Home

Sunday, May 23, 2021

ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ (അദ്ധ്യായം 1 - 18)





ശ്രീമദ് ഭഗവദ് ഗീതാ 

108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

                                                   

 അദ്ധ്യായം 1 - 18


🔆🔆🔆🔆🔆🔆🔆🔆


 അദ്ധ്യായം 1 / ശ്ലോകം 1

ധൃതരാഷ്ട്ര ഉവാച

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതായുയുത്സവഃ

മാമകാഃ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ 


ധൃതരാഷ്ട്രർ പറഞ്ഞു :- ഹേ സഞ്ജയാ, പുണ്യസ്ഥലമായ കുരു ക്ഷേത്രത്തിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡുപുത്രരും എന്തുചെയ്തു?


അദ്ധ്യായം 2 / ശ്ലോകം 7 

കാർപണ്യദോഷോപഹതസ്വഭാവഃ

പൃച്ഛാമി ത്വാം ധർമസംമൂഢചേതാഃ

യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ

ശിഷ്യസ്തേ £ഹം ശാധി മാം ത്വാം പ്രപന്നം  


ദൗർബല്യംകൊണ്ട് ആത്മനിയന്ത്രണം നഷ്ടപ്പെട്ട എനിക്ക് കൃത്യനിർവ്വഹണത്തെപ്പറ്റി ഒന്നും വ്യക്തമാകുന്നില്ല. ഈ അവസ്ഥയിൽ എനിക്കെന്താണ് യോജിച്ചതെന്ന് പറഞ്ഞുതരണം. ഞാനിപ്പോൾ അങ്ങയെ ശരണം പ്രാപിച്ച ശിഷ്യനാണ്. ദയവായി ഉപദേശം തന്നാലും. 


 അദ്ധ്യായം 2 /ശ്ലോകം 11

ശ്രീ ഭഗവാനുവാച  

അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ

ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ 


ശ്രീഭഗവാൻ പറഞ്ഞു: നീ ബുദ്ധിമാന്മാരെപ്പോലെ സംസാരിക്കുന്നുവെങ്കിലും ആവശ്യമില്ലാത്തവയെച്ചൊല്ലി ദുഃഖിക്കുകയും ചെയ്യുന്നു. ബുദ്ധിമാന്മാർ ജീവിക്കുന്നവരെച്ചൊല്ലിയാകട്ടെ, മരിച്ചവരെച്ചൊല്ലിയാകട്ടെ വിലപിക്കാറില്ല. 


അദ്ധ്യായം 2 /ശ്ലോകം 12 

ന ത്വേവാഹം ജാതു നാസം ന ത്വം നേ മേ ജനാധിപാഃ 

ന ചൈവ ന ഭവിഷ്യാമഃ സർവേ വയമതഃ പരം 


ഞാൻ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിട്ടേയില്ല. അതുപോലെ നീയും ഇക്കാണുന്ന രാജാക്കന്മാരുമെല്ലാം എന്നും ഉണ്ടായിരുന്നു. ഒരിക്കലും നാമാരും ഇല്ലാതാവുകയുമില്ല.


അദ്ധ്യായം 2 /ശ്ലോകം 13

ദേഹിനോ £സ്മിൻ യഥാ ദേഹേ കൗമാരം യൗവ്വനം ജരാ 

തഥാ ദേഹാന്തരപ്രാപ്തിർധീരസ്തത്ര ന മുഹ്യതി.


ശരീരസ്ഥനായ ആത്മാവ് ബാല്യത്തിൽ നിന്ന് യൗവ്വനത്തിലേയ്ക്കും പിന്നെ വാർദ്ധക്യത്തിലേയ്ക്കും കടക്കുന്നതുപോലെ മരണശേഷം മറ്റൊരു ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നു. സമചിത്തനായ ഒരാൾക്ക് ഈ പരിണാമത്തെപ്പറ്റി സംഭ്രമമുണ്ടാവില്ല.


അദ്ധ്യായം 2 /ശ്ലോകം 14

മാത്രാസ്പർശാസ്തു കൗന്തേയ ശീതോഷ്ണസുഖദുഃഖദാഃ

ആഗമാപായിനോ f നിത്യാസ്താംസ്തിതിക്ഷസ്വ ഭാരത 


ഹേ കുന്തീപുത്രാ, ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റേയും വേനൽക്കാലത്തിന്റേയും ഗതി വിഗതികൾ പോലെയത്രേ. ഇന്ദ്രിയാനുഭൂതികളിൽ നിന്ന് അവയുണ്ടാകുന്നു. ഹേ ഭാരതാ, അവയെ അസ്വസ്ഥനാകാതെ സഹിക്കാൻ ഒരാൾ പഠിക്കണം.


അദ്ധ്യായം 2 /ശ്ലോകം 20

ന ജായതേ മ്രിയതേ വാ കദാചി- 

ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ 

അജോ നിത്യഃ ശാശ്വതോ f യം പുരാണോ 

ന ഹന്യതേ ഹന്യമാനേ ശരീരേ. 


ആത്മാവിന് ഒരിക്കലും ജനനമരണങ്ങളില്ല. അത് ഉണ്ടായിട്ടില്ല; ഉണ്ടാകുന്നില്ല; ഭാവിയിൽ ഉണ്ടാവുകയുമില്ല. അജനും നിത്യനും ശാശ്വതനും പ്രാചീനനുമാണത്; ശരീരം നശിക്കുമ്പോൾ അതിന് മരണമില്ല. 


 അദ്ധ്യായം 2/ശ്ലോകം 22

വാസാംസി ജീർണാനി യഥാ വിഹായ

നവാനി ഗൃഹ്ണാതി നരോ£പരാണി

തഥാ ശരീരാണി വിഹായ ജീർണാ-

ന്യന്യാനി സംയാതി നവാനി ദേഹീ


പഴകിയ ഉടുപ്പുകൾ മാറ്റി പുതിയവ എടുത്തണിയുന്നതുപോലെ, ജീർണിച്ച് ഉപയോഗിക്കാൻ കൊള്ളാത്തതായ ഭൗതികശരീരങ്ങൾ ഉപേക്ഷിച്ച് ദേഹി പുതുദേഹങ്ങൾ സ്വീകരിക്കുന്നു. 



അദ്ധ്യായം 2/ശ്ലോകം 23

നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ 

ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ 


ആത്മാവിനെ ആയുധങ്ങൾക്ക് മുറിക്കാനാവില്ല. അഗ്നിക്കു ദഹിപ്പിക്കാനോ വെള്ളത്തിന് നനയ്ക്കാനോ കാറ്റിനു ശോഷിപ്പിക്കാനോ കഴിയുകയില്ല.


അദ്ധ്യായം 2 /ശ്ലോകം 27 

ജാതസ്യ ഹി ധ്രുവോ മൃത്യുർധ്രുവം ജന്മ മൃതസ്യ ച 

തസ്മാദപരിഹാര്യേ £ ർഥേ ന ത്വം ശോചിതുമർഹസി


ജനിച്ചവന് മരണം നിശ്ചിതമത്രേ; മരിച്ചവന് ജനനവും. അതിനാൽ തന്റെ അനിവാര്യമായ കർത്തവ്യ നിർവ്വഹണത്തെപ്പറ്റി നീ വ്യസനിക്കേണ്ടതില്ല.


അദ്ധ്യായം 2/ ശ്ലോകം 30  

ദേഹീ നിത്യമവധ്യോ£ യം ദേഹേ സർവസ്യ ഭാരത 

തസ്മാത്സർവാണി ഭൂതാനി ന ത്വം ശോചിതുമർഹസി 


ഹേ ഭാരതാ, ദേഹി ( ദേഹത്തിൽ വസിക്കുന്ന സത്ത ) അനശ്വരനാണ്, അതിനെ കൊല്ലുവാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഏതൊരു ജീവനെക്കുറിച്ചും നീ വ്യസനിക്കേണ്ടതില്ല.


അദ്ധ്യായം / 2 ശ്ലോകം 40 

നേഹാഭിക്രമനാശോ £ സ്തി പ്രത്യവായോ ന വിദ്യതേ 

സ്വല്പമപ്യസ്യ ധർമസ്യ ത്രായതേ മഹതോ ഭയാത് 


നഷ്ടമോ ലാഭമോ ഈ ഉദ്യമത്തിലില്ല. ഈ വഴിക്കുള്ള ചെറിയൊരു മുന്നേറ്റവും മഹാഭയങ്ങളിൽ നിന്ന് രക്ഷ നൽകുന്നു.


അദ്ധ്യായം 2 /ശ്ലോകം 41  

വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന 

ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോ£ വ്യവസായിനാം 


ഈ വഴിക്ക് പോകുന്നവർ നിശ്ചയദാർഢ്യമുള്ളവരാണ്. ലക്ഷ്യവും ഒന്നു മാത്രം. കുരുനന്ദനാ, ദൃഢനിശ്ചയമില്ലാത്തവരുടെ ബുദ്ധിയാകട്ടെ പല ശാഖകളോടുകൂടിയതാണ്. 


