Home

Sunday, February 7, 2021

ഏകാദശിയുടെ ഉത്ഭവം


 ഏകാദശിയുടെ ഉത്ഭവം

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🍁🍁🍁🍁🍁🍁🍁


സത്യയുഗത്തിൽ നദിജംഗാ എന്ന് പേരായ അതിഭയാനകനായ ഒരു അസുരൻ ജീവിച്ചിരുന്നു . അവൻ ദേവകൾക്കെല്ലാം ഒരു പേടിസ്വപ്നമായിരുന്നു . പിന്നീട് ഒരു ബ്രാഹ്മണകുടുംബത്തിൽ പുനർജനിച്ച അവന് മുരൻ എന്ന ഒരു മകൻ ജനിച്ചു . പിതാവിനൊപ്പം  ശക്തനും കുപ്രസിദ്ധനുമായ മുരാസുരൻ ചന്ദ്രാവതി എന്ന നഗരം സ്വന്തം തലസ്ഥാനമാക്കി അവിടെ വാണു വന്നു . തന്റെ ബലത്തിൽ ഊറ്റം കൊണ്ടിരുന്ന മുരാസുരൻ ഒരിക്കൽ സ്വർഗ്ഗലോകങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും , ദേവന്മാരെ അവിടെ നിന്ന് നിഷ്കാസനം ചെയ്യുകയും , സ്വർഗ്ഗലോകാധിപനായി സ്വയം അവരോധിക്കുകയും ചെയ്തു. അവൻ  ഇന്ദ്രൻ ,  അഗ്നി,  യമൻ , വായു , ചന്ദ്രൻ , വരുണൻ , സൂര്യൻ , അഷ്ടവസുക്കൾ തുടങ്ങിയവരെയെല്ലാം തോൽപ്പിച്ച് അവരെ തൻറെ നിയന്ത്രണത്തിൻ കീഴിലാക്കി .



അശരണരായ ദേവന്മാർ ദേവേന്ദ്രനോടുകൂടി ഭഗവാൻ വിഷ്ണുവിന്റെ സമക്ഷം ചെന്ന് ഭഗവാനെ പ്രാർത്ഥിക്കുവാൻ തുടങ്ങി . അവരുടെ ഹൃദയംഗമമായ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ മുരാസുരനെ വധിച്ചു ദേവൻമാരെ സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തു .  ഭഗവാൻ അരുളിച്ചെയ്തു  "അല്ലയോ ദേവേന്ദ്രാ ,  ഈ ശക്തിശാലിയായ അസുരനെ ഞാൻ സ്വയം സംഹരിക്കുന്നതായിരിക്കും . ഇപ്പോൾത്തന്നെ എല്ലാവരും അവന്റെ തലസ്ഥാനനഗരിയായ ചന്ദ്രാവതിയിലേക്ക് പുറപ്പെടുവിൻ . " അങ്ങിനെ സകല ദേവന്മാരും യുദ്ധസജ്ജരായി ചന്ദ്രാവതിയിലേക്ക് പുറപ്പെട്ടു .  അതിഭയങ്കരമായ ഒരു യുദ്ധം അവിടെ അരങ്ങേറി . അസുരന്മാരെല്ലാം പരാജയപ്പെട്ടുവെങ്കിലും മുരാസുരനെ തോൽപ്പിക്കുക എന്നത് അത്യന്തം കഠിനമായിരുന്നു . ഭക്തവത്സലനായ ഭഗവാൻ ഹരി മുരാസുരനുമായി യുദ്ധത്തിൽ ഏർപ്പെട്ടു . ആയുധങ്ങളാൽ യുദ്ധം ചെയ്തെങ്കിലും ആരും വിജയിക്കാത്തതിനാൽ ഭഗവാൻ ദ്വന്ദയുദ്ധത്തിൽ ഏർപ്പെട്ടു . അപ്രകാരം 10000 ദേവ വർഷങ്ങൾ  ആ യുദ്ധം തുടർന്നു . അവസാനം ക്ഷീണിതനായ ഭഗവാൻ വിശ്രമിക്കുവാനായി ബദരികാശ്രമത്തിലേക്ക് യാത്രയായി . അവിടെ ഹിമവതി എന്ന് പേരായ മനോഹരമായ ഒരു ഗുഹക്കുള്ളിൽ പ്രവേശിച്ചു . 



പിന്തുടർന്നുവന്ന മുരാസുരൻ നിദ്രയിയിലാണ്ടു കിടക്കുന്ന ഭഗവാനെ കണ്ടതും ഇപ്രകാരം ചിന്തിക്കുവാൻ തുടങ്ങി . "  ഇന്ന് അസുരദ്വേഷിയായ ഇവനെ ഞാൻ വധിക്കും ." ദുർബുദ്ധിയായ മുരാസുരൻ ഇപ്രകാരം പദ്ധതിയിടവേ ആകസ്മികമായി ഭഗവാൻ ഹരിയുടെ ദേഹത്തിൽ നിന്നും തേജസ്വിനിയായ ഒരു കന്യക പ്രത്യക്ഷപ്പെട്ടു . അവൾ തന്റെ കൈകളിൽ വിവിധയിനം ദിവ്യായുധങ്ങൾ ധരിച്ചിരുന്നു .അവൾ മുരാസുരനെതിരെ തൻറെ അവിരാമമായ യുദ്ധമാരംഭിച്ചു . അതിശക്തമായി ആക്രമണം അഴിച്ചുവിട്ട അവളുടെ യുദ്ധമുറകളെല്ലാം തന്നെ ഇടിമിന്നൽ പോലെ ശക്തമായിരുന്നു . മുരാസുരന്റെ  എല്ലാ ആയുധങ്ങളും  അവൾ നിർവീര്യമാക്കുകയും നശിപ്പിക്കുകയും അവന്റെ രഥം തകർക്കുകയും ചെയ്തു . നിരായുധനായ അസുരൻ ക്രുദ്ധനായി അവൾക്ക് നേരെ പാഞ്ഞടുത്തു . കോപാകുലയായ ദേവി അവന്റെ ശിരസ്സ് ഛേദിച്ചു. അപ്രകാരം മുരാസുരൻ യമലോകം പൂകി . 


ഭഗവാൻ ഹരി നിദ്രയിൽ നിന്ന് ഉണർന്നപ്പോൾ അസുരൻ വധിക്കപ്പെട്ടതായി കണ്ടു . അടുത്തുതന്നെ അഞ്ജലിബദ്ധയായി ഒരു കന്യക നിൽക്കുന്നതും അദ്ദേഹം ദർശിച്ചു . ആശ്ചര്യപൂർവ്വം അദ്ദേഹം ആരാഞ്ഞു . " ആരാണ് നീ ? " 


 ദേവി ഉത്തരമരുളി . " അല്ലയോ ഭഗവാനേ,  ഞാൻ അങ്ങയുടെ  ദേഹത്തിൽ നിന്നും ഉത്ഭവിച്ചവളാണ് . ഞാനാണ് ഈ അസുരനെ വധിച്ചത് . അങ്ങ് ശയിക്കുന്നത് കണ്ടു ഈ അസുരൻ അങ്ങയെ വധിക്കുന്നതിനായി ഒരുങ്ങിയപ്പോൾ ഞാൻ ഇവനെ കാലപുരിക്കയച്ചു."


ദേവിയിൽ അതീവ പ്രസന്നനായ ഭഗവാൻ ഇപ്രകാരം അരുളിച്ചെയ്തു .  "അല്ലയോ ദേവീ , നിന്റെ ഈ പ്രവർത്തിയിൽ ഞാൻ സന്തുഷ്ടനായിരിക്കുന്നു. അവിടുത്തേക്ക് ഇഷ്ടമുള്ള എന്ത് വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക." 


ദേവി പറഞ്ഞു . " അല്ലയോ ഭഗവാനേ,  അങ്ങ് എന്നിൽ പ്രസന്നനായെങ്കിൽ ഈ ദിനത്തിൽ ഉപവാസം അനുഷ്ഠിക്കുന്ന ഏതൊരുവന്റേയും അതിഭയാനകമായ പാപപ്രതികരണങ്ങൾ പോലും ഇല്ലായ്മ ചെയ്യാനുള്ള ശക്തി എനിക്ക് പ്രദാനം ചെയ്താലും .  ഈ ദിനത്തിൽ സായന്തനത്തിൽ മാത്രം ഭക്ഷിക്കുന്ന ഒരുവന് (ധാന്യങ്ങളും പയറുവർഗങ്ങളും ഒഴിച്ചുള്ള പദാർത്ഥങ്ങൾ) ഈ വ്രതത്തിന്റെ പകുതി ഫലം ലഭിക്കണമെന്നും മദ്ധ്യാഹ്നം  മാത്രം ഭക്ഷിക്കുന്ന ഒരുവന് ഈ വ്രതത്തിന്റെ  പകുതി ഫലം ലഭിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു . എൻറെ ആവിർഭാവ ദിനമായ ഇന്ന്  , പൂർണ ശ്രദ്ധയോടെയും ഭക്തിയോടെയും  കണിശമായും പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്ന ഒരുവന് ഈ ലോകത്തിലുള്ള സകല സുഖങ്ങളും ആസ്വദിക്കാനാവുകയും  അന്ത്യത്തിൽ അങ്ങയുടെ പരമ വാസസ്ഥലമായ വൈകുണ്ഠലോകം പ്രാപ്തമാക്കാനാവുകയും വേണം    എന്നും ഞാൻ ആഗ്രഹിക്കുന്നു . അല്ലയോ ഭഗവാനേ അങ്ങയുടെ കാരുണ്യം പ്രാപ്തമാക്കാനായി ഞാൻ ആഗ്രഹിക്കുന്ന വരം ഇതാണ്."


" എൻറെ ഭഗവാനേ , ഒരുവൻ മദ്ധ്യാഹ്നം മാത്രമോ സായന്തനം മാത്രമോ , പൂർണ ഉപവാസത്തോടെയോ  വ്രതം അനുഷ്ഠിച്ചാൽ അവന് ധർമ്മാധിഷ്ഠിതമായ മനോഭാവവും,  ധനധാന്യാദികളും അന്ത്യത്തിൽ മുക്തിയും ലഭ്യമാകണം . " 


പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ അരുളിച്ചെയ്തു ."  അല്ലയോ പുണ്യശാലിയായ ദേവി , അവിടുന്ന് ആവശ്യപ്പെട്ടതെല്ലാം ഞാൻ പ്രദാനം ചെയ്യുന്നു . എൻറെ അഖില ഭക്തരും ഭവതിയുടെ ആവിർഭാവ ദിനത്തിൽ ഉപവാസം അനുഷ്ഠിക്കുകയും അപ്രകാരം ത്രിലോകങ്ങളിലും പ്രസിദ്ധിയാർജ്ജിക്കുകയും  അവസാനം  എന്റെ പരമമായധാമത്തിൽ എന്നോടൊപ്പം വസിക്കുകയും ചെയ്യും. എന്റെ അതീന്ദ്രിയ ശക്തിയായ ഭവതി , ശുക്ലപക്ഷത്തിലെ പതിനൊന്നാം ദിവസം ആവിർഭവിക്കുകയാൽ അവിടുത്തെ നാമം ഏകാദശി എന്നറിയപ്പെടും . ഒരുവൻ ഏകാദശി ദിവസം ഉപവാസമനുഷ്ഠിച്ചാൽ സകലവിധ പാപ പ്രതികരണങ്ങളിൽ നിന്നും മുക്തനായി എൻറെ അതീന്ദ്രിയ ധാമത്തെ പ്രാപിക്കുന്നതാണ്.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

