Tuesday, April 27, 2021
ഭക്തിയുതസേവനം
ബർഹായിതേ തേ നയനേ നരാണാം
ലിംഗാനി വിഷ്ണോർന നിരീക്ഷതോ യേ
പാദൗ നൃണാം തൗ ദ്രുമജന്മഭാജൗ
ക്ഷേത്രാണി നാനുവ്രജതോ ഹരേര്യൗ
വിവർത്തനം
പരമദിവ്യോത്തമപുരുഷൻ വിഷ്ണുവിന്റെ ലാക്ഷണികമായ ചിത്രീകരണങ്ങൾ ( അദ്ദേഹത്തിന്റെ നാമം, രൂപങ്ങൾ, ഗുണങ്ങൾ മുതലായവയെ ) വീക്ഷിക്കാത്ത നയനങ്ങളെ മയിൽപ്പീലിയിൽ മുദ്രാങ്കിതമായ നേത്രങ്ങളെപ്പോലെയും, പുണ്യസ്ഥലങ്ങളിൽ ( ഭഗവാനെ സ്മരിക്കുന്ന സ്ഥലങ്ങളിൽ ) സഞ്ചരിക്കാത്ത പാദങ്ങളെ വൃക്ഷാകാണ്ഡങ്ങളെപ്പോലെയും കരുതപ്പെടുന്നു.
ഭാവാർത്ഥം
വിഗ്രഹാരാധനാസരണി, വിശേഷിച്ചും ഗൃഹസ്ഥരായ ഭക്തർക്കായി ശക്തമായി നിർദേശിച്ചിരിക്കുന്നു. സാധ്യമായിടത്തോളം, ഓരോ ഗൃഹസ്ഥനും ആത്മീയഗുരുവിന്റെ നിർദേശാനുസരണം, രാധാ - കൃഷ്ണൻ, ലക്ഷ്മീ നാരായണൻ, അല്ലെങ്കിൽ വിശേഷമായി സീതാ- രാമൻ എന്നീ വിഷ്ണുരൂപങ്ങളെ, അല്ലെങ്കിൽ നരസിംഹം, വരാഹം, ഗൗർ - നിതായ്, മത്സ്യം, കൂർമം, സാളഗ്രാമ - ശില പോലെയുള്ള ഭഗവദ് രൂപങ്ങളെ, അല്ലെങ്കിൽ മറ്റ് വിഷ്ണുരൂപങ്ങളായ ത്രിവിക്രമൻ, കേശവൻ, അച്യുതൻ, വാസുദേവൻ, നാരായണൻ, ദാമോദരൻ പോലെയുള്ള വീണുരൂപങ്ങളെ വൈഷ്ണവ തന്ത്രങ്ങളിൽ, അഥവാ പുരാണങ്ങളിൽ നിർദേശിച്ചിരിക്കുന്നതുപോലെ പ്രതിഷ്ഠിക്കുകയും, അർച്ച - വിധിയുടെ അനുശാസനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി ഗൃഹസ്ഥന്റെ കുടുംബം മുഴുവനും ആരാധിക്കുകയും വേണം. പ്രന്തണ്ടു വയസ്സിനു മുകളിലുള്ള കുടുംബത്തിലെ ഏതെങ്കിലുമൊരംഗം, ഉത്തമവിശ്വാസയോഗ്യനായ ആത്മീയഗുരുവിൽനിന്നും നിശ്ചയമായും ദീക്ഷ സ്വീകരിക്കുകയും, ഗൃഹത്തിലെ മറ്റെല്ലാ അംഗങ്ങളും നിത്യേന ഭഗവദ്സേവനത്തിൽ - പ്രഭാതത്തിൽ 4 മണി മുതൽ രാത്രി 10 മണിവരെ - മംഗള ആരതി, നിരഞ്ജന, അർച്ചന, പൂജ, കീർത്തനം, ശൃംഗാരം, ഭോഗ - വൈകാലി, സന്ധ്യാ - ആരതി, പാഠം, ഭോഗം - നിവേദ്യം ( രാതിയിൽ ), ശയന - ആരതി മുതലായവ നിർവഹിക്കുകയും വേണം, നിർവ്യാജനായ ആത്മീയഗുരുവിന്റെ നിർദേശത്തിൻ കീഴിലുള്ള അത്തരം വിഗ്രഹാരാധനാനുഷ്ഠാനം, ഗൃഹസ്ഥരെ, അവരുടെ യഥാർഹമായ അസ്തിത്വത്തെ പവിത്രമാക്കാനും, ആത്മീയജ്ഞാനത്തിൽ അതി ശീഘ്രം മുന്നേറാനും വളരെയധികം സഹായിക്കും. ഒരു പുതുഭക്തന്, വെറും സൈദ്ധാന്തികമായി പാഷാനം പര്യാപ്തമല്ല. പുസ്തകജ്ഞാനം സൈദ്ധാന്തികവും, അതേസമയം അർച്ചന പ്രക്രിയ പ്രായോഗികവുമാകുന്നു. സൈദ്ധാനസികവും, പ്രായോഗികവുമായ ജ്ഞാനത്തിന്റെ സമ്മിശ്രണത്താൽ ആത്മീയജ്ഞാനം വളർത്തിയെടുക്കണം. ആത്മീയപരിപൂർണതാസാക്ഷാത്കാരപ്രാപ്തിക്കായി ഉത്തരവാദം ചെയ്യപ്പെട്ട മാർഗമാണത്. സ്വഭവനത്തിലേക്ക് - ഭഗവദ്ധാമത്തിലേക്കുള്ള പാതയിൽ ആനുക്രമികമായി മുന്നേറുന്നതിന് സ്വശിഷ്യനെ എപ്രകാരമാണ് നയിക്കേണ്ടതെന്ന് നല്ലവണ്ണം അറിയാവുന്ന നിപുണനായ ആത്മീയഗുരുവിനെ പൂർണമായും ആശ്രയിച്ചിരിക്കുന്ന ഒരു പുതുഭക്തന്റെ ഭക്തിയുതസേവനപരിശീലനം, തൊഴിലായി കരുതി, കുടുംബച്ചെലവുകൾ നിർവഹിക്കാനായി ഒരുവൻ വ്യാജ ആത്മീയഗുരുവായിത്തീരരുത്. ആസന്നമായ മൃത്യുവിന്റെ മുഷ്ടിബന്ധനത്തിൽ നിന്നും ശിഷ്യനെ രക്ഷിക്കുന്ന പ്രവീണനായ ആത്മീയഗുരുവായിരിക്കണം ഒരുവൻ. ശീ വിശ്വനാഥ ചക്രവർത്തി ഠാക്കൂർ, ആത്മീയഗുരുവിന്റെ യഥാർഥ ഗുണങ്ങൾ വിശദമാക്കിയിട്ടുണ്ട്. ആ വർണനകളിൽ ഒരു ശ്ലോകം ഇപ്രകാരം വ്യാഖ്യാനിക്കുന്നു:
ശ്രീ - വിഗ്രഹാരാധന - നിത്യ - നാനാ-
ശൃംഗാര - തൻ - മന്ദിര - മാർജനാദൗ
യുക്തസ്യ ഭക്താംശ് ച നിയുഞ്ജതോപി
വന്ദേ ഗുരോഃ ശ്രീ- ചരണാരവിന്ദം
ശ്രീ വിഗ്രഹം, അർച്ചാ അഥവാ ഉചിതമായ ഭഗവദ് ആരാധ്യരൂപമാകുന്നു. ശിഷ്യൻ ( ഭക്തൻ ) ശൃംഗാരത്തിലൂടെയും - അതായത്, ഭഗവദ് വിഗ്രഹത്തെ യഥോചിതമായി ആടയാഭരണങ്ങളാൽ അലങ്കരിക്കുന്നതിലുംടെയും, മന്ദിര - മാർജനത്തിലൂടെയും - അതായത്, ഭഗവദ്ക്ഷേത്രത്തെ യഥോചിയമായി കഴുകിത്തുടച്ച് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും നിത്യേന ഭഗവദ് ആരാധനയിൽ വ്യാപൃതനാകണം. ഭഗവാന്റെ അതീന്ദ്രിയനാമം, രൂപങ്ങൾ, ഗുണങ്ങൾ, ലീലകൾ മുതലായവയുടെ ഉത്തരോത്തരമായ സാക്ഷാത്കാരത്തിന് ഭക്തനെ സഹായിക്കുന്നതിനായി ആത്മീയഗുരു ഇവയെല്ലാം കൃപയോടെയും, വ്യക്തിഗതമായും ( പ്രത്യേകമായും ) ഒരു പുതുഭക്തന് പറഞ്ഞകൊടുക്കുന്നു.
ധർമഗ്രന്ഥങ്ങളിൽ ആത്മീയ നിർദേശങ്ങളും, താളാത്മക കീർത്തനങ്ങളും ചേർന്ന, വിശേഷിച്ചും വസ്ത്രാലങ്കാരങ്ങളും ക്ഷേത്രാലങ്കാരങ്ങളും ഉൾപ്പെട്ട, ഭഗവദ് സേവനത്തിൽ വ്യാപൃതമായ ഏക അപ്രമത്തതയ്ക്ക് ( ശ്രദ്ധയ്ക്ക് ) സാധാരണ വ്യക്തിയെ അതിനിന്ദ്യമായ സിനിമാസക്തികളിൽനിന്നും, റേഡിയോയിലൂടെ സർവയിടങ്ങളിലും പ്രക്ഷേപണം ചെയ്യുന്ന അപസ്വരങ്ങളായ ലൈംഗികച്ചുവയുള്ള ഗാനങ്ങളിൽനിന്നും രക്ഷിക്കാൻ കഴിയും. ഭവനത്തിൽ ഒരു ക്ഷേത്രം പരിപാലിക്കാൻ ഒരുവൻ അശക്തനാണെങ്കിൽ മുകളിൽ പ്രസ്താവിച്ച എല്ലാ അനുഷ്ഠാനങ്ങളും നിത്യേന അനുഷ്ഠിക്കപ്പെടുന്ന മറ്റൊരു ക്ഷേത്രത്തിൽ അയാൾ പോകണം. ഒരു ഭക്തന്റെ ക്ഷേത്രസന്ദർശനവും, നല്ലവണ്ണം അലങ്കരിച്ച, പരിശുദ്ധമായ ക്ഷേത്രത്തിൽ ആടയാഭരണങ്ങളാൽ സമൃദ്ധമായി ഭൂഷണം ചെയ്ത ഭഗവദ്
രൂപദർശനവും, സ്വാഭാവികമായും ലൗകികമായ മനസ്സിന് അരമീയ ചോദന പകരുന്നു. വൃന്ദാവനം പോലെയുള്ള പുണ്യസഥലങ്ങൾ ജനങ്ങൾ സന്ദർശിക്കണം. അവിടെ അത്തരം ക്ഷേത്രങ്ങളും വിഗ്രഹാരാധനകളും വിശേഷമായി പരിരക്ഷിച്ചിരിക്കുന്നു. അത്തരം ക്ഷേത്രങ്ങൾ ആറ് ഗോസ്വാമിമാരെപ്പോലുള്ള വിജ്ഞരായ ഭഗവദ് ഭക്തരുടെ നിർദേശത്തിൻ കീഴിൽ, രാജാക്കന്മാരെപ്പോലുള്ള ധനാഢ്യന്മാരും വ്യവസായ പ്രമുഖരും പണ്ടുകാലത്ത് പണികഴിപ്പിച്ചു. മഹാഭക്തരുടെ കാലടികളെ പിന്തുടർന്ന് അത്തരം ക്ഷേത്രങ്ങളുടെയും, തീർഥാടനസ്ഥങ്ങളായ പുണ്യസ്ഥലങ്ങളിൽ അനുഷ്ഠിച്ചിരുന്ന ഉത്സവങ്ങളുടെയും ആനുകൂല്യം മുതലെടുക്കേണ്ടത് സാമാന്യജനത്തിന്റെ കർത്തവ്യമാകുന്നു. വെറും കാഴ്ച കാണാനുള്ള കൗതുകത്തോടെ, പവിത്രമായ ഈ എല്ലാ തീർഥാടനസ്ഥലങ്ങളും, ക്ഷേത്രങ്ങളും ആരും സന്ദർശിക്കരുത്. നേരെ മറിച്ച്, ഈശ്വര ശാസ്ത്രത്തെ, ശരിക്കും അറിയാവുന്ന യഥായോഗ്യനായ വ്യക്തിയുടെ മാർഗനിർദേശത്തിൻ കീഴിൽ, ഭഗവാന്റെ അതീന്ദ്രിയലീലകളാൽ അക്ഷയമായ അത്തരം പുണ്യസ്ഥലങ്ങളും, ക്ഷേത്രങ്ങളും ഒരുവൻ സന്ദർശിക്കണം. ഇതിനെ 'അനുവ്രജ'യെന്ന് വിശേഷിപ്പിക്കുന്നു. 'അനു ' എന്നാൽ പിന്തുടരുക എന്നർഥം. ആകയാൽ , ക്ഷേത്രങ്ങളും, തീർഥാടന സ്ഥാനങ്ങളായ പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നതിൽപ്പോലും, ഉത്തമ വിശ്വാസയോഗ്യനായ ആത്മീയഗുരുവിന്റെ നിർദേശങ്ങളെ അനുകരിക്കുന്നത്, അഥവാ അനുസരിക്കുന്നത് അത്യന്തം ഉചിതമാണ്. അവ്വിധം സഞ്ചരിക്കാത്ത ഒരുവൻ, ഭഗവാനാൽ ശിക്ഷിക്കപ്പെട്ട, ചലനസ്വാത്രന്ത്യമില്ലാത്ത വൃക്ഷത്തെപ്പോലെയാണ്. മനുഷ്യരുടെ സഞ്ചരിക്കാനുള്ള പ്രവണത, കാഴ്ചകൾ കാണാനുള്ള പര്യടനത്തിനായി, വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ദുർവിനിയോഗം ചെയ്യുന്നു. അത്തരം സഞ്ചാര പ്രവണതകളുടെ ഉത്തമമായ ഉദ്ദേശ്യത്തെ, മഹാ ആചാര്യന്മാരാൽ സ്ഥാപിതമായ പുണ്യസ്ഥലങ്ങളെ സന്ദർശിച്ചുകൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞിരിക്കുന്നു. അപ്രകാരം ആത്മീയ കാര്യങ്ങളിൽ അജ്ഞരായ, ധനസമ്പാദനത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ച നാസ്തികരായ മനുഷ്യരുടെ പ്രചാരണത്താൽ വഴിതെറ്റിക്കപ്പെടുന്നില്ല.
( ശ്രീമദ്‌ഭാഗവതം 2/3/22 )
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
കേട്ടാലും കേട്ടാലും മതി വരാത്ത കൃഷ്ണലീലകൾ
ഭക്തിയുത സേവനത്തിന്റെ ഔന്നത്യം
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .