Home

Sunday, April 25, 2021

ക്ഷേത്രം


 ക്ഷേത്രം


☘☘☘☘☘☘


സൃഷ്ടിയുടെ കാര്യത്തിൽ രണ്ടുതരം ശക്തികൾ വർത്തിക്കുന്നുണ്ട്. ഭഗവാൻ ഈ ഭൗതിക ലോകം അദ്ദേഹത്തിൻറെ ബാഹ്യമായ ഭൗതികമായ ശക്തിയാൽ സൃഷ്ടിക്കുമ്പോൾ, ആദ്ധ്യാത്മിക ലോകം അദ്ദേഹത്തിൻറെ ആന്തരിക ശക്തിയുടെ ആവിഷ്കാരമാണ് .ആന്തരിക ശക്തിയുമായി അദ്ദേഹം സദാ സമ്പർക്കത്തിലായിരിക്കുമെങ്കിൽ ബാഹ്യശക്തിയിൽ നിന്ന് എല്ലായിപ്പോഴും അകന്ന് നിൽക്കും. ആയതിനാൽ ഭഗവത്ഗീത( 9.4) ൽ ഭഗവാൻ പറയുന്നു ,

"മത് - സ്ഥാനി സർവ്വ-ഭൂതാനി ന ചാഹം തേഷ്വ അവസ്ഥിത"

"എല്ലാ ജീവ തത്തകളും എന്നിൽ അല്ലെങ്കിൽ എൻറെ ശക്തിയിൽ ജീവിക്കുന്നു. പക്ഷേ ഞാൻ എല്ലായിടത്തും ഇല്ല". അദ്ദേഹം വ്യക്തിപരമായി എല്ലായ്പ്പോഴും ആദ്ധ്യാത്മിക ലോകത്തിലാണ് സ്ഥിതിചെയ്യുന്നത് . ഭൗതിക ലോകത്തിലും എവിടെയെല്ലാം പരമോന്നത ഭഗവാൻ സന്നിഹിതനാകുന്നുണ്ടോ അവിടെയെല്ലാം ആധ്യാത്മിക ലോകമാണെന്ന് മനസ്സിലാക്കണം. ഉദാഹരണത്തിന് ഭഗവാൻ പരിശുദ്ധരായ ഭക്തന്മാരാൽ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു.അതിനാൽ ക്ഷേത്രം ആധ്യാത്മിക ലോകമാണെന്ന് മനസ്സിലാക്കണം.


(ഭാവാർത്ഥം/ ശ്രീമദ് ഭാഗവതം 4. 11. 26)



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁



https://suddhabhaktimalayalam.com

സ്യമന്തക രത്നത്തിന്റെ കഥ


 സ്യമന്തക രത്നത്തിന്റെ കഥ


🍁🍁🍁🍁🍁🍁🍁


സ്യമന്തകരത്നത്തിന്റെ പേരു പറഞ്ഞ് സത്രാജിത്ത് എന്ന രാജാവ് കൃഷ്ണനോട് അപരാധം ചെയ്തുവെന്ന് ശ്രീശുകദേവ ഗോസ്വാമി  പരാമർശിച്ചപ്പോൾ അക്കഥ മുഴുവൻ കേൾക്കാൻ പരീക്ഷിത്ത് മഹാരാജാവ് ഉത്സുകനാവുകയും മഹർഷി അതു മുഴുവൻ വിവരിക്കുകയും ചെയ്തു.


തന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയായ സൂര്യദേവനെ പ്രസാദിപ്പിച്ച് സത്രാജിത്ത് എന്ന യാദവൻ സ്യമന്തകരത്നം നേടി. അതിനെ ഒരു പതകമാക്കി മാലയിൽ കോർത്തു കഴുത്തിലണിഞ്ഞ് ദ്വാരകയിൽ സഞ്ചരിച്ചപ്പോൾ അയാൾ സൂര്യദേവനാണെന്ന് നഗരവാസികൾ തെറ്റിദ്ധരിച്ചു; സൂര്യദേവൻ ഭഗവാനെക്കാണാൻ വരുന്നുവെന്നവർ കൃഷ്ണനോട് ഉണർത്തിച്ചു. അതു സൂര്യദേവനല്ലെന്നും സ്യമന്തകരത്നം ധരിച്ചതുമൂലം ഉജ്ജ്വലപ്രഭയാർന്ന സത്രാജിത്തെന്ന രാജാവാണെന്നും കൃഷ്ണൻ മറുപടി പറഞ്ഞു.


ദ്വാരകയിലെ തന്റെ വസതിയിൽ സത്രാജിത്ത് ഒരു പ്രത്യേക പൂജാസ്ഥലത്ത് സ്യമന്തകരത്നത്തെ പ്രതിഷ്ഠിച്ചു. ദിനംതോറും ആ രത്നം വിപുലമായ അളവിൽ സ്വർണ്ണമുല്പാദിപ്പിക്കും. അതിനെ പൂജിക്കുന്നിടത്ത് അമംഗളങ്ങളൊന്നും സംഭവിക്കുകയില്ലെന്ന വിശേഷശക്തിയും സ്യമന്തകത്തിനുണ്ടായിരുന്നു.


ഒരിക്കൽ കൃഷ്ണൻ, ആ രത്നം യദുകുലരാജാവായ ഉഗ്രസേനന് സമ്മാനിക്കാൻ സത്രാജിത്തിനോടാവശ്യപ്പെട്ടു. എന്നാൽ അത്യാഗ്രഹം മൂലം സത്രിജിത്ത് അതനുസരിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സത്രാജിത്തിന്റെ അനുജൻ പ്രസേനൻ സ്യമന്തകരത്നം കഴുത്തിലണിഞ്ഞ് കുതിരപ്പുറത്തു കയറി വനത്തിലേയ്ക്ക് നായാട്ടിനായി പുറപ്പെട്ടു. മാർഗ്ഗമദ്ധ്യേ ഒരു സിംഹം പ്രസേനനെ കൊന്ന് രത്നവുമെടുത്ത് ഒരു ഗുഹയിൽ ചെന്നു കയറി. കരടികളുടെ രാജാവായ ജാംബവാൻ വസിക്കുന്ന ഗുഹയായിരുന്നു അത്. ജാംബവാൻ സിംഹത്തെ കൊന്ന് രത്നം തന്റെ പുത്രനു കളിക്കാൻ കൊടുത്തു.


സഹോദരൻ മടങ്ങിവരാതായപ്പോൾ സ്യമന്തകരത്നത്തിനായി കൃഷ്ണൻ അവനെ കൊന്നതാണെന്ന് സത്രാജിത്ത് വിചാരിച്ചു. ഈ കിംവദന്തി ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നതറിഞ്ഞ കൃഷ്ണൻ തന്റെ പേരിലുള്ള അപകീർത്തിയില്ലാതാക്കുവാനായി ഏതാനും പൗരന്മാരോടൊത്ത് പ്രസേനനെക്കണ്ടെത്താൻ പുറപ്പെട്ടു. മാർഗ്ഗമദ്ധ്യേ പ്രസേനന്റെയും കുതിരയുടെയും ജഡങ്ങൾ കിടക്കുന്നതവർ കണ്ടു. തുടർന്ന് ജാംബവാൻ കൊന്ന സിംഹത്തിന്റെ മൃതശരീരവും കണ്ടു. പൗരന്മാരോടു പുറത്തു നിൽക്കാൻ പറഞ്ഞ് കൃഷ്ണൻ ഗുഹയിലേക്കു കടന്നു.


അവിടെ ഒരു കുട്ടിയുടെയരികിൽ സ്യമന്തകരത്നം കിടക്കുന്നതു കൃഷ്ണൻ കണ്ടു. കൃഷ്ണൻ അതെടുക്കാൻ ശ്രമിച്ചപ്പോൾ കുട്ടിയുടെ പരിചാരിക ഉറക്കെ നിലവിളിക്കുകയും ഉടനെ ജാംബവാൻ സ്ഥലത്തെത്തുകയും ചെയ്തു. കൃഷ്ണനെ ഒരു സാധാരണ മനുഷ്യനായിക്കരുതി ജാംബവാൻ യുദ്ധം ചെയ്യാനാരംഭിച്ചു. ഇരുപത്തെട്ട് ദിവസം തുടർച്ചയായി യുദ്ധം ചെയ്ത് ഒടുവിൽ ഭഗവാന്റെ താഡനങ്ങളേറ്റ് ജാംബവാൻ തളർന്നു. ഇപ്പോൾ കൃഷ്ണൻ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ തന്നെയാണെന്നു തിരിച്ചറിഞ്ഞ് ജാംബവാൻ ഭഗവാനെ സ്തുതിക്കാനാരംഭിച്ചു. തന്റെ കരാരവിന്ദത്താൽ തലോടി ജാംബവാന്റെ ഭയമകറ്റിയിട്ട്, ഭഗവാൻ രത്നത്തിന്റെ കാര്യം വിശദീകരിച്ചു. അകമഴിഞ്ഞ ഭക്തിയോടെ ജാംബവാൻ സ്യമന്തകരത്നവും തന്റെ കന്യകയായ പുത്രി ജാംബവതിയെയും ഭഗവാനു സമ്മാനിച്ചു.


പുറത്തു കാത്തുനിന്ന അനുചരന്മാരാകട്ടെ, പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും കൃഷ്ണൻ പുറത്തു വരാഞ്ഞപ്പോൾ നിരാശരായി ദ്വാരകയിലേക്ക് മടങ്ങി. കൃഷ്ണന്റെ മിത്രങ്ങളും കുടുംബാംഗങ്ങളും കടുത്ത ദുഃഖത്തിലാഴുകയും കൃഷ്ണൻ സുരക്ഷിതനായി തിരിച്ചെത്താൻ ദുർഗ്ഗാദേവിയോട് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തു. അവർ പൂജ നടത്തിക്കൊണ്ടിരിക്കവേ നവവധുവുമായി കൃഷ്ണൻ നഗരത്തിൽ പ്രവേശിച്ചു. അദ്ദേഹം സത്രാജിത്തിനെ രാജസഭയിലേക്ക് വിളിപ്പിച്ചു. എന്നിട്ട് സ്യമന്തകരത്നം വീണ്ടെടുത്ത ആ കഥ മുഴുവൻ വിവരിച്ചിട്ട് രത്നം മടക്കിക്കൊടുത്തു. അത്യധികമായ ലജ്ജയോടും കുറ്റബോധത്തോടും സത്രാജിത്ത് രത്നം ഏറ്റുവാങ്ങി. തിരിച്ചു വീട്ടിലെത്തിയ സത്രാജിത്ത് ഭഗവാന്റെ പാദാരവിന്ദങ്ങളോട് താൻ കാട്ടിയ അപരാധത്തിനു പരിഹാരമായി രത്നവും അതോടൊപ്പം തന്റെ പുത്രിയെയും ഭഗവാനു നൽകാൻ തീരുമാനിച്ചു. സത്രാജിത്തിന്റെ പുത്രിയും സർവദിവ്യഗുണങ്ങളും ഒത്തിണങ്ങിയവളുമായ സത്യഭാമയെ ശ്രീകൃഷ്ണൻ സ്വീകരിച്ചു. പക്ഷേ രത്നം സത്രാജിത്തിന്നു തന്നെ മടക്കിക്കൊടുത്തു.


( ശ്രീമദ് ഭാഗവതം / ദശമ സ്കന്ധം / അധ്യായം 56 )



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁



https://suddhabhaktimalayalam.com