Home

Saturday, February 6, 2021

യാഥാസ്ഥിതികതയും ദുരഹങ്കാരവും


 

യാഥാസ്ഥിതികത


 

ഉലൂഖല ബന്ധനവും യമളാർജ്ജുന വൃക്ഷങ്ങളുടെ വിമോചനവും


ഉലൂഖല ബന്ധനവും യമളാർജ്ജുന വൃക്ഷങ്ങളുടെ വിമോചനവും


🍁🍁🍁🍁🍁🍁


ഒരു ദിവസം പണിക്കാരികളൊക്കെ ഓരോ ജോലിയിലേർപ്പെട്ടിരിക്കുന്നതിനാൽ തൈരു കടഞ്ഞ് വെണ്ണയെടുക്കുന്ന ജോലി യശോദാമാതാവ് തന്നെ ഏറ്റെടുത്തു. ആ സമയത്ത് കൃഷ്ണൻ വന്ന് മുലപ്പാലാവശ്യപ്പെട്ടു. യശോദാമാതാവ് അപ്പോൾ തന്നെ കുട്ടിക്കു മുല കൊടുത്തു. പക്ഷേ അടുപ്പത്ത് പാൽ തിളച്ചുമറിയുന്നത് കണ്ടപ്പോൾ മുലകൊടുക്കുന്നത് നിർത്തി വെച്ച് യശോദാമാതാവ് അടുപ്പിനടുത്തേയ്ക്ക് പാൽ മാറ്റിവയ്ക്കാൻ പോയി. തന്റെ പാലുകുടി തടസ്സപ്പെട്ടപ്പോൾ കൃഷ്ണനു വല്ലാതെ കോപം വന്നു. ഒരു കല്ല് എടുത്തിട്ട് തൈർ കടയുന്ന കലം ഉടച്ചിട്ട് അകത്തൊരു മുറിയിൽ ചെന്നിരുന്ന് പുത്തനായി കടഞ്ഞെടുത്ത വെണ്ണ ഉണ്ണാൻ തുടങ്ങി. പാലെടുത്തു മാറ്റിവെച്ച് മടങ്ങിവന്ന യശോദാമാതാവ് ഉടഞ്ഞ തെർക്കുടം കാണുകയും ഇത് കണ്ണന്റെ പണിയാണെന്നു മനസ്സിലാവുകയും ചെയ്തപ്പോൾ കൃഷ്ണനെ തിരക്കിച്ചെന്നു. മുറിയിൽ കടന്ന യശോദാമാതാവ് കണ്ടത് ഒരു ഉരലിന്മേൽ (ഉലൂഖലം) കൃഷ്ണൻ നിൽക്കുന്നതാണ്. ഉരൽ കീഴ്മേലാക്കി മറിച്ചിട്ട് അതിന്മേൽ കയറി ഉറിയിൽ തൂക്കിയിട്ട വെണ്ണ കട്ട് കുരങ്ങന്മാർക്കു വീതിക്കുകയായിരുന്നു കണ്ണൻ. അമ്മ വന്നതുകണ്ട് കൃഷ്ണൻ ഉടൻതന്നെ ഓടാൻ തുടങ്ങി. അമ്മ പിന്നാലെയും. അല്പസമയത്തിനുള്ളിൽ അമ്മ കണ്ണനെ പിടികൂടി. കുറ്റം ചെയ്ത കൃഷ്ണൻ കരച്ചിൽ തുടങ്ങി. ഇനിയുമിങ്ങനെ ചെയ്താൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യശോദാമാതാവ് ഇക്കുറി മകനെ കെട്ടിയിടാൻ നിശ്ചയിച്ചു. കയറുകൊ ണ്ട് ചുറ്റിയിട്ട് രണ്ടറ്റവും കൂട്ടിക്കെട്ടാൻ തുടങ്ങുമ്പോൾ രണ്ടംഗുലം നീളം കുറവ്. നീളം കൂട്ടാനായി മറ്റൊരു കയർക്കഷണം കൂട്ടിക്കെട്ടിയിട്ട് നോക്കുമ്പോൾ വീണ്ടും രണ്ടംഗുലം നീളം തികയുന്നില്ല. യശോദാമാതാവ് വീണ്ടും വീണ്ടും ശ്രമിക്കുകയും ഓരോതവണയും കയറിന് രണ്ടംഗുലം നീളം കുറവായിക്കാണുകയും ചെയ്തു. അങ്ങനെ അമ്മ തീരെ അവശയായി. പ്രിയപ്പെട്ട അമ്മയെ അവശയായിക്കണ്ടപ്പോൾ കൃഷ്ണൻ തന്നെ ബന്ധിക്കാനനുവദിച്ചു. ദയ കാരണം തന്റെ അളവില്ലാത്ത ശക്തി കൃഷ്ണൻ പ്രദർശിപ്പിച്ചില്ല. യശോദാമാതാവ് മകനെ കെട്ടിയിട്ട് വീട്ടുപണികൾക്ക് പോയപ്പോൾ കൃഷ്ണൻ രണ്ട് യമലാർജുനവൃക്ഷങ്ങളെ കണ്ടു. നാരദമുനിയുടെ ശാപത്താൽ മരങ്ങളായിത്തീർന്ന കുബേരപുത്രന്മാരായ നളകൂവരനും മണിഗ്രീവനുമായിരുന്നു അവർ. നാരദമുനിയുടെ ആഗ്രഹം നിറവേറ്റാനായി കാരുണ്യമൂർത്തിയായ കൃഷ്ണൻ ആ മരങ്ങൾക്കു നേരെ നീങ്ങാൻ തുടങ്ങി.


മഹാ ശിവഭക്തരായിരുന്നു നളകൂബരനും മണിഗ്രീവനും. പക്ഷേ ഭൗതികസമ്പത്തിന്റെ ആധിക്യം കാരണം ധൂർത്തരും ബോധഹീനരുമായി മാറിയ അവർ ഒരിക്കൽ നഗ്നരായ പെൺകുട്ടികളുമൊത്ത് ഒരു തടാകത്തിൽ ഉല്ലസിക്കുകയും, ലജ്ജയില്ലാതെ അങ്ങുമിങ്ങും നടക്കുകയും ചെയ്തു. അപ്പോൾ നാരദമുനി ആ വഴി കടന്നു പോകാനിടയായി. സമ്പത്തും മിഥ്യാഹങ്കാരവും കാരണം മത്തുപിടിച്ചിരുന്ന അവർ നാരദമുനിയുടെ സാന്നിദ്ധ്യമറിഞ്ഞിട്ടും ലജ്ജിതരായില്ലെന്നുമാത്രമല്ല, നഗ്നരായി തുടരുകയും ചെയ്തു. സമ്പത്തും മിഥ്യാഹങ്കാരവും കാരണം അവർ സാമാന്യമര്യാദപോലും മറന്നുപോയെന്നർത്ഥം. സ്വത്തും വലിയ പദവിയുമൊക്കെയുണ്ടാകുമ്പോൾ സാമാന്യമര്യാദകൾ മറക്കുകയും നാരദമുനിയെപ്പോലുള്ള മഹാ മുനിമാരെപ്പോലും വകവയ്ക്കാതിരിക്കുകയും ചെയ്യുക എന്നതൊക്കെ ഭൗതികഗുണങ്ങളുടെ സ്വഭാവമാണ്. ഇത്തരം ബോധഹീനർക്ക് (അഹങ്കാര വി മൂഢാത്മാ), പ്രത്യേകിച്ചും ഭക്തരെ അവഗണിക്കുന്നവർക്ക് ശരിയായ ശിക്ഷ വീണ്ടും ദാരിദ്ര്യബാധിതരാകുകയെന്നതാണ്. യമനിയമാദികൾ പരിശീലിപ്പിച്ച് മിഥ്യാഹങ്കാരം നിയന്ത്രിക്കുന്നതെങ്ങനെയെന്ന് വൈദികനിയമങ്ങൾ പറഞ്ഞുതരുന്നുണ്ട് (തപസാ ബ്രഹ്മചര്യേണ ശമേന ച ദമേന ച). ഭൗതികലോകത്തിൽ സമ്പന്നപദവിയുടെ അന്തസ്സ് എത്ര താത്കാലികമാണെന്ന് ഒരു ദരിദ്രനെ ബോദ്ധ്യപ്പെടുത്താൻ വളരെ എളുപ്പമാണ്. പക്ഷേ ധനികൻ അതു മനസ്സിലാക്കാൻ കൂട്ടാക്കുകയില്ല. അതിനാൽ നാരദമുനി നളകൂബരമണിഗ്രീവന്മാരെ മന്ദരും ബോധഹീനരുമായ വൃക്ഷങ്ങളാവാൻ ശപിച്ച് ഉദാഹരണം കാണിച്ചുതന്നു. ഉചിതമായ ശിക്ഷയായിരുന്നു അത്. എന്നാൽ കൃഷ്ണന്റെ കാരുണ്യം മൂലം ഭഗവാനെ നേർക്കുനേർ കാണാനാവും വിധം ഭാഗ്യം ആ ശിക്ഷയിലും അവർക്കു ലഭിച്ചു. അതിനാൽ വൈഷ്ണവർ നൽകുന്ന ശിക്ഷ ശിക്ഷയേയല്ല; അതുമൊരുതരം കാരുണ്യവർഷമാണ്. ദേവർഷി നൽകിയ ശാപം മൂലം നളകൂബരമണിഗ്രീവന്മാർ രണ്ട് യമളാർജുനവൃക്ഷങ്ങളായി കൃഷ്ണനെ നേരിട്ട് കാണാനുള്ള ഭാഗ്യവും പ്രതീക്ഷിച്ച് യശോദാനന്ദഗോപന്മാരുടെ വീട്ടുമുറ്റത്ത് നില്പായി. ഭഗവാൻ കൃഷ്ണൻ ഭക്തന്റെ ആഗ്രഹമനുസരിച്ച് ഈ യമളാർജുന വൃക്ഷങ്ങളെ കടപുഴക്കി. നളകൂബരമണിഗ്രീവന്മാരെ കൃഷ്ണൻ മോചിപ്പിച്ചപ്പോൾ നൂറു ദേവവർഷങ്ങൾ കഴിഞ്ഞിരുന്നെങ്കിലും അവരുടെ പൂർവ്വബോധം ഉണരുകയും ദേവന്മാർക്കുചിതമായ രീതിയിൽ അവർ കൃഷ്ണനു സ്തുതികളർപ്പിക്കുകയും ചെയ്തു. അങ്ങനെ കൃഷ്ണനെ നേർക്കുനേർ കാണാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ നാരദമുനി എത്ര കാരുണ്യവാനായിരുന്നു എന്നവർക്ക് മനസ്സിലായി. അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുകയും കൃതജ്ഞതയർപ്പിക്കുകയും ചെയ്തു. പരമദിവ്യോത്തമപുരുഷനായ കൃഷ്ണനെ പ്രദക്ഷിണം വെച്ചിട്ട് അവർ സ്വധാമങ്ങളിലേയ്ക്ക് മടങ്ങി.


ശ്രീല ഭക്തി വിനോദ് ഠാക്കൂർ തന്റെ  ചൈതന്യ ശിക്ഷാമൃതത്തിൽ നളകൂബരമണിഗ്രീവൻമാരെ സമ്പത്തിൽ നിന്നും ആഭിജാത്യത്തിൽ നിന്നും ഉളവാകുന്ന ദുരഹങ്കാരത്തോട് ഉപമിച്ചിരിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്