Home

Saturday, May 29, 2021

അജാമിളന്റെ ജീവിത ചരിത്രം


 

ഭക്തിയുതസേവനത്തിന്റെ ശക്തി തെളിയിക്കുന്നതിന് ശുകദേവ ഗോസ്വാമി അജാമിളന്റെ ചരിത്രം വിവരിച്ചു. കന്യാകുബ്ജത്തിൽ (ഇന്നത്തെ കനൗജ്) വസിച്ചിരുന്ന അജാമിളനെ ഒരു പരിപൂർണ ബ്രാഹ്മണനാക്കുന്നതിന് അവന്റെ രക്ഷിതാക്കൾ വേദങ്ങൾ അഭ്യസിപ്പിക്കുകയും ക്രമീകൃത തത്ത്വങ്ങൾ പാലിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും, പൂർവകർമങ്ങളുടെ ഫലമായി അവൻ എങ്ങനെയോ ഒരഭിസാരികയാൽ ആകർഷിക്കപ്പെടുകയും അവളുമായുള്ള സഹവാസം നിമിത്തം ക്രമീകൃത തത്ത്വങ്ങളെല്ലാം ഉപേക്ഷിച്ച് അങ്ങേയറ്റം അധഃപതിക്കുകയും ചെയ്തു. അജാമിളൻ ആ അഭിസാരികയിൽ പത്തു പുത്രന്മാരെ ജനിപ്പിച്ചു. അവരിൽ ഏറ്റവും ഇളയവന്റെ പേര് നാരായണൻ എന്നായിരുന്നു. സ്വന്തം മരണസമയത്ത് യമദൂതന്മാരുടെ വരവ് കണ്ട് ഭയന്നുവിറച്ച അജാമിളൻ അവന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന ഇളയ പുത്രൻ നാരായണന്റെ പേര് വിളിച്ച് നിലവിളിച്ചു. അങ്ങനെ അവൻ യഥാർത്ഥ നാരായണനെ വിഷ്ണുഭഗവാനെ സ്മരിച്ചു. അവന്റെ നാരായണനാമജപം പൂർണവും അപരാധരഹിതവും ആയിരുന്നില്ലെങ്കിലും, അതു പ്രവർത്തിച്ചു. അവൻ നാരായണന്റെ ദിവ്യനാമം ജപിച്ചയുടനെ വിഷ്ണുവിന്റെ ആജ്ഞാപാലകർ ആ രംഗത്ത് പ്രത്യക്ഷരായി. അവരും യമരാജന്റെ ആജ്ഞാപാലകരും തമ്മിൽ അവിടെയൊരു സംവാദം നടക്കുകയും അത് ശ്രവിച്ച അജാമിളൻ മോചിതനാവുകയും ചെയ്തു. അതോടെ അവന് ഫലേച്ഛാ കർമങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ചും, അതോടൊപ്പം ഭക്തിയുത സേവന പ്രക്രിയ എത്ര ഉൽകൃഷ്ടമാണെന്നും മനസിലാക്കാൻ കഴിഞ്ഞു.


വിഷ്ണുദൂതന്മാർ പറഞ്ഞു, “ശിക്ഷാർഹനല്ലാത്ത ഒരു വ്യക്തി യമരാജന്റെ സഭയിൽ ശിക്ഷിക്കപ്പെടാൻ പോകുന്നതിനാൽ ഇപ്പോൾ ഭക്തന്മാരുടെ സഭയിൽ പോലും അധർമ പ്രവൃത്തികൾ നടക്കുന്നു. ജനങ്ങളിൽ മുഖ്യപങ്കും നിസഹായരാണ്, അവർ സംരക്ഷണത്തിന് ഭരണകൂടത്തെ ആശ്രയിക്കുന്നു, പക്ഷേ ഭരണകൂടം ഇത് മുതലെടുത്ത് അവർക്ക് ദ്രോഹം ചെയ്താൽ അവർ എവിടേക്ക് പോകും? നിങ്ങൾ അജാമിളനെ ശിക്ഷിക്കാൻ യമരാജന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുയാണെങ്കിലും, അവൻ ശിക്ഷിക്കപ്പെടരുതെന്ന് ഞങ്ങൾ വ്യക്തമായി കാണുന്നു."


അജാമിളൻ പരമോന്നതനായ ഭഗവാന്റെ ദിവ്യനാമത്തെ മഹത്വപ്പെടുത്തിയതുകൊണ്ടാണ് അവൻ ശിക്ഷാർഹനല്ലാതായത്. വിഷ്ണുദൂതന്മാർ അത് താഴെ പറയും പ്രകാരം വിശദീകരിക്കുന്നു: “നാരായണന്റെ ദിവ്യ നാമം ഒരിക്കൽ ജപിച്ചതുകൊണ്ടു മാത്രം ഈ ബ്രാഹ്മണൻ പാപപങ്കിലമായ ജീവിതത്തിന്റെ എല്ലാ പ്രതിപ്രവർത്തനങ്ങളിൽ നിന്നും മോചിതനായി. വാസ്തവത്തിൽ അവൻ ഈ ജീവിതത്തിലെ പാപങ്ങളിൽ നിന്നു മാത്രമല്ല, പല പല ആയിരക്കണക്കിന് മറ്റു ജീവിതങ്ങളിലെ പാപങ്ങളിൽ നിന്നും മുക്തനായി. അവൻ അവന്റെ എല്ലാ പാപകർമങ്ങൾക്കുമുള്ള ശരിയായ പ്രായശ്ചിത്തം നിർവഹിച്ചു കഴിഞ്ഞു. ഒരുവൻ ശാസ്ത്രങ്ങളുടെ നിർദേശാനുസരണം പ്രായശ്ചിത്തം അനുഷ്ഠിച്ചാൽ വാസ്തവത്തിൽ അവൻ പാപപ്രതികരണങ്ങളിൽ നിന്നു സ്വതന്ത്രനാവില്ല. പക്ഷേ അവൻ ഭഗവാന്റെ ദിവ്യനാമം ജപിക്കുന്നപക്ഷം, അത്തരം ജപത്തിന്റെ ക്ഷണപ്രഭ കൊണ്ടു മാത്രം അവൻ അവന്റെ എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും മുക്തനാകും. ഭഗവാന്റെ ദിവ്യനാമ മഹത്ത്വങ്ങളുടെ കീർത്തനം സകല സൗഭാഗ്യങ്ങളെയും ഉണർത്തും. അതുകൊണ്ട് എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും പരിപൂർണമായി മോചിതനായതിനാൽ അജാമിളൻ യമരാജനാൽ ശിക്ഷിക്കപ്പെടരുത്.


ഇങ്ങനെ പറഞ്ഞുകൊണ്ടു നിൽക്കുന്നതിനിടയിൽ വിഷ്ണുദൂതന്മാർ അജാമിളനെ യമദൂതന്മാരുടെ പാശങ്ങളിൽ നിന്ന് മോചിപ്പിച്ച ശേഷം അവരുടെ സ്വന്തം ധാമത്തിലേക്ക് പോയി. എങ്ങനെ തന്നെയായാലും അജാമിള ബ്രാഹ്മണൻ വിഷ്ണു ദൂതന്മാർക്ക് തന്റെ ആദരപ്രണാമങ്ങൾ അർപ്പിച്ചു. ജീവിതാന്ത്യത്തിൽ നാരായണനാമം ജപിക്കാൻ സാധിച്ച താൻ എത്ര ഭാഗ്യവാനാണെന്ന് മനസിലാക്കാൻ അവനു കഴിഞ്ഞു. തീർച്ചയായും അവന് തന്റെ സൗഭാഗ്യത്തിന്റെ അർത്ഥം ബോധ്യമായി. യമദൂതന്മാരും വിഷ്ണുദൂതന്മാരും തമ്മിൽ നടത്തിയ സംവാദം ശരിക്കും ഗ്രഹിച്ച അവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ഒരു പരിശുദ്ധ ഭക്തനായിത്തീർന്നു. താൻ എത്ര പാപിയായിരുന്നുവെന്നു ചിന്തിച്ച് വളരെയധികം ദുഃഖിച്ച് അവൻ വീണ്ടും വീണ്ടും സ്വയം വിലപിക്കുകയും ചെയ്തു.


വിഷ്ണുദൂതന്മാരുമായുള്ള സമ്പർക്കം മൂലം തന്റെ മൗലികമായ അവബോധം ഉണർന്ന അജാമിളൻ അവസാനം സർവതും പരിത്യജിച്ച് ഹരിദ്വാറിലേക്ക് പോയി. അവിടെ അവൻ സദാ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ധ്യാനിച്ച് യാതൊരു വ്യതിചലനവുമില്ലാതെ ഭക്തിയുത സേവനത്തിൽ മുഴുകി. അനന്തരം വിഷ്ണുദൂതന്മാർ അവിടെയെത്തി അവനെ ഒരു സ്വർണ സിംഹാസനത്തിൽ ഇരുത്തി വൈകുണ്ഠത്തിലേക്ക് കൊണ്ടുപോയി.


ചുരുക്കത്തിൽ, പാപിയായിരുന്ന അജാമിളൻ സ്വന്തം പുത്രനെ ഉദ്ദേശിച്ചാണ് നാരായണഭഗവാന്റെ നാമം വിളിച്ചതെങ്കിലും, പ്രാരംഭഘട്ടത്തിൽ നാമാഭാസമാണ് ജപിച്ചിരുന്നതെങ്കിലും, അവന്റെ മോചനത്തിന് അത് ധാരാളമായിരുന്നു. അതുകൊണ്ട് ഭഗവാന്റെ ദിവ്യനാമം ഭക്തിയോടും വിശ്വാസത്തോടും കൂടി ജപിക്കുന്ന ഒരുവൻ നിശ്ചയമായും ഉയർത്തപ്പെടും. അവൻ അവന്റെ ബദ്ധമായ ഈ ഭൗതിക ജീവിതത്തിൽത്തന്നെ സംരക്ഷിക്കപ്പെടും


യമരാജൻ അദ്ദേഹത്തിന്റെ ദൂതന്മാരെ ഉപദേശിക്കുന്നു


വളരെ നിരാശരായിരുന്ന യമദൂതന്മാർ യമരാജന്റെ സമക്ഷം നടന്നതെല്ലാം വിവരിച്ചു.ഇതെല്ലാം ശ്രവിച്ച യമരാജൻ അവരെ ഇപ്രകാരം സമാധാനിപ്പിച്ചു . “അജാമിളൻ തന്റെ പുത്രനെയാണ് വിളിച്ചിരുന്നതെങ്കിലും അത് ഭഗവാൻ, നാരായണന്റെ ദിവ്യനാമമായതിനാൽ ആ നാമോച്ചാരണത്തിന്റെ മിന്നൽ പ്രകാശം ഒന്നുകൊണ്ടു മാത്രം അവനെ പിടികൂടാനുളള നിങ്ങളുടെ ശ്രമത്തിൽ നിന്ന് അവനെ രക്ഷിച്ച വിഷ്ണുവിന്റെ ആജ്ഞാവാഹകരുടെ സഹവാസം അവന് തൽക്ഷണം ലഭിച്ചു. ഇത് വളരെ ശരിയാണ്. ദീർഘകാലമായി പാപം ചെയ്യുന്ന ഒരു വ്യക്തിപോലും ഭഗവാന്റെ ദിവ്യനാമം പൂർണമായല്ലെങ്കിൽ പോലും അപരാധരഹിതമായി ജപിക്കുന്ന പക്ഷം അവന് മറ്റൊരു ഭൗതികജന്മം എടുക്കേണ്ടി വരികയില്ലെന്നത് ഒരു വാസ്തവമാണ്."


ഭഗവാന്റെ ദിവ്യനാമം ജപിച്ചതിലൂടെ അജാമിളൻ വിഷ്ണു ഭഗവാന്റെ നാല് ദൂതന്മാരെ സന്ധിച്ചു. വളരെ സുന്ദരന്മാരായിരുന്ന അവർ അവനെ രക്ഷിക്കാൻ പെട്ടെന്ന് ആഗതരായി. യമരാജൻ ഇപ്പോൾ അത് വിവരിക്കുന്നു: “വിഷ്ണുദൂതന്മാരെല്ലാം ഭഗവാന്റെ, ഈ ഭൗതികലോകത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ സംബന്ധിച്ച് പരമോന്നത വ്യക്തിയുടെ പരിശുദ്ധ ഭക്തന്മാരാണ്. ദേവേന്ദ്രനോ, വരുണനോ, ശിവനോ, ബ്രഹ്മാവിനോ, സപ്തർഷികൾക്കോ, എനിക്കോ, സ്വയം പര്യാപ്തനും ഭൗതികേന്ദ്രിയങ്ങൾക്ക് അതീതനുമായ പരമോന്നതനായ ഭഗവാന്റെ അതീന്ദ്രിയ പ്രവർത്തനങ്ങൾ മനസിലാക്കാൻ കഴിയില്ല. ഭൗതികേന്ദ്രിയങ്ങളാൽ ആർക്കും അദ്ദേഹത്തെക്കുറിച്ച് ദീപ്തമായ ബോധം നേടാനാവില്ല. ഭഗവാൻ, മായികശക്തിയുടെ യജമാനൻ എല്ലാവരുടെയും സൗഭാഗ്യങ്ങൾക്കു വേണ്ട അതീന്ദ്രിയ യോഗ്യതകളുടെ ഉടമയാണ്. അദ്ദേഹത്തിന്റെ ഭക്തരും ആ രീതിയിൽ യോഗ്യതകൾ നേടിയവരാണ്. ഭക്തന്മാർ, ഈ ഭൗതികലോകത്തിൽ നിന്ന് പതിതാത്മാക്കളെ രക്ഷിക്കണമെന്ന കാര്യത്തിൽ മാത്രം ഉൽകണ്ഠയുളളവർ, ബദ്ധാത്മാവുകളെ രക്ഷിക്കുന്നതിന് മാത്രം ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷത്തിൽ ജന്മമെടുക്കുന്നു. ഒരുവൻ കുറെയെക്കെ ആദ്ധ്യാത്മിക ജീവിതത്തിൽ തൽപരനാണെങ്കിൽ ഭഗവാന്റെ ഭക്തന്മാർ അവനെ പല രീതികളിലും സംരക്ഷിക്കുന്നു.


യമരാജൻ തുടർന്നു, “സനാതന ധർമത്തിന്റെ സത്ത, അഥവാ ശാശ്വത ധർമം അത്യന്തം ഗോപ്യമാണ്. ആ രഹസ്യധർമ സമ്പ്രദായം മനുഷ്യ സമൂഹത്തിന് വെളിപ്പെടുത്താൻ ഭഗവാന് സ്വയമല്ലാതെ ആർക്കും കഴിയില്ല. ഭഗവാന്റെ കാരുണ്യത്താലാണ് അതീന്ദ്രിയ ധർമ സമ്പ്രദായം അദ്ദേഹത്തിന്റെ പരിശുദ്ധ ഭക്തന്മാർക്ക്, പ്രത്യേകിച്ചും പന്ത്രണ്ട് മഹാജനങ്ങൾക്ക് ബ്രഹ്മദേവൻ, നാരദമുനി, മഹാദേവൻ, കുമാരന്മാർ, കപിലൻ, മനു,പ്രഹ്ലാദൻ, ജനകൻ, ഭീഷ്മർ, ബലി, ശുകദേവ ഗോസ്വാമി, ഞാൻ - മനസ്സിലാക്കാൻ കഴിയുന്നത്. ജൈമിനിയുടെ നേതൃത്വത്തിലുളള മറ്റ് അഭിജ്ഞരായ പണ്ഡിതന്മാരെല്ലാം മിക്കവാറും എല്ലായ്പ്പോഴും വ്യാമോഹശക്തിയാൽ മറയ്ക്കപ്പെട്ടവരാകയാൽ, അവർ ത്രയീ എന്നു വിളിക്കപ്പെടുന്ന ഋഗ്, യജുർ, സാമം എന്നീ വേദത്രയങ്ങളുടെ മോഹിപ്പിക്കുന്ന ഭാഷയിൽ ഏറിയോ കുറഞ്ഞോ ആകൃഷ്ടരാണ്. ഈ മൂന്നു വേദങ്ങളുടെയും മോഹിപ്പിക്കുന്ന വാക്കുകളാൽ വശീകരിക്കപ്പെടുന്നവർ പരിശുദ്ധ ഭക്തരാകുന്നതിനു പകരം വൈദികാചാര ചടങ്ങുകളിൽ തൽപരരാകുന്നു. ഭഗവാന്റെ ദിവ്യനാമം കീർത്തിക്കുന്നതിന്റെ മഹാത്മ്യം അവർക്ക് മനസിലാവില്ല. ബുദ്ധിയുളള വ്യക്തികൾ എങ്ങനെതന്നെയായാലും ഭഗവാന്റെ ഭക്തിയുതസേവനം സ്വീകരിക്കുന്നു. ഭഗവദ് നാമം ച്യുതിരഹിതമായി കീർത്തിക്കുമ്പോൾ അവർ ഒരിക്കലും എന്റെ കൽപനകൾക്ക് വിഷയീഭവിക്കുന്നില്ല. അവർ യാദൃശ്ചികമായി എന്തെങ്കിലും പാപപ്രവൃത്തികൾ ചെയ്താൽ പോലും ഭഗവാന്റെ ദിവ്യനാമത്താൽ സംരക്ഷിക്കപ്പെടുന്നു, എന്തുകൊണ്ടെന്നാൽ, അതിലാണ് അവരുടെ അടിസ്ഥാന താൽപര്യം. ഭഗവാന്റെ നാല് ആയുധങ്ങൾ, പ്രത്യേകിച്ചും ഗദയും സുദർശന ചക്രവും ഭക്തരെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നു. ഭഗവാന്റെ ദിവ്യനാമം കാപട്യമില്ലാതെ കീർത്തിക്കുകയും ശ്രവിക്കുകയും സ്മരിക്കുകയും ചെയ്യുന്ന ഒരുവൻ, അല്ലെങ്കിൽ ഭഗവാന് പ്രണാമങ്ങളർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരുവൻ പരിപൂർണനായിത്തീരുന്നു. അതേസമയം ജ്ഞാനവാനായ ഒരു വ്യക്തിപോലും ഭക്തിയുതസേവനമില്ലാത്തപക്ഷം നരകത്തിലേയ്ക്ക് വിളിക്കപ്പെട്ടേയ്ക്കാം.

ഇപ്രകാരം ഭൃത്യൻമാരെ ഉപദേശിച്ച യമരാജൻ, തന്റെ ഭൃത്യൻമാർ അറിവ്വില്ലാതെ ചെയ്തുപോയ അപരാധത്തിന് ഭഗവാനോട് ക്ഷമാപണം നടത്തി.


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com


🍁🍁🍁🍁🍁🍁🍁