ഷട് - തില ഏകാദശി



ഷട് - തില ഏകാദശി

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🍁🍁🍁🍁🍁🍁🍁


മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഷട് - തില ഏകാദശിയെക്കുറിച്ച് ഭവിഷ്യോത്തരപുരാണത്തിൽ ഇപ്രകാരം പ്രതിപാദിക്കുന്നു. ഒരിക്കൽ ദാൽബ്യ മഹർഷി പുലസ്ത്യ മഹർഷിയോട് ഇപ്രകാരം ആരാഞ്ഞു . " അല്ലയോ ബഹുമാന്യനായ ബ്രാഹ്മണശ്രേഷ്ഠാ , നശ്വരമായ ഈ ലോകത്തിൽ ജനങ്ങൾ ബ്രഹ്മഹത്യ മുതൽ പലവിധത്തിലുള്ള പാപപ്രവർത്തികളിലും ഇന്ദ്രിയ സന്ദർപ്പണങ്ങളിലുമേർപ്പെടുന്നു. ഈ പാപ പ്രവർത്തനങ്ങളുടെ ഫലമായി ഇവർ അനുഭവിക്കുന്ന ഈ നരകയാതനകളിൽ നിന്ന് എങ്ങനെ മുക്തരാവാൻ സാധിക്കും ?  ദയവായി അരുളി ചെയ്താലും ." പുലസ്ത്യ മഹർഷി അരുളിച്ചെയ്തു . " അല്ലയോ അതീവ ഭാഗ്യശാലിയായവനെ ,  ഒരുവൻ ശുദ്ധമായ മാനസികാവസ്ഥയോടെ മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിൽ ആഗതമാകുന്ന ഏകാദശി ദിവസം പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഹരിയെ ആരാധിക്കേണ്ടതാണ്. ആരാധനാ സമയത്ത് ഒരുവൻ ഇപ്രകാരം പ്രാർത്ഥിക്കണം. "  അല്ലയോ ഭഗവാനെ , ജനാർദ്ദനാ അല്ലയോ കാരുണ്യമൂർത്തേ , കൃഷ്ണാ , അങ്ങ് പതീതോദ്ധാരകനാണ്. സംസാരസാഗരത്തിൽ മുങ്ങിത്താഴുന്നവരോട് അങ്ങ് കരുണ കാണിക്കൂ  . അല്ലയോ പരബ്രഹ്മമേ, അല്ലയോ പരമദിവ്യോത്തമപുരുഷാ,  അല്ലയോ ജഗന്നാഥാ , ധർമ്മപത്നിയായ ലക്ഷ്മീദേവിയോടൊത്ത്  എൻറെ ആരാധന സ്വീകരിച്ചാലും." അതിനുശേഷം ബ്രാഹ്മണർക്ക് കുടകൾ , വസ്ത്രങ്ങൾ ,പാദരക്ഷകൾ, ജലം നിറച്ച കമണ്ഡലു എന്നിവ ദാനം ചെയ്യുകവഴി അവരെ ആരാധിക്കുകയും വേണം. ഒരുവൻ ബ്രാഹ്മണോത്തമന്മാർക്ക് തൻറെ ശക്തിക്കും കഴിവിനുമനുസരിച്ച്  ശ്യാമ വർണ്ണത്തിലുള്ള പശുവിനെയും  എള്ളിനേയും ദാനം ചെയ്യേണ്ടതാണ്. എള്ള് ദാനമായി നൽകിയാൽ ഒരുവന് സ്വർഗ്ഗലോകങ്ങളിൽ അനേകകാലം ജീവിക്കാവുന്നതാണ്.


 ഒരുവൻ ഈ ഏകാദശി നാളിൽ എള്ള് കലർന്ന ജലത്തിൽ സ്നാനം ചെയ്യുകയും,  എള്ള് അരച്ച് ദേഹത്ത് ലേപനം ചെയ്യുകയും , എള്ള് ഉപയോഗിച്ച് അഗ്നിഹോത്രം അനുഷ്ഠിക്കുകയും , എള്ള് കലർന്ന ജലത്താൽ പിതൃക്കൾക്ക് തർപ്പണം നൽകുകയും, എള്ള് ഭക്ഷിക്കുകയും,  എള്ള് ദാനമായി നൽകുകയും ചെയ്യണം. ഇപ്രകാരം ചെയ്യുകയാൽ ഒരുവന്റെ എല്ലാ പാപ പ്രതികരണങ്ങളും ഉന്മൂലനം ചെയ്യപ്പെടുന്നു. അതിനാൽ ഈ ഏകാദശി ഷട്-തില (തില -എള്ള്) ഏകാദശി എന്നറിയപ്പെടുന്നു .


 നാരദമുനി  ഷട് - തില ഏകാദശിയുടെ മാഹാത്മ്യത്തെക്കുറിച്ചും അത് അനുഷ്ഠിച്ചാൽ ലഭിക്കുന്ന ഫലത്തെക്കുറിച്ചും അറിയാനായി ഭഗവാൻ കൃഷ്ണനെ സമീപിച്ചപ്പോൾ അദ്ദേഹം  ഷട് - തില ഏകാദശിയുടെ മാഹാത്മ്യത്തിന്റെ കഥ ഇപ്രകാരം വിവരിക്കുകയുണ്ടായി . "പണ്ടൊരിക്കൽ ഒരു ബ്രാഹ്മണി ജീവിച്ചിരുന്നു .  അവൾ വളരെ കർശനമായി ബ്രഹ്മചര്യം അനുഷ്ഠിക്കുകയും, ഭഗവാനെ ആരാധിക്കുകയും ചെയ്തുവന്നു . നിരന്തരം പലതരത്തിലുള്ള വ്രതങ്ങൾ അനുഷ്ഠിക്കുകയാൽ  അവൾ കാലക്രമേണ മെലിയുകയും ദുർബലയാവുകയും ചെയ്തു . ബ്രാഹ്മണർക്കും കന്യകമാർക്കും അവൾ ദാനം നൽകിയിരുന്നുവെങ്കിലും ഒരിക്കലും അന്ന ധാന്യങ്ങൾ ദാനംചെയ്തു കൊണ്ട് അവൾ ബ്രാഹ്മണരെയും ദേവന്മാരെയും പ്രീതിപ്പെടുത്തിയില്ല. അവൾ അതികഠിനമായ തപോവ്രതങ്ങൾ അനുഷ്ഠിക്കുക വഴി ദുർബലയാണെങ്കിലും അവളെ ഒരു പരിശുദ്ധയായ ആത്മാവായി ഞാൻ കരുതി. മാത്രവുമല്ല അവൾ വിശന്നിരിക്കുന്ന ജനങ്ങൾക്ക് ഒരിക്കൽപോലും അന്നമോ ധാന്യമോ ദാനമായി നൽകിയിരുന്നില്ല. അല്ലയോ നാരദമഹർഷേ ഈ ബ്രാഹ്മണിയെ പരീക്ഷിക്കാനായി ഒരു സന്യാസിയുടെ വേഷം ധരിച്ച് ഞാൻ ഈ നശ്വര ലോകത്തിൽ പ്രത്യക്ഷനായി. ഒരു ഭിക്ഷാപാത്രം കയ്യിലേന്തിയ ഞാൻ അവളുടെ ഭവനത്തെ സമീപിച്ചു . ബ്രാഹ്മണി ആരാഞ്ഞു ." അല്ലയോ ബ്രാഹ്മണദേവാ ദയവായി സത്യം പറഞ്ഞാലും. അങ്ങ് എവിടെ നിന്നാണ് വരുന്നത്?" .ഞാൻ   അത് കേൾക്കാത്ത പോലെ നടിച്ചു കൊണ്ട് വീണ്ടും ഭിക്ഷ യാചിക്കാൻ തുടങ്ങി. ക്രുദ്ധയായ അവൾ എന്റെ ഭിക്ഷാ പാത്രത്തിൽ ഒരുപിടി കളിമണ്ണ് വാരിയിട്ടു . അതിനുശേഷം ഞാൻ എന്റെ ധാമത്തിലേക്ക് തിരിച്ചുപോയി. അതികഠിനമായ തപസ്ചര്യകളനുഷ്ഠിക്കയാൽ സന്യാസിനി തൻറെ മരണത്തിനുശേഷം എന്റെ ധാമത്തിലേക്ക് തിരിച്ചു വന്നു . അവിടെ അവൾക്ക് അതിമനോഹരമായ ഒരു മാളിക നൽകപ്പെട്ടു . എന്നാൽ എനിക്ക് കളിമണ്ണ് സമർപ്പിച്ചതിനാൽ അവളുടെ ഭവനം  കാഞ്ചന രഹിതവും ധനധാന്യരഹിതവുമായിത്തീർന്നു. അല്ലയോ ബ്രാഹ്മണോത്തമാ, ആ ഭവനത്തിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഒന്നും തന്നെ അവൾക്ക് കണ്ടെത്താനായില്ല . ക്രമേണ ധനത്തിന്റെ അഭാവം അവളെ അസ്വസ്ഥയാക്കി . പിന്നീട് അവൾ എന്നെ സമീപിക്കുകയും കുപിതയായി ഇപ്രകാരം പറയുകയും ചെയ്തു ."അല്ലയോ ജനാർദ്ദനാ , ഞാൻ കഠിനമായ വ്രതങ്ങൾ അനുഷ്ഠിക്കുകയും അങ്ങയെ വേണ്ടവിധത്തിൽ ആരാധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും എന്ത് കാരണത്താലാണ് ധനധാന്യങ്ങളിൽ നിന്നുള്ള  അഭാവം ഞാൻ അനുഭവിക്കുന്നത്?". 


  ഞാൻ പറഞ്ഞു." അല്ലയോ ബ്രാഹ്മണി, ഭവതി ഭൗതിക ലോകത്തിൽ നിന്നും ഇവിടേക്ക് വന്നു കഴിഞ്ഞു. ഇപ്പോൾ ദയവുചെയ്ത് സ്വന്തം ഗൃഹത്തിലേക്ക് മടങ്ങുക . നിൻറെ ദർശനം എടുക്കാനുള്ള ജിജ്ഞാസ നിമിത്തം ചില ദേവപത്നിമാർ നിന്നെ കാണാനായി നിന്റെ ഭവനം സന്ദർശിക്കുമ്പോൾ , അവരോട്  . ഷട് - തില  ഏകാദശിയുടെ മഹത്വത്തെപ്പറ്റി ചോദിച്ചറിയണം . അവരുടെ വിവരണം കഴിയുന്നത്വരേക്കും വാതിൽ തുറക്കരുത്."  എൻറെ വാക്കുകൾ ശ്രവിച്ച ബ്രാഹ്മണി അവളുടെ മാളികയിലേക്ക് തിരിച്ചുപോയി .


 ഒരു ദിവസം ബ്രാഹ്മണി തന്റെ ഗൃഹത്തിലെ ഒരു മുറിയിൽ വാതിൽ അടച്ചു കൊണ്ട് ഇരിക്കുകയായിരുന്ന സമയത്തിൽ ദേവപത്നിമാർ അവിടെ വന്നു. അവർ പറഞ്ഞു " അല്ലയോ മനോഹരീ , ഞങ്ങൾ അവിടുത്തെ ദർശനത്തിനായി വന്നിരിക്കുകയാണ്. ദയവായി വാതിൽ തുറന്നാലും."  ബ്രാഹ്മണി മറുപടി പറഞ്ഞു. " നിങ്ങൾക്ക് എന്നെ കാണണമെങ്കിൽ ദയവുചെയ്ത് ഷട് - തില  ഏകാദശിയുടെ പ്രാധാന്യവും മാഹാത്മ്യവും വിവരിച്ചാലും. അതിനുശേഷം ഞാൻ വാതിൽ തുറക്കുന്നതാണ്." അപ്പോൾ ദേവപത്നിമാരിൽ ഒരുവൾ ഷട് - തില  ഏകാദശിയുടെ മഹത്വം വിവരിച്ചുകൊടുത്തു .ഷട് - തില  ഏകാദശി മാഹാത്മ്യം ശ്രവിച്ചയുടൻ ബ്രാഹ്മണി അതീവ സംതൃപ്തയായി അവൾ വാതിൽ തുറന്നു.ദേവപത്നിമാർ അവളെ കണ്ടു സന്തുഷ്ടരായി.


 ദേവ സ്ത്രീകളുടെ നിർദ്ദേശപ്രകാരം ബ്രാഹ്മണി , ഷട് - തില  ഏകാദശി അനുഷ്ഠിച്ചു . അതിനുശേഷം അവൾ മനോഹരിയും തേജസ്വിയും സമൃദ്ധമായ ധനധാന്യങ്ങൾക്കും സ്വർണത്തിനും ഉടമയുമായി മാറി. എന്നാൽ ഒരിക്കലും ആരും അത്യാഗ്രഹം മൂലം ഈ ഏകാദശി അനുഷ്ഠിക്കുവാൻ പാടുള്ളതല്ല. ഏകാദശി അനുഷ്ഠിക്കുകയാൽ ഒരുവന്റെ ദാരിദ്ര്യവും,  ദൗർഭാഗ്യവും എല്ലാം ഉന്മൂലനം ചെയ്യപ്പെടുന്നു .ഇന്നേ ദിവസം എള്ള് ദാനം ചെയ്യുകയാണെങ്കിൽ തന്റെ എല്ലാവിധ പാപപ്രതികരണങ്ങളിൽ നിന്നും ഒരുവന് മുക്തനാകാൻ കഴിയുന്നതാണ്.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

കൃഷ്ണനും പഴക്കച്ചവടക്കാരിയും


കൃഷ്ണനും  പഴക്കച്ചവടക്കാരിയും


🍁🍁🍁🍁🍁🍁🍁🍁


ഒരിക്കൽ ദരിദ്രയായ ഒരു പഴക്കച്ചവടക്കാരി കൃഷ്ണനെക്കുറിച്ച്  കേൾക്കാനിടയായി. അങ്ങനെ അവർ കൃഷ്ണനെ കാണാനായി തൻ്റെ പഴക്കുട്ടയും കൊണ്ട് ഗോകുലത്തിൽ വന്നെത്തി. വേലിക്കപ്പുറത്ത് നിൽക്കുന്ന പഴക്കച്ചവടക്കാരിയെ കണ്ട കൃഷ്ണൻ  തൻ്റെ കുഞ്ഞു കൈകളിൽ ധാന്യമണികൾ എടുത്തുകൊണ്ട് പഴം വാങ്ങാനായി  അവരുടെ പക്കൽ ചെന്നു. പക്ഷെ പഴക്കച്ചവടക്കാരിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും കുഞ്ഞു കൈകളിൽ ഉണ്ടായിരുന്ന ധാന്യമണികളെല്ലാം വീണു പോയിരുന്നു. എങ്കിലും  ആ അമ്മ കൃഷ്ണൻ്റെ കൈകളിലുണ്ടായിരുന്ന ഏതാനും ധാന്യമണികൾ സ്വീകരിച്ചുകൊണ്ട് കൃഷ്ണന്റെ കൈകളിൽ  നിറയെ പഴങ്ങൾ നൽകി. അവർ അപ്രകാരം ചെയ്തയുടൻ തന്നെ അവരുടെ പഴകൂടയിൽ സ്വർണ്ണവും രത്നങ്ങളും നിറഞ്ഞു. ഹൃദയം നിറഞ്ഞ്  അവർ നൽകിയ ഉപഹാരം സ്വീകരിച്ച  കൃഷ്ണൻ അവരുടെ കുട്ടയിൽ   ഐശ്വര്യം നിറച്ചു.


ഈ സംഭവത്തിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം - സ്നേഹത്തോടും വാത്സല്യത്തോടും കൃഷ്ണന് എന്തു കൊടുത്താലും അതു കോടി മടങ്ങായി കൃഷ്ണൻ മടക്കിത്തരും. - ആത്മീയമായും ഭൗതികമായും. അ ടിസ്ഥാനപരമായി നടക്കുന്നത് സ്നേഹം കൈമാറലാണ്.


🍁🍁🍁🍁🍁🍁🍁🍁


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്