🍁🍁🍁🍁🍁🍁🍁
ശ്രീമദ് ഭാഗവതത്തിൽ (6.1.9-10) പരീക്ഷിത്തു മഹാരാജാവ് ശുകദേവ ഗോസ്വാമിയോട് ബുദ്ധിപൂർവ്വകങ്ങളായ ഒട്ടു വളരെ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അവയിൽ ഒരു ചോദ്യം ഇതായിരുന്നു: “ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുവാൻ കഴിയുകയില്ലെങ്കിൽ ജനങ്ങൾ എന്തിനാണു പിന്നെ പ്രായശ്ചിത്തങ്ങൾ ചെയ്യുന്നത്?”. ഇവിടെ ഒരു ദൃഷ്ടാന്തം പറയാം. മോഷണത്തിന് താൻ ശിക്ഷിക്കപ്പെടുമെന്ന് കള്ളന് അറിയാം. മറ്റൊരു കള്ളനെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് അവൻ നേരിട്ടു കണ്ടിരിക്കുകയും ചെയ്യും. എന്നാലും അവൻ ചൗര്യം തുടരുന്നു. കണ്ടും കേട്ടുമാണ് അനുഭവങ്ങൾ ശേഖരിക്കപ്പെടുന്നത്. മന്ദബുദ്ധികൾ നേരിട്ടു കണ്ടാൽ മാത്രം അനുഭവസ്ഥരായിത്തീരുന്നു. എന്നാൽ കൂടുതൽ ബുദ്ധിയുള്ളവന് കേൾവികൊണ്ടു തന്നെ അനുഭവസമ്പന്നനായിത്തീരാം.നിയമഗ്രന്ഥങ്ങളിൽ നിന്നും ശാസ്ത്രങ്ങളിൽ നിന്നും ചൗര്യം നല്ലതല്ലെന്നും, അറസ്റ്റു ചെയ്യപ്പെട്ട ചോരൻ ശിക്ഷിക്കപ്പെടുമെന്നും വായിച്ചു കേട്ടു മനസ്സിലാക്കിയാൽ അവൻ മോഷണത്തിൽ നിന്നു നിശ്ചയമായും പിന്മാറി നില്ക്കും. ബുദ്ധി കുറഞ്ഞവൻ മോഷണം നിറുത്തണമെങ്കിൽ ആദ്യം അറസ്റ്റു ചെയ്തു ശിക്ഷിക്കപ്പെടുകതന്നെ വേണം. എന്നാൽ മൂഢനും നീചനുമായ ഒരുവനാകട്ടെ കണ്ടും കേട്ടുമുണ്ടാകുന്ന അനുഭവങ്ങൾക്കു പുറമേ ശിക്ഷിക്കപ്പെട്ടാൽപ്പോലും ചോരണം തുടർന്നു നടത്തുന്നു. ഇത്തരത്തിലുള്ളവൻ പ്രായശ്ചിത്തത്തെത്തുടർന്നു സർക്കാർ നല്കുന്ന ശിക്ഷ അനുഭവിച്ചു കഴിഞ്ഞാലും ജയിലിനകത്തു നിന്നു പുറത്തേക്കു വരേണ്ട താമസം, വീണ്ടും കളവു നടത്താതിരിക്കുകയില്ല. ജയിലിന്നകത്തു ശിക്ഷിക്കപ്പെടുന്നത് ദോഷപ്രായശ്ചിത്തമാണെങ്കിൽ അങ്ങനെ ഒരു പ്രായശ്ചിത്തം കൊണ്ട് ഇവന് എന്താണു പ്രയോജനം? അതു കൊണ്ടാണ് പരീക്ഷിത്തു മഹാരാജാവ് ഇങ്ങനെ ചോദിച്ചത്:
ദൃഷ്ടശ്രുതാഭ്യാം യത് പാപം
ജാനന്നപ്യാത്മനോ f ഹിതം
കരോതി ഭൂയോ വിവശാ
പ്രായശ്ചിത്തമഥോ കഥം.
ക്വചിന്നിവർത്തതേ f ഭദ്രാത്
ക്വചിച്ചരതി തത് പുനഃ
പ്രായശ്ചിത്തമഥോ f പാർഥം
മന്യേ കുഞ്ജരശൗചവത്.
പ്രായശ്ചിത്തത്തെ പരീക്ഷിത്ത് ഗജ സ്നാനത്തോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. ആന പുഴയിൽ വളരെ വെടിപ്പായി കുളിക്കും. പക്ഷേ കരയിലേക്കു കയറേണ്ട താമസം, അത് മണ്ണു വാരി തന്റെ ശരീരത്തിലേക്ക് ഇടുകയും ചെയ്യും. അപ്പോൾ ആ കുളിക്കു പിന്നെ എന്തു വിലയാണുള്ളത്. അതു പോലെ ഹരേ കൃഷ്ണ മഹാമന്ത്രം കാര്യമായി ജപിക്കുകയും, ജപം സർവ്വ പാപങ്ങളെയും നശിപ്പിക്കുമെന്നു വിചാരിച്ച് അവിഹിതങ്ങളായ ഒട്ടുവളരെ സംഗതികൾ പ്രവർത്തിക്കുകയും ചെയ്യുന്ന സാധകന്മാർ എത്രയോ ഉണ്ട്. പത്തു തരം പാപങ്ങളിൽ വച്ച് ഭഗവന്നാമങ്ങൾ ജപിച്ചുകൊണ്ടിരിക്കുമ്പോൾ ചെയ്യാവുന്ന പാപങ്ങളെ നാമനോ ബലാദ്യസ്യ ഹി പാപബുദ്ധി എന്ന വാക്യമനുസരിച്ച്, “ഹരേ കൃഷ്ണ മഹാമന്ത്ര ബലത്തിന്മേൽ ചെയ്യുന്ന പാപ്രപ്രവർത്തനങ്ങൾ” എന്നു പറയാം. ഇതുപോലെ ചില ക്രിസ്ത്യാനികളുണ്ട്.അവർ തങ്ങളുടെ പാപങ്ങൾ ഏറ്റു പറയുവാൻ വേണ്ടി പള്ളിയിൽ പോകുന്നു. പുരോഹിതന്റെ മുമ്പിൽ പാപങ്ങൾ ഏറ്റു പറയുന്നതു കൊണ്ടും ചില വ്രതങ്ങൾ അനുഷ്ഠിക്കുന്നതു കൊണ്ടും പ്രതിവാര പാപകർമ്മഫലങ്ങളിൽ നിന്നു മോചനം ലഭിക്കുമെന്നാണ് ഇക്കൂട്ടരുടെ വിചാരം. ശനിയാഴ്ച കഴിഞ്ഞ് ഞായറാഴ്ചആകുന്നതോടുകൂടി അവർ തങ്ങളുടെ ദുഷ്പ്രവർത്തനങ്ങൾ പുനരാരം ഭിക്കുകയായി- അടുത്ത ശനിയാഴ്ച അവയെല്ലാം ക്ഷമിക്കപ്പെടുമെന്നുള്ള പ്രതീക്ഷയോടെ. അക്കാലത്തെ ഏറ്റവും ബുദ്ധിമാനായ രാജാവായിരുന്നു പരീക്ഷിത്ത്. അദ്ദേഹം ഇത്തരം പ്രായശ്ചിത്തങ്ങളെയാണ് അപലപിച്ച ത്. പരീക്ഷിത്തു മഹാരാജാവിന്റെ ആദ്ധ്യാത്മികഗുരുവാകുന്നതിനു വേണ്ട യോഗ്യതകളെല്ലാം തികഞ്ഞ ശുകദേവ ഗോസ്വാമി, രാജാവിന്റെ ചോദ്യത്തിനു ശരിയായ ഉത്തരം നല്കുകയുണ്ടായി; പശ്ചാത്താപത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ശരിയാണെന്ന് ഉറപ്പിച്ചു പ്രസ്താവിക്കുകയും ചെയ്തു. ഒരു പാപകർമ്മത്തിനു തക്കതായ പരിഹാരം ഒരു ശുഭകർമ്മമല്ല. നിദാണമായ കൃഷ്ണാവബോധത്തെ ജാഗരൂകമാക്കുകയാണ് ശരിയായ പ്രായശ്ചിത്തം.
(ഭാവാർത്ഥം / ഉപദേശാമൃതം)
🍁🍁🍁🍁🍁🍁🍁🍁
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഈ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
🍁🍁🍁🍁🍁🍁🍁🍁🍁🍁
https://suddhabhaktimalayalam.com
https://t.me/joinchat/SE9x_uS_gyO6uxCc