അദ്ധ്യായം 2/ ശ്ലോകം 44 

ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം വ്യവസായാത്മികാ ബുദ്ധിഃ സമാധൗ ന വിധീയതേ 


ഭൗതികൈശ്വര്യത്തിലും സുഖാനുഭവങ്ങളിലും അത്യാസക്തരായവർക്കും ഇവകളാൽ പരിഭ്രാന്തരായവർക്കും ഭക്തിപൂർവ്വം ഭഗവത്സേവനം നടത്താൻ വേണ്ടുന്ന നിശ്ചയദാർഢ്യം ഉണ്ടാവില്ല.  



അദ്ധ്യായം 2/ ശ്ലോകം 45 

ത്രൈഗുണ്യ വിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാർജുന

നിർദ്വന്ദോ നിത്യസത്ത്വസ്ഥോ നിർയോഗക്ഷേമ ആത്മവാൻ. 


പ്രകൃതിയുടെ മൂന്ന് ഗുണങ്ങളാണ് വേദങ്ങളുടെ മുഖ്യ വിഷയം. അർജുനാ, നീ അവയെ അതിക്രമിക്കണം. ദ്വന്ദ്വങ്ങളിൽ നിന്നും,  ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠകളിൽ നിന്നും തികച്ചും മുക്തനായി ആത്മാവിൽ മനസ്സുറപ്പിക്കുക.


അദ്ധ്യായം 2/ ശ്ലോകം 46  

യാവാനർഥ ഉദപാനേ സർവതഃ സംപ്ളുതോദകേ 

താവാൻസർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ


ഒരു കൊച്ചുകുളത്തിന് നിറവേറ്റാൻ സാധിക്കുന്ന ആവശ്യമെല്ലാം  വലിയ ഒരു ജലസംഭരണികൊണ്ട് നിർവ്വഹിക്കാം. അതുപോലെ  വേദങ്ങളാലുദ്ദിഷ്ടമായതെന്തും അവയുടെ ഉൾപ്പൊരുളറിയുന്നതുകൊണ്ട് നേടാവുന്നതാണ്.


അദ്ധ്യായം 2/ശ്ലോകം 59

 

വിഷയാവിനിവര്‍തന്തേ നിരാഹാരസ്യ ദേഹിനഃ 

രസവർജം രസോ ഽപ്യസ്യ പരം  ദൃഷ്ട്വാ  നിവർതതേ.


വിഷയസുഖങ്ങളോടുള്ള താത്പര്യം നിലനില്ക്കുന്നുണ്ടെങ്കിലും ശരീരസ്ഥനായ ആത്മാവ് ഇന്ദിയനിയന്ത്രണം പാലിക്കേണ്ടതാണ്. ഇത്തരം പ്രകിയകളവസാനിപ്പിച്ച് ഉന്നതമായ രുചി അനുഭവിക്കുന്നതോടെ അയാൾ സ്ഥിത്രപജ്ഞനാകുന്നു.


അദ്ധ്യായം 2/ ശ്ലോകം 62 

ധ്യായതോ വിഷയാൻപുംസഃ സംഗസ്തേഷൂപജായതേ

സംഗാത്സംജായതേ കാമഃ കാമാത്ക്രോധോ £ ഭിജായതേ. 


ഇന്ദ്രിയ വിഷയങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവർക്ക് അവയിൽ ആസക്തിയുണ്ടാവുന്നു. ആസക്തിയിൽ നിന്ന് കാമവും അതിൽ നിന്ന് ക്രോധവും ഉളവാകുന്നു. 


അദ്ധ്യായം 2/ ശ്ലോകം 63  

ക്രോധാദ്ഭവതി സംമോഹഃ സംമോഹാത്സ്മ്യതിവിഭ്രമഃ

സ്മൃതിഭ്രംശാദ്ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി 


ക്രോധത്തിൽ നിന്ന് സമ്മോഹവും, അതിൽ നിന്ന് ഓർമ്മപ്പിഴയും, ഓർമ്മപ്പിഴയിൽ നിന്ന് ബുദ്ധിനാശവുമുണ്ടാകുന്നു. ബുദ്ധി നാശത്താൽ, വീണ്ടും ഭൗതികതയുടെ കയത്തിലേക്ക് വീണ്, നാശം പ്രാപിക്കുന്നു.  


അദ്ധ്യായം 2/ ശ്ലോകം 64  

രാഗദ്വേഷവിമുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരൻ

ആത്മവശ്യൈർവിധേയാത്മാ പ്രസാദമധിഗച്ഛതി 


രാഗദ്വേഷങ്ങളിൽ നിന്നു വിമുക്തനായി സ്വാതന്ത്ര്യത്തിനു വേണ്ടിയുളള നിബന്ധനകൾ വഴി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ഒരു വ്യക്തിക്ക് ഭഗവാന്റെ പൂർണ്ണ കാരുണ്യം ലഭ്യമാകും. 


അദ്ധ്യായം 2/ ശ്ലോകം 69

യാ നിശാ സർവഭൂതാനാം തസ്യാം ജാഗർതി  സംയമീ   

യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ  മുനേഃ


സർവ്വജീവജാലങ്ങൾക്കും രാത്രിയായിരിക്കുമ്പോൾ ആത്മ സംയമനം കൈവരിച്ചവൻ ഉണർന്നിരിക്കുന്നു. ഏവരും ഉണർന്നിരി ക്കുമ്പോൾ അന്തർമുഖനായ മുനിക്ക് നിശാകാലമാണ്.


അദ്ധ്യായം 3/ശ്ലോകം 9

യജ്ഞാർഥാത് കർമണോ £ ന്യത്ര ലോകോ £ യം കർമബന്ധനഃ

തദർഥം കർമ കൗന്തേയ മുക്തസങ്ഗഃ സമാചര


കർമ്മം, വിഷ്ണുവിനായുള്ള യജ്ഞമെന്ന നിലയിൽ അനുഷ്ഠിക്കേണ്ടതാണ്. അല്ലെങ്കിൽ അത് മനുഷ്യനെ ഭൗതികലോകത്തോട് കൂടുതൽ ബന്ധിക്കുകയേയുള്ളൂ. കുന്തീപുത്രാ, നിന്റെ നിർദ്ദിഷ്ട കർമ്മങ്ങളെ ഭഗവാന്റെ സംതൃപ്തിക്കായി നിർവ്വഹിക്കൂ. അങ്ങനെ ചെയ്താൽ നിനക്ക് എന്നെന്നും ബന്ധമുക്തനായിരിക്കാം. 


അദ്ധ്യായം 3/ ശ്ലോകം 14  

അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ 

യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ 


എല്ലാ ജീവജാലങ്ങളും ധാന്യങ്ങൾകൊണ്ട്  ജീവിക്കുന്നു, അതാകട്ടെ മഴമൂലമുണ്ടാകുന്നു. മഴ യജ്ഞത്തിൽ നിന്നുണ്ടാകുന്നു; യജ്ഞങ്ങൾ വിധിപ്രകാരമുള്ള കർമ്മങ്ങളിൽ നിന്നും. 


അദ്ധ്യായം 3/ ശ്ലോകം 21  

യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ 

സ യത്പ്രമാണം കുരുതേ ലോകസ്തദനുവർതതേ 


ഒരു ശ്രേഷ്ഠനായ വ്യക്തി എന്തുതന്നെ ചെയ്താലും സാധാരണ ജനങ്ങ ൾ അദ്ദേഹത്ത അനുകരിക്കുന്നു. മാത്യകാപരങ്ങളായ പ്രവൃത്തികളിൽ അദ്ദേഹം സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ ലോകമൊട്ടാകെ ആദരിക്കുന്നു.


അദ്ധ്യായം 3/ശ്ലോകം 27

പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കർമാണി സർവശഃ

അഹങ്കാര വിമൂഢാത്മാ കർതാഹമിതി മന്യതേ


മിഥ്യാഹങ്കാരത്തിന്റെ പ്രഭാവത്താൽ, മോഹിതനായ ജീവാത്മാവ്,താനാണ് കർമ്മങ്ങൾ ചെയ്യുന്നതെന്ന് ചിന്തിക്കുന്നു. വാസ്തവത്തിൽ പ്രകൃതിയുടെ മൂന്നു ഗുണങ്ങളാണവ നിർവ്വഹിക്കുന്നത്.


അദ്ധ്യായം 3/ശ്ലോകം 37

ശ്രീ  ഭഗവാനുവാച

 കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ

 മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം.


ശ്രീ ഭഗവാൻ പറഞ്ഞു: അല്ലയോ അർജുനാ, രജോഗുണവുമായുള്ള സമ്പർക്കത്തിൽ നിന്നുണ്ടായതും പിന്നീട് ക്രോധമായിത്തീരുന്നതുമായ കാമമാണിങ്ങനെ പ്രേരിപ്പിക്കുന്നത്. എല്ലാം നശിപ്പിക്കുന്ന ഈ മഹാപാപമാണ് ഇഹലോകത്തിലെ ശ്രതു.


അദ്ധ്യായം 4/ശ്ലോകം 1 

ശ്രീ ഭഗവാനുവാച

 ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം

വിവസ്വാൻമനവേ പ്രാഹ മനുരിക്ഷ്വാകവേ ഽബ്രവീത്


 ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞു - സനാതനമായ ഈ യോഗത്തെ പണ്ട് ഞാൻ സൂര്യദേവനായ വിവസ്വാന് ഉപദേശിച്ചു; വിവസ്വാൻ മനുഷ്യവംശപിതാവായ മനുവിനും, മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.


അദ്ധ്യായം 4/ശ്ലോകം 2  

ഏവം പരംപരാ പ്രാപ്തമിമം രാജർഷയോ വിദുഃ

സ കാലേനേഹ മഹതാ യോഗോ നഷ്ടഃ പരംതപ


അങ്ങനെ ശിഷ്യപരമ്പരയിലൂടെ പകർന്നുകിട്ടിയ ഈ സർവോത് കൃഷ്ടമായ ശാസ്ത്രം രാജർഷികൾ ശരിയായി മനസ്സിലാക്കിയിരുന്നു. കാലക്രമേണ ആ പാരമ്പര്യശ്യംഖല മുറിഞ്ഞു പോവുകയും ഇത് നഷ്ടപ്രായമാവുകയും ചെയ്തു.


അദ്ധ്യായം 4/ശ്ലോകം 3 


സ ഏവായം മയാ തേ £ ദ്യയോഗഃ പ്രോക്തഃ പൂരാതനഃ 

ഭക്തോ £ സി മേ സഖാ ചേതിരഹസ്യം ഹ്യേതദുത്തമം


നീ എന്റെ ഭക്തനും മിത്രവുമായതുകൊണ്ടാണ് പരമപുരുഷനുമായി ബന്ധപ്പെടുത്തുന്ന ഈ പുരാതന ശാസ്ത്രം ഞാൻ വിവരിച്ചു തരുന്നത്. അതുകൊണ്ട് അതീന്ദ്രിയമായ ഈ ഗുപ്തജ്ഞാനം ഗ്രഹിക്കാൻ നിനക്ക് കഴിവുണ്ട്.



അദ്ധ്യായം 4/ ശ്ലോകം 6


അജോ £ പി സന്നവ്യയാത്മാ ഭൂതാനാമീശ്വരോ £ പി സൻ 

പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ. 


എനിക്ക് പിറവിയില്ല. എന്റെ അതീന്ദ്രിയ ശരീരത്തിന് നാശം നേരിടുകയുമില്ല, ജീവജാലങ്ങൾക്കെല്ലാം അധിപതിയാണു ഞാൻ. എന്നിരിക്കിലും യുഗംതോറും എന്റെ ആദിമവും അതീന്ദ്രിയവുമായ രൂപത്തിൽ ഞാൻ അവതരിക്കുന്നു.


 അദ്ധ്യായം 4/ ശ്ലോകം 7


യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത 

അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം 


എപ്പോൾ എവിടെ ധർമ്മാചരണത്തിന് ക്ഷയം നേരിടുന്നുവോ, എപ്പോൾ അധർമ്മം തഴച്ചു വളരുന്നുവോ, അപ്പോഴെല്ലാം ഞാൻ അവതരിക്കുന്നു, ഹേ ഭാരതാ!



അദ്ധ്യായം 4/ശ്ലോകം 8


പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം 

ധർമസംസ്ഥാപനാർഥായ സംഭവാമി യുഗേ യുഗേ 


ഭക്തന്മാരെ രക്ഷിക്കാനും ദുഷ്കൃതികളെ നിഗ്രഹിക്കാനും ധർമ്മത്തെ പുനഃസ്ഥാപിക്കാനുമായി യുഗംതോറും ഞാൻ അവതരിച്ചു കൊണ്ടേയിരിക്കുന്നു.


അദ്ധ്യായം 4/ ശ്ലോകം 9


ജന്മ കർമ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ 

ത്യക്ത്വാ ദേഹം പുനർജന്മ നൈതി മാമേതി സോ £ർജുന 



അല്ലയോ അർജുനാ, എന്റെ ജനനത്തിന്റേയും പ്രവൃത്തികളുടേയും അതീന്ദ്രിയ സ്വഭാവം ഗ്രഹിച്ചവർ മരണശേഷം വീണ്ടും ഭൗതിക ലോകത്തിൽ പിറക്കുന്നില്ല. അവർ ശാശ്വതമായ എന്റെ ലോകത്തിലെത്തുന്നു.


അദ്ധ്യായം 4/ശ്ലോകം 10 


വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ 

ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ



രാഗം, ഭയം, ക്രോധം എന്നിവയിൽ നിന്ന് മോചിതരായി എന്നിൽത്തന്നെ മുഴുകി ശരണം പൂകിയ അനേകംപേർ - എന്നെപ്പറ്റിയുള്ള ജ്ഞാനത്താൽ ശുദ്ധീകൃതരായി - എന്നിൽ ദിവ്യപ്രേമബദ്ധരായിട്ടുണ്ട്.


അദ്ധ്യായം 4/ ശ്ലോകം 11  


യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം 

മമ വർത്മാനുവർതന്തേ മനുഷ്യാഃ പാർഥ സർവശഃ 



എന്നിൽ ശരണം പ്രാപിക്കുന്നതിനനുസരിച്ച് ഏവർക്കും ഞാൻ തക്കതായ പ്രതിഫലം നൽകുന്നു. അല്ലയോ കുന്തീപുത്രാ, എല്ലാവരും എല്ലാവിധത്തിലും എന്റെ മാർഗ്ഗത്തെ പിൻതുടരുന്നു.


അദ്ധ്യായം 4/ ശ്ലോകം 13  


ചാതുർവർണ്യം മയാ സൃഷ്ടം 

ഗുണകർമവിഭാഗശഃ 

തസ്യ കർതാരമപി മാം 

വിദ്ധ്യകർതാരമവ്യയം


പ്രകൃതിസഹജങ്ങളായ മൂന്നുഗുണങ്ങളേയും തദനുസൃതങ്ങളായ കർമങ്ങ ളേയും മുൻനിർത്തിക്കൊണ്ട് മനുഷ്യസമൂഹത്തിൻറെ നാലുവർണങ്ങൾ ഞാൻ സൃഷ്ട‌ിച്ചു. ഈ വിഭാഗങ്ങളെ സൃഷ്‌ടിച്ചു എന്നിരിക്കിലും അവ്യയ നായ ഞാനല്ല, അതിൻറെ കർത്താവ് എന്നറിയുക.


അദ്ധ്യായം 4/ശ്ലോകം 34


തദ്‌ വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ

ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്‌തത്ത്വ ദർശിനഃ


ഒരു ആദ്ധ്യാത്മികഗുരുവിനെ സമീപിച്ച് സത്യത്തെക്കുറിച്ചറിയാൻ ശ്രമിക്കണം. അദ്ദേഹത്തെ സേവിക്കുക, അദ്ദേഹത്തിൽ നിന്ന് വിനയപൂർവ്വം ചോദിച്ചറിയുക. ആത്മസാക്ഷാത്കാരം ലഭിച്ച ഒരാൾ സത്യം കണ്ടറിഞ്ഞിരിക്കുകയാൽ അദ്ദേഹത്തിന് ജ്ഞാനോപദേശം ചെയ്യാൻ കഴിവുണ്ട്.


അദ്ധ്യായം 5/ ശ്ലോകം 18 


വിദ്യാവിനയസമ്പന്നേ ബ്രഹ്മണേ ഗവി ഹസ്തിനി 

ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദർശിനഃ 


അറിവും വിനയവുമുള്ള ബ്രാഹ്മണനേയും പശുവിനേയും ആനയേയും നായയേയും നായ്മാംസം ഭക്ഷിക്കുന്ന ചണ്ഡാലനേയും സമ ദൃഷ്ടിയോടെയാണ് യഥാർത്ഥ ജ്ഞാനമുള്ളവരായ, വിനയാന്വിതരായ പണ്ഡിതന്മാർ വീക്ഷിക്കുന്നത്.


അദ്ധ്യായം 5/ ശ്ലോകം 22 


യേ ഹി സംസ്പർശജാ ഭോഗാ ദുഃഖയോനയ ഏവ തേ

ആദ്യന്തവന്തഃ കൗന്തേയ ന തേഷു രമതേ ബുധഃ


ബുദ്ധിമാൻ ഭൗതികേന്ദ്രിയങ്ങളുമായുള്ള ബന്ധം മൂലമുണ്ടാകുന്ന ദുഃഖങ്ങളിൽ പങ്കുകൊള്ളാറില്ല. അല്ലയോ കുന്തീപുത്രാ, ഭൗതിക സുഖങ്ങൾക്ക് ആദിയും അവസാനവും ഉള്ളതുകൊണ്ട് അവയിൽ ഒരിക്കലും ബുദ്ധിമാന്മാർ സന്തോഷം കൊള്ളുന്നില്ല.


അദ്ധ്യായം 5/ശ്ലോകം 29


ഭോക്താരം യജ്ഞതപസാം സർവലോകമഹേശ്വരം 

സുഹൃദം സർവഭൂതാനാം ജ്ഞാത്വാ മാം ശാന്തിമൃച്ഛതി



യജ്ഞങ്ങളുടേയും തപസ്സുകളുടേയും ഭോക്താവും ദേവന്മാരുടേയും സർവ്വലോകങ്ങളുടേയും അധിപനും എല്ലാ ജീവികളുടേയും സുഹൃത്തും അത്യുദയകാംക്ഷിയുമാണ് ഞാനെന്നു മനസ്സിലാക്കിയ തികഞ്ഞ കൃഷ്ണാവബോധമുള്ള വ്യക്തി ഭൗതികക്ലേശങ്ങളൊഴിഞ്ഞ് ശാന്തി നേടുന്നു.



അദ്ധ്യായം 6/ ശ്ലോകം 17 


യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കർമസു

യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ 


ആഹാരം, നിദ്ര, വിഹാരം, പ്രവൃത്തി എന്നിവയിൽ നിയന്ത്രണം പാലിക്കുന്നവന് യോഗപരിശീലനം കൊണ്ട് സർവ്വദുഃഖങ്ങളും അകറ്റാൻ കഴിയും.


അദ്ധ്യായം 6/ ശ്ലോകം 41 


പ്രാപ്യ പുണ്യകൃതാം ലോകാനുഷിത്വാ ശാശ്വതീഃ സമാഃ 

ശുചീനാം ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോ £ ഭിജായതേ. 



അങ്ങനെ യോഗത്തിൽ പരാജിതനാകുന്നയാൾ, പുണ്യം ചെയ്തവർക്കായുളള ഉപരിലോകങ്ങളിൽ ആനന്ദമനുഭവിച്ചുകൊണ്ട് അസംഖ്യം സംവത്സരങ്ങൾ വാണതിനുശേഷം നീതിനിഷ്ഠയുള്ള പുണ്യാത്മാക്കളുടേയോ ധനികരുടേയോ കുടുംബങ്ങളിൽ വീണ്ടും പിറക്കുന്നു.


അദ്ധ്യായം 6/ ശ്ലോകം 47  


യോഗിനാമപി സർവേഷാം മദ്ഗതേനാന്തരാത്മനാ 

ശ്രദ്ധാവാൻ ഭജതേ യോ മാം സ മേ യുക്തതമോ മതഃ 



പൂർണ്ണവിശ്വാസത്തോടെ എപ്പോഴും എന്നിൽത്തന്നെ നിലകൊള്ളുകയും എന്നെത്തന്നെ ധ്യാനിച്ചുകൊണ്ട് പ്രേമപൂർവ്വം എന്റെ ദിവ്യസേവനത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് എല്ലാ യോഗികളിലുംവെച്ച് അത്യുത്തമ യോഗിയും, എന്നോട് ദൃഢതമമായി യോഗത്തിൽ ബന്ധപ്പെട്ടിരിക്കുന്നവനും. ഇതാണെന്റെ അഭിപ്രായം.


അദ്ധ്യായം 7/ ശ്ലോകം 3 


മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ 

യതതാമപി സിദ്ധാനാം കശ്ചിൻമാം വേത്തി തത്ത്വതഃ 


ആയിരക്കണക്കിനാളുകളിൽ ചിലപ്പോൾ ഒരാൾ പൂർണ്ണത നേടാനുദ്യമിച്ചേയ്ക്കാം. അങ്ങനെ പൂർണ്ണത നേടിയവരിലും ഒന്നിലേറെപ്പേർ എന്നെ തികച്ചും അറിയുന്നതുമില്ല.


അദ്ധ്യായം 7/ ശ്ലോകം 4


ഭൂമിരാപോ £ നലോ വായുഃ ഖം മനോബുദ്ധിരേവ ചി 

അഹംകാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധ


എന്റെ ഭിന്നമായ ഭൗതികപ്രകൃതി ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, മിഥ്യാഹങ്കാരം എന്നിങ്ങനെ എട്ടെണ്ണമടങ്ങുന്നതാണ്.



അദ്ധ്യായം 7/ ശ്ലോകം 5


അപരേയമിതസ്ത്വന്യാം  പ്രകൃതിം വിദ്ധി മേ പരാം 

ജീവഭൂതാംമഹാബാഹോ യയേദം ധാര്യതേ ജഗത്


ഇവയ്ക്കു പുറമേ, ഹേ മഹാബാഹുവായ അർജുനാ, എനിക്ക് മറ്റൊരുത്കൃഷ്ടശക്തി കൂടിയുണ്ട്. ഈ താഴ്ന്നതരം ഭൗതികപ്രകൃതിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യുന്ന ജീവഗണങ്ങളാണത്.


അദ്ധ്യായം 7/ ശ്ലോകം 7


മത്തഃ പരതരം നാന്യാത്കിഞ്ചിദസ്തി ധനഞ്ജയ 

മയി സർവമിദം പ്രോതം സൂത്രേ മണിഗണാ ഇവ. 


ഹേ ധനഞ്ജയാ, എന്നേക്കാൾ ശ്രേഷ്ഠമായൊരു സത്യമില്ല. മുത്തുകൾ നൂലിൻമേലെന്നപ്പോലെ സർവ്വവും എന്നിൽ ഇണക്കികോർക്കപ്പെട്ടിരിക്കുന്നു.


അദ്ധ്യായം 7/ ശ്ലോകം 14 


ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ 

മാമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ 


മൂന്ന് പ്രകൃതിഗുണങ്ങളടങ്ങിയ എന്റെ ദിവ്യശക്തിയെ അതിജീവിക്കുക എളുപ്പമല്ല. എന്നാൽ എനിക്കായി സ്വയം സമർപ്പിക്കുന്നവർക്ക് അത് നിഷ്പ്രയാസം സാധിക്കും.


അദ്ധ്യായം 7/ ശ്ലോകം 15  


ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമഃ 

മായയാപഹൃതജ്ഞാനാ ആസുരം ഭാവമാശ്രിതാഃ


ദുഷ്കൃതരായ മൂഢന്മാരും മനുഷ്യാധമന്മാരും മായയാലപഹരിക്കപ്പെട്ട ജ്ഞാനത്തോടു കൂടിയവരും നിരീശ്വരരുമായ അസുരന്മാർ എന്നെ ശരണം പ്രാപിക്കുന്നില്ല.


 അദ്ധ്യായം 7/ ശ്ലോകം 16


ചതുർവിധാ ഭജന്തേ മാം ജനാഃ സുകൃതിനോ £ർജുന 

ആർതോ ജിജ്ഞാസുരർഥാർഥീ ജ്ഞാനി ച ഭരതർഷഭ


ഹേ ഭരതകുലശ്രേഷ്ഠാ, സുകൃതികളായ നാലു കൂട്ടരാണ് എന്നെ ഭജിക്കുന്നത്: ദുഃഖിതൻ, ധനകാംക്ഷി, ജിജ്ഞാസു, പരമസത്യത്ത അന്വേഷിക്കുന്ന ജ്ഞാനി.


അദ്ധ്യായം 7/ ശ്ലോകം 19 


ബഹൂനാം ജന്മനാമന്തേ ജ്ഞാനവാൻ മാം പ്രപദ്യതേ 

വാസുദേവഃ സർവമിതി സ മഹാത്മാ സുദുർലഭഃ 


അസംഖ്യം ജനനമരണങ്ങൾക്കുശേഷം ജ്ഞാനവാനായ വ്യക്തി സർവ്വജ്ഞനാണ്. കാരണങ്ങൾക്കും കാരണഭൂതനും സർവ്വവ്യാപിയുമെന്ന് മനസ്സിലാക്കി എന്നെ അവർ ശരണം പ്രാപിക്കുന്നു. അപ്രകാരമുള്ള മഹാത്മാക്കൾ വളരെ വിരളമാണ്.


അദ്ധ്യായം 7/ ശ്ലോകം 25  


നാഹം പ്രകാശഃ സർവസ്യ യോഗമായാസമാവൃതഃ 

മുഢോ £ യം നാഭിജാനാതി ലോകോ മാമജമവ്യയം 


 ബുദ്ധിയില്ലാത്തവർക്കും, മൂഢന്മാർക്കും ഞാൻ ഒരിക്കലും പ്രത്യക്ഷനാവില്ല. യോഗമായയെന്ന എന്റെ അന്തരംഗശക്തി അവരിൽ നിന്ന് എന്നെ മറച്ചുവെയ്ക്കുന്നു. തന്മൂലം അജനും അവ്യയനുമാണ് ഞാനെന്ന് അവർ അറിയുന്നതുമില്ല.


അദ്ധ്യായം 7/ ശ്ലോകം 26 


വേദാഹം സമതീതാനി വർതമാനാനി ചാർജുന 

ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന 


 ഹേ അർജുനാ, പരമപുരുഷനായ എനിക്ക് പണ്ടുണ്ടായതും, ഇന്ന് സംഭവിക്കുന്നതും, മേലിൽ വരാൻ പോകുന്നതുമായ എല്ലാം അറിയാം. എല്ലാ ജീവാത്മാക്കളും എനിക്ക് സുപരിചിതരാണ്. പക്ഷേ എന്നെ ആർക്കും അറിയാൻ വയ്യ.


അദ്ധ്യായം 7/ശ്ലോകം 27  


ഇച്ഛാദ്വേഷസമുത്ഥേന ദ്വന്ദ്വമോഹേന ഭാരത 

സർവഭൂതാനി സംമോഹം സർഗേ യാന്തി പരംതപ 


 ഹേ ശത്രുഞ്ജയനായ ഭാരതാ, എല്ലാ ജീവജാലങ്ങളും ജനനം മുതൽക്കേ രാഗദ്വേഷങ്ങളാകുന്ന ദ്വന്ദ്വങ്ങളാൽ വ്യാമോഹിതരാകുന്നു.


അദ്ധ്യായം 7/ ശ്ലോകം 28 


യേഷാം ത്വന്തഗതം പാപം ജനാനാം പുണ്യകർമണാം 

തേ ദ്വന്ദ്വമോഹനിർമുക്താ ഭജന്തേ മാം ദൃഢവത്രാഃ 


പൂർവ്വജന്മങ്ങളിലും ഈ ജന്മത്തിലും പുണ്യകർമ്മങ്ങൾ ചെയ്തിട്ടുള്ളവർ അവരുടെ പാപഫലങ്ങൾ നിർമ്മാർജ്ജനം ചെയ്ത് ദ്വന്ദ്വവ്യാമോഹങ്ങളിൽ നിന്ന് വിമുക്തരാകുന്നു. അങ്ങനെ അവർ ദ്യഢ നിശ്ചയത്തോടെ എന്റെ സേവനത്തിൽ മുഴുകും.



അദ്ധ്യായം 8/ ശ്ലോകം 5 


അന്തകാലേ ച മാമേവ സ്മരന്മുക്ത്വാ കളേവരം 

യഃ പ്രയാതി സ മദ്ഭാവം യാതി നാസ്ത്യത്ര സംശയഃ 


മരണ സമയത്ത് എന്നെത്തന്നെ സ്മരിച്ചുകൊണ്ട് ശരീരം ത്യജിക്കുന്നവൻ, എന്റെ ഭാവത്തെ ഉടൻ തന്നെ പ്രാപിക്കുമെന്നതിന് സംശയമില്ല.


അദ്ധ്യായം 8/ ശ്ലോകം 6 


യം യം വാപി  സ്മരൻ ഭാവം ത്യജത്യന്തേ കളേവരം

തം തമേവൈതി കൗന്തേയ സദാ തദ്ഭാവഭാവിതഃ


എന്തിനെക്കുറിച്ചാണോ മരണവേളയിൽ ഒരാൾ സ്മരിക്കുന്നത്. ഹേ കുന്തീപുത്രാ, അയാൾ തീർച്ചയായും അതിനെ പ്രാപിക്കും.


അദ്ധ്യായം 8/ ശ്ലോകം 7


തസ്മാത് സർവേഷു കാലേഷു മാമനുസ്മര യുധ്യ ച

മയ്യർപിതമനോബുദ്ധിര്‍മാമേവൈഷ്യസ്യസംശയഃ


അതിനാൽ അർജുനാ, ശ്രീകൃഷ്ണ രൂപത്തിൽ എന്നെ നീ എപ്പോഴും ഓർമ്മിക്കുക; അതോടൊപ്പം തന്റെ നിയതകർമ്മമായ യുദ്ധം നിർവ്വഹിക്കുകയുംചെയ്യുക. സ്വകർമ്മങ്ങളെല്ലാം എനിക്കായർപ്പിച്ചും മനോ ബുദ്ധികൾ എന്നിലുറപ്പിച്ചുമിരുന്നാൽ നീ എന്നെ പ്രാപിക്കും, സംശയമില്ല.


അദ്ധ്യായം 8/ ശ്ലോകം 14 


അനന്യചേതാഃ സതതം യോ മാം സ്മരതി നിത്യശഃ 

തസ്യാഹം സുലഭഃ പാർഥ നിത്യയുക്തസ്യ യോഗിനഃ  


അല്ലയോ പാർത്ഥാ, നിരന്തരമായ ഭക്തിയുതസേവനംമൂലം സ്ഥിര ചിത്തതയോടെ എന്നെ എപ്പോഴും സ്മരിക്കുന്ന യോഗനിഷ്ഠന് ഞാൻ സുപ്രാപ്യനാണ്.


അദ്ധ്യായം 8/ശ്ലോകം 15 


മാമുപേത്യ പുനർജന്മ ദുഃഖാലയമശാശ്വതം 

നാപ്നുവന്തി മഹാത്മാനഃ  സംസിദ്ധീം പരമാം ഗതാഃ 


ഭക്തിയോഗംകൊണ്ട്, എന്നെ പ്രാപിച്ച മഹാത്മാക്കൾ പരിപൂർണ്ണത നേടിയവരാകയാൽ പിന്നീട് ദുഃഖപൂർണ്ണവും അസ്ഥിരവുമായ ഈ ലോകത്തിലേയ്ക്ക് തിരിച്ചു വരുന്നില്ല.


അദ്ധ്യായം 8/  ശ്ലോകം 16 


ആബ്രഹ്മഭുവനാല്ലോകാഃ പുനരാവർതിനോ £ ർജുന 

മാമുപേത്യ തു കൗന്തേയ പുനർജൻമ ന വിദ്യതേ 


ഭൗതികലോകത്തിൽ സർവ്വോന്നതമായ ഗ്രഹം ( ബ്രഹ്മലോകം ) മുതൽക്ക് ഏറ്റവും അധമമായുള്ളതുവരെ ഓരോന്നും ജനനമരണങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ദുരിതപൂർണ്ണമായസ്ഥലങ്ങളാണ്. കുന്തീപുത്രാ, എന്റെ പരമപദത്തിലെത്തിയവന്നാകട്ടെ, പിന്നീട് ജന്മമെടുക്കേണ്ടിവരില്ല .



അദ്ധ്യായം 8/ശ്ലോകം 28 


വേദേഷു യജ്ഞേഷു തപഃസുചൈവ

ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം

അത്യേതി തത്സർവമിദം വിദിത്വാ 

യോഗീ പരം സ്ഥാനമുപൈതി ചാദ്യം


ഭക്തിമാർഗ്ഗം സ്വീകരിച്ചതുകൊണ്ട് വേദപഠനം, യജ്ഞാചരണം, ദാനം, കാമ്യകർമ്മങ്ങൾ എന്നിവയാൽ നേടാവുന്ന പുണ്യങ്ങളൊന്നും മനുഷ്യന് നഷ്ടപ്പെടുന്നില്ല. ഭഗവത്സേവനംകൊണ്ടുതന്നെ മേൽപ്പറഞ്ഞ പുണ്യഫലങ്ങളെല്ലാം ഭക്തന് ലഭിക്കുന്നു. കൂടാതെ അവസാനം അയാൾ സനാതനമായ പരമധാമത്തിലെത്തുകയും ചെയ്യും.


അദ്ധ്യായം 9/ശ്ലോകം 2 


രാജവിദ്യാ രാജഗുഹ്യം പവിത്രമിദമുത്തമം 

പ്രത്യക്ഷാവഗമം ധർമ്യം സുസുഖം കർതുമവ്യയം. 


ഈ ജ്ഞാനം രാജവിദ്യയാണ്. രഹസ്യങ്ങളിൽ വെച്ച് രഹസ്യവും ഏറ്റവും പവിത്രമായതുമാണിത്, നേരിട്ട് ആത്മസാക്ഷാത്കാരം നൽകുന്നതുകൊണ്ട്, ധർമ്മത്തിന്റെ പരിപൂർണ്ണതയാണിത്. ശാശ്വതവും സന്തോഷത്തോടെ ചെയ്യാവുന്നതുമാണ്.


അദ്ധ്യായം 9/ശ്ലോകം 4 


മയാ തതമിദം സർവം ജഗദവ്യക്തമൂർതിനാ 

മത്സ്ഥാനി സർവഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ 


അവ്യക്തമായ രൂപത്തിൽ ഞാൻ ഈ പ്രപഞ്ചമെമ്പാടും വ്യാപിച്ചു നിൽക്കുന്നു. സർവ്വഭൂതങ്ങളും എന്നിലാണ്, ഞാൻ അവയിലല്ല. സ്ഥിതി ചെയ്യുന്നത്.


അദ്ധ്യായം 9/ ശ്ലോകം10 


മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സ ചരാചരം

ഹേതുനാനേന കൗന്തേയ ജഗദ് വിപരിവർതതേ


ജഗദ് വിപരിവർതതേ  ---- ദ്വി ...  ചേര്‍ത്ത് എഴുതുമ്പോള്‍ ഇങ്ങിനെ ആയിപ്പോകും...


അല്ലയോ കുന്തീപുത്രാ, എന്റെ ശക്തിവിശേഷങ്ങളിലൊന്നായ ഈ ഭൗതികപ്രകൃതി എന്റെ നിർദ്ദേശമനുസരിച്ച് ചരാചരങ്ങളെയെല്ലാം സൃഷ്ടിക്കുന്നു. ഈ നിയമമനുസരിച്ച് വീണ്ടും വീണ്ടും പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയും ചെയ്യുന്നു.


അദ്ധ്യായം 9/ശ്ലോകം 11 


അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം 

പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം 


മനുഷ്യരൂപത്തിൽ അവതരിക്കുന്ന എന്നെ മൂഢന്മാർ നിന്ദിക്കുന്നു. എല്ലാറ്റിനും ഈശ്വരനായ എന്റെ അതീന്ദ്രിയ സ്വഭാവം അവർക്കറിഞ്ഞുകൂടാ.


 അദ്ധ്യായം 9/ ശ്ലോകം 12 


മോഘാശാ മോഘകർമാണോ മോഘജ്ഞാനാ വിചേതസഃ

രാക്ഷസീമാസുരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ 


ഇങ്ങനെ മോഹിതരായവർ ആസുരങ്ങളും നിരീശ്വരവാദപരങ്ങളുമായ ആശയങ്ങളാൽ ആകൃഷ്ടരാകുന്നു. ആ വ്യാമോഹാവസ്ഥയിൽ മുക്തിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഫലോദ്ദിഷ്ടകർമ്മങ്ങളും ജ്ഞാനാർജ്ജനവുമെല്ലാം പാഴായിപ്പോവും.


അദ്ധ്യായം 9/ ശ്ലോകം 13 


മഹാത്മാനസ്തു മാം പാർഥ ദൈവീം പ്രകൃതിമാശ്രിതാഃ 

ഭജന്ത്യനന്യമനസോ ജ്ഞാത്വാ ഭൂതാദിമവ്യയം 


അല്ലയോ പാർത്ഥാ, വ്യാമോഹം ബാധിക്കാത്ത വിശിഷ്ടാത്മാക്കൾ ദൈവീകപ്രകൃതിയാൽ സുരക്ഷിതരാണ്. സർവ്വഭൂതങ്ങൾക്കും ആദികാരണവും അവ്യയനുമായ പരമപുരുഷനാണ് ഞാനെന്നറിഞ്ഞുകൊണ്ട് അവർ എപ്പോഴും ഭക്തിപൂർവ്വം എന്റെ സേവനത്തിൽ മുഴുകുന്നു.


അദ്ധ്യായം 9/ ശ്ലോകം 14 


സതതം കീർതയന്തോ മാം യതന്തശ്ച ദൃഢവ്രതാഃ 

നമസ്യന്തശ്ച മാം ഭക്ത്യാ നിത്യയുക്താ ഉപാസതേ 


എല്ലായ്പ്പോഴും എന്റെ കീർത്തികളാലപിച്ചും, നിശ്ചയദാർഢ്യത്തോടെ പ്രയത്നിച്ചുകൊണ്ടും എന്റെ മുമ്പിൽ പ്രണമിച്ചുകൊണ്ടും ഈ മഹാത്മാക്കൾ നിരന്തരം എന്നെ ഭക്തിയോടുകൂടി ആരാധിക്കുന്നു.


അദ്ധ്യായം 9/ശ്ലോകം 22 


അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ 

തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം.


 എന്റെ ദിവ്യരൂപത്തെ ധ്യാനിച്ചുകൊണ്ട് പൂർണ്ണമായ ഭക്തിയോടെ ആരാണോ എന്നെ എല്ലായ്പ്പോഴും ആരാധിക്കുന്നത്, അവർക്കുവേണ്ടുന്നതെല്ലാം ഞാൻ നൽകും. അവർക്കുള്ളതെല്ലാം ഞാൻ നിലനിർത്തുകയുംചെയ്യും.


അദ്ധ്യായം 9/ശ്ലോകം 25  


യാന്തി ദേവവ്രതാ ദേവാൻ പിതൃൻ യാന്തി പിതൃവ്രതാഃ 

ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോ £ പി മാം 


ദേവന്മാരെ ആരാധിക്കുന്നവർ ദേവന്മാരോടൊപ്പം ജനിക്കും; പിതൃപൂജകർ പിതൃക്കളോടൊപ്പം ജനിക്കും; ഭൂതപ്രേതാദികളെ ഉപാ സിക്കുന്നവരാകട്ടെ, അവരോടൊപ്പമാവും ജനിക്കുക; എന്നെ ആരാധിക്കുന്ന ഭക്തന്മാർ എന്നോടൊപ്പം ജീവിക്കും.


അദ്ധ്യിയം 9/ ശ്ലോകം 26


പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ചതി 

തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ 


സ്നേഹത്തോടും ഭക്തിയോടും കൂടി ഒരാൾ എനിക്കർപ്പിക്കുന്നതെന്തും, ഇലയോ പൂവോ ഫലമോ ജലമോ ആകട്ടെ, ഞാൻ അത് സ്വീകരിക്കും.


അദ്ധ്യായം 9/ ശ്ലോകം 27


യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത് 

യത്പസ്യസി കൗന്തേയ തത്കുരുഷ്വ മദർപണം 


നീ എന്ത് ചെയ്യുന്നുവോ, എന്ത് നിവേദിക്കുന്നുവോ, ഭക്ഷിക്കുന്നുവോ, എന്ത് ദാനം ചെയ്യുന്നുവോ, എന്ത് തപശ്ചര്യകളനുഷ്ഠിക്കുന്നുവോ, കുന്തീപുത്രാ, അതെല്ലാം എനിക്കായർപ്പിച്ചുകൊണ്ടുചെയ്യുക.


അദ്ധ്യായം 9/ശ്ലോകം 29 


സമോ £ ഹം സർവഭൂതേഷു ന മേ ദ്വേഷ്യോ £ സ്തി ന പ്രിയഃ 

യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം 

 

എനിക്കാരോടും അസൂയയില്ല, പക്ഷപാതവുമില്ല. എല്ലാറ്റിനോടും സമഭാവനയാണെനിക്കുള്ളത്. പക്ഷേ, ഭക്തിപുരസ്സരം ആരാണാ എന്നെ സേവിക്കുന്നത്, അയാൾ എന്റെ സുഹൃത്തും ഞാനയാളുടെ സുഹൃത്തുമാണ്. അവനെന്നിൽ അധിവസിക്കുന്നു.


അദ്ധ്യായം 9/ശ്ലോകം 30


അപിചേത്സുദുരാചാരോ ഭജതേ മാമനന്യഭാക് 

സാധുരേവ സ മന്തവ്യഃ സമ്യഗ് വ്യവസിതോ ഹി സഃ 


ഒരാൾ അത്യന്തം ഹീനമായൊരു ദുഷ്കർമ്മം ചെയ്താൽപ്പോലും ഭക്തിപൂർവ്വം ഭഗവത്സേവനത്തിലേർപ്പെടുന്നപക്ഷം, അയാളെ സാധു എന്ന് കരുതണം. കാരണം തന്റെ ദൃഢവിശ്വാസത്തിൽ അദ്ദേഹം ശരിയായി വർത്തിക്കുന്നു.


അദ്ധ്യായം 9/ശ്ലോകം  32 


മാം ഹി പാർഥ വ്യപാശ്രിത്യ യേ £ പി സ്യുഃ പാപയോനയഃ 

സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേ £ പി യാന്തി പരാംഗതിം 


പാർത്ഥാ, എന്നെ ആശ്രയിക്കുന്നവർ അധമകുലത്തിൽ പിറന്നവരോ സ്ത്രീകളോ കച്ചവടക്കാരോ ശൂദ്രരോ ആരായാലും ശരി, പര മപദം പ്രാപിക്കും.


അദ്ധ്യായം 9/ശ്ലോകം 34


മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു

മാമേവൈഷ്യസി യുക്ത്വൈവമാത്മാനം മത്പരായണഃ 


എന്നിൽ മനസ്സുറപ്പിക്കുക ; ഭക്തനാവുക; എന്നെ ആരാധിക്കുകയും പ്രണമിക്കുകയുംചെയ്യുക. എന്നിൽത്തന്നെ പൂർണ്ണമായി മുഴുകിയിരിക്കുന്നതുകൊണ്ട് നീ തീർച്ചയായും എന്നെ പ്രാപിക്കും.


അദ്ധ്യായം 10/ശ്ലോകം 8


അഹം സർവസ്യ പ്രഭവോ മത്തഃ സർവം പ്രവർതതേ 

ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ 


ഭൗതികാദ്ധ്യാത്മികലോകങ്ങളുടെ ഉറവിടം ഞാനാണ്, എല്ലാം എന്നിൽ നിന്നാണുണ്ടായത്. ഇത് പൂർണ്ണമായി അറിയുന്ന ബുദ്ധിമാന്മാർ എന്റെ സേവനത്തിലേർപ്പെടുകയും എന്നെ ഉള്ളഴിഞ്ഞാരാധിക്കുകയും ചെയ്യും.


അദ്ധ്യായം 10/ശ്ലോകം 9


മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം 

കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച 


എന്റെ ശുദ്ധഭക്തന്മാരുടെ ചിന്ത എന്നിൽ കുടികൊള്ളുന്നു. അവരുടെ ജീവിതം തികച്ചും എന്റെ സേവനത്തിനായി സമർപ്പിതമായിരിക്കും. എന്നെക്കുറിച്ചുള്ള സംഭാഷണങ്ങളിലേർപ്പെട്ട് പരസ്പരം ബോധ ദീപ്തരാവുക വഴി അവർ സംതൃപ്തിയും ആനന്ദവും അനുഭവിക്കുന്നു.


അദ്ധ്യായം 10 /ശ്ലോകം 10


തേഷാം  സതതയുക്താനാം ഭജതാം പ്രീതിപൂർവകം

ദാദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ


പ്രേമഭക്തിയോടെ എന്നെ സദാ ആരാധിക്കുന്നവർക്ക്, എന്നെ പ്രാപിക്കാനുതകുന്ന ബുദ്ധിവിശേഷം ഞാൻ നല്കും.


അദ്ധ്യായം 10/ശ്ലോകം 11  


തേഷാമേവാനുകമ്പാർഥമഹമജ്ഞാനജം തമഃ 

നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ 


അവരിൽ സവിശേഷാനുകമ്പയോടെ ഞാൻ, ഹൃദയസ്ഥനായിട്ട്, ജ്ഞാനദീപംകൊണ്ട് അവരുടെ അജ്ഞാനജന്യമായ തമസ്സിനെ അകറ്റുന്നു.


അദ്ധ്യായം 10/ശ്ലോകം 12-13 


അർജുന ഉവാച 

പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാൻ 

പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും 

ആഹുസ്ത്വാമൃഷയഃ സർവേ ദേവർഷിർനാരദസ്തഥാ 

അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ


 അർജുനൻ പറഞ്ഞു: അങ്ങ് പരമദിവ്യോത്തമപുരുഷനാണ്. പരമമായ ധാമവും പവിത്രമായതും നിരപേക്ഷതത്ത്വവും ഭവാൻ തന്നെ.  സനാതനനും, അഭൗതികനും, ആദിപുരുഷനും അജനും, മഹാനുമാണ് 

അങ്ങെന്ന് ദേവർഷിയായ നാരദനും അസിതൻ, ദേവലൻ, വ്യാസൻ മുതലായ എല്ലാ ഋഷികളും ഊന്നിപ്പറയുന്നു. ഇപ്പോൾ അങ്ങ് സ്വയം എന്നോട് ഇത് വ്യക്തമായി പറയുകയും ചെയ്യുന്നു.


അദ്ധ്യായം 10  ശ്ലോകം 41


യദ് യദ് വിഭൂതിമത് സത്ത്വം ശ്രീമദൂർജിതമേവ വാ

തത് തത് ഏവാവഗച്ഛ ത്വം മമ തേജോഽംശ സംഭവം


വിഭൂതിമത്തും, സുന്ദരവും, തേജസ്സുറ്റതുമായ ഏതൊരു സൃഷ്ടിയും എന്റെ തേജസ്സിന്റെ ഒരു കണികയിൽ നിന്ന് ഉദ്ഭവിച്ചതുതന്നെ എന്നു മനസ്സിലാക്കുക.


അദ്ധ്യായം 11/ ശ്ലോകം 54  


ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോ £ ർജുന 

ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരംതപ 


പ്രിയപ്പെട്ട അർജുനാ, എന്നിൽ ഏകാഗ്രമായ ഭക്തി കൊണ്ട് മാത്രമേ എന്നെ ഇപ്പോൾ കാണുന്ന മട്ടിൽ നേരിട്ട് കാണാനും അറിയാനും സാധിക്കുകയുള്ളൂ. ഈ മാർഗ്ഗത്തിൽക്കൂടി മാത്രമേ എന്റെ നിഗുഢതയിലേക്ക് പ്രവേശിക്കാൻ കഴിയൂ.


അദ്ധ്യായം 11/ശ്ലോകം 55


മത് കർമ കൃൻ മത്പരമോ മദ്ഭക്തഃ സങ്ഗവർജിതഃ 

നിർവൈരഃ സർവഭൂതേഷു യഃ സ മാമേതി പാണ്ഡവ


പ്രിയ അർജുനാ, എന്റെ ശുദ്ധസേവനത്തിലേർപ്പെട്ടിരിക്കുന്ന, കാമ്യകർമ്മങ്ങളുടേയോ ഊഹാപോഹങ്ങളുടേയോ മാലിന്യം കൂടാതെ, എനിക്കുവേണ്ടി കർമ്മം ചെയ്യുകയും എന്നെ ജീവിതത്തിന്റെ പരമലക്ഷ്യമായി കരുതുകയും സർവ്വഭൂതങ്ങളോടും സുഹൃദ് രൂപേണ പെരുമാറുകയും ചെയ്യുന്ന ഭക്തൻ നിശ്ചയമായും എന്നെത്തന്നെ പ്രാപിക്കും.


 അദ്ധ്യായം 12/ശ്ലോകം 5 


ക്ലേശോ £ ധികതരസ്തേഷാമവ്യക്താസക്തചേതസാം 

അവ്യക്താ ഹി ഗതിർദുഃഖം ദേഹവദ്ഭിരവാപ്യതേ. 


 പരമപുരുഷന്റെ അവ്യക്തവും വ്യക്തിശൂന്യവുമായ ഭാവത്തിൽ ആസക്തചിത്തരായവർക്ക് പുരോഗമനത്തിന് പ്രയാസമേറും. ശരീരികൾക്ക് ഈ വഴിക്കുള്ള മുന്നേറ്റം സദാ ദുഷ്കരമാണ്.



അദ്ധ്യായം 12/ ശ്ലോകം 8 


മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ  

നിവസിഷ്യസി മയ്യേവ അത ഊർധ്വം ന സംശയഃ  


പരമദിവ്യോത്തമപുരുഷനായ എന്നിൽ മനസ്സുറപ്പിച്ച് ബുദ്ധിയെ വ്യാപരിപ്പിക്കുക. അപ്രകാരം നീ എല്ലായ്പ്പോഴും എന്നിൽത്തന്നെ വാഴും, സംശയമില്ല.


അദ്ധ്യായം 12/ശ്ലോകം 9 


അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം 

അഭ്യാസയോഗേന തതോ മാമിച്ഛാപ്തും ധനഞ്ജയ 


 പ്രിയപ്പെട്ട അർജുനാ, ധനത്തെ ജയിച്ചവനേ, എന്നിൽ മനസ്സുറപ്പിച്ചു നിർത്താൻ നിനക്കു കഴിയുന്നില്ലെങ്കിൽ ഭക്തിയോഗത്തിന്റെ നിബന്ധനകൾ അനുഷ്ഠിച്ചുകൊണ്ട് എന്നെ പ്രാപിക്കാനുള്ള ആഗ്രഹം വളർത്തുക.


അദ്ധ്യായം 12/ശ്ലോകം 10 


അഭ്യാസേ £ പ്യസമർഥോ £ സി മത്കർമപരമോ ഭവ 

മദർഥമപി കർമാണി കൂർവൻ സിദ്ധിമവാപ്സ്യസി 


ഭക്തിയോഗത്തിനുവേണ്ടുന്ന നിബന്ധനകൾ അനുഷ്ഠിക്കാൻ നിനക്കു കഴിവില്ലെങ്കിൽ എനിക്കുവേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കൂ. എനിക്കായി പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ നീ പരിപൂർണ്ണതയിലെത്തും.


അദ്ധ്യായം 14/ ശ്ലോകം 4 


സർവയോനിഷു  കൗന്തേയ മുർതയഃ സംഭവന്തി യാഃ 

താസാം ബ്രഹ്മ മഹദ്യോനിരഹം ബീജപ്രദഃ പിതാ 


ഹേ കുന്തീപുത്രാ! നാനാരൂപേണയുള്ള ജീവിവർഗ്ഗങ്ങൾക്കെല്ലാം ഈ ഭൗതികപ്രകൃതിയിൽ ജന്മമെടുക്കാനവസരം നൽകിയത് ഞാനാണ്. അവയുടെ ബീജപ്ഷദാതാവായ പിതാവും ഞാൻ തന്നെയെന്ന് അറിയണം.


അദ്ധ്യായം 14/ശ്ലോകം 26


മാം ച യോ £ വ്യഭിചാരേണ ഭക്തിയോഗേന സേവതേ 

സ ഗുണാൻ സമതീത്യൈതാൻ ബ്രഹ്മഭൂയായ കല്പതേ.  


ഏതു പരിതഃസ്ഥിതിയിലും പിഴയ്ക്കാതെ ഭക്തിപൂർവ്വം ഭഗവത്സവനത്തിലേർപ്പെടുന്നവർക്ക് വേഗത്തിൽ ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളെ അതിക്രമിച്ച് ബ്രഹ്മപദത്തിലെത്താം.


അദ്ധ്യായം 14 /ശ്ലോകം 27 


ബ്രഹ്മണോ ഹി പ്രതിഷ്ഠാഹം അമൃതസ്യാവ്യയസ്യ ച

ശാശ്വതസ്യ ച ധർമസ്യ സുഖസ്യൈകാന്തികസ്യ ച. 


അമൃതവും അക്ഷയവും ശാശ്വതവും ആത്യന്തിക സുഖത്തിന്റെ മൂലസ്ഥാനവുമായ വ്യക്തിശൂന്യബ്രഹ്മത്തിന്റെ അടിസ്ഥാനവും ഞാൻ തന്നെ.


അദ്ധ്യായം 15/ ശ്ലോകം 5 


നിർമാനമോഹാ ജിതസങ്ഗദോഷാ

അധ്യാത്മനിത്യാ വിനിവൃത്തകാമാഃ

ദ്വന്ദ്വൈർവിമുക്താഃ സുഖദുഃഖ സംജ്ഞൈർ

ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത്


മിഥ്യാഭിമാനം, മായാമോഹം, ദു :സംസർഗ്ഗം എന്നീ ദോഷങ്ങളൊഴിഞ്ഞ് ഭൗതികതൃഷ്ണയിൽപ്പെടാതെ സനാതനതത്ത്വത്തെ അറിഞ്ഞ്, സുഖദുഃഖാദികളായ ദ്വന്ദ്വങ്ങളിൽ നിന്നും മോചിതരായി വിഭ്രാന്തരാകാതെ പരമപുരുഷന് സ്വയം സമർപ്പിക്കുന്നതെങ്ങനെയെന്ന് അറിയാവുന്നവർ പരമമായ ശാശ്വത സാമ്രാജ്യം പ്രാപിക്കും.


അദ്ധ്യായം 15/ ശ്ലോകം 6


ന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃ 

യദ് ഗത്വാ ന നിവർതന്തേ തദ്ധാമ പരമം മമ


പരമമായ എന്റെ ആവാസസ്ഥാനത്ത് സൂര്യചന്ദ്രന്മാരോ അഗ്നിയോ വൈദ്യുതിയോ വെളിച്ചം വീശുന്നില്ല. അവിടെ ചെന്നെത്തിയവർ ഒരിക്കലും ഭൗതികലോകത്തിലേയ്ക്ക് തിരിച്ചുവരില്ല.


അദ്ധ്യായം 15/ശ്ലോകം 7  


മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ 

മനഃ ഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കർഷതി 


എന്റെ ശാശ്വതാംശങ്ങളാണ് ഈ ലോകത്തിലുള്ള ബദ്ധരായ സകല ജീവസത്തകളും. ബദ്ധമായ ജീവിതം നയിക്കുകയാൽ മനസ്സുൾപ്പടെയുള്ള ആറ് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് അവർ കഠിനാദ്ധ്വാനം ചെയ്യുകയാണ്.


അദ്ധ്യായം 15/ശ്ലോകം 15 


സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ

മത്തഃ സ്മൃതിർജ്ഞാനമപോഹനം ച

വേദൈശ്ച സർവൈരഹമേവ വേദ്യോ

വേദാന്തകൃദ് വേദവിദേവ ചാഹം.


സർവ്വജീവികളുടേയും ഹൃദയത്തിൽ ഞാൻ വാഴുന്നു. സ്മരണയും ജ്ഞാനവും മറവിയും എന്നിൽ നിന്നാണുളവാകുന്നത്. എല്ലാ വേദങ്ങളിലൂടേയും അറിയേണ്ടത് എന്നെത്തന്നെ. വേദാന്തമുണ്ടാക്കിയതും വേദങ്ങളെ അറിയുന്നതും ഞാനാണ്.


അദ്ധ്യായം 15/ശ്ലോകം 19 


യോ മാമേവമസംമൂഢോ ജാനാതി പുരുഷോത്തമം

സ സർവവിദ് ഭജതി മാം സർവഭാവേന ഭാരത.


 എന്നെ പരമദിവ്യോത്തമപുരുഷനായ ഭഗവാനെന്ന് നിസ്സംശയം അറിയുന്നവർ എല്ലാം അറിയുന്നവരാണ്. ഹേ ഭാരതാ, അതുകൊണ്ട് അവർ എന്റെ ഭക്തിയുതസേവനത്തിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നു.


അദ്ധ്യായം 18/ ശ്ലോകം 42 


ശമോ ദമസ്തപഃ ശൗചം ക്ഷാന്തിരാർജവമേവ ച 

ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകർമ സ്വഭാവജം 


ശാന്തത, ആത്മസംയമനം, തപസ്സ്, വിശുദ്ധി, ക്ഷമ, സത്യസന്ധത, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം എന്നിവയാണ് ബ്രഹ്മണരുടെ പ്രവൃത്തികളുടെ ഗുണവിശേഷങ്ങൾ.


അദ്ധ്യായം 18/ ശ്ലോകം 54


ബ്രഹ്മഭൂതഃ  പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി സമഃ സർവേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം


ഈ ആദ്ധ്യാത്മികാവസ്ഥയിൽ എത്തിച്ചേർന്നവൻ പരബ്രഹ്മസാക്ഷാത്കാരം സിദ്ധിച്ച് പരമാനന്ദമനുഭവിക്കുന്നു. അയാൾക്ക് ദുഃഖമില്ല; ആഗ്രഹങ്ങളില്ല. സർവ്വഭൂതങ്ങളിലും സമഭാവനയാണ് അയാൾക്കുള്ളത്. ഈ നിലയിൽ അയാൾ വിശുദ്ധഭക്തിയോടെ എന്റെ സേവനത്തിൽ മുഴുകുന്നു.


അദ്ധ്യായം 18/ശ്ലോകം 55 


ഭക്ത്യാ മാമഭിജാനാതി യാവാൻ യശ്ചാസ്മി തത്ത്വതഃ 

തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനന്തരം 


ഭക്തിയുതസേവനംകൊണ്ട് മാത്രമേ, ഞാനാണ് പരമദിവ്യോത്തമപുരുഷനെന്ന സത്യം അറിയാൻ കഴിയൂ. ആ ഭക്തികൊണ്ടുതന്നെ എന്നെക്കുറിച്ച് പൂർണ്ണബോധം നേടുമ്പോൾ അയാൾക്ക് ദൈവസാമ്രാജ്യത്തിൽ പ്രവേശിക്കാൻ കഴിയും.


അദ്ധ്യായം 18/ ശ്ലോകം 58


മച്ചിത്തഃ സർവദുർഗാണി മത്പ്രസാദാത് തരിഷ്യസി 

അഥ ചേത്ത്വമഹങ്കാരാൻ ന ശ്രോഷ്യസി വിനങ്ക്ക്ഷ്യസി 


എന്നെക്കുറിച്ച് ബോധവാനായിരുന്നാൽ നിനക്ക് എന്റെ പ്രസാദം കൊണ്ടുതന്നെ ബദ്ധജീവിതത്തിന്റെ സകല ക്ലേശങ്ങളേയും അതിജീവിക്കാൻ കഴിയും. ആ ബോധത്തോടെ പ്രവർത്തിക്കാതെ, മിഥ്യാഹങ്കാരംകൊണ്ട് എന്റെ അഭിമതമനുസരിക്കാതെ പോയാലാകട്ടെ, നാശമാണ് ഫലം.


അദ്ധ്യായം 18/ ശ്ലോകം 61 


ഈശ്വരഃ സർവഭൂതാനാം ഹൃദ്ദേശ £ ർജുന തിഷ്ഠതി 

ഭ്രാമയൻ സർവഭൂതാനി യന്ത്രാരൂഢാനി മായയാ 


അർജുനാ, പരമപുരുഷൻ എല്ലാവരുടേയും ഹൃദയത്തിൽ കുടികൊള്ളുകയും ഭൗതികശക്തിയാൽ നിർമിതമായ യന്ത്രത്തിൽ എന്ന പോലെ സ്ഥിതി ചെയ്യുന്ന ജീവാത്മാക്കളുടെ ഭ്രമണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.


അദ്ധ്യായം 18/ശ്ലോകം 65 


മന്മനാ ഭവ മദ്ഭക്തോ മദാജീ മാം നമസ്കുരു 

മാമേവൈഷ്യസി സത്യം തേ  പ്രതിജാനേ പ്രിയോ£ സി മേ  


എപ്പോഴും എന്നെ ഓർക്കുക, എന്റെ ഭക്തനാവുക, എന്നെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുക; ഇങ്ങനെ ചെയ്തുപോന്നാൽ നിശ്ചയമായും നിനക്കെന്നെ പ്രാപിക്കാം. ഞാൻ തീർത്തു പറയുന്നു, എന്തെന്നാൽ എനിക്ക് പ്രിയപ്പെട്ടവനാണ് നീ.


അദ്ധ്യായം 18/ശ്ലോകം 66


സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ 

അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ


സർവ്വധർമ്മങ്ങളേയും ത്യജിച്ച് എന്നിൽ ശരണം തേടുക, ഞാൻ നിന്നെ സകല പാപപ്രതികരണങ്ങളിൽ നിന്നും മോചിപ്പിക്കാം, ഭയപ്പെടേണ്ട.


അദ്ധ്യായം 18/ശ്ലോകം 68 


യ ഇദം പരമം ഗുഹ്യം മദ്ഭക്തേഷ്വഭിധാസ്യതി 

ഭക്തിം മയി പരാം കൃത്വാ മാമേവൈഷ്യത്യസംശയഃ 


പരമരഹസ്യമായ ഈ ജ്ഞാനത്തെ എന്റെ ഭക്തന്മാർക്കുപദേശിക്കുന്നവന് ശുദ്ധ ഭക്തിയുതസേവനം സുനിശ്ചിതമാണ്. അവസാനം അയാൾ എന്നിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്യും.


അദ്ധ്യായം 18/ ശ്ലോകം  69 


ന ച തസ്മാൻ മനുഷ്യേഷു കശ്ചിൻ മേ പ്രിയകൃത്തമഃ 

ഭവിതാ ന ച മേ തസ്മാദന്യഃ പ്രിയതരോ ഭൂവി. 


അങ്ങനെയുള്ള ഒരു ഭൃത്യനേക്കാൾ എനിക്ക് പ്രിയങ്കരനായിട്ട് ഈ ലോകത്തിൽ മറ്റൊരാളില്ല, ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല.


അദ്ധ്യായം 18/ശ്ലോകം  78 


യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാർത്ഥോ ധനുർധരഃ 

തത്ര ശ്രീർവിജയോ ഭൂതിർ ധ്രുവാ നീതിർമതിർ മമ 


എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ വില്ലാളി വീരനായ അർജുനനുണ്ടോ, അവിടെയാണ് ഐശ്വര്യവും വിജയവും അസാധാരണശക്തിയും നീതിയും ഉള്ളത്. ഇതാണ് എന്റെ അഭിപ്രായം.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ,