പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ മായാശക്തി ഈ ഭൗതീക ലോകത്തിലെ ബദ്ധാത്മാവുകളിൽ മാത്രമല്ല, ഈ ഭൗതികലോകത്തിൽ വ്യവസ്ഥാപിതമായ അവസ്ഥ സാക്ഷാത്കരിച്ചറിയുന്ന ഉന്നത ജ്ഞാനികളായ പണ്ഡിതന്മാരിലും ചിലപ്പോൾ പ്രവർത്തിക്കുന്നു. "ഞാൻ ഈ ശരീരമാണെന്നും ഈ ശരീരവുമായി ബന്ധപ്പെട്ടതെല്ലാം എന്റേതാണെന്നും' (അഹം മമേതി) ചിന്തിക്കുന്ന ഒരുവൻ മായയിൽ ആകും. ഭൗതികശക്തി മൂലമുണ്ടാകുന്ന ഈ മായ പ്രത്യേകിച്ചും പ്രവർത്തിക്കുന്നത് ബദ്ധാത്മാവുകളിലാണെങ്കിലും, ചിലപ്പോഴത് മുക്താത്മാവുകളിലും പ്രവർത്തിക്കുന്നു. മുക്തനായ ഒരു വ്യക്തി ഈ ഭൗതികലോകത്തെക്കറിച്ച് പര്യാപ്തമായ ജ്ഞാനമുള്ളവനും അതുമൂലം ജീവിതത്തിന്റെ ശരീരസങ്കൽപത്തോട് ആകർഷണമില്ലാത്തവനുമായിരിക്കും. പക്ഷേ ഭൗതിക - പ്രകൃതിയുടെ ഗുണങ്ങളുമായുളള ദീർഘകാലത്തെ ഇടപഴകൽ നിമിത്തവും, സ്വന്തം അതീന്ദ്രിയ പദവിയിലുളള അശ്രദ്ധ നിമിത്തവും മുക്താത്മാക്കളും ചിലപ്പോൾ മായാശക്തിയാൽ വശീകരിക്കപ്പെടുന്നു. അതിനാൽ കൃഷ്ണഭഗവാൻ ഭഗവദ്ഗീത(7:14)യിൽ പറയുന്നു, മാം ഏവ യേ പ്രപത്യന്തേ മായാം ഏതാം തരന്തി തേ “എന്നെ ശരണം പ്രാപിക്കുന്നവർക്കു മാത്രമേ മായാശക്തിയുടെ സ്വാധീനത്തെ അതിജീവിക്കാൻ കഴിയുകയുള്ളൂ.” അതുകൊണ്ട് ഒരുവനും താൻ മായയുടെ സ്വാധീന സ്പർശമേൽക്കാത്ത സ്വത്രന്താത്മാവാണെന്ന് സ്വയം ചിന്തിക്കരുത്. ഓരോരുത്തരും ധാർമിക തത്ത്വങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ജാഗ്രതയോടെ ഭക്തിയുതസേവനം നിർവഹിക്കണം. അങ്ങനെയായാൽ അവൻ ഭഗവാന്റെ പങ്കജപാദങ്ങളിൽ സുദൃഢനായി നിലകൊളളും. അല്ലാത്തപക്ഷം ചെറിയ അശ്രദ്ധ പോലും കുഴപ്പങ്ങൾ സൃഷ്ടിക്കും. ഭരത മഹാരാജാവിന്റെ അനുഭവത്തിലൂടെ നാം ഇതിന് നല്ലൊരുദാഹരണം കണ്ടു. ഭരത മഹാരാജാവ് ഒരു മഹാഭക്തനായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.പക്ഷേ ഒരു മാൻകിടാവിലേക്ക് ചെറുതായി ശ്രദ്ധ തിരിച്ചതിനാൽ അദ്ദേഹത്തിന് രണ്ടു ജന്മങ്ങളിൽ കൂടി ക്ലേശിക്കേണ്ടി വന്നു. ഒരു ജന്മത്തിൽ ഒരു മാനായും അടുത്തതിൽ ജഡഭരതബ്രാഹ്മണനായും. അനന്തരം അവൻ മുക്തനാവുകയും ഭഗവദ്ധാമത്തിലേക്ക്, ഭഗവാനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
No comments:
Post a Comment