കൃഷ്ണദ്വൈപായന വ്യാസദേവന്റെ പത്മപുരാണത്തിൽനിന്നുള്ള ഈ ഗീതം നാരദ മുനിയും, ശൗനക ഋഷിയും തമ്മിലുള്ള ഒരു സംവാദത്തിൽ സത്യവ്രത മുനി അരുളിച്ചെയ്തതാണ്.
(1)
നമാമീശ്വരം സച്ചിദാനന്ദരൂപം
ലസ്ത് കുണ്ഡലം ഗോകുലേ ബ്രാജമാനം
യശോദാഭിയോലൂഖലാദ്ധാവമാനം
പരാമൃഷ്ടം അത്യന്തതോ ദ്രുത്യ ഗോപ്യാ
ശാശ്വതവും, ജ്ഞാനപൂർണ്ണവും, ആനന്ദപൂർണ്ണവുമായ രൂപത്തോടുകൂടിയവനും, സ്രാവിന്റെ ആകൃതിയിലുള്ള ചലിക്കുന്ന കുണ്ഡലങ്ങളോടുകൂടിയവനും, ദിവ്യധാമമായ ഗോകുലത്തിൽ മനോഹരമായി പ്രകാശിക്കുന്നവനുമായ ഉണ്ണികൃഷ്ണൻ, തന്റെ അമ്മ കടഞ്ഞുകൊണ്ടിരുന്ന തൈർക്കലം ഉടച്ച്, ഉറിയിൽ തൂക്കിയിരുന്ന വെണ്ണ മോഷ്ടിച്ച് കഴിച്ച കുറ്റത്താൽ അമ്മയെ ഭയന്ന് മരഉരലിൽനിന്നും വേഗത്തിൽ ഓടുകയായിരുന്നു. എന്നാൽ പിറകിൽ നിന്നും അതിവേഗം ഓടുകയായിരുന്ന യശോദാ മാതാവ് ഉണ്ണികൃഷ്ണനെ പിടികൂടി. പരമപുരുഷനായ ആ ദാമോദരന് ഞാൻ എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു!
(2)
രുദന്തം മുഹുർ നേത്രയുഗ്മം മൃജന്തം
കരാംഭോജ യുഗ്മേന സാതങ്ക നേത്രം
മുഹുഃ ശ്വാസകമ്പ ത്രിരേഖാംങ്ക കണ്ഠ
സ്ഥിതഗ്രൈവം ദാമോദരം ഭക്തിബദ്ധം
യശോദാ മാതാവിന്റെ കയ്യിലെ വടി കണ്ട് ഭയന്ന്, തന്റെ താമരയിതളുകൾപ്പോലുള്ള രണ്ട് കരങ്ങളാലും കണ്ണുകൾ തിരുമ്മി കരയുകയാണ് ഉണ്ണികൃഷ്ണൻ, കരഞ്ഞുകൊണ്ട് അതിവേഗം ശ്വാസോച്ഛാസം ചെയ്തതുകൊണ്ടിരുന്നതിനാൽ, ശംഖിന്റേതുപോലെ മൂന്ന് വരകളാൽ അലംകൃതമായ കഴുത്തിൽ അണിഞ്ഞിരുന്ന മുത്തുമാല അങ്ങുമിങ്ങും ഇളകിക്കൊണ്ടിരുന്നു. ഇപ്രകാരം, അമ്മയുടെ കയറാലല്ലാതെ, പ്രേമത്താൽ ബന്ധിക്കപ്പെട്ട ദാമോദരന് ഞാൻ എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു!
(3)
ഇതീദൃക് സ്വലീലാഭിർ ആനന്ദകുണ്ഡേ
സ്വഘോഷം നിമജ്ജന്തം ആഖ്യാപയന്തം
തദീയേഷിതജ്ഞേഷു ഭക്തൈർ ജിതത്വം
പുനഃ പ്രേമതസ്തം ശതാവൃത്തി വന്ദേ
ഇപ്രകാരമുള്ള ബാല്യലീലകളാൽ ഉണ്ണികൃഷ്ണൻ ഗോകുല വാസികളെ പരമാനന്ദത്തിൽ ആറാടിക്കുന്നു. ഭയം, ആദരവ് ഇവയ്ക്കെല്ലാം ഉപരിയായ പരിശുദ്ധ പ്രേമഭക്തി ഉള്ളവർക്കു മാത്രമേ ഭഗവാനെ കീഴടക്കാനാകൂ എന്ന്, ഭഗവാൻ തന്റെ ജ്ഞാനത്തിൽ മുഴുകിയ ഭക്തന്മാർക്ക് വെളിവാക്കിക്കൊടുക്കുന്നു. അതിയായ പ്രേമത്തോടെ ഞാൻ വീണ്ടും ദാമോദരന് നൂറുകണക്കിന് പ്രണാമങ്ങൾ അർപ്പിക്കുന്നു!
(4)
വരം ദേവ മോക്ഷം ന മോക്ഷാവധിം വാ
ന ചാന്യം വൃണേഹം വരേശാദ് അപീഹ
ഇദം തേ വപുർ നാഥ ഗോപാല ബാലം
സദാ മേ മനസ്യാവിരാസ്താം കിം അന്യൈഃ
അല്ലയോ ഭഗവാനേ, അങ്ങേക്ക് എല്ലാ വിധത്തിലുള്ള വരങ്ങളും നൽകാൻ കഴിവുണ്ടെങ്കിലും, ഞാൻ അങ്ങയോട് ബ്രഹ്മ സായൂജ്യമോ, വൈകുണ്ഠ പ്രാപ്തിയോ ഒന്നും തന്നെ പ്രാർത്ഥിക്കുന്നില്ല. വൃന്ദാവനത്തിലെ അങ്ങയുടെ ഈ ബാലഗോപാലരൂപം എന്റെ ഹൃദയത്തിൽ എല്ലായിപ്പോഴും ഉണ്ടാകണമേ എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ഇതല്ലാതെ, മറ്റു വരങ്ങൾക്കൊണ്ടെനിക്കെന്തു പ്രയോജനം?
(5)
ഇദം തേ മുഖാംഭോജം അത്യന്ത നീലൈർ
വൃതം കുണ്ഡലൈഃ സ്നിഗ്ദ രക്തൈശ്ച ഗോപ്യാ
മുഹുശ്ചുംബിതം ബിംബ രക്താധരം മേ
മനസ്യാവിരാസ്താം അലം ലക്ഷലാഭൈ
അല്ലയോ ഭഗവാനേ, മൃദുവായ, കറുത്ത അളകങ്ങളോടുകൂടിയ മുടിയാൽ അലംകൃതമായ അങ്ങയുടെ മുഖാംബുജം യശോദാ മാതാവിനാൽ വീണ്ടും വീണ്ടും ചുംബിക്കപ്പെടുന്നു. അങ്ങയുടെ അധരങ്ങൾ ബിംബപ്പഴം പോലെ ചുവന്നതാണ്. ഇപ്രകാരമുള്ള മനോഹരമായ അങ്ങയുടെ മുഖം എല്ലായിപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാകണമേ ! ആയിരക്കണക്കിനുള്ള മറ്റനുഗ്രഹങ്ങൾകൊണ്ടെനിക്ക് എന്ത് പ്രയോജനം?
(6)
നമോ ദേവ ദാമോദരാനന്ദവിഷ്ണോ
പ്രസീദ പ്രഭോ ദുഃഖ ജലാബ്ധി മഗ്നം
കൃപാദൃഷ്ടി വൃഷ്ട്യാതി ദീനം ബതാനു
ഗൃഹാണേശ മാം അജ്ഞം എധി അക്ഷി ദൃശ്യഃ
അല്ലയോ പരമപുരുഷനായ ഭഗവാനേ! ഞാൻ അങ്ങയെ സാദരം പ്രണമിക്കുന്നു. അല്ലയോ ദാമോദരാ, അനന്താ, വിഷ്ണു! അല്ലയോ പ്രഭോ, എന്നിൽ സംപ്രീതനായാലും! അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിഞ്ഞ്, ദുഃഖങ്ങൾ നിറഞ്ഞ സംസാരസാഗരത്തിലകപ്പെട്ട ഈ മൂഢനെ ഉദ്ധരിച്ച്, എന്റെ നേത്രങ്ങൾക്ക് ഗോചരനായാലും!
(7)
കുവേരാത്മജൗ ബദ്ധ മൂർത്ത്യെവ യദ്വത്
ത്വയാ മോചിതൗ ഭക്തി ഭാജൗ കൃതൗ ച
തഥാ പ്രേമഭക്തിം സ്വകാം മേ പ്രയച്ഛ
ന മോക്ഷേ ഗ്രഹോമേഽസ്തി ദാമോദരേഹ
അല്ലയോ ദാമോദരാ, മരഉരലിൽ ബന്ധിപ്പിക്കപ്പെട്ട അങ്ങയുടെ ബാലരൂപത്തിൽ അങ്ങ് കുബേരപുത്രന്മാരായ നളകൂബരനേയും, മണിഗ്രീവനേയും നാരദ മുനിയുടെ ശാപത്തിൽ നിന്നും മോചിപ്പിച്ച് പരിശുദ്ധ ഭക്തരാക്കിമാറ്റി. അതുപോലെ, ദയവായി എനിക്കും അങ്ങയുടെ പ്രേമഭക്തി നൽകിയാലും! മറ്റൊരു മുക്തിയിലും എനിക്ക് യാതൊരാഗ്രഹവുമില്ല.
(8)
നമസ്തേസ്തു ദാമ്നേ സ്ഫുരദ് ദീപ്തി ധാമ്നേ
ത്വദീയോദരായാഥ വിശ്വസ്യ ധാമ്നേ
നമോ രാധികായൈ ത്വദീയ പ്രിയായൈ
നമോ അനന്ത ലീലായ ദേവായ തുഭ്യം
അല്ലയോ ദാമോദരാ, ഞാൻ അങ്ങയുടെ ഉദരത്തിൽ ബന്ധിച്ചിരിക്കുന്ന അത്യുജ്ജ്വല ശോഭയോടുകൂടിയ കയറിന് പ്രണാമങ്ങൾ അർപ്പിക്കുന്നു! സമസ്ത പ്രപഞ്ചങ്ങളുടേയും ഇരിപ്പിടമായ അങ്ങയുടെ ഉദരത്തിനും എന്റെ പ്രണാമങ്ങൾ അർപ്പിക്കുന്നു. അങ്ങയുടെ ഏറ്റവും മികച്ച പ്രേമഭാജനമായ ശ്രീമതി രാധാറാണിക്കും ഞാൻ പ്രണാമങ്ങൾ അർപ്പിക്കുന്നു! അനന്തങ്ങളായ ലീലകളാടുന്ന പരമപുരുഷനായ അങ്ങേക്കും ഞാൻ സാഷ്ടാംഗ പ്രണാമങ്ങൾ അർപ്പിക്കുന്നു!
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment