Home

Wednesday, May 19, 2021

ശ്രീ കേവലാഷ്ടകം




മധുരം മധുരേഭ്യോ£ പി

മംഗളേഭ്യോ£ പി മംഗളം 

പാവനം പാവനേഭ്യോ£ പി 

ഹരേർ നാമൈവ കേവലം


മാധുര്യമുള്ളവയിൽ ഏറ്റവും മാധുര്യമേറിയതും, മംഗളകരമായുള്ളവയിൽ  ഏറ്റവും മംഗളകരമായതും പാവനമായുള്ളവയിൽ ഏറ്റവും പാവനമായതുമായ ശ്രീഹരിയുടെ തിരുനാമം മാത്രമാണ് ഏക ആശ്രയം 


ആ  ബ്രഹ്മ സ്തംബ പര്യന്തം 

സർവം മായാ മയം ജഗത് 

സത്യം സത്യം പുനഃസത്യം

ഹരേർ നാമൈവ കേവലം 


ഈ പ്രപഞ്ചത്തിലെ അതിശ്രേഷ്ഠനായ ബ്രഹ്മാവ് മുതൽ എളിയ പുൽക്കൊടി വരെ എല്ലാം തന്നെയും പരമപുരുഷനായ ഭഗവാന്റെ മായാശക്തിയുടെ ഉത്പന്നങ്ങളാണ്. ഭൗതിക പ്രപഞ്ചത്തിൽ ഒന്ന് മാത്രം സത്യം.  അത് ശ്രീഹരിയുടെ തിരുനാമമാണ്.


സ ഗുരു സ പിതാ ചാ £ പി 

സ മാതാ ബന്ധുവോ £ പി സഃ

ശിക്ഷയേത് സദാ സ്മർത്തും 

ഹരേർ നാമൈവ കേവലം


ശ്രീഹരിയുടെ തിരുനാമമാണ് ഏക ആശ്രയമെന്ന് നമ്മെ പഠിപ്പിക്കുന്ന ഒരുവനാണ് യഥാർത്ഥ ഗുരു, യഥാർത്ഥ പിതാവ്, യഥാർത്ഥ മാതാവ്, യഥാർത്ഥ സുഹൃത്ത് എന്നീ പദവികൾക്ക് യോഗ്യതയുള്ളത്.


നിശ്വാസേ നഹി വിശ്വാസഃ 

കദാ രുദ്ധ്യോ ഭവിഷ്യതി 

കീർത്തനീയ മതോ ബാല്യാദ് 

ഹരേർ നാമൈവ കേവലം 


എപ്പോഴാണ് നമ്മുടെ ഭൗതിക ആസൂത്രണങ്ങൾക്കെല്ലാം അന്ത്യവിരാമമിട്ട് അന്ത്യശ്വാസം വലിക്കുന്നതെന്ന് യാതൊരു നിശ്ചയവുമില്ല. അതിനാൽ ബാല്യകാലം മുതൽക്കേ ഏക ആശ്രയമായ  ശ്രീഹരിയുടെ തിരുനാമകീർത്തനം ചൊല്ലുന്നതാണ് വിവേകം


ഹരി സദാ വസേത് തത്ര

യത്ര ഭാഗവതാ ജനാഃ

ഗായന്തി ഭക്തി ഭാവേന 

ഹരേർ നാമൈവ കേവലം


ശ്രീഹരിയുടെ തിരുനാമം മാത്രമാണ് ഏക ആശ്രയമെന്ന്  മനസ്സിലാക്കിയ ആദ്ധ്യാത്മിക പുരോഗതിയാർജ്ജിച്ച ഉത്കൃഷ്ടരായ ഭാഗവത ജനങ്ങൾ ശുദ്ധഭക്തിഭാവത്തിൽ ഹരിനാമകീർത്തനം ചെയ്യുന്നിടത്തു ശ്രീഹരി സദാ വസിക്കുന്നു.

 

അഹോ ദുഃഖം മഹാ ദുഃഖം

ദുഃഖാദ് ദുഃഖതരം യതഃ

 കാചാർത്തം വിസ്മൃതം രത്ന 

ഹരേർ നാമൈവ കേവലം 


അഹോദുഃഖം! മഹാദുഃഖം! ദുഃഖങ്ങളിൽ ദുഃഖതരമായത് വെറും കണ്ണാടിച്ചില്ലെന്നും തെറ്റിദ്ധരിച്ചു വിലമതിക്കാനാവാത്ത ഹരിനാമ രത്നത്തെ ഏവരും വിസ്മരിക്കുന്നതാണ്.  ശ്രീഹരിയുടെ തിരുനാമം മാത്രമാണ് ഏക ആശ്രയം


ദീയതാം ദീയതാം കർണോ

നീയതാം നീയതാം വചഃ 

ഗീയതാം ഗീയതാം നിത്യം

ഹരേർ നാമൈവ കേവലം 


ശ്രീഹരിയുടെ തിരുനാമം കർണ്ണങ്ങൾകൊണ്ട് നിരന്തരം ശ്രവിക്കുകയും ശബ്ദത്താൽ നിത്യവും ആലപിക്കുകയും ചെയ്യണം. കാരണം ശ്രീഹരിയുടെ തിരുനാമം മാത്രമാണ് ഏക ആശ്രയം


തൃണീ കൃത്യ ജഗത് സർവം 

രാജതേ സകലാ£ പരം 

ചിദാനന്ദ മയം ശുദ്ധം

ഹരേർ നാമൈവ കേവലം


സകല  പ്രപഞ്ചങ്ങളേയും പുൽക്കൊടിക്ക് തുല്യം നിസ്സാരവത്ക്കരിക്കുന്നതും, എല്ലാറ്റിനുമുപരിയായി ശോഭയോടെ വാഴുന്നതും ശാശ്വതവും ആനന്ദപൂർണ്ണവും പരമശുദ്ധവുമായ ശ്രീഹരിയുടെ തിരുനാമം മാത്രമാണ് ഏക ആശ്രയം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


ഹരേ കൃഷ്ണ മഹാമന്ത്രം


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

 

ഈ മഹായന്ത്രജപത്തിലൂടെ ഉളവാകുന്ന അതീന്ദ്രിയ സപ്ന്ദനമാണ് നമ്മുടെ കഷാവബോധത്തിന്റെ പുനരുജ്ജീവനത്തിനുതകുന്ന ദിവ്യ മാർഗ്ഗം. ജീവാത്മാക്കളാകയാൽ, നാം ഓരോരുത്തരും കൃഷ്ണാവബോധമുൾക്കൊണ്ട സത്തകളത്രേ. എന്നാൽ, സ്മരണാതീതകാലം മുതലുള്ള ഭൗതിക സമ്പർക്കം നമ്മുടെ അവബോധത്തെ ഭൂഷിപ്പിച്ചിരിക്കുന്നു. നാം ഇപ്പോൾ ജീവിക്കുന്ന ഭൗതിക ചുറ്റുപാടിനെ 'മായ' എന്നു വിളിക്കാം. 'മായ' എന്നാൽ  'ഇല്ലാത്തത്' എന്നർത്ഥം.  എന്താണ് ഈ 'മായ'? ഭൗതിക ശക്തിയുടെ കർക്കശമായ നിയമങ്ങൾക്ക് അടിപ്പെട്ടിരിക്കെത്തന്നെ, അതിന്റെ നാഥനാകാനുള്ള നാമേവരുടേയും ശ്രമത്തെ 'മായ' എന്നു പറയാം. ഒരു ദാസൻ, തന്റെ സർവ്വ ശക്തനായ യജമാനനെ കൃത്രിമമായി അനുകരിക്കാൻ ശ്രമിക്കുന്നതിനെ 'മായ' എന്നു വിളിക്കാം. ഈ ദൂഷിതമായ ജീവിത വീക്ഷണത്താൽ നാമെല്ലാം ഭൗതിക പ്രകൃതിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു. പക്ഷേ, നാമെല്ലാം ഭൗതിക പ്രകൃതിയുടെ സങ്കീർണ്ണതകളിൽ, കൂടുതൽ കൂടുതൽ ബദ്ധരാകുന്നതേയുള്ളൂ. ആകയാൽ, നാം പ്രകൃതിയെ കീഴടക്കാൻ കഠിന പരിശ്രമം നടത്തുമ്പോഴും, കൂടുതൽ കൂടുതൽ അതിനെ ആശ്രയിക്കുന്നവരായിത്തീരുന്നു. ഭൗതിക പ്രകൃതിക്ക് എതിരായുള്ള ഈ മായിക സമരം, നമ്മിലുള്ള കൃഷ്ണാവബോധത്തെ പുനരുജ്ജീവിപ്പിക്കുക വഴി പെട്ടെന്ന് അവസാനിപ്പിക്കാവുന്നതാണ് . 


കൃഷ്ണാവബോധം മനസ്സിന്മേൽ കൃത്രിമമായി വച്ചുകെട്ടുന്ന ഒന്നല്ല. ഈ അവബോധമാണ് ജീവസത്തയുടെ മൗലിക ചൈതന്യം. അതീന്ദ്രിയമായ സ്പന്ദനങ്ങൾ കേൾക്കുമ്പോൾ ഈ അവബോധം പുനരുജ്ജീവിക്കുന്നു. ആചാര്യന്മാർ ഇക്കാലത്തേക്കായി നിർദ്ദേശിക്കുന്നതും ഈ പ്രക്രിയയത്രേ. മോക്ഷപ്രാപ്തിക്കായുള്ള ഈ മഹാമന്ത്രം ഒരിക്കല്ലെങ്കിലും ജപിക്കുന്നതിലൂടെ ഒരാൾക്ക് അദ്ധ്യാത്മിക തലത്തിൽ നിന്നുള്ള അതീന്ദ്രിയാനന്ദം അനുഭവിക്കാൻ കഴിയും. ഇത് പ്രായോഗികമായി നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇന്ദ്രിയങ്ങളുടേയും, മനസ്സിന്റേയും, ബുദ്ധിയുടേയും നിലകൾക്കപ്പുറത്ത്, ശരിയായ ആദ്ധ്യാത്മിക ജ്ഞാനമേഖലയിൽ നിലകൊള്ളുന്ന വ്യക്തി അതീന്ദ്രിയതലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്ന മന്ത്രജപം ആദ്ധ്യാത്മിക തലത്തിൽ നടത്തപ്പെടുന്നതാകയാൽ, അതിലെ ശബ്ദ തരംഗങ്ങൾ ഇന്ദ്രിയപരവും, മാനസികവും, ബുദ്ധിപരവുമായ താഴേക്കിടയിലുള്ള അവബോധങ്ങളെ മറികടക്കുന്നു. ആകയാൽ, ഈ മന്ത്രത്തിന്റെ ഭാഷ മനസ്സിലാക്കേണ്ട ആവശ്യമില്ല. മാനസികമായ ഊഹാപോഹങ്ങളോ, ബുദ്ധിപരമായ സമീകരണങ്ങളോ ഈ മഹാമന്ത്ര ജപത്തിന് ആവശ്യമില്ല. ഇത് ആദ്ധ്യാത്മിക പ്രതലത്തിൽ നിന്നും സ്വയം ഉത്ഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ യാതൊരു പൂർവ്വകാല യോഗ്യതയും കൂടാതെ, ഏതൊരാൾക്കും ഈ ജപത്തിൽ പങ്കുകൊള്ളാം, ആനന്ദ നൃത്തം ചെയ്യാം. 


ഇത് നാം പ്രായോഗികമായി കണ്ടിട്ടുള്ളതാണ് . ഒരു കുട്ടിക്കുകൂടി ഈ മന്ത്രജപത്തിൽ പങ്കുകൊള്ളാം. എന്തിന് ഒരു നായ്ക്കുകൂടി അത് ചെയ്യാവുന്നതേയുള്ളൂ. ഭൗതിക ജീവിതത്തിൽ മുഴുകിയ ഒരാൾ യോഗ്യതയിലെത്താൻ, തീർച്ചയായും സ്വല്പം കൂടുതൽ സമയമെടുത്തേക്കും. അപ്രകാരം, ഭൗതികതാമഗ്നനായ ഒരാൾപോലും, മന്ത്രജപത്താൽ വളരെ പെട്ടെന്ന് ആദ്ധ്യാത്മിക നിലയിലേക്ക് ഉയരുന്നതായിക്കാണാം. ഭഗവാന്റെ ഒരു ഉത്തമ ഭക്തൻ പ്രേമത്തോടുകൂടി ഈ മന്ത്രം ജപിക്കുന്നത്, ശ്രോതാക്കളിൽ അത്യധികമായ സ്വാധീന മുണ്ടാക്കുന്നു. മന്ത്രജപം കേൾക്കേണ്ടത് ഭഗവാന്റെ ഉത്തമ ഭക്തന്റെ അധരപുടങ്ങളിൽ നിന്നുതന്നെയാണ്. അപ്പോൾ, പെട്ടെന്നുതന്നെ ഫലമുളവാകുന്നു. കഴിയുന്നിടത്തോളം, അഭക്തരുടെ ചുണ്ടുകളിൽനിന്ന് ഈ മന്ത്രം കേൾക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. പാമ്പ് ചുണ്ടണച്ച പാലിൽ വിഷമുണ്ടാകുമല്ലോ.


 'ഹര' എന്ന വാക്ക്  ഭഗവാന്റെ ശക്തിവിശേഷത്തെയാണ് കുറിക്കുന്നത്. കൃഷ്ണ, രാമ എന്നീ പദങ്ങൾ ഭഗവാനെ നേരിട്ട് സംബോധന ചെയ്യുന്നു.  'കൃഷ്ണ', 'രാമ' എന്നീ പദങ്ങൾ പരമാനന്ദശക്തിയാണ്.  'ഹരേ' എന്നാകുമ്പോൾ, അത് സംബോധനയായി. ഭഗവാന്റെ പരമാനന്ദശകതി, നമ്മെ ഭഗവാനിലേക്കെത്താൻ സഹായിക്കുന്നു. 'മായ' എന്നറിയപ്പെടുന്ന ഭൗതിക ശക്തിയുടെ ഭഗവാന്റെ വിവിധ ശക്തികളിൽ ഒന്നാണ്. ജീവസത്തകളും ഭഗവാന്റെ ശക്തി ( തടസ്ഥ ശക്തി ) തന്നെയാണ്. ജീവസത്തകൾ ഭൗതിക ശക്തിയേക്കാൾ മുകളിലാണ്.  ഉയർന്ന ശക്തി, താഴ്ന്ന ശക്തിയുമായി സമ്മേളിക്കുമ്പോൾ, പൊരുത്തമില്ലാത്ത ഒരു സ്ഥിതിവിശേഷമുണ്ടാകും. 


 എന്നാൽ, ഉയർന്ന തടസ്ഥ ശക്തി ( ജീവസത്ത ) 'ഹര' എന്ന ഉയർന്ന ശക്തിയുമായി സമ്മേളിക്കുമ്പോൾ, ജീവസത്ത അതിന്റെ യഥാർത്ഥ സന്തുഷ്ട നിലയിൽ സ്ഥിതി ചെയ്യുന്നു. 


ഈ മഹാമന്ത്രത്തിന്റെ അതീന്ദ്രീയ ബീജങ്ങളാണ്  'ഹരേ',  'കൃഷ്ണ',  'രാമ' എന്നീ മൂന്ന് വാക്കുകൾ ഭഗവാനേയും, ഭഗവാന്റെ അന്തരംഗ ശക്തിയേയും, ജീവാത്മാവിന് രക്ഷ നൽകാനായി വിളിക്കുന്ന ആദ്ധ്യാത്മിക പ്രക്രിയയാണ് മന്ത്രജപം. മന്ത്രജപം വാസ്തവത്തിൽ, ഒരു കുട്ടി, തന്റെ അമ്മയെ വിളിച്ച് കരയുന്നതുപോലെയാണ്.  'ഹര' എന്ന അമ്മ, പരമപിതാവായ ഹരിയുടെ - കൃഷ്ണന്റെ അനുഗ്രഹം ലഭിക്കുവാൻ ഭക്തനെ സഹായിക്കുന്നു. ആത്മാർത്ഥ മായി മന്ത്രം ജപിക്കുന്ന ഭക്തന് ഭഗവാൻ സ്വയം പ്രത്യക്ഷമാകുന്നു. ആകയാൽ, മറ്റൊരു ആദ്ധ്യാത്മിക സാക്ഷാത്കരണ മാർഗ്ഗവും,  ഈ മഹാമന്ത്രജപം പോലെ ഈ യുഗത്തിൽ ഫലപ്രദമല്ല. കലിസന്തരണോപനിഷത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.


'ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഇതി ഷോഡശകം നാമ്നാം കലികല്മഷനാശനം 

നാതഃ പരതരോപായ സർവ്വവേദേഷു ദൃശ്യതേ'


 “പതിനാറു തിരുനാമങ്ങൾ അടങ്ങുന്ന ഈ ഹരേകൃഷ്ണ മഹാമന്ത്രം കലിയുഗത്തിന്റെ സമസ്ത കൽമഷങ്ങളെയും നീക്കി നമ്മെ ശുദ്ധരാക്കുന്നു.  ഇതിലും ശ്രേഷ്ഠമായ ഒരു ഉപായം വേദങ്ങളിൽ മറ്റൊരിടത്തും കാണാവുന്നതല്ല.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


പഞ്ചതത്ത്വ മഹാമന്ത്രം



ജയ ശ്രീകൃഷ്ണ ചൈതന്യ പ്രഭു നിത്യാനന്ദ

ശ്രീ അദ്വൈത ഗദാധര ശ്രീവാസാദി ഗൗര ഭക്ത വൃന്ദ


 ശ്രീ ചൈതന്യ മഹാപ്രഭുവിനോടൊപ്പം അദ്ദേഹത്തിന്റെ അംശവിസ്തരണമായ നിത്യാനന്ദ പ്രഭുവും അദ്ദേഹത്തിന്റെ അവതാരമായ ശ്രീ അദ്വൈത പ്രഭുവും അന്തരംഗ ശക്തിയായ ഗദാധര പ്രഭുവും തടസ്ഥ ശക്തിയായ ശ്രീവാസ പ്രഭുവും മറ്റ് അസംഖ്യം ഭക്തന്മാരും എല്ലായ്പ്പോഴുമുണ്ടാകും. അവർക്ക് സാദര പ്രണാമങ്ങൾ അർപ്പിച്ചു കൊള്ളുന്നു!

ശ്രീ രാധാ പ്രണാമം




തപ്ത കാഞ്ചന ഗൗരാംഗി രാധേ വൃന്ദാവനേശ്വരി 

വൃഷഭാനു സുതേ ദേവി പ്രണമാമി ഹരിപ്രിയേ 


ചുട്ടുപഴുത്ത സ്വർണ്ണത്തിന്റെ നിറമുള്ള ശരീരത്തോടുകൂടിയ വൃന്ദാവനറാണിയായ രാധാറാണിയെ ഞാൻ വണങ്ങുന്നു. വൃഷഭാനുവിന്റെ മകളായ അവിടുന്ന് ശ്രീകൃഷ്ണഭഗവാന് വളരെ പ്രിയപ്പെട്ടവളാണ്.

പ്രയോജനാധിദേവ പ്രണാമം


ശ്രീമാൻ രാസ രസാരംഭീ വംശീ - വട - തട - സ്ഥിതഃ

കർഷൻ വേണു - സ്വനൈർ ഗോപീർ ഗോപീനാഥഃ ശ്രീയേ£ സ്തു നഃ


അതീന്ദ്രിയ രാസനൃത്തം ആരംഭിച്ച ശ്രീ ഗോപിനാഥൻ വംശീവട തീരത്തുനിന്നുകൊണ്ട് തന്റെ പുകൾപെറ്റ ഓടക്കുഴൽ നാദത്താൽ ഇടയകന്യകന്മാരെ ആകർഷിക്കുന്നു. അവരെല്ലാവരും നമുക്ക് അനുഗ്രഹം ചൊരിയട്ടെ!

അഭിധേയാധിദേവ പ്രണാമം


ദിവ്യാദ് വൃന്ദാരണ്യ കൽപ ദ്രുമാധഃ

ശ്രീമദ് രത്നാഗാര സിംഹാസന സ്ഥൗ

ശ്രീമദ് രാധ ശ്രീല ഗോവിന്ദ ദേവൗ

പ്രേഷ്ഠാലീഭിഃ സേവ്യമാനൗ സ്മരാമി 


വൃന്ദാവനത്തിലെ കൽപ്പവൃക്ഷ ചുവട്ടിലുള്ള രത്നഖചിതമായ ഒരു ക്ഷേത്രത്തിൽ രത്നസിംഹാസനത്തിൽ ഉപവിഷ്ടരായ ശ്രീരാധാ ഗോവിന്ദന്മാർ തങ്ങളുടെ അതിവിശ്വസ്ത സഹചാരികളാൽ സേവിക്കപ്പെടുന്നു. അവർക്ക് എന്റെ സാദര പ്രണാമങ്ങൾ .

സംബന്ധാധിദേവ പ്രണാമം

 


ജയതാം സുരതൗ പംഗോർ മമ മന്ദ മതേർ ഗതീ 

മത് സർവസ്വ പദാംബോജൗ രാധാ മദന മോഹനൗ


സർവ്വകാരുണികരായ രാധാറാണിയ്ക്കും മദനമോഹനനും എല്ലാ സ്തുതികളും! ഞാൻ മുടന്തനും മന്തമതിയുമാണ്. അവരാണ് എന്റെ മാർഗ്ഗദർശകർ. അവരുടെ പാദാരവിന്ദങ്ങളാണ് എന്റെ സർവസ്വവും.

ശ്രീകൃഷ്ണ പ്രണാമം



ഹേ കൃഷ്ണ കരുണാസിന്ധോ ദീനബന്ധോ ജഗത്പതേ 

ഗോപേശ ഗോപികാകാന്ത രാധാകാന്ത നമോസ്തുതേ 


അല്ലയോ പ്രിയ കൃഷ്ണാ അവിടുന്ന് ദീനത അനുഭവിക്കുന്നവരുടെ സുഹൃത്തും സൃഷ്ടിയുടെ ഉറവിടവുമാകുന്നു. ഗോപികമാരുടെ നായകനും രാധാറാണിയുടെ കാമുകനുമായ അങ്ങയെ ഞാൻ സാദരം പ്രണമിക്കുന്നു.

ശ്രീ പഞ്ചതത്ത്വ പ്രണാമം

 

പഞ്ചതത്ത്വാത്മകം കൃഷ്ണം ഭക്ത രൂപ സ്വരൂപകം 

ഭക്താവതാരം ഭക്താഖ്യം നമാമി ഭക്ത ശക്തികം 


സ്വയം ഭക്തനായും ഭക്തസ്വരൂപ വിസ്തരണമായും ഭക്താവതാരമായും പരിശുദ്ധ ഭക്തനായും ഭക്തശക്തിയായും വിസ്തരണങ്ങൾ കൈക്കൊണ്ട ശ്രീകൃഷ്ണ ഭഗവാനെ ഞാൻ പ്രണമിക്കുന്നു.

ശ്രീ ഗൗരാംഗ പ്രണാമം

 

നമോഃ മഹാവദാന്യായ കൃഷ്ണപ്രേമ പ്രദായതേ

കൃഷ്ണായ കൃഷ്ണ ചൈതന്യ നാമ്നേ ഗൗരത്വിഷേ നമഃ 


ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു എന്ന അത്യുദാരനായ അവതാരമായ അങ്ങ് സ്വയം കൃഷ്ണൻ തന്നെയാണ്. ശ്രീമതി രാധാറാണിയുടെ സ്വർണ്ണവർണ്ണത്തോടുകൂടി അങ്ങ് കൃഷ്ണ പ്രേമം പരക്കെ വിതരണം ചെയ്യുന്നു. അങ്ങേക്ക് സാദര പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു!

വൈഷ്ണവ പ്രണാമം

 


വാഞ്ഛാകൽപതരുഭ്യശ്ച കൃപാസിന്ധുഭ്യ ഏവച

പതിതാനാം പാവനേഭ്യോ വൈഷ്ണവ്യേഭ്യോ നമോ നമഃ 


ഞാൻ ഭഗവാന്റെ വൈഷ്ണവ ഭക്തന്മാരെ സാദരം പ്രണമിക്കുന്നു. കൽപ്പവൃക്ഷങ്ങളെപ്പോലെ എല്ലാവരുടേയും ആഗ്രഹപൂർത്തി വരുത്തുവാൻ സാധിക്കുന്ന അവരാകട്ടെ, പതിതാത്മാക്കളോട് അതീവ കരുണയുള്ളവരുമാണ്.

ശ്രീല ജഗന്നാഥ ദാസ പ്രണാതി

 


ഗൗരാവിർഭാവ ഭൂമേസ്ത്വം നിർദേഷ്ഠ സജ്ജന പ്രിയഃ

വൈഷ്ണവ സാർവഭൗമ ശ്രീ ജഗന്നാഥായ തേ നമഃ 


സമസ്ത വൈഷ്ണവരാലും സമാദരിക്കപ്പെടുന്ന ശീലം ജഗന്നാഥ ദാസ ബാബാജി മഹാരാജിന് ഞാൻ സാദര പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു!  അദ്ദേഹമാണ് ചൈതന്യ മഹാപ്രഭുവിന്റെ അവതാരസ്ഥാനം കണ്ടെത്തിയത്.

ശ്രീല ഭക്തിവിനോദ പ്രണാതി



നമോ ഭക്തിവിനോദായ സച്ചിദാനന്ദ നാമിനേ 

ഗൗരശക്തി സ്വരൂപായ രൂപാനുഗ വരായതേ 


ചൈതന്യ മഹാപ്രഭുവിന്റെ അതീന്ദ്രിയ ശക്തിയായ സച്ചിദാനന്ദ ഭക്തിവിനോദ് ഠാക്കൂർ മഹാരാജിന് ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു! അദ്ദേഹം ശ്രീല രൂപ ഗോസ്വാമി തുടങ്ങിയ ഗോസ്വാമിമാരെ കർശനമായി പിന്തുടർന്നിരുന്നു.

ശ്രീല ഗൗരകിശോര പ്രണാതി

 


നമോ ഗൗരകിശോരായ സാക്ഷാദ് വൈരാഗ്യമൂർതയേ

 വിപ്രലംഭ രസാംബോധേ പാദാംബുജായതേ നമഃ 


ഞാൻ ഭക്തിസിദ്ധാന്ത സരസ്വതിയുടെ ആദ്ധ്യാത്മിക ഗുരുവായ ഗൗരകിശോര ദാസ ബാബാജി മഹാരാജിന് സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. അദ്ദേഹം വൈരാഗ്യത്തിന്റെ മൂർത്തീകരണമാണ്. അദ്ദേഹം എല്ലായ്പ്പോഴും വിരഹഭാവത്തിലുള്ള തീവ്രമായ കൃഷ്ണ പ്രേമത്തിൽ മുഴുകിയിരിക്കുന്നു .

ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി പ്രണാതി

 


നമ ഓം വിഷ്ണുപാദായ കൃഷ്ണ പ്രഷ്ഠായ ഭൂതലേ 

ശ്രീമതേ ഭക്തിസിദ്ധാന്ത സരസ്വതി ഇതി നാമിനേ

ശ്രീ വാർഷഭാനവീ ദേവീ ദയിതായ കൃപാബ്ധയേ 

കൃഷ്ണസംബന്ധ വിജ്ഞാനദായിനേ പ്രഭവേ നമഃ 

മാധുര്യോജ്ജ്വല പ്രേമാഢ്യ ശ്രീ രൂപാനുഗ ഭക്തിദ 

ശ്രീ ഗൗര കരുണാശക്തി വിഗ്രഹായ നമോസ്തുതേ 

നമസ്തേ ഗൗരവാണി ശ്രീ മൂർത്തയേ ദീനതാരിണേ

രൂപാനുഗ വിരുദ്ധാപസിദ്ധാന്ത ധ്വാന്തഹാരിണേ 


ഭഗവാൻ ശ്രീകൃഷ്ണന് അത്യന്തം പ്രിയങ്കരനും അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചവനുമായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതിക്ക് ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. ഞാൻ വാർഷദാനവീദേവി ഭയിതദാസനായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതിക്ക് സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. അദ്ദേഹം ശ്രീമതി രാധാറാണിക്ക് പ്രിയങ്കരനും, കരുണാസമുദ്രവും, കൃഷ്ണഭക്തി പ്രദാനം ചെയ്യുന്നവനുമാണ്. 


ശ്രീ ചൈതന്യന്റെ കരുണാശക്തിയുടെ മൂർത്തിമദ്ഭാവത്തിന് ഞാൻ സാദരം പ്രണാമങ്ങൾ അർപ്പിക്കുന്നു. അദ്ദേഹം ശ്രീല രൂപ ഗോസ്വാമിയുടെ പരമ്പരയിൽ നിന്നും വരുന്ന ശ്രീരാധാകൃഷ്ണന്മാരുടെ മാധുര്യരസത്താൽ സമ്പുഷ്ടമായ പ്രേമഭക്തി പ്രദാനം ചെയ്യുന്നു. ശ്രീ ചൈതന്യ ശിക്ഷണങ്ങളുടെ മൂർത്തിമദ്ഭാവത്തിന് ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. അങ്ങ് പതിതാന്മാക്കളുടെ രക്ഷകനാണ്. ഭക്തിയേയും സേവനത്തേയും കുറിച്ചുള്ള ശ്രീല രൂപഗോസ്വാമിയുടെ പ്രസ്താവനകൾക്ക് വിരുദ്ധമായവയൊന്നും തന്നെ അങ്ങ് സ്വീകരിക്കുകയില്ല.

ശ്രീല പ്രഭുപാദ പ്രണാതി

നമ ഓം വിഷ്ണുപാദായ കൃഷ്ണ പ്രേഷ്ഠായ ഭൂതലേ 

ശ്രീമതേ ഭക്തിവേദാന്ത സ്വാമിൻ ഇതി നാമിനേ 

നമസ്തേ സാരസ്വതേ ദേവേ ഗൗരവാണീ പ്രചാരിണ 

നിർവിശേഷ ശൂന്യവാദി പാശ്ചാത്യദേശ താരിണേ


ഭഗവാൻ ശ്രീകൃഷ്ണന് അത്യന്തം പ്രിയങ്കരനും, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചവനുമായ ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദർക്ക് ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജിന്റെ ശിഷ്യനും ആത്മീയ ഗുരുവുമായ അങ്ങേക്ക് സാദരപ്രണാമങ്ങൾ. നിരാകാരവാദവും ശൂന്യവാദവും നിറഞ്ഞ പാശ്ചാത്യദേശങ്ങളിൽ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സന്ദേശങ്ങൾ അങ്ങ് കാരുണ്യപൂർവ്വം പ്രചരിപ്പിക്കുന്നു.

മംഗളാചരണം

 



വന്ദേ£ ഹം ശ്രീ ഗുരോഃ ശ്രീയുത പദകമലം  ശ്രീ ഗുരുൻ വൈഷ്ണവാംശ്ച 

ശ്രീരൂപം സാഗ്രജാതം സഹഗണ രഘുനാഥാന്വിതം തം സജീവം

സാദ്വൈതം സാവധൂതം പരിജനസഹിതം കൃഷ്ണചൈതന്യദേവം 

ശ്രീരാധാകൃഷ്ണപാദാൻ സഹഗണലളിതാ ശ്രീ വിശാഖാന്വിതാംശ്ച 


ഞാനെന്റെ ആത്മീയഗുരുനാഥന്റേയും എല്ലാ വൈഷ്ണവരുടേയും പാദാരവിന്ദങ്ങളിൽ സാദരം പ്രണമിക്കുന്നു. ശ്രീല രൂപ ഗോസ്വാമി, അദ്ദേഹത്തിന്റെ ജ്യേഷ്ഠഭ്രാതാവായ സനാതന ഗോസ്വാമി, രഘുനാഥ ദാസ ഗോസ്വാമി, രഘുനാഥ ഭട്ട ഗോസ്വാമി, ഗോപാല ഭട്ട ഗോസ്വാമി, ശ്രീല ജീവ ഗോസ്വാമി ഇവരുടെയെല്ലാം പാദാരവിന്ദങ്ങളിൽ ഈയുള്ളവന്റെ സാദരപ്രണാമം. ചൈതന്യ മഹാപ്രഭു, നിത്യാനന്ദ പ്രഭു, അദ്വൈതാചാര്യൻ, ഗദാധര പണ്ഡിറ്റ്, ശ്രീവാസ പണ്ഡിറ്റ്, മറ്റു സഹപ്രവർത്തകർ എല്ലാവരേയും ഞാൻ നമസ്ക്കരിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണനേയും ശ്രീമതി രാധാറാണിയേയും അവരുടെ തോഴിമാരായ ലളിത, വിശാഖ, തുടങ്ങിയവരേയും ഞാൻ സാദരം പ്രണമിക്കുന്നു.

ശ്രീ രൂപ പ്രണാമം

 


ശ്രീ ചൈതന്യ മനോ£ ഭീഷ്ടം സ്ഥാപിതം യേന ഭൂതലേ

സ്വയം രൂപഃ കദാമഹ്യം ദദാതി സ്വപദാന്തികം 


ചൈതന്യമഹാപ്രഭുവിന്റെ ആഗ്രഹപൂർത്തിയ്ക്കായി ഈ ഭൗതിക പ്രപഞ്ചത്തിൽ പ്രസ്ഥാനസ്ഥാപനം ചെയ്ത ശ്രീല രൂപ ഗോസ്വാമിയുടെ പാദാരവിന്ദങ്ങളിൽ എപ്പോഴാണ് എനിക്കദ്ദേഹം അഭയം നൽകുന്നത്.

ഗുരു പ്രണാമം



ഓ അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ 

ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരുവേ നമഃ 


അജ്ഞാനമാകുന്ന കടുംതിമിരത്തോടുകൂടിയാണ് ഞാൻ ജനിച്ചത്. എന്റെ ആദ്ധ്യാത്മിക ഗുരുനാഥൻ വിജ്ഞാനമാകുന്ന ദീപശിഖ കൊണ്ട് എന്റെ നേത്രങ്ങൾ തുറന്നു. എന്റെ സാദര നമസ്ക്കാരങ്ങൾ ഞാനദ്ദേഹത്തിന് സമർപ്പിക്കുന്നു.

പ്രഹ്ലാദൻ ( ഹിരണുകശിപുവിന്റെ ദിവ്യനായ പുത്രൻ )


 

.ശ്രീ നരസിംഹ അവതാരം


🍁🍁🍁🍁🍁🍁🍁


ഭാഗം 4


പ്രഹ്ലാദൻ 


( ഹിരണുകശിപുവിന്റെ ദിവ്യനായ പുത്രൻ )


🍁🍁🍁🍁🍁🍁🍁


പ്രഹ്ലാദൻ സദാ വിഷ്ണുഭഗവാന്റെ ആരാധനയിൽ മുഴുകിയിരുന്നതിനാൽ അവന്റെ അധ്യാപകരുടെ ആജ്ഞ പാലിക്കുകയുണ്ടായില്ല. ഹിരണ്യകശിപു പ്രഹ്ലാദ മഹാരാജാവിനെ സർപ്പദംശമേൽപ്പിച്ചും, ആനകളുടെ കാൽ ചുവട്ടിൽ തള്ളിയിട്ടും, അങ്ങനെ പല വിധത്തിലും വധിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ഉദ്യമങ്ങളൊന്നും വിജയിച്ചില്ല.


ഹിരണ്യകശിപുവിന്റെ ആദ്ധ്യാത്മികഗുരു ശുക്രാചാര്യന് ശണ്ഡൻ, അമർക്കൻ എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായിരുന്നു. പ്രഹ്ലാദനെ വിദ്യ അഭ്യസിപ്പിക്കാൻ അവരായിരുന്നു നിയോഗിക്കപ്പെട്ടത്. ഗുരുക്കന്മാർ ബാലനായ പ്രഹ്ലാദനെ രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ ഭൗതിക വിഷയങ്ങൾ അഭ്യസിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. പകരം അവൻ ഒരു ഭക്തനായി തുടർന്നു. ഒരുവന്റെ ശത്രുവെന്നും മിത്രമെന്നുമുളള ഭേദചിന്ത പ്രഹ്ലാദൻ ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്ധ്യാത്മികതയിൽ തത്പരനായിരുന്നതിനാൽ അവന് എല്ലാവരും തുല്യരായിരുന്നു.


ഒരിക്കൽ ഹിരണ്യകശിപു പ്രഹ്ലാദനോട് ഗുരുക്കന്മാരിൽ നിന്ന് താൻ അഭ്യസിച്ച ഏറ്റവും ശ്രേഷ്ഠമായ കാര്യം എന്താണെന്ന് ചോദിച്ചു. “ഇത് എന്റേത്, അത് എന്റെ ശത്രുവിന്റേത്” എന്നിങ്ങനെയുള്ള ഭൗതികമായ ദ്വന്ദ്വ ബോധത്താൽ ഗ്രസിക്കപ്പെട്ട ഒരു വ്യക്തി ഗൃഹസ്ഥ ജീവിതം ത്യജിച്ച് ഭഗവാനെ ആരാധിക്കുന്നതിനു വേണ്ടി വനത്തിൽ പോകണമെന്ന് പ്രഹ്ലാദൻ മറുപടി നൽകി.


പുത്രനിൽ നിന്ന് ഭക്തിയുതസേവനത്തെക്കുറിച്ചു ശ്രവിച്ച ഹിരണ്യകശിപു, ഈ ചെറിയ ബാലകനെ വിദ്യാലയത്തിൽ വച്ച് മിത്രങ്ങളാരോ ഉപദേശിച്ച് മലിനമാക്കിയിട്ടുണ്ടെന്ന് കരുതി. അതു മൂലം അവനൊരു കൃഷ്ണഭക്തനായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഹിരണ്യകശിപു അവന്റെ ഗുരുക്കന്മാരോട് നിർദേശിച്ചു. എന്നാൽ, തങ്ങൾ പഠിപ്പിക്കുന്നതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് ഗുരുക്കന്മാർ ആരാഞ്ഞപ്പോൾ, ഉടമസ്ഥതാ മനോഭാവം തെറ്റാണെന്നും, അതുകൊണ്ട് താൻ വിഷ്ണുഭഗവാന്റെ ഒരു അഹൈതുക ഭക്തനായിത്തീരാൻ പരിശ്രമിക്കുകയാ ണെന്നും പ്രഹ്ലാദൻ മറുപടി പറഞ്ഞു. ഇതു കേട്ട് കുപിതരായ ഗുരുക്കന്മാർ ആ ബാലനെ അതികഠിനമായി ശിക്ഷിക്കുകയും, പല തരത്തിലും ഭീഷ ണിപ്പെടുത്തുകയും ചെയ്തു. അവർ അവരുടെ കഴിവിന്റെ പരമാവധി ആവനെ പഠിപ്പിക്കുകയും പിന്നീട് പിതാവിന്റെ മുന്നിൽ ഹാജരാക്കുകയും 


ഹിരണ്യകശിപു വാത്സല്യപൂർവം പുത്രനെ എടുത്ത് മടിയിലിരുത്തി, ഗുരുക്കന്മാരിൽ നിന്ന് താൻ അഭ്യസിച്ച ഏറ്റവും ഉത്തമമായ കാര്യം എന്താണെന്ന് അന്വേഷിച്ചു. പ്രഹ്ലാദ മഹാരാജാവ് പതിവുപോലെ, ശ്രവണം കീർത്തനം എന്നു തുടങ്ങുന്ന ഒമ്പതു വിധ ഭക്തിയുതസേവന പ്രക്രിയകളെ പുകഴ്ത്തി. അതോടെ അത്യന്തം രോഷാകുലനായ ഹിരണ്യകശിപു, പുത്രനെ തെറ്റായി പഠിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തി അവന്റെ ഗുരുക്കന്മാരായ ശണ്ഡനെയും അമർക്കനെയും ശകാരിച്ചു. പ്രഹ്ലാദൻ സ്വാഭാവികമായി ഒരു ഭക്തനാണെന്നും തങ്ങളുടെ നിർദേശങ്ങൾ അനുസരിക്കുന്നില്ലെന്നും ഗുരുക്കന്മാർ അറിയിച്ചു. അവർ നിർദോഷികളാണെന്നു തെളിയിച്ചപ്പോൾ, ഹിരണ്യ കശിപു, പ്രഹ്ലാദനോട് വിഷ്ണുഭക്തി അഭ്യസിച്ചത് എവിടെ നിന്നാണെന്ന് ചോദിച്ചു. ഗൃഹസ്ഥ ജീവിതത്തിൽ ആസക്തരായവർക്ക് ഒറ്റയ്ക്കോ കൂട്ടായോ കൃഷ്ണാവബോധത്തിൽ പുരോഗതി പ്രാപിക്കാനാവില്ലെന്നും, അവരീ ഭൗതികലോകത്തിലെ ജനിമൃതികളുടെ ആവർത്തന ചക്രത്തിൽ ചർവിത ചർവണം നടത്തുന്നവരെപ്പോലെ തുടരുമെന്നും പ്രഹ്ലാദൻ മറുപടി പറഞ്ഞു. ഒരു പരിശുദ്ധ ഭക്തനെ ശരണം പ്രാപിച്ച് കൃഷ്ണാവബോധം ഗ്രഹിക്കുന്നതിന് അർഹത നേടുകയാണ് ഓരോ മനുഷ്യന്റെയും ധർമമെന്ന് അവൻ വിശദീകരിച്ചു.


ഈ മറുപടി കേട്ട് ക്രുദ്ധനായ ഹിരണ്യകശിപു തന്റെ മടിയിൽ ഇരിക്കുകയായിരുന്ന പ്രഹ്ലാദനെ ദൂരേക്ക് തട്ടിയെറിഞ്ഞു. സ്വന്തം പിതൃസഹോദരനായ ഹിരണ്യാക്ഷനെ വധിച്ച വിഷ്ണുവിന്റെ ഭക്തനായതിലൂടെ വിശ്വാസ വഞ്ചകനായിത്തീർന്ന പ്രഹ്ലാദനെ കൊന്നുകളയാൻ ഹിരണ്യകശിപു തന്റെ ഭൃത്യന്മാരോട് കല്പിച്ചു. ഹിരണ്യകശിപുവിന്റെ സഹായികൾ പ്രഹ്ലാദനെ കാഠിന്യമേറിയ ആയുധങ്ങളാൽ പ്രഹരിച്ചും, ആനയുടെ കാൽച്ചുവട്ടിലേക്ക് തള്ളിയിട്ടും, പർവതത്തിന്റെ മുകളിൽ നിന്ന് വലിച്ചെറിഞ്ഞും, പലവിധ നരകീയ യാതനകൾ അനുഭവിപ്പിച്ചും, ആയിരക്കണക്കിന് മാർഗങ്ങളിലൂടെ വധിക്കാൻ ശ്രമിച്ചെങ്കിലും, ആ ശ്രമങ്ങളെല്ലാം വൃഥാവിലായി. അ തു മൂലം ഭയം വർദ്ധിച്ച ഹിരണ്യകശിപു അവനെ തടവിലാക്കി. ഹിരണ്യ കശിപുവിന്റെ ആദ്ധ്യാത്മികഗുരുവായ ശുക്രാചാര്യന്റെ പുത്രന്മാർ അവ രുടേതായ രീതികളിൽ പ്രഹ്ലാദ മഹാരാജാവിനെ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും, പ്രഹ്ലാദൻ അവരുടെ ഉപദേശങ്ങളൊന്നും സ്വീകരിച്ചില്ല. വിദ്യാലയത്തിൽ ഗുരുക്കന്മാർ ഇല്ലാത്ത വേളകളിൽ പ്രഹ്ലാദൻ തന്റെ സതീർത്ഥ്യരെ കൃഷ്ണാവബോധം പഠിപ്പിച്ചു തുടങ്ങി. അപ്രകാരം ആ അസുരപുത്രന്മാരും അവനെപ്പോലെ ഭക്തന്മാരായിത്തീർന്നു.



തുടരും...


നാളെ 


പ്രഹ്ലാദൻ അസുരസഹപാഠികളെ ഉപദേശിക്കുന്നു


🍁🍁🍁🍁🍁


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com