ഗോസ്വാമിയോട് വളരെ അടുപ്പമായി. അദ്ദേഹത്തെ തന്റെ ഗുരുവായി ലഭിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു. ലോകനാഥ ഗോസ്വാമി ചൈതന്യ ഭഗവാന്റെ നേരിട്ടുള്ള സഹചാരി ആയിരുന്നു,  ഇപ്പോൾ വളരെ പ്രായമായി. വിനയം കാരണം, അവൻ ഒരിക്കലും ശിഷ്യരെ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. എന്നിരുന്നാലും, നരോത്തമൻ  ദൃഢനിശ്ചയം ചെയ്യുകയും പ്രതീക്ഷ കൈവിടാൻ വിസമ്മതിക്കുകയും ചെയ്തു. എല്ലാ ദിവസവും അദ്ദേഹം രഹസ്യമായി ലോകനാഥ ഗോസ്വാമി പ്രഭാതകൃത്യങ്ങൾക്കായി  ഉപയോഗിച്ച സ്ഥലം (ശൗചാലയം)വൃത്തിയാക്കി.


ലോകനാഥ് ഗോസ്വാമി വളരെ ആശ്ചര്യപ്പെട്ടു, പക്ഷേ ആരാണ് ഇത് ചെയ്യുന്നതെന്ന് മനസിലായില്ല. ഒരു ദിവസം അത് നരോത്തനാണെന്നറിഞ്ഞപ്പോൾ അദ്ദേഹം അസ്വസ്ഥനും ലജ്ജിതനുമായി. എല്ലാത്തിനുമുപരി, ഒരു രാജാവിന്റെ മകൻ എപ്പോഴാണ് ശൗചാലയം വൃത്തിയാക്കുന്ന പരിചാരകനായത്? ലോകനാഥ ഗോസ്വാമിയുടെ ഹൃദയം കീഴടക്കിയ നരോത്തമൻ അദ്ദേഹത്തിന്റെ ഏക ശിഷ്യനായി മാറിയത് ഇങ്ങനെയാണ്. ലോകനാഥ് അദ്ദേഹത്തോട് പറഞ്ഞു, "നിങ്ങളുടെ നിശ്ചയദാർഢ്യം എന്റേതിനേക്കാൾ ശക്തമാണ്. അതിനുപുറമെ, നിങ്ങളെപ്പോലുള്ള ഒരു ശിഷ്യനെ ലഭിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കും."


കിഴക്കൻ ബംഗാളിലേക്കുള്ള മടക്കം



ഗുരുവിന്റെ ആജ്ഞയെത്തുടർന്ന്, നരോത്തമൻ ശ്രീനിവാസ് ആചാര്യർ, ശ്യമാനന്ദ പണ്ഡിതൻ എന്നിവരുമായി ചേർന്ന് ജീവ ഗോസ്വാമിയുടെ കീഴിൽ പഠിച്ചു. മുമ്പ് വിവരിച്ചതുപോലെ, വൃന്ദാവനത്തിലെ ഗോസ്വാമികൾ എഴുതിയ എല്ലാ പുസ്തകങ്ങളും ബംഗാളിലേക്ക് കൊണ്ടുപോകാൻ ഈ മൂന്ന് ബുദ്ധിമാനായ വിദ്യാർത്ഥികളോട് ജീവ ഗോസ്വാമി ഉത്തരവിട്ടു. അവിടെ താമസക്കാരായ  വൈഷ്ണവർക്ക് അവ പകർത്തി പഠിക്കാനാകും. കാളവണ്ടിയിൽ പുസ്തകങ്ങളുടെ വലിയ ശേഖരം എത്തിച്ചതിനുശേഷം, നരോത്തമൻ സ്വന്തം പട്ടണമായ ഖേതുരിയിലേക്ക് മടങ്ങി. തന്റെ പിതാവ് മരിച്ചുവെന്നും ചൈതന്യമഹേപ്രഭുവിന്റെ ഭക്തനായ തന്റെ  ബന്ധു ഇപ്പോൾ രാജാവാണെന്നും അദ്ദേഹം കണ്ടെത്തി.


തനിക്കായി ഒരു ലളിതമായ ജീവിതം ഇഷ്ടപ്പെട്ട നരോത്തമൻ സമ്പന്നമായ കൊട്ടാരത്തിൽ ജീവിക്കാൻ ആഗ്രഹിച്ചില്ല. രാജാവ് ദയയോടെ അദ്ദേഹത്തിന് ചണ്ടി-മണ്ഡപ എന്ന സ്ഥലത്ത് ഒരു കുടിൽ നൽകി. നരോത്തം തന്റെ കൂടുതൽ സമയവും അവിടെ കൃഷ്ണാവബോധം പ്രചരിപ്പിക്കുകയും, വൈദിക ആചാരങ്ങൾ ചെയ്യുന്നതിൽ വിദഗ്ദ്ധരും അതേ സമയം ഭഗവാൻ കൃഷ്ണനോട് ഭക്തിയില്ലാത്ത, സ്മാർത്ത ബ്രാഹ്മണരെ പരാജയപ്പെടുത്തുകയും ചെയ്തു.


രണ്ട് ബ്രാഹ്മണബാലകർ


ഒരു ദിവസം നരോത്തമൻ തന്റെ സുഹൃത്ത് രാമചന്ദ്ര കവിരാജനോടൊപ്പം പുറത്തുപോയപ്പോൾ, കാളി ക്ഷേത്രത്തിൽ ബലിയർപ്പിക്കാൻ പോത്തുകളെയും ആടുകളെയും കൊണ്ടുപോകുന്ന അഴകുള്ള രണ്ട് സഹോദരങ്ങളെ കണ്ടു. നരോത്തമൻ രാമചന്ദ്രനോട് പറഞ്ഞു, "ഈ രണ്ട് യുവാക്കൾ മൃഗബലിയുടെ പാപത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അവർ ചൈതന്യ മഹാപ്രഭുവിന്റെ ഭക്തരായിത്തീർന്നാൽ നന്നായിരുന്നു." നരോത്തമും രാമചന്ദ്രനും ഒരു പദ്ധതി തയ്യാറാക്കി.


അവർ യുവാക്കൾക്ക്  മുന്നിൽ നടന്നു മൃഗങ്ങളെ അറുക്കുന്നതിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്ന കർമ്മത്തെക്കുറിച്ച് ചർച്ച ചെയ്തു. "അതെ," നരോത്തം പറഞ്ഞു. "പുണ്യ ഫലങ്ങൾ ലഭിക്കുന്നതിന് പകരം, പാപ ഫലങ്ങൾ ലഭിക്കുന്നു; അതിനാൽ ഒരാൾക്ക് ജീവിതാനന്തര ജീവിതം തിക്ത ഫലങ്ങൾ അനുഭവിക്കേണ്ടിവരും." സഹോദരന്മാർ എല്ലാം കേട്ടു, അവർ ഒരു വലിയ പാപം ചെയ്തതായി തിരിച്ചറിഞ്ഞു.


പേടിച്ചരണ്ട യുവാക്കൾ രണ്ടുപേരും നരോത്തമിന്റെയും   രാമചന്ദ്രന്റേയും പാദകമലങ്ങളിൽ വീണു, പാപ പ്രതികരണങ്ങളിൽ നിന്ന് എങ്ങനെ മോചിതരാകണമെന്ന് പറഞ്ഞുതരാൻ അപേക്ഷിച്ചു. നരോത്തം പറഞ്ഞു, "വിഷമിക്കേണ്ട, ചൈതന്യ മഹാപ്രഭുവിന്റെ കാരുണ്യത്താൽ എല്ലാം ശരിയാകും. ഞങ്ങളെ പിന്തുടരുക." മൃഗങ്ങളെ അഴിച്ചുവിട്ടതിനുശേഷം,അവർ തങ്ങളുടെ പുതിയ അധ്യാപകരോടൊപ്പം പോയി ആത്മീയ മൂല്യങ്ങൾ പഠിച്ചു. യുവാക്കളിൽ ഒരാൾ നരോത്തമനിൽ നിന്നും മറ്റേയാൾ രാമചന്ദ്ര കവിരാജിൽ നിന്നും ദീക്ഷ സ്വീകരിച്ചു.


പിതാവിന്റെ ആകുലത


ആ രണ്ട് ആൺകുട്ടികളുടെ പിതാവ്, ശക്തനായ ഒരു ഭൂവുടമയും ഒരു സ്മാർത്ത ബ്രാഹ്മണനുമായിരുന്നു, തന്റെ ആൺമക്കൾ വീട്ടിൽ തിരിച്ചെത്താത്തപ്പോൾ വളരെ ഉത്കണ്ഠാകുലനായി. സമഗ്രമായ തിരച്ചിലിന്റെ ഒടുവിൽ അവരെ നരോത്തദാസ ഠാക്കൂറിന്റെവീട്ടിൽ കണ്ടെത്തി. അവർ ദീക്ഷ സ്വീകരിച്ചതായി അറിഞ്ഞപ്പോൾ ബ്രാഹ്മണൻ വളരെ ദേഷ്യപ്പെട്ടു. താഴ്ന്ന ശൂദ്ര വർഗ്ഗത്തിൽ നിന്നുള്ള നരോത്തമന്, ഉന്നത ജാതിയിലുള്ള ബ്രാഹ്മണ പുത്രന്മാർക്ക് ദീക്ഷ നൽകാൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.


ആൺകുട്ടികളിൽ ഒരാൾ വിശദീകരിച്ചു, "ഒരു വ്യക്തിയെ ബ്രാഹ്മണനോ ശൂദ്രനോ ആയി വിലയിരുത്തേണ്ടത് അവന്റെ ഗുണങ്ങളും പ്രവർത്തനങ്ങളും അനുസരിച്ചാണ്, അല്ലാതെ അവന്റെ ജനനത്തിനനുസരിച്ചല്ല." അവർ തങ്ങളുടെ പിതാവിനോട്   പറഞ്ഞു, "താൻ ഒരു ആത്മാവാണെന്നും പരമ ദിവ്യോത്തമ പുരുഷനായ  കൃഷ്ണന്റെ ശാശ്വത സേവകനാണെന്നും അറിയുന്ന ഒരു വ്യക്തി വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യരെക്കാൾ ഉന്നതനാണെന്നും, അതിനാൽ എല്ലാവർക്കും ദീക്ഷ നൽകാൻ അവകാശമുണ്ട്."


വൈഷ്ണവ തത്ത്വചിന്തയെക്കുറിച്ച് തങ്ങളുടെ ഗുരുക്കളിൽ നിന്ന് പഠിച്ചതിന്റെ ബലത്തിൽ ആൺകുട്ടികൾ പിതാവിന്റെ വാദങ്ങളെ പരാജയപ്പെടുത്തി. അവരുടെ പിതാവ് വളരെ പഠിച്ചയാളാണെങ്കിലും, ഒരു ദുരഭിമാനിയായിരുന്ന അയാൾ തോൽവി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ അദ്ദേഹം പട്ടണത്തിലെ ഏറ്റവും വലിയ പണ്ഡിതനായ ഗംഗാ നാരായണ ചക്രവർത്തിയെ ആ യുവാക്കൾക്ക് സമീപം അയച്ചു .


ഗംഗ- നാരായണ ചക്രവർത്തി


തങ്ങളുടെ ആത്മീയ ഗുരുക്കളെ ഉപേക്ഷിക്കാനായി ആൺകുട്ടികളെ ഗംഗ-നാരായണ ചക്രവർത്തി ശ്രമിച്ചു. അദ്ദേഹം പറഞ്ഞു, "ബ്രാഹ്മണരെന്ന നിലയിൽ നിങ്ങൾക്ക് ഒരു ശൂദ്രനിൽ നിന്ന് ദീക്ഷ സ്വീകരിക്കാൻ കഴിയില്ല." രണ്ട് ആൺകുട്ടികളും ക്ഷമയോടെ ശ്രദ്ധിച്ചു, പണ്ഡിതന്റെ വാദങ്ങർ പൂർത്തിയാക്കിയപ്പോൾ അവരിലൊരാൾ മറുപടി പറഞ്ഞു, "ബ്രാഹ്മണൻ ശൂദ്രൻ എന്നതെല്ലാം  ശരീരത്തോടുള്ള ബന്ധത്തിൽ മാത്രമാണ്. ആത്മാവിന്റെ യഥാർത്ഥ സ്വരൂപവും ധർമ്മവും പരമ ദിവ്യോത്തമ പുരുഷനായ  കൃഷ്ണന് സ്നേഹപൂർവ്വമായ സേവനം ചെയ്യുക എന്നതാണ്.


ഇതാണ് സനാതന ധർമ്മം, ശാശ്വത ധർമ്മം, ഇത് മനുഷ്യ ജീവിതത്തെ ഉദ്ദേശിച്ചുള്ളതാണ്. വർണ്ണ സമ്പ്രദായം സമൂഹത്തെ ചിട്ടപ്പെടുത്താനും അത് ആത്മീയ പ്രാരംഭവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. "ഈ വാക്കുകൾ കേട്ടപ്പോൾ ഗംഗ-നാരായണന്റെ ഹൃദയം മൃദുവായി. ആൺകുട്ടികൾക്ക് ആത്മീയ കാര്യങ്ങളിൽ ഇത്ര ആഴത്തിലുള്ള ധാരണയുണ്ടെന്ന് കണ്ട് അയാൾ അത്ഭുതപ്പെട്ടു. പണ്ഡിതന്റെ സ്വാഭാവിക കൃഷ്ണാവബോധം അവരുടെ സഹവാസത്താൽ ഉണർന്നിരുന്നു, അദ്ദേഹംതാഴ്മയോടെ അവരുടെ ഗുരുവായ ശ്രീല നരോത്തമ ദാസ് താക്കൂറിനെ സമീപിച്ച് ദീക്ഷ സ്വീകരിച്ചു.


അസൂയയുള്ള പിതാവ്


ജില്ലയിലെ ഏറ്റവും വലിയ പണ്ഡിതനായ ഗംഗ- നാരായണ ചക്രവർത്തി നരോത്തമിൽ നിന്ന് ദീക്ഷ സ്വീകരിച്ചുവെന്ന് ആൺകുട്ടികളുടെ പിതാവ് കേട്ടപ്പോൾ കോപാകുലനായി. നരോത്തം ചില മാന്ത്രിക വിദ്യകൾ ചെയ്തുവെന്നും തന്റെ ശിഷ്യന്മാരെ വശീകൃതരാക്കിയതാണെന്നും അയാൾക്ക് ഉറപ്പുണ്ടായിരുന്നു.


നരോത്തമിന്റെ പിതാവ് പ്രാദേശിക ഭരണാധികാരിയാണെങ്കിലും, അദ്ദേഹം കൂടുതൽ ശക്തനായ രാജ നരസിംഗ എന്ന രാജാവിന് കീഴിലായിരുന്നു. കുട്ടികളുടെ പിതാവ് അദ്ദേഹത്തെ സന്ദർശിക്കാൻ തീരുമാനിച്ചു. രാജാവിന്റെ കൊട്ടാരത്തിന്റെ സ്വകാര്യതയിൽ അദ്ദേഹം പ്രഖ്യാപിച്ചു, "നരോത്തമൻ വളരെ ധിക്കാരിയാണ്, അവൻ ശൂദ്രനാണെങ്കിലും ബ്രാഹ്മണർക്ക് ദീക്ഷ നൽകാൻ ധൈര്യപ്പെടുന്നു." ഈ നരോത്തമൻ കാളിയുടെ  പ്രതിനിധിയാണെന്ന് അദ്ദേഹം രാജാവിനോട് പറഞ്ഞു. രാജ നരസിംഗ ഈ വിഷയം വളരെ ഗൗരവമായി എടുക്കുകയും, ഭാരതത്തിലെമ്പാടുമുള്ള ഏറ്റവും പ്രഗത്ഭനായ പണ്ഡിതയായ രൂപ- നാരായണനെ വിളിച്ചു വരുത്തി. അറിവിന്റെയും പഠനത്തിന്റെയും യുദ്ധത്തിൽ നരോത്തമത്തെ തോൽപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ബീഹാറിലെ മിഥിലയിൽ നിന്ന് വന്നത്.


പദ്ധതി


രാജാവിന്റെയും പണ്ഡിതന്റെയും നേതൃത്വത്തിലുള്ള സംഘം പോകുന്നുവെന്ന് കേട്ടപ്പോൾ ഗംഗ- നാരായണനും രാമചന്ദ്രനും വ്യാകുലരായി. "ഈ ആളുകൾ ഞങ്ങളുടെ ആത്മീയ ഗുരുവിനെ ശല്യപ്പെടുത്താൻ മാത്രമാണ് വരുന്നത്," അവർ വിചാരിച്ചു. സംഘം കടന്നുപോകുമെന്ന് അവർക്കറിയാവുന്ന ചെറിയ ഗ്രാമത്തിലെ ഒരു സ്ഥലത്ത് രണ്ട് കടകൾ നിർമ്മിച്ച് അവരെ തടയാൻ പദ്ധതിയിട്ടു. ഒരു കടയിൽ ഗംഗ നാരായണൻ മൺപാത്രങ്ങൾ വിറ്റു, മറ്റേതിൽ രാമചന്ദ്രൻ വെറ്റിലയും അടയ്ക്കയും വിറ്റു.


ഈ ഇനങ്ങൾക്കായി യാത്രക്കാർ അവരുടെ അടുത്തെത്തുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. സംഘം ഗ്രാമത്തിലെത്തിയപ്പോൾ പണ്ഡിതന്റെ സഹായികൾ മൺപാത്രങ്ങൾ വാങ്ങാൻ വന്നു. കടയുടമ തികഞ്ഞ സംസ്കൃതം സംസാരിക്കുന്നതായി കണ്ടപ്പോൾ അവർ വളരെ ആശ്ചര്യപ്പെട്ടു. സ്വയമേവ, അവർ തത്ത്വ ചിന്തയെക്കുറിച്ചുള്ള ഒരു ചർച്ച ആരംഭിച്ചു, തുടർന്നുള്ള ശക്തമായ സംഭാഷണത്തിൽ കടയുടമ അവരെ തോൽപ്പിച്ചു. അടുത്തതായി അവർ വെറ്റില കടയിലേക്ക് പോയി, അവിടെയും അതുതന്നെ സംഭവിച്ചു.


പണ്ഡിതന്റെ പരാജയം


സംസ്കൃതം സംസാരിക്കുന്ന കടയുടമകൾ തന്റെ സഹായികളെ പരാജയപ്പെടുത്തിയെന്ന് പണ്ഡിതൻ കേട്ടപ്പോൾ കൗതുകമായി. "ആരാണ് ഈ ആളുകൾ?" അവൻ വിചാരിച്ചു. കടയുടമകളുമായി തന്നെ ചർച്ച ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ സഹായികളെപ്പോലെ, അവനും പരാജയപ്പെട്ടു. ഇതിനെല്ലാം സാക്ഷിയായ രാജ നരസിംഗ ചിന്തിച്ചു, "തികഞ്ഞ സംസ്കൃതം സംസാരിക്കുകയും ഭാരതത്തിലെ ഏറ്റവും വലിയ പണ്ഡിതന്മാരെ പരാജയപ്പെടുത്തുകയും ചെയ്യുന്ന ഈ കടയുടമകൾ ആരാണ്?"


വളരെ ബഹുമാനത്തോടെ അദ്ദേഹം ഓരോ കടയുടമയോടും ചോദിച്ചു, " ശ്രീമാൻ, നിങ്ങളുടെ അറിവ് എവിടെ നിന്ന് ലഭിച്ചു?" ഓരോ കടയുടമയും മറുപടി പറഞ്ഞു, "രാജാവേ, ഞങ്ങളുടെ അറിവ് നമ്മുടെ ആത്മീയ ഗുരുവിന്റെ കാരുണ്യം കൊണ്ടാണ്." "അത് ആരാണ്?" രാജാവ് ചോദിച്ചു. "ശ്രീല നരോത്ത ദാസ് താക്കൂർ" എന്നായിരുന്നു മറുപടി. രാജാവ് പണ്ഡിതന്റെ നേരെ തിരിഞ്ഞു പറഞ്ഞു, "നരോത്ത ദാസ് ഠാക്കൂറിന്റെ രണ്ട് വിദ്യാർത്ഥികൾ നിങ്ങളെ ഇതിനകം തോൽപ്പിച്ചു. നിങ്ങൾ അവനെ നേരിൽ കണ്ടാൽ എന്ത് സംഭവിക്കും?"


ഒരു വൈഷ്ണവന്റെ പാദകമലങ്ങളിൽ  താൻ ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ടെന്ന് മഹാനായ പണ്ഡിതൻ മനസ്സിലാക്കി. എല്ലാ വിനയത്തോടും കൂടി അദ്ദേഹവും രാജ നരസിംഗയും നരോത്തമ ദാസ് ഠാക്കൂറിന്റെ അടുത്ത് പോയി പ്രണാമങ്ങൾ അർപ്പിച്ചു, കൃഷ്ണാവബോധത്തിലേക്ക് ദീക്ഷ സ്വീകരിച്ചു.


ചൈതന്യ മഹാപ്രഭുവിന്റെ വിഗ്രഹം കണ്ടെത്തുന്നു



ഒരിക്കൽ യാത്ര ചെയ്യുമ്പോൾ നരോത്തം ഒരു ബ്രാഹ്മണന്റെ വീട്ടിൽ ചെന്നു. ബ്രാഹ്മണൻ തന്റെ കലവറയിൽ ഒരു അപകടകാരിയായ സർപ്പത്തെക്കുറിച്ച് പറഞ്ഞു. "ആരെങ്കിലും അടുക്കുമ്പോൾ ഈ സർപ്പം ഉച്ചത്തിൽ ചീറുന്നു," അദ്ദേഹം പറഞ്ഞു. ഒന്നും മിണ്ടാതെ നരോത്തം ഉടനെ കലവറയിൽ പ്രവേശിച്ചു. ബ്രാഹ്മണനും കുടുംബവും അതിഥിയുടെ സുരക്ഷയെ ഭയപ്പെട്ടു. ചൈതന്യ മഹാപ്രഭുവിന്റെ മനോഹരമായ ഒരു വിഗ്രഹം കൈവശമാക്കി നരോത്തമ ദാസ താക്കൂർ സുരക്ഷിതമായി പുറത്തേക്കിറങ്ങുന്നത് അവർ സന്തോഷത്തോടെ കണ്ടു. അദ്ദേഹം വിശദീകരിച്ചു, "സർപ്പം വിഗ്രഹത്തെ കാത്തുസൂക്ഷിക്കുകയായിരുന്നു."


അവസാന ദിവസങ്ങൾ



ശ്രീല നരോത്തമ താക്കുർ, ശ്രീ ഗൗരാംഗന്റെയും നിത്യാനന്ദയുടെയും മഹത്വം പാടുന്നതിൽ നിരന്തരം മുഴുകിയിരുന്നു. ദിനംപ്രതി അനേകം നിരീശ്വരവാദികൾ, അജ്ഞേയവാദികൾ, കുറ്റവാളികൾ, ശിവാരാധകർ, ദുർഗയുടെ അനുയായികൾ, യുക്തിവാദികൾ, ഊഹാപോഹികൾ, കർമ്മികൾ എന്നിവർ പാദകമലങ്ങളുടെ സ്പർശനം കൊണ്ട് ശുദ്ധീകരിക്കപ്പെട്ടു. നരോത്തമ ദാസ താക്കൂറരുടെ അനുഗ്രഹം വാങ്ങി രാമചന്ദ്ര കവിരാജൻ.ശ്രീ വൃന്ദാവൻ ധാമത്തിലേക്ക് പോയി. അവിടെ ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹം ശ്രീ രാധാ ഗോവിന്ദിന്റെ   നിത്യ ലീലയിൽ പ്രവേശിച്ചു.


വളരെ അസഹനീയവുമായ ഈ വാർത്ത ശ്രീനിവാസ് ആചാര്യർ കേട്ടപ്പോൾ,  തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ വേർപാട് സഹിക്കാനാകാതെ, അദ്ദേഹവും ഈ ഭൂമിയിൽ നിന്ന് തിരോഭവിച്ച്, രാധാ ഗോവിന്ദിന്റെ   നിത്യ ലീലയിൽ പ്രവേശിച്ചു.


ഈ ഭയാനകമായ വാർത്തകൾ കേട്ടപ്പോൾ, ശ്രീല നരോത്തമർ.വേർപാടിന്റെ ദുഃഖത്തിൽ മുങ്ങി. ആ പ്രാണസങ്കടത്തിൽ അദ്ദേഹം "ജേ അനിലോ പ്രേമധന" എന്ന ഗാനം എഴുതി. വേർപിരിയലിന്റെ ദുഃഖം സഹിക്കാൻ കഴിയാതെ ശ്രീല നരോത്തം താക്കുർ ഗംഭിലയ എന്ന ഗ്രാമത്തിലെ ഗംഗയുടെ തീരത്തിനടുത്ത് പോയി മഹാപ്രഭുവിന്റെ ക്ഷേത്രത്തിൽ പ്രവേശിച്ചു.


ഭക്തരോട് കീർത്തനം നടത്താൻ നരോത്തം ഉത്തരവിട്ടു. ഭക്തർ സങ്കീർത്തനം തുടങ്ങി. സങ്കീർത്തനത്തിനു ശേഷം നരോത്തം താക്കുര നദിയുടെ അരികിലേക്ക് പോയി, കണ്ണീരോടെ ഗംഗയുടെ ദർശനം നടത്തി, വീണ്ടും വീണ്ടും പ്രണാമം അർപ്പിച്ച് അദ്ദേഹം ഗംഗാജലത്തിൽ പ്രവേശിച്ചു. വെള്ളത്തിൽ അൽപദൂരം നടന്നതിനുശേഷം, എല്ലാ ഭക്തരോടും സങ്കീർത്തനത്തിലെ വിശുദ്ധ നാമത്തിന്റെ ഉച്ചത്തിലുള്ള ജപത്തോടെ നാലു ദിക്കുകളും നിറയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ആ സമയത്ത്, ശ്രീരാമകൃഷ്ണ ആചാര്യരും ശ്രീ ഗംഗനാരായണ ചക്രവർത്തിയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന്  കീർത്തനങ്ങൾ ആരംഭിച്ചു.


ഇതിന്റെയെല്ലാം ഇടയിൽ അദ്ദേഹം അവരോട് രണ്ടുപേരോടും പറഞ്ഞു, "ഗംഗാജലം എന്റെ ശരീരത്തിൽ ഒഴിക്കുക." എല്ലാവരും സങ്കീർത്തനത്തിന്റെ തിരമാലകളിൽ ആറാടി. കീർത്തനം മുന്നോട്ട് പോകുമ്പോൾ, അവർ ശ്രീ നരോത്തമ താക്കുറരുടെ ദേഹത്തേക്ക് ഗംഗാജലം ഒഴിക്കാൻ തയ്യാറായി. ആ നിമിഷം, നാമ സങ്കീർത്തനത്തിൽ ലയിച്ച ശ്രീല നരോത്തമ ദാസ് താക്കുർ ക്രമേണ വെള്ള നിറത്തിലുള്ള ക്ഷീര പദാർത്ഥമായി മാറി. ഈ രീതിയിൽ, അദ്ദേഹത്തിന്റെ ശരീരം മുഴുവൻ ക്രമേണ നദിയിലെ വെള്ളത്തിൽ ലയിച്ച് ഇല്ലാതെയായി. ഗംഗാ നാരായണൻ ഈ പാല് പോലെയുള്ള ദ്രവ്യം ഒരു പാത്രത്തിൽ  നിറച്ച് തന്റെ വീടിനടുത്തുള്ള ഒരു പുണ്യസ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം തന്റെ പ്രിയപ്പെട്ട ഗുരുവിന് മനോഹരമായ ഒരു സമാധി നിർമ്മിച്ചു.


അദ്ദേഹത്തിന്റെ തിരോധാന ദിനം കാർത്തിക മാസത്തിലെ കൃഷ്ണ പഞ്ചമി ദിനത്തിലാണ് ആഘോഷിക്കുന്നത്.


വളരെ പ്രശസ്തമായ നിരവധി വൈഷ്ണവ ഗാനങ്ങൾ നരോത്തമ ദാസ് എഴുതി. അതിലൊന്ന്  ' ശ്രീ-ഗുരു-ചരണ-പത്മ'  എന്ന്  ആരംഭിക്കുന്നു.അതിൽ അദ്ദേഹം തന്റെ ഗുരു ലോകനാഥ ഗോസ്വാമിയെ പ്രകീർത്തിക്കുന്നു.


നരോത്തമ ദാസ് കൃഷ്ണ-ലീലയിലെ ചമ്പക-മഞ്ജരിയാണ്, അദ്ദേഹത്തിന്റെ സമാധി വൃന്ദാവനത്തിലെ രാധ- ഗോകുലാനന്ദരുടെടെ ക്ഷേത്ര അങ്കണത്തിലാണ്.



ശ്രീല നരോത്തമ ദാസ് താക്കൂർ വീജയിക്കട്ടെ !



ഹരേ കൃഷ്ണ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆




ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆




വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment