അപരാ ഏകാദശി
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆
അപരാ ഏകാദശി, വൈശാഖ മാസത്തിൽ (മാധവ മാസത്തിൽ)(മെയ് / ജൂൺ) കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയാണ്, ബ്രഹ്മാണ്ഡ പുരാണത്തിൽ ഭഗവാൻ ശ്രീ കൃഷ്ണനും, യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു. ഒരിക്കൽ മഹാരാജാവ് യുധിഷ്ഠിരൻ ശ്രീ കൃഷ്ണ ഭഗവാനോട് ഇപ്രകാരം ആരാഞ്ഞു . "അല്ലയോ ശ്രീ കൃഷ്ണ ഭഗവാനേ , അല്ലയോ ജനാർദന, വൈശാഖ മാസത്തിൽ (മാധവ മാസത്തിൽ) (മെയ് / ജൂൺ) വരുന്ന ഏകാദശിയുടെ നാമം എന്താണെന്നും, എന്താണ് അതിന്റെ മഹത്വം എന്നും ദയവായി വിവരിച്ചാലും.
പരമദിവ്യോത്തമ പുരുഷനായ ശ്രീ കൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു, "അല്ലയോ യുധിഷ്ഠിര മഹാരാജൻ എല്ലാവർക്കും പ്രയോജനകരമായ ഒരു ബുദ്ധിപരമായ ചോദ്യമാണ് അങ്ങ് ഉന്നയിച