🍁🍁🍁🍁🍁🍁🍁🍁🍁
സങ്കീർത്തന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും, ഭഗവദ്മപ്രചാരണത്തിന്റെ ശ്രേഷ്ഠ ദൂതനുമായ ശ്രീ ചൈതന്യ മഹാപ്രഭു, ബംഗാളിലെ നവദ്വീപ് നഗരത്തിൽ നാലിലൊരു ഭാഗം വ്യാപിച്ചുകിടക്കുന്ന ശ്രീധാമ മായാപൂരിൽ, 1486 ഫെബ്രുവരിയിലെ ഫാൽഗുനി പൂർണിമ ദിനത്തിൽ അവതരിച്ചു.
അക്കാലത്ത് വിദ്യാഭ്യാസത്തിന്റെയും, സംസ്കാരത്തിന്റെയും കേന്ദ്രമായി നവദ്വീപ അറിയപ്പെട്ടിരുന്നതിനാൽ, പണ്ഡിത ബ്രാഹ്മണനും, അദ്ദേഹത്തിന്റെ പിതാവുമായ ശ്രീ ജഗന്നാഥ മിശ്ര വിദ്യാഭ്യാസം നേടുവാനായി സിൽഹത്ത് ജില്ലയിൽനിന്നും നവദ്വീപിലേക്ക് എത്തിച്ചേർന്നു. നവ ദ്വീപിലെ മഹാപണ്ഡിതനായ ശീല നീലാംബര ചക്രവർത്തിയുടെ പുത്രി ശ്രീമതി ശചീദേവിയെ വിവാഹം കഴിച്ച്, ഗംഗാനദിയുടെ തീരത്ത് അദ്ദേഹം ഗൃഹസ്ഥ ജീവിതം ആരംഭിച്ചു. ജഗന്നാഥ മിശ്രയ്ക്ക് ശ്രീമതി ശചീദേവിയിൽ നിരവധി പുത്രിമാരുണ്ടായെങ്കിലും, അവരിലധികം പേരും നന്നേ ചെറുപ്രായത്തിൽത്തന്നെ മരണപ്പെട്ടു. എന്നാൽ, ഇളയ പുത്രന്മാരായ വിശ്വരൂപനും, വിശ്വംഭരനും വളർന്നുവന്നു മാതാപിതാക്കളുടെ സ്നേഹത്തിന് പാത്രരായി. ഇളയവനും പത്താമത്തെ പുത്രനുമായ വിശ്വംഭരൻ "നിമായ് പണ്ഡിതൻ' എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. അനന്തരം പരിത്യാഗ ജീവിതക്രമം സ്വീകരിച്ചതിനു ശേഷം ‘ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭു' എന്ന നാമധേയത്തിൽ പ്രശസ്തനായിത്തീരുകയും ചെയ്തു.
ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭു 48 വർഷങ്ങൾ അതീന്ദ്രിയ ലീലകളിലേർപ്പെടുകയും, 1455 ശതാബ്ദി വർഷത്തിൽ, പുരിയിൽ വെച്ച് അപ്രത്യക്ഷനാവുകയും ചെയ്തു.
24-ാം വയസ്സുവരെ അദ്ദേഹം വിദ്യാർത്ഥിയും ഗൃഹസ്ഥാശ്രമിയു മായി നവദ്വീപിൽ വസിച്ചു. അദ്ദേഹത്തിന്റെ ആദ്യ പത്നി ശ്രീമതി ലക്ഷ്മി പ്രിയക്ക് ചെറുപ്രായത്തിൽ അന്ത്യം സംഭവിക്കുമ്പോൾ അദ്ദേഹം പരദേശത്തായിരുന്നു. പശ്ചിമ ബംഗാളിൽനിന്നും മടങ്ങിവന്ന അദ്ദേഹത്തോട് മാതാവ് വീണ്ടും വിവാഹം ചെയ്യുവാൻ ആവശ്യപ്പെടുകയും, അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പത്നി ശ്രീമതി വിഷ്ണുപ്രിയദേവി ആയിരുന്നു. ചൈതന്യ മഹാപ്രഭു 24-ാം വയസ്സിൽ സന്ന്യാസം സ്വീകരിക്കുകയാൽ ശ്രീമതി വിഷ്ണുപ്രിയ ദേവി ജീവിതകാലം മുഴുവൻ ഭഗവാൻ ചൈതന്യ മഹാപ്രഭുവിന്റെ വേർപാടിൽ ഭക്തിയുതസേവനം അനുഷ്ഠിച്ചു.
സന്ന്യാസം സ്വീകരിച്ചശേഷം മഹാപ്രഭു തന്റെ കേന്ദ്രകാര്യാലയം, മാതാവായ ശചീദേവിയുടെ ആവശ്യപ്രകാരം ജഗന്നാഥപുരിയിൽ 24 വർഷം താമസിക്കുകയുണ്ടായി. ഈ കാലയളവിൽ അദ്ദേഹം ശ്രീമദ് ഭാഗവത പ്രഭാഷണം നടത്തിക്കൊണ്ട് ആറുവർഷത്തോളം ഭാരതത്തിലുടനീളം നിരന്തരം സഞ്ചരിച്ചു.
ചൈതന്യ മഹാപ്രഭു ശ്രീമദ് ഭാഗവത പ്രഭാഷണം നടത്തുക മാത്രമല്ല, ഭഗവദ്ഗീതോപദേശങ്ങളെ പ്രായോഗികവും, കാര്യക്ഷമവുമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഭഗവദ്ഗീതയിൽ ശ്രീകൃഷ് ഭഗവാനെ പരമദിവോത്തമപുരുഷനായി വെളിപ്പെടുത്തിയിരിക്കുന്നു. കൂടാതെ, അതീന്ദ്രിയ വിജ്ഞാനത്തിന്റെ ആ മഹദ്ഗ്രന്ഥത്തിൽ അന്ത്യോ പദേശമായി, ഒരാൾ മതാനുസാരിയായ എല്ലാവിധ കർമങ്ങളും ഉപേക്ഷിച്ച്, തന്നെ ഏക ആരാധ്യ പുരുഷനായി അംഗീകരിക്കണമെന്ന് ഭഗവാൻ നിഷ്കർഷിക്കുന്നു. അപ്രകാരം പ്രവർത്തിക്കുന്നുവെങ്കിൽ, എല്ലാവിധ പാപകർമങ്ങളിൽനിന്നും തന്റെ ഭക്തന്മാർ സംരക്ഷിക്കപ്പെടുമെന്നും, അനന്തരം അവർക്ക് ഉത്കണ്ഠയ്ക്ക് ഹേതുവായി യാതൊന്നുംതന്നെയുണ്ടാകില്ലെന്നും ഭഗവാൻ ഉറപ്പു നൽകുന്നു.
നിർഭാഗ്യവശാൽ, അല്പജ്ഞാനികളായവർ ശ്രീകൃഷ്ണ ഭഗവാന്റെ നേരിട്ടുള്ള നിർദേശമുണ്ടായിട്ടുപോലും ഭഗവദ്ഗീതോപദേശങ്ങളെയും, ഭഗവാനെയും ഒരു മഹത് ചരിത്രപുരുഷനായി തെറ്റിദ്ധരിച്ചിരിക്കുന്നതിനാൽ ഭഗവാനെ യഥാർത്ഥ പരമദിവ്യോത്തമപുരുഷനായി അവർക്ക് അംഗീകരിക്കാനാകുന്നില്ല. അത്തരം അല്പജ്ഞാനികളായവരെ നിരവധി അഭക്തന്മാർ വഴിതെറ്റിക്കുന്നു. ആകയാലാണ് ഭഗവദ്ഗീതോപദേശങ്ങളെ മഹാപണ്ഡിതന്മാർ പോലും തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ തിരോധാനത്തിനു ശേഷം, പണ്ഡിതരായ അസംഖ്യം വിദ്വാന്മാർ ഭഗവദ്ഗീതയ്ക്ക് നൂറുകണക്കിന് വ്യാഖ്യാനങ്ങളാണ് ചമച്ചത്. എന്നാൽ, അവയിൽ മിക്കവയും സ്വതാത്പര്യ സംരക്ഷണാർത്ഥം രചിക്കപ്പെട്ടവയാണ്.
ശ്രീ ചൈതന്യ മഹാപ്രഭു, ശ്രീകൃഷ്ണ ഭഗവാൻ തന്നെയാണ്. എന്നിട്ടും, സാമാന്യ ജനങ്ങളെ ബോധവാന്മാരാക്കുവാനും, മതാചാര നിഷ്ഠയുള്ളവരെയും, ദാർശനികന്മാരെയും ആദിപുരുഷനും സർവ കാരണങ്ങളുടെയും കാരണവുമായ ഭഗവാൻ ശ്രീകൃഷ്ണന്റെ അതീന്ദ്രിയ സ്ഥാനം എന്തെന്ന് ബോദ്ധ്യപ്പെടുത്തുവാനും ഭഗവാന്റെ മഹാ ഭക്തനായി ചൈതന്യ മഹാപ്രഭു അവതരിച്ചു. വ്രജരാജാവിന്റെ (നന്ദ മഹാ രാജാവിന്റെ) പുത്രനായി വ്രജഭൂമിയിൽ അവതരിച്ച ശ്രീകൃഷ്ണ ഭഗവാൻ പരമദിവോത്തമപുരുഷനാകയാൽ സർവരാലും ആരാധനീയനാകുന്നു എന്ന സന്ദേശമാണ് ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ പ്രഭാഷണങ്ങളുടെ സാരാംശം.
ചൈതന്യ മഹാപ്രഭുവിന്റെ അസംഖ്യം ഭക്തന്മാർ - ശ്രീല വൃന്ദാവന ദാസ ഠാക്കൂർ, ശ്രീ ലോചനദാസ് ഠാക്കൂർ, ശ്രീല കൃഷ്ണദാസ കവി രാജ ഗോസ്വാമി, ശ്രീ കവികർണപൂര, ശ്രീ പബോധാനന്ദ സരസ്വതി, ശ്രീ രൂപ ഗോസ്വാമി, ശ്രീ സനാതന ഗോസ്വാമി, ശ്രീ രഘുനാഥഭട്ട ഗോസ്വാമി, ശ്രീ ജീവ ഗോസ്വാമി, ശ്രീ ഗോപാലഭട്ട ഗോസ്വാമി, ശ്രീ രഘുനാഥദാസ് ഗോസ്വാമി - എന്നിവരും, കഴിഞ്ഞ 200 വർഷങ്ങൾ ക്കുള്ളിൽ - ശ്രീ വിശ്വാനാഥ ചക്രവർത്തി, ശ്രീ ബലദേവ വിദ്യാഭൂഷൺ, ശ്രീ ശ്യാമാനന്ദ ഗോസ്വാമി, ശ്രീ നരോത്തമദാസ് ഠാക്കൂർ, ശ്രീ ഭക്തി വിനോദ് റാക്കുർ - ഏറ്റവുമൊടുവിൽ, ശ്രീ ഭക്തിസിദ്ധാന്ത സരസ്വതി ഠാക്കൂർ (നമ്മുടെ ആത്മീയാചാര്യൻ) തുടങ്ങി മറ്റനേകം പ്രഖ്യാതരായ മഹാപണ്ഡിതരും, ഭഗവദ്ഭക്തരും ഭഗവാന്റെ ജീവിതത്തെക്കുറിച്ചും, ഉപദേശ കല്പനകളെക്കുറിച്ചും ബൃഹത്തായ ഗ്രന്ഥങ്ങളും, സാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുക്കൾ, രാമായണം, മഹാഭാരതം തുടങ്ങിയ ശാസ്ത്രങ്ങളെ ആധാരമാക്കിയുള്ള അത്തരം സാഹിത്യങ്ങളും, മറ്റ് ചരിത്ര ഗ്രന്ഥങ്ങളും, ആധികാരിക സാഹിത്യങ്ങളും പ്രാമാണിക ആചാര്യന്മാരാൽ അംഗീകരിക്കപ്പെട്ടവയാണ്. അവയൊക്കെ അദ്വിതീയവും, രചനാസൗകുമാര്യത്താൽ അതിവിശിഷ്ടവും, അവതരണത്തിൽ അപ്രതിമവും, അതീന്ദ്രിയ ജ്ഞാനത്താൽ പൂരിതവുമാണ്. നിർഭാഗ്യവശാൽ, ലോകജനത ഇപ്പോഴും അവയെക്കുറിച്ച് അജ്ഞരാണ്. എന്നാൽ, ഏറിയ കൂറും സംസ്കൃതത്തിലും, ബംഗാളിയിലുമുള്ള ഈ സാഹിത്യങ്ങൾ എപ്പോഴാണോ വിശ്വത്തെയാകെ പ്രകാശമാനമാക്കുവാൻ പ്രത്യാഗമിക്കുന്നത്, എപ്പോഴാണോ ചിന്തിക്കുന്ന ജനതയുടെ മുന്നിൽ അവയെ അവതരിപ്പിക്കാനാകുന്നത്, അപ്പോൾ ഗുരുശിഷ്യ പാരമ്പര്യ ശൃംഖലയിലെ ആചാര്യന്മാരാൽ അംഗീകരിക്കപ്പെടാത്ത കാല്പനിക മാർഗങ്ങളിലൂടെ, വ്യർത്ഥമായി സന്തോഷവും, സമാധാനവും, സമൃദ്ധിയും കണ്ടെത്താൻ ശ്രമിക്കുന്ന രോഗഗ്രസ്തമായ ഈ ഭൂവനത്തിൽ ഭാരതത്തിന്റെ യശസ്സും, പ്രേമസന്ദേശവും ഉജ്ജ്വലദീപ്തമാകും.
( ശ്രീമദ് ഭാഗവതം / അവതാരിക )