🍁🍁🍁🍁🍁🍁🍁
ഭാഗം 7
നരസിംഹഭഗവാൻ ദൈത്യരാജാവിനെ വധിക്കുന്നു
🍁🍁🍁🍁🍁🍁🍁🍁
പ്രഹ്ലാദന്റെ ഉപദേശങ്ങൾ പിന്തുടർന്ന് ദൈത്യപുത്രന്മാർ ഭഗവാനിൽ മമതയുള്ളവരായിത്തീർന്നു. ഈ മമത വളർന്നപ്പോൾ അവരുടെ ഗുരുക്കന്മാരായ ശണ്ഡനും അമർക്കനും, കുട്ടികൾ കൂടുതൽ കൂടുതൽ ഭഗവദ് ഭക്തന്മാരായിത്തീരുമെന്ന് ഭയന്നു. നിസ്സഹായാവസ്ഥയിലായ അവർ ഹിരണ്യകശിപുവിനെ സമീപിച്ച് പ്രഹ്ലാദന്റെ പ്രഭാഷണങ്ങളുടെ ഫലം വിശദമായി വിവരിച്ചു. ഇതു കേട്ട ഹിരണ്യകശിപു തന്റെ പുത്രനെ വധിക്കാൻ തീരുമാനമെടുത്തു. പ്രഹ്ലാദൻ കോപാക്രാന്തനായ ഹിരണ്യകശിപുവിന്റെ പാദങ്ങളിൽ വീണ് സാന്ത്വനിപ്പിക്കാൻ പലതും പറഞ്ഞു നോക്കിയെങ്കിലും, അസുരനായ പിതാവിനെ സംതൃപ്തനാക്കുന്നതിൽ അവൻ വിജയിച്ചില്ല. സാക്ഷാൽ അസുരനായ ഹിരണ്യകശിപു, താൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനെക്കാൾ ഉത്കൃഷ്ടനാണെന്ന് സ്വയം വിളംബരം ചെയ്തു തുടങ്ങി. പക്ഷേ പ്രഹ്ലാദൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. ഹിരണ്യ കശിപു ദൈവമല്ലെന്നു പറഞ്ഞ് അവൻ ഭഗവാനെ പുകഴ്ത്തുകയും, അ ദ്ദേഹം സർവവ്യാപിയാണെന്നും, എല്ലാം അദ്ദേഹത്തിന്റെ കീഴിലാണെന്നും, അദ്ദേഹത്തിന് തുല്യനായോ ശ്രേഷ്ഠനായോ ആരുമില്ലെന്നും പ്രഖ്യാപിച്ചു. സർവശക്തനായ പരമപുരുഷന് കീഴടങ്ങാൻ അവൻ പിതാവിനോട് അപേക്ഷിച്ചു.
പ്രഹ്ലാദൻ ഭഗവാനെ കൂടുതൽ പുകഴ്ത്തും തോറും, ഹിരണ്യകശിപു കൂടുതൽ കുപിതനും വിക്ഷുബ്ധനുമായി. വൈഷ്ണവനായ തന്റെ പുത്രനോട് അവന്റെ ദൈവം കൊട്ടാരത്തിന്റെ രൂപത്തിലുണ്ടോ എന്ന് ഹിരണ്യകശിപു ചോദിച്ചു. ഭഗവാൻ എല്ലായിടത്തുമുള്ളതിനാൽ, ഈ തൂണുകൾക്കുളളിലുമുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞു. പുത്രന്റെ ഈ തത്ത്വശാസ്ത്രം കേട്ട ഹിരണ്യകശിപു, അതു കേവലമൊരു ബാലിശ പ്രസ്താവമായി കരുതി, മുഷ്ടി ചുരുട്ടി തൂണിന്മേൽ ശക്തിയായി ഇടിച്ചു.
ഹിരണ്യകശിപു തൂണിന്മേൽ ഇടിച്ചതും, തൂണിൽ നിന്ന് അതിലേകമായൊരു ശബ്ദം മുഴങ്ങി. ശബ്ദം വന്ന സ്തൂപത്തിൽ, അസുര രാജാവിന് ആദ്യം സ്തൂപമല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല. പക്ഷേ അടുത്ത ക്ഷണം പ്രഹ്ലാദന്റെ പ്രസ്താവന സത്യമാക്കിക്കൊണ്ട് ഭഗവാൻ അവി ടുത്തെ പകുതി സിംഹവും പകുതി മനുഷ്യനുമായുള്ള അത്ഭുതകരമായ നരസിംഹ അവതാര രൂപത്തിൽ സ്തൂപത്തിൽ നിന്ന് പുറത്തു വന്നു. ഭഗ വാന്റെ അസാധാരണവും അതിശയകരവുമായ ആ രൂപം നിശ്ചയമായും തന്റെ മരണത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുളളതാണെന്ന് ഹിരണ്യകശിപുവിന് തൽ ക്ഷണം മനസിലായി. അപ്രകാരം അവൻ പകുതി മനുഷ്യനും പകുതി സിംഹവുമായ ആ രൂപത്തോട് യുദ്ധം ചെയ്യാൻ തയ്യാറെടുത്തു. ഭഗവാൻ അസുരനോട് യുദ്ധം ചെയ്ത് കുറെ സമയം തന്റെ ലീലകളാടി, സായാഹ്നമായപ്പോൾ, പകലും രാത്രിയും സംഗമിക്കുന്നതിന് മധ്യേയുളള സന്ധ്യാസമയത്ത് അദ്ദേഹം അസുരനെ പിടികൂടി തന്റെ മടിയിൽ കിടത്തി, കൂർത്ത് മൂർച്ചയേറിയ നഖങ്ങൾകൊണ്ട് ഉദരം കീറിപ്പിളർന്ന് അവനെ വധിച്ചു. ഭഗവാൻ, അസുരരാജാവായ ഹിരണ്യകശിപുവിനെ മാത്രമല്ല അവന്റെ നിരവധി അനുയായികളെയും നിഗ്രഹിച്ചു. യുദ്ധം ചെയ്യാൻ ആരും അവശേഷിക്കാതായപ്പോൾ ഭഗവാൻ, അത്യുജ്ജ്വലമായ കോപത്തോടെ അതി ഭീകരമായി ഗർജിച്ചുകൊണ്ട് ഹിരണ്യകശിപുവിന്റെ സിംഹാസനത്തിൽ ഇരുന്നു.
അവ്വിധത്തിൽ സമഗ്ര പ്രപഞ്ചവും ഹിരണ്യകശിപുവിന്റെ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. സമസ്ത ലോകരും വിജയാഹ്ലാദത്താൽ അതീന്ദ്രിയാനന്ദത്തിൽ മുങ്ങി. ബ്രഹ്മദേവന്റെ നേതൃത്വത്തിൽ സർവ ദേവഗണങ്ങളും ഭഗവാന്റെ സവിധത്തിലണഞ്ഞു. ഇവരിൽ മഹാവിശുദ്ധരായ വ്യക്തികളും, പിതാക്കന്മാരും, സിദ്ധന്മാരും, വിദ്യാധരന്മാരും, നാഗന്മാരും, മനു ക്കളും, പ്രജാപതിമാരും, ഗന്ധർവന്മാരും, ചാരണന്മാരും, യക്ഷകിന്നരന്മാരും, കിംപുരുഷന്മാരും, വൈതാളികരും, നാനാവിധ മനുഷ്യജീവികളും ഉൾപ്പെടുന്നു. അവരെല്ലാം, ഉജ്ജ്വലതേജസോടെ സിംഹാസനത്തിൽ ഇരുന്നിരുന്ന ഭഗവാനിൽ നിന്ന് വളരെയകലെയല്ലാതെ നിലകൊണ്ട് അദ്ദേഹത്തിന് തങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കാൻ ആരംഭിച്ചു.
തുടരും...
നാളെ ...
പ്രഹ്ലാദൻ നരസിംഹഭഗവാനെ പ്രാർത്ഥനകളാൽ ശാന്തനാക്കുന്നു
🍁🍁🍁🍁🍁
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
🍁🍁🍁🍁🍁🍁🍁🍁🍁🍁
https://t.me/joinchat/SE9x_uS_gyO6uxCc
വെബ്സൈറ്റ
🍁🍁🍁🍁🍁🍁
https://suddhabhaktimalayalam.com