Home

Sunday, December 19, 2021

പ്രചോദനം ലഭിക്കുവാൻ



നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രചോദനം ലഭിക്കുവാൻ


***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 18 / ശ്ലോകം 48

*************************************************


സഹജം കർമ കൗന്തേയ സദോഷമപി ന ത്യജേത്

സർവാരംഭാ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ


   


    ഹേ കൗന്തേയാ ! അഗ്നി പുകയാൽ മൂടപ്പെട്ടിരിക്കുന്നതു പോലെ എല്ലാ ഉദ്യമങ്ങളും ഏതെങ്കിലും ദോഷത്താൽ മൂടപ്പെട്ടിരിക്കും. അതു കൊണ്ട് തനിക്ക് സ്വാഭാവികമായ കർമ്മം, അത് ദോഷങ്ങൾ നിറഞ്ഞതായാൽപ്പോലും, ഉപേക്ഷിക്കാവുന്നതല്ല.


    ബദ്ധജീവിതത്തിൽ ഏതു കർമ്മവും ത്രിഗുണങ്ങളാൽ ദൂഷിതമാവുന്നു. ബ്രാഹ്മണനുപോലും ജന്തുവധം ആവശ്യമായ യജ്ഞങ്ങളനുഷ്ഠിക്കേണ്ടി വരും. ക്ഷത്രിയനാകട്ടെ, എത്ര ഗുണവാനായാലും ശത്രുക്കളോട് പൊരുതേണ്ടി വരും. അയാൾക്ക് അതിൽ നിന്നൊഴിയാനാവില്ല. അതുപോലെ, ഒരു വ്യാപാരി, അയാൾ എത്ര ഗുണവാനായാലും ചിലപ്പോൾ തന്റെ തൊഴിൽ നിലനിർത്തുവാനായി ആദായം രഹസ്യമായി വയ്ക്കേണ്ടതുണ്ട്. ചിലപ്പോൾ കരിഞ്ചന്ത നടത്തേണ്ടതായും വന്നേക്കാം. ഇതെല്ലാം ഒഴിച്ചുകൂടാത്തവയാണ്. ശൂദ്രനും ദുഷ്ടനുമായ ഒരു യജമാനനെയാണ് സേവിക്കുന്നതെങ്കിൽ അയാളുടെ ആജ്ഞ യനുസരിച്ച് ചെയ്യരുതാത്ത പ്രവൃത്തിചെയ്യേണ്ടി വരും. ഇത്തരം വിഷമതകളുണ്ടായാലും താന്താങ്ങളുടെ നിർദ്ദിഷ്ടകർമ്മങ്ങളെ സ്വഭാവങ്ങളാകയാൽ നാല് കൂട്ടരും നിറവേറ്റുകതന്നെ വേണം.


       ഒരു നല്ല ഉദാഹരണമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അഗ്നി പരിശുദ്ധമാണ്. എങ്കിലും അതിന് പുകയുണ്ട്. ആ പുക അഗ്നിയെ മലിനമാക്കുന്നില്ല. പുകയുണ്ടെങ്കിൽക്കൂടി പഞ്ചഭൂതങ്ങളിൽവെച്ച് വിശുദ്ധിയേറിയതാണ് അഗ്നി. ഒരു ക്ഷതിയന് തന്റേതായ പ്രവൃത്തിയുപേക്ഷിച്ച് ബ്രാഹ്മണന്റേതായ കർമ്മം സ്വീകരിക്കാമെന്നു വച്ചാൽ ആ നിലയിലും മനസ്സിനിഷ്ടപ്പെടാത്ത പ്രവൃത്തികൾ ചെയ്യേണ്ടിവരില്ലെന്ന് ഉറപ്പില്ല. അപ്പോൾ പ്രപഞ്ചത്തിൽ ഭൗതികപ്രകൃതിയുടെ മാലിന്യത്തിൽ നിന്ന് തികച്ചും ഒഴിഞ്ഞു നിൽക്കാൻ ആർക്കും സാദ്ധ്യമല്ലെന്ന നിഗമനത്തിലെത്താം. അഗ്നിയും പുകയും തന്നെ ഇവിടെ അനുയോജ്യമായ ഒരുദാഹരണം. മഞ്ഞുകാലത്ത് തീയിൽ നിന്ന് ഒരു കരിക്കട്ട എടുത്തു നീക്കുമ്പോൾ കണ്ണിലും മൂക്കിലും പുക കടന്നു വിഷമിപ്പിച്ചു എന്നു വരാം. ഇങ്ങനെ കുഴപ്പങ്ങളുണ്ടായാലും തീ ഉപയോഗിക്കുന്ന പതിവ് തുടരുകയേ നിവൃത്തിയുള്ളൂ. മനുഷ്യനു വിധിക്കപ്പെട്ടിട്ടുള്ള കർമ്മത്തിന്റെ കാര്യത്തിലും ഇതാണ് ശരി, ചില ബുദ്ധിമുട്ടുകൾക്കിടയുണ്ടെങ്കിലും സ്വകർമ്മം ത്യജിച്ചുകൂടാ. കൃഷ്ണാവബോധത്തോടെ തന്റെ പ്രവൃത്തി കൊണ്ട് ഭഗവത്സേവനംചെയ്യാൻ നിശ്ചയിക്കുകയാണ് വേണ്ടത്. അതാണ് പരിപൂർണ്ണത. ഏതൊരു കർമ്മവും പരമ പുരുഷന്റെ സംതൃപ്തിക്കായ്ക്കൊണ്ട് അനുഷ്ഠിക്കപ്പെടുമ്പോൾ അതിന്റെ ദോഷ വശങ്ങൾ നീങ്ങി വിശുദ്ധമാകുന്നു. ഭക്തിഭരിതമായ സേവനത്തോടു ബന്ധപ്പെട്ട് കർമ്മഫലങ്ങൾ വിശുദ്ധീകരിക്കപ്പെട്ടാൽ അന്തരാത്മാവിനെ ദർശിക്കാൻ വേണ്ടുന്ന പരിപൂർണ്ണത ഒരാൾക്ക് ലഭിക്കും. അതാണ് ആത്മസാക്ഷാത്ക്കാരം.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment