Home

Thursday, February 18, 2021

ബ്രഹ്മ വിമോഹനലീല


ബ്രഹ്മ വിമോഹനലീല


🍁🍁🍁🍁🍁🍁🍁


മരണം തന്നെ രൂപമെടുത്തു വന്നവനായ അഘാസുരന്റെ വായിൽ നിന്ന് കാലിക്കിടാങ്ങളെയും ഗോപബാലന്മാരെയും രക്ഷിച്ചിട്ട് പരമദിവ്യോത്തമപുരുഷനായ കൃഷ്ണൻ അവരെ യമുനാനദീതീരത്തേയ്ക്ക് കൊണ്ടുവന്നു.  വിടർന്ന താമര പൂക്കളുടെ സുഗന്ധത്താലും വണ്ടുകളുടെ മൂളലുകളാലും കിളികളുടെ കളമൊഴികളാലും വിവിധ വൃക്ഷങ്ങളാലും സമൃദ്ധമായിരുന്ന ആ നദിപുളിനം ആരുടെയും മനസ്സിനേയും ആകർഷിക്കുന്നതായിരുന്നു . മൃദുലമായതും ശുദ്ധമായതുമായ തിളങ്ങുന്ന മണൽതരികൾ നിറഞ്ഞ നദീപുളിനം കേളികൾ ആടാൻ  തക്ക യോഗ്യമാണെന്ന് കണ്ട കൃഷ്ണൻ , തന്റെ കൂട്ടരോടൊത്തുകൂടി അവിടെ വനഭോജനം ആസ്വദിക്കാം എന്ന് തീരുമാനിച്ചു . ഗോപബാലന്മാർ പശുക്കുട്ടികൾക്ക് നദിയിൽ നിന്ന് വെള്ളം കൊടുത്ത ശേഷം പുതിയ പച്ചപ്പുല്ലുള്ള സ്ഥലത്ത് അഴിച്ചു വിട്ടു. പിന്നീട് ഭക്ഷണക്കൂടകൾ തുറന്ന് കൃഷ്ണന്റെയൊപ്പം അതീന്ദ്രിയമായ ആനന്ദത്തോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.ദളങ്ങളാലും ഇലകളാലും ചുറ്റപ്പെട്ട താമരപ്പൂവിന്റെ കേസരം പോലെ കൃഷ്ണൻ കൂട്ടുകാരുടെ വലയങ്ങൾക്കു നടുവിലിരുന്നു , അവരുടെയൊക്കെ മുഖങ്ങൾ ശോഭനമായിരുന്നു. കൃഷ്ണൻ തങ്ങളെ നോക്കുമെന്നു കരുതി എല്ലാവരും കൃഷ്ണനു നേരെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. പൂക്കളും പുഷ്പങ്ങളും മരപ്പട്ടകളും ശേഖരിച്ച് ഭക്ഷണപ്പൊതികൾ അവയുടെ മുകളിൽ വച്ചാണ് കുട്ടികൾ കൃഷ്ണനോടൊത്ത് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോൾ ഓരോ കുട്ടിയും കൃഷ്ണനോടുള്ള ബന്ധത്തിന്റെ വൈവിധ്യം വെളിവാക്കിയിരുന്നു. പല വിധ നേരംപോക്കുകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ഭക്ഷണവേള അവർ ആനന്ദകരമാക്കി. ഭക്ഷണവേളയിൽ കൃഷ്ണൻ ഓടക്കുഴൽ അരയിൽ തിരുകിയിരുന്നു. അരയിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇടതുവശത്തു കുഴലും വടിയും തിരുകി വച്ചിരുന്നു. തയിരും, വെണ്ണയും, ചോറും, പഴങ്ങളും ഒക്കെ കൂട്ടിക്കുഴച്ച് ഒരുരുള അവന്റെ ഇടതുകയ്യിൽ പിടിച്ചിരുന്നത് പത്മദള സമാനമായ വിരലുകൾക്കിടയിലൂടെകാണാമായിരുന്നു. മഹായജ്ഞങ്ങളുടെയെല്ലാം ഫലം സ്വീകരിക്കുന്ന  പരമദിവ്യോത്തമപുരുഷനായ ഭഗവാൻ വൃന്ദാവനത്തിൽ ചങ്ങാതിമാരോടൊത്തു പൊട്ടിച്ചിരിച്ചും ഫലിതം പറഞ്ഞും ഭക്ഷണസുഖം ആസ്വദിക്കുന്നു. ഈ രംഗം സ്വർഗ്ഗത്തിലിരുന്ന ദേവന്മാർ വീക്ഷിക്കുന്നു. ഇങ്ങനെ തികച്ചും പരമാനന്ദകരമായ ഒരു സന്ദർഭം. തങ്ങളുടെ ഹൃദയാന്തരത്തിൽ കൃഷ്ണനെക്കുറിച്ചല്ലാതെ മറ്റൊന്നുമറിയാത്ത ഗോപബാലന്മാർ വനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, പശുക്കിടാങ്ങൾ പച്ചപ്പുൽ കണ്ടു മോഹിച്ച് കൊടും കാട്ടിനകത്തേയ്ക്ക് പോയി.  പശുക്കുട്ടികളെ സമീപത്തെങ്ങും കാണാത്തപ്പോൾ അവയുടെ രക്ഷയെ സംബന്ധിച്ചു ഗോപകുമാരന്മാർ ആശങ്കാകുലരായി, അവരെ സമാധാനിപ്പിച്ചതിനുശേഷം കൃഷ്ണൻ സ്വയം അവയെ കണ്ടുപിടിക്കാനായി പുറപ്പെട്ടു.പശുക്കുട്ടികളെ കണ്ടുകിട്ടാതെ കൃഷ്ണൻ നദീതീരത്തേയ്ക്ക് മടങ്ങി. അപ്പോഴവിടെ ഗോപബാലന്മാരെയും കാണാനില്ല. അങ്ങനെ ഇരുകൂട്ടരെയും തിരഞ്ഞ് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനാവാത്തതുപോലെ കൃഷ്ണൻ നടക്കുകയായി.


     അഘാസുരൻ കൊല്ലപ്പെടുകയും ആ സംഭവം അദ്ഭുതപൂർവ്വം ദേവന്മാർ നോക്കി നിൽക്കുകയും ചെയ്തപ്പോൾ, വിഷ്ണുവിന്റെ നാഭീപദ്മത്തിൽ നിന്ന് പിറന്ന ബ്രഹ്മാവും ആ കാഴ്ച കാണാനെത്തിയിരുന്നു. കൃഷ്ണനെപ്പോലുള്ള ഒരു പിഞ്ചു ബാലന് അങ്ങനെയൊരു അദ്ഭുത കർമ്മം ചെയ്യാൻ കഴിഞ്ഞതിൽ അദ്ദേഹം ആശ്ചര്യപ്പെട്ടു പോയി. ആ ഗോപകുമാരൻ പരമപുരുഷനായ ഭഗവാനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നെങ്കിലും കൂടുതൽ മഹനീയമായ ഭഗവദ് ലീലകൾ കാണാൻ ബഹ്മാവ് ആഗ്രഹിച്ചു. അതിനാൽ മുഴുവൻ പശുക്കുട്ടികളെയും ഗോപബാലന്മാരെയും മോഷ്ടിച്ച് മറെറാരിടത്തേക്ക് മാററി. അതുകൊണ്ടാണ് എത്ര അന്വേഷിച്ചിട്ടും ഭഗവാൻ കൃഷ്ണന് അവരെ കണ്ടുപിടിക്കാൻ കഴിയാതെ പോയത്. അതുമല്ല, യമുനാതീരത്തു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ചങ്ങാതിമാരെപ്പോലും അവിടുത്തേക്ക് നഷ്ടമായി. ഒരു ഇടയ ബാലൻ എന്ന നിലയിൽ ബ്രഹ്മാവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭഗവാൻ കൃഷ്ണൻ ആരുമല്ല. പക്ഷേ ശ്രീകൃഷ്ണൻ പരമപുരുഷനായ ഭഗവാനാകയാൽ പശുക്കുട്ടികളെയും പശുപബാലന്മാരെയും ബ്രഹ്മാവ് മോഷ്ടിച്ചിരിക്കുകയാണെന്ന് പെട്ടെന്നു മനസ്സിലാക്കി, കൃഷ്ണൻ ചിന്തിച്ചു: “ഗോപബാലന്മാരെയും പശുക്കുട്ടികളെയും എല്ലാം ബ്രഹ്മാവു തട്ടിക്കൊണ്ടു പോയിരിക്കയാണ്. വൃന്ദാവനത്തിലേക്കു ഞാൻ മാത്രമായിട്ട് എങ്ങനെ പോകും? അമ്മമാർക്കതു ദു:ഖമുളവാക്കും.'


അതിനാൽ, ചങ്ങാതിമാരുടെ അമ്മമാരെ സമാധാനിപ്പിക്കുന്നതിനും ഒപ്പം പരമപുരുഷനായ ഭഗവാന്റെ അധീശത്വം ബ്രഹ്മാവിനെ ബോധ്യപ്പെടുത്താനും വേണ്ടി ആ നിമിഷം തന്നെ അദ്ദേഹം സ്വയം ഗോപബാലന്മാരും പശുക്കുട്ടികളുമായി വികാസംകൊണ്ടു. പരമപുരുഷനായി ഭഗവാൻ അസംഖ്യം ജീവാത്മാക്കളായി വികസിക്കുന്നു എന്നു വേദങ്ങളിൽ പറയുന്നുണ്ട്. അപ്പോൾ ഒരിക്കൽ കൂടി അസംഖ്യം ബാലന്മാരും പശുക്കുട്ടികളുമായി വികസിക്കാൻ അദ്ദേഹത്തിനു പ്രയാസമില്ല. മുഖച്ഛായയിലും ആകാരവടിവിലും ഗുണവിശേഷങ്ങളിലും വേഷ ഭൂഷകളിലും പെരുമാറ്റത്തിലും (പ്രവർത്തനങ്ങളിലും)  തികച്ചും വിഭിന്നരായ ആ ബാലന്മാരുടെ അതേ രൂപത്തിലായിത്തീരാൻ ഭഗവാൻ സ്വയം വികസിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഓരോരുത്തരും വിഭിന്ന രുചിക്കാരാണ്, വ്യത്യസ്തരായ ആത്മാ ക്കളാകയാൽ ഓരോരുത്തരുടെയും പെരുമാററ രീതിയും വ്യക്തിഗത പ്രവർത്തനങ്ങളും തികച്ചും വ്യത്യസ്തമാണ്. എന്നിട്ടും കൃഷ്ണൻ ഈ കുട്ടികളുടെയെല്ലാം സവിശേഷരൂപ-സ്വഭാവങ്ങളോടു കൂടിയ വെവ്വേറെ രൂപങ്ങളിൽ വികാസം കൊണ്ടു. അതിനുപുറമെ, വലിപ്പം, നിറം, പെരുമാററം, പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ തികച്ചും വ്യത്യസ്തത പുലർത്തുന്ന പശുക്കുട്ടികളായും അവിടുന്ന് വികസിച്ചു. പ്രപഞ്ചത്തിലുള്ളതത്രയും കൃഷ്ണന്റെ വികാസങ്ങളാകയാൽ ഇതൊന്നും അദ്ദേഹത്തിനു പ്രയാസമുള്ള കാര്യമല്ല. പരസ്യ ബ്രഹ്മണഃശക്തി എന്നാണു വിഷ്ണുപുരാണം പറയുന്നത്. ഈ പ്രപഞ്ച പ്രത്യക്ഷത്തിൽ കാണുന്നതെല്ലാം- പദാർത്ഥമായാലും ജീവാത്മാക്കളുടെ പ്രവൃത്തികളായാലും-ഭഗവച്ഛക്തിയുടെ വികാസങ്ങൾ മാത്രമാണ്; ചൂടും വെളിച്ചവും അഗ്നിയുടെ വികാസങ്ങളായിരിക്കുന്നതു പോലെ.


ഇപ്രകാരം ഗോപകുമാരന്മാരും പശുക്കുട്ടികളുമായി സ്വയം വികസിച്ച്, ഈ വികാസങ്ങളാൽ ചുററപ്പെട്ട് ഭഗവാൻ വൃന്ദാവനത്തിൽ പ്രവേശിച്ചു. സംഭവിച്ചതൊന്നും വൃന്ദാവനവാസികൾക്ക് അറിഞ്ഞുകൂടായിരുന്നു. വൃന്ദാവനത്തിലെത്തിയതോടെ പശുക്കുട്ടികൾ അതതിന്റെ തൊഴുത്തിൽ കയറി. കുട്ടികൾ അവരവരുടെ വീട്ടിൽ അമ്മമാരുടെയടുത്തേക്കും പോയി.അകലെവെച്ചു തന്നെ കുട്ടികളുടെ പുല്ലാങ്കുഴലിൽ നിന്നുമുയർന്ന നാദം അമ്മമാർ കേട്ടിരുന്നു. അതിനാൽ വീടിനു പുറത്തു വന്ന് അവരെ ആശ്ലേഷിച്ചു വീട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയി. മാതൃവാത്സല്യത്താൽ അവരുടെ മുലകൾ ചുരന്നു. അവർ കുട്ടികൾക്ക് മുല കൊടുത്തു. പക്ഷേ, അവർ മുല കൊടുത്തിരുന്നത് സ്വന്തം കുട്ടികൾക്കായിരുന്നില്ല. കുട്ടികളായി വികാസം കൊണ്ട പരമദിവ്യോത്തമപുരുഷനായ ഭഗവാനെയായിരുന്നു ,അവർ മുല കുടിപ്പിച്ചത്. ഇത് വൃന്ദാവനത്തിലെ അമ്മമാർക്കു ഭഗവാനെ മുലയൂട്ടാൻ കിട്ടിയ മറെറാരു അവസരമായിരുന്നു. അങ്ങനെ യശോദയ്ക്കു മാത്രമല്ല, മുതിർന്ന ഗോപിമാർക്കെല്ലാം ഭഗവാൻ അങ്ങനെയൊരു അവസരം നൽകി.


കുട്ടികളെല്ലാം സാധാരണ പോലെ തന്നെയാണു അമ്മമാരോടു പെരുമാറിയത്. അതുപോലെ തന്നെ, സായംകാലങ്ങളിൽ അവരവരുടെ കുട്ടികളെ കുളിപ്പിച്ച് പൊട്ടു തൊടുവിച്ച്, ആഭരണങ്ങളുമണിയിച്ച്, ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ അമ്മമാരും വരുത്തിയിരുന്നില്ല. എല്ലാം മുറപോലെ നടന്നിരുന്നു. പശുക്കളുടെ കാര്യത്തിലും പതിവിൽ നിന്നും ഒരു മാററവും കണ്ടില്ല. മേച്ചിൽ സ്ഥലത്തുനിന്നും മടങ്ങിയെത്തുമ്പോൾ അതതിന്റെ കുട്ടികളെ വിളിക്കുന്നതിൽ അവയ്ക്കും തെറ്റു പററിയിരുന്നില്ല. വിളി കേൾക്കുമ്പോഴേക്കും പശുക്കുട്ടികൾ അതതിന്റെ തള്ളപ്പശുവിന്റെയടുത്തു പാഞ്ഞെത്തിയിരുന്നു. അമ്മമാർ അവയുടെ ശരീരം സ്നേഹപൂർവ്വം നക്കുകയും ചെയ്തിരുന്നു. വാസ്തവത്തിൽ അവിടെ തത്കാലം കാണുന്ന ഗോപാലന്മാരും പശുക്കുട്ടികളും നേരത്തെ അവിടെയുണ്ടായിരുന്നവരല്ല. എന്നിട്ടും പശുക്കളും പശുക്കുട്ടികളും തമ്മിലും അതുപോലെ തന്നെ ഗോപിമാരും ഗോപകുമാരന്മാരും തമ്മിലുമുള്ള ബന്ധത്തിനു യാതൊരു മാറ്റവുമില്ലായിരുന്നു. നേരെ മറിച്ച് അവരുടെ വാത്സല്യം അകാരണമായി വർദ്ധിക്കുകയാണുണ്ടായത്. സ്വന്തം കുട്ടികളില്ലാതിരുന്നിട്ടും ആ വാത്സല്യം സ്വാഭാവികമായിത്തന്നെ വളർന്നു വന്നു. വൃന്ദാവനത്തിലെ ഗോക്കൾക്കും മുതിർന്ന ഗോപിമാർക്കും സ്വന്തം മക്കളെക്കാൾ പ്രിയങ്കരൻ കൃഷ്ണനാ യിരുന്നു. എന്നാൽ ഈ സംഭവത്തിനുശേഷം അവരിൽ സ്വന്തം മക്കളോടുള്ള വാത്സല്യം കൃഷ്ണനോടുള്ള വാത്സല്യത്തിനൊപ്പം വളർന്നു. ഒരു വർഷകാലത്തേക്കു തുടർച്ചയായി കൃഷ്ണൻ സ്വയം  പശുക്കുട്ടികളും പശുപകുമാരന്മാരുമായി വികസിച്ചു മേച്ചിൽ സ്ഥലങ്ങളിൽ സന്നിഹിതനിയിരുന്നു.


കൃഷ്ണന്റെ ഈ ലീല ബലരാമൻ മനസിലാക്കി.അദ്ദേഹം കൃഷ്ണ ഭഗവാനോട് ഇതിനെപറ്റി ആരാഞ്ഞപ്പോൾ  ഭഗവാൻ നടന്നതെല്ലാം വിവരിച്ചു.ഇരുവരും ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കേ ബ്രഹ്മാവ് ഒരു നിമിഷത്തിനുള്ളിൽ (ഒരു ബ്രഹ്മനിമിഷത്തിനുള്ളിൽ) മടങ്ങിയെത്തി. ബ്രഹ്മാവിന്റെ ആയുസ്സെത്രയെന്ന് ഭഗവദ്ഗീതയിൽ നിന്നു നമുക്കറിയാം, ചതുർയുഗങ്ങളുടെ ആയിരം ഇരട്ടി - 4,300,000 x 1000 വർഷമാണ് ബ്രഹ്മാവിന്റെ 12 മണിക്കൂർ. അതുപോലെ ഒരു സൗരവർഷം ബ്രഹ്മാവിന് ഒരു നിമിഷ ( ഒരു സെക്കൻഡ് ) മാണ്. അങ്ങനെ, പശുക്കുട്ടികളെയും ബാലന്മാരെയും മോഷ്ടിച്ചത് മൂലമുണ്ടായ തമാശ കാണാൻ, ഒരു നിമിഷം കഴിഞ്ഞു ബഹ്മാവു മടങ്ങിയെത്തി. എന്നാൽ താൻ തീയോടാണ് കളിക്കുന്നതെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. കൃഷ്ണൻ തന്റെ ഗുരുവും യജമാനനുമാണ്. അദ്ദേഹത്തിന്റെ പശുക്കുട്ടികളെയും ബാലന്മാരെയും മോഷ്ടിക്കുകയെന്ന കുരുത്തക്കേടാണ് തമാശയ്ക്കു വേണ്ടി താൻ കാണിച്ചിരിക്കുന്നത്. വാസ്തവത്തിൽ ബ്രഹ്മാവ് ഉത്കണ്ഠാകുലനായിരുന്നു. അതുകൊണ്ടാണ് ഏറെ വൈകാതെ മടങ്ങി വരാൻ തീരുമാനിച്ചത്. ഒരു ബ്രഹ്മനിമിഷം കഴിഞ്ഞ് മടങ്ങിയെത്തിയ ബ്രഹ്മാവ് താൻ ആദ്യം കണ്ട രീതിയിൽത്തന്നെ പശുക്കുട്ടികളും പശുക്കളും ഗോപകുമാരമാരും കൃഷ്ണനുമൊത്തു കളിയാടുന്നതാണ് കണ്ടത്. അവയെ മുഴുവൻമോഷ്ടിച്ച് തന്റെ മായാശക്തിക്കു വശംവദരാക്കി ഉറക്കത്തിലാഴ്ത്തിയിരിക്കുകയാണെന്ന് ബ്രഹ്മാവിനുറപ്പുണ്ട്. ബ്രഹ്മാവ് ആലോചിച്ചു നോക്കി. "അവരെയെല്ലാം മോഷ്ടിച്ചു കൊണ്ടു പോയതാണല്ലോ. അവരിപ്പോഴും ഉറക്കമാണെന്നും എനിക്കറിയാം. അതുപോലെയുള്ള മറെറാരു സംഘം ഇതാ ഇവിടെ കൃഷ്ണനുമൊത്ത് കളിക്കുന്നു! ഇതെങ്ങനെ സംഭവിച്ചു? അതോ ഇനിയൊരു വേള എന്റെ യോഗശക്തി അവരുടെ മേൽ ഏശിയില്ലെന്നുണ്ടോ? അവർ ഈ ഒരു വർഷക്കാലവും തുടർച്ചയായി കൃഷ്ണനുമൊത്ത് വിളയാടുകയായിരുന്നോ?' അവർ ആരാണെന്നും തന്റെ യോഗശക്തി അവരെ സ്വാധീനിക്കാത്തതെന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ ബ്രഹ്മാവ് ആവതു ശ്രമിച്ചു നോക്കി. അദ്ദേഹത്തിന് ഒന്നും വ്യക്തമായില്ല. മറെറാരു തരത്തിൽ പറഞ്ഞാൽ, അദ്ദേഹം സ്വന്തം യോഗ ശക്തിക്കു വശംവദനായിപ്പോയി. അദ്ദേഹത്തിന്റെ യോഗശക്തി ഇരുട്ടിലെ മഞ്ഞുപാളി പോലെയോ, പകൽസമയത്തെ മിന്നാമിനുങ്ങിനെപ്പോലെയോ നിഷ്പ്രഭമായിത്തീർന്നു. ഇരുട്ടത്ത് മിന്നാമിനുങ്ങിന് അല്പമൊന്നു മിന്നിത്തിളങ്ങാൻ കഴിയും. അതുപോലെ മലമുകളിലോ തറയിലോ അടിഞ്ഞു കൂടിയിരിക്കുന്ന മഞ്ഞുപാളിക്കു പകൽ വെളിച്ചത്തിൽ പ്രകാശിക്കാനാവും, എന്നാൽ രാത്രിയിൽ മഞ്ഞുപാളിക്ക് ആ രജത പ്രഭയില്ല. പകൽ വെളിച്ചത്തിൽ മിന്നാമിനുങ്ങിന് ആ കനക പ്രഭയുമില്ല. ഇതുപോലെ ബ്രഹ്മാവിന്റെ നിസ്സാരമായ യോഗശക്തി കൃഷ്ണന്റെ മുമ്പിൽ പ്രകടിപ്പിച്ചപ്പോൾ അതു മഞ്ഞുപാളി പോലെയോ മിന്നാമിനുങ്ങിനെ പോലെയോ നിഷ്പ്രഭമായിപ്പോയി. അല്പ മാത്രമായ യോഗശക്തിയുള്ളവൻ, വലിയ യോഗശക്തിയുള്ളവന്റെ മുമ്പിൽ, തന്റെ ശക്തി പ്രകടിപ്പിക്കാൻ പുറപ്പെട്ടാൽ സ്വന്തം ശക്തി കുറയുകയേയുള്ളൂ; ഒരിക്കലും അത് വർദ്ധിക്കില്ല. കൃഷ്ണന്റെ മുമ്പിൽ യോഗശക്തി പ്രകടിപ്പിക്കാനൊരുങ്ങിയ ബ്രഹ്മാവിനെ പോലുള്ള മഹാവ്യക്തി പോലും പരിഹാസ പാത്രമായിത്തീർന്നു. ഇപ്രകാരം ബ്രഹ്മാവു സ്വന്തം യോഗശക്തിയുടെ നിസ്സാരതയോർത്തു സംഭ്രാന്തനായി.


ഈ പശുക്കളും പശുക്കുട്ടികളും ഗോപബാലന്മാരുമെല്ലാം നേരത്തെയുണ്ടായിരുന്നവയല്ലെന്നു ബ്രഹ്മാവിനെ ബോധ്യപ്പെടുത്താനായി അവരെ മുഴുവനും കൃഷ്ണൻ വിഷ്ണുരൂപത്തിലാക്കി. സത്യത്തിൽ, ആദ്യമുണ്ടായിരുന്ന പശുക്കളും പശുക്കുട്ടികളുമെല്ലാം ബ്രഹ്മാവിന്റെ യോഗശക്തിക്കധീനരായി നിദ്രയിൽ തന്നെയായിരുന്നു. എന്നാൽ ഇപ്പോഴവിടെ ബ്രഹ്മാവു കാണുന്നത് കൃഷ്ണന്റെ അഥവാ വിഷ്ണുവിന്റെ വികാസങ്ങളാണ്. അപ്പോൾ വിഷ്ണുരൂപങ്ങളാണ് ബ്രഹ്മാവിന് പ്രത്യക്ഷമായത്. ആ രൂപങ്ങളെല്ലാം നീലനീരദനിദനിർമ്മല വർണ്ണത്തോടുകൂടിയവയായിരുന്നു, ശംഖചക്ര ഗദാപദ്മങ്ങൾ ധരിച്ച ചതുർബാഹുക്കൾ, ശിരസ്സിൽ രത്നം പതിച്ച തിളങ്ങുന്ന കനകകിരീടം, കാതിൽ മുത്തുപതിച്ച കുണ്ഡലങ്ങൾ, ശംഖുപോലെ മസൃണമായ കഴുത്തിൽ അണിഞ്ഞിരിക്കുന്ന രത്നഹാരങ്ങൾ, പുഷ്പമാല്യങ്ങൾ, അംഗദങ്ങൾ, വളകൾ, കടകങ്ങൾ എന്നിവകൊണ്ടു ശോഭിക്കുന്ന കരങ്ങൾ, അംഗുലികളിൽ രത്നം പതിച്ച മോതിരങ്ങൾ, വിസ്തൃതമായ വക്ഷസ്സിൽ വനമാലകൾ; പാദപത്മം മുതൽ ശിരസ്സു വരെ ഭഗവാന്റെ ശരീരത്തിലുടനീളം നവതുളസീ പല്ലവങ്ങൾ വിതറപ്പെട്ടിരുന്നു, അരയിൽ കനകനിർമ്മിതമായ കിങ്ങിണികൾ തൂങ്ങുന്ന അരഞ്ഞാൺ, കാലിൽ കളശിഞ്ജിതം പൊഴിക്കുന്ന നൂപുരങ്ങൾ, തിരുമാറിൽ ശീവത്സം, ഇങ്ങനെ അതീന്ദ്രിയമായ സൗന്ദര്യം വഴിഞ്ഞൊഴുകുന്നതായിരുന്നു ആ വിഷ്ണുരൂപങ്ങളെല്ലാം.  നറുനിലാവു പോലുള്ള പുഞ്ചിരി.പ്രഭാത സൂര്യനു തുല്യം തേജസ്സുററ കടാക്ഷങ്ങൾ, രജസ്സിന്റെയും തമസ്സിന്റെയും സൃഷ്ടാക്കളും രക്ഷകരുമാണ് അവരെന്നു ആ നോട്ടം വ്യക്തമാക്കിയിരുന്നു.


പശുക്കളായും പശുക്കുട്ടികളായും ഗോപബാലന്മാരായും സ്വയംരൂപാന്തരം പ്രാപിച്ചും വിഷ്ണുവിന്റെ ശക്തി പ്രകടിപ്പിച്ചതും വിഷ്ണുവികാസം പൂർണ്ണമായി പ്രത്യക്ഷമാക്കിയതും ഉൾക്കൊള്ളാനുള്ള കഴിവ് ബ്രഹ്മാവിനില്ലാതെ പോയതും കണ്ടപ്പോൾ കൃഷ്ണനു ബ്രഹ്മാവിൽ കാരുണ്യം തോന്നി. പെട്ടെന്ന് അദ്ദേഹം യോഗമായയുടെ മൂടുപടമിട്ടു. യോഗമായയുടെ തിരശ്ശീലയ്ക്കു പിന്നിൽ പരമപുരുഷനായ ഭഗവാൻ അദൃശ്യനായിത്തീരുമെന്നു ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. ഉണ്മയെ മറയ്ക്കുന്നതെന്തോ അതാണ് മഹാമായ അഥവാ ബാഹ്യശക്തി. പ്രപഞ്ചപ്രത്യക്ഷത്തിനപ്പുറമുള്ള പരമപുരുഷനെ കാണാൻ ബദ്ധാത്മാക്കൾക്കു തടസ്സമായി നിൽക്കുന്നതു മഹാമായയാണ്. എന്നാൽ പരമ പുരുഷനായ ഭഗവാനെ ഭാഗികമായി വെളിപ്പെടുത്തുന്നതും, ഭാഗികമായി മറയ്ക്കക്കുന്നതുമായ ശക്തിയാണ് യോഗമായ. ഒരു സാധാരണ ബദ്ധാത്മാവല്ല ബ്രഹ്മാവ്, ദേവന്മാരെക്കാളൊക്കെ വളരെ വളരെ ശ്രേഷ്ഠനാണദ്ദേഹം. എന്നിട്ടും പരമദിവ്യോത്തമപുരുഷന്റെ ലീലകളെ ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അതിനാൽ കൂടുതൽ ശക്തി വെളിപ്പെടുത്തുന്നതു കൃഷ്ണൻ സ്വമനസ്സാലെ നിർത്തിവച്ചു. അല്ലെങ്കിൽ ബദ്ധാത്മാവു പൂർണ്ണമായും സംഭ്രാന്തനാകുമെന്നു മാത്രമല്ല, അതുമനസ്സിലാക്കാനുള്ള കഴിവു പോലും ഒടുവിൽ നഷ്ടപ്പെടും. ബ്രഹ്മാവു കുടുതൽ സംഭ്രാന്തനാകരുതെന്നു കരുതിയാണ് ഭഗവാൻ യോഗമായയുടെ തിരസ്കരണിയിട്ടത്.സംഭവത്തിൽ നിന്നു മുക്തനായപ്പോൾ, മിക്കവാറും മൃതാവസ്ഥയിലെത്തിയിരുന്ന ബ്രഹ്മാവ് താനേ ഉണർന്നതു പോലെ തോന്നി. ഏറെ പ്രയാസപ്പെട്ട് അദ്ദേഹം കണ്ണു തുറന്നു.പരമപുരുഷനായ ഭഗവാന്റെ സാന്നിധ്യം മൂലം ഇതര സ്ഥലങ്ങളേക്കാൾ സർവ്വാതിശായിയാണ് വൃന്ദാവനമെന്ന് അദ്ദേഹത്തിനു മനസ്സിലായി. അവിടെ കാമമോ ലോഭമോ ഇല്ല. അവിടെ ഒരു സാധാരണ ഗോപകുമാരനെപ്പോലെ ശ്രീ കൃഷ്ണൻ കേളിയാടുന്നതും ബ്രഹ്മാവു കണ്ടു. ഇടതു കയ്യിൽ ഒരുരുളച്ചോറുമായി കൂട്ടുകാരെയും, പശുക്കളെയും പശുക്കുട്ടികളെയും അന്വേഷിച്ചു നടക്കുന്ന കൃഷ്ണനെ, അവരുടെ അന്തർദ്ധാനത്തെ തുടർന്ന് ഒരു വർഷം കഴിഞ്ഞിട്ടും, അതേപടി ബ്രഹ്മാവിനു ദൃശ്യമായി.


പെട്ടെന്നു ബ്രഹ്മാവ് തന്റെ ഹംസവാഹനത്തിൽ നിന്നിറങ്ങി ഭഗവാന്റെ മുമ്പിൽ ഒരു കനകദണ്ഡം പോലെ വീണു.ബ്രഹ്മശിരസ്സിലെ നാലു കിരീടങ്ങളും കൃഷ്ണന്റെ പാദാരവിന്ദങ്ങളെ സ്പർശിച്ചു. അത്യാനന്ദത്തിന്റെ ഫലമായി ബ്രഹ്മാവിന്റെ കണ്ണു നിറഞ്ഞു. കണ്ണീർ കൊണ്ടു കൃഷ്ണന്റെ പാദങ്ങൾ കഴുകി. ഭഗവാന്റെ അദ്ഭുത കർമ്മങ്ങളെ സ്മരിച്ചുകൊണ്ട് വീണ്ടും വീണ്ടും ദണ്ഡനമസ്കാരം ചെയ്തു. ദീർഘ നേരത്തെ പ്രണാമങ്ങൾക്കു ശേഷം, ബ്രഹ്മാവ് എഴുന്നേററു നിന്നു കണ്ണുതുടച്ചു. പിന്നീട് തികഞ്ഞ ആദരവോടും, വിനയത്തോടും, ശ്രദ്ധയോടും കൂടി, വിറയാർന്ന കൈകൾ കുപ്പിക്കൊണ്ട് ഭഗവാനെ സ്തുതിച്ചു തുടങ്ങി.ഇപ്രകാരം വിനയത്തോടും ആദരവോടും കൂടി പരംപൊരുളായ ഭഗവാന് പ്രണാമങ്ങളർപ്പിച്ച് അദ്ദേഹത്തെ മൂന്നു വട്ടം പ്രദക്ഷിണം ചെയ്ത ശേഷം ഈ പ്രപഞ്ചത്തിന്റെ നാഥനായ ബ്രഹ്മാവ് സ്വന്തം ധാമമായ ബ്രഹ്മലോകത്തേക്കു പുറപ്പെടാനൊരുങ്ങി. പരംപൊരുളായ ഭഗവാനാകട്ടെ ഹസ്തസംജ്ഞകൊണ്ട് അതിനനുവാദവും നൽകി. ബ്രഹ്മാവു പോയ ശേഷം, പശുക്കളും ഗോപബാലന്മാരും അപ്രത്യക്ഷമായ അതേ ദിവസത്തെപ്പോലെ പരംപൊരുളായ ഭഗവാൻ പ്രത്യക്ഷമാവുകയും ചെയ്തു.


ഈ വിധത്തിൽ ജ്ഞാനദേവതയുടെ മേൽ പൂർണ്ണ നിയന്ത്രണവും വൈദികജ്ഞാനത്തിൽ ഏറ്റവും വലിയ പ്രാമാണികതയുമുള്ള ബ്രഹ്മദേവൻ പരമപുരുഷനായ ഭഗവാനിൽ പ്രത്യക്ഷമായ അസാധാരണ ശക്തി മനസ്സിലാക്കാനാവാതെ ആകെ ചിന്താകുഴപ്പത്തിലായി. ഐഹികത്തിൽ ബ്രഹ്മാവിനെ പോലുള്ള വിശിഷ്ട വ്യക്തിക്കു പോലും ഭഗവാന്റെ ദിവ്യശക്തിയെക്കുറിച്ചറിയാൻ കഴിവില്ലാതെപോയി. ബ്രഹ്മാവിനതു കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, തന്റെ മുമ്പിൽ കൃഷ്ണൻ ആവിഷ്കരിച്ച ഈ പ്രകടനം കണ്ട് അദ്ദേഹം ഇതികർത്തവ്യതാമൂഢനായി നിന്നു പോകുകയും ചെയ്തു.  ബ്രഹ്മാവന്റെ വിമോഹനവും അതിനുശേഷമുള്ള അദ്ദേഹത്തിൻറെ പവിത്രീകരണവും വായിച്ചു മനസ്സിലാക്കുന്നതിലൂടെ നാം ഭൗതിക പ്രവർത്തികളുടെ പരിപോഷണത്തിൽ നിന്നും ഊഹാപോഹപരമായ തത്ത്വജ്ഞാനത്തിൽ നിന്നും മുക്തരാകുന്നുമെന്നും , ഭഗവാൻറെ മാധുര്യ ഭാവത്തോട് അവിടുത്തെ ഐശ്വര്യ ഭാവം താരതമ്യം ചെയ്യുന്നതിനാൽ ഉണ്ടാകുന്ന അപരാധത്തെ  ഇത് പരിഹരിക്കുമെന്നും ഭക്തിവിനോദ ഠാക്കൂർ തന്റെ ചൈതന്യശിക്ഷാമൃതത്തിൽ വിവരിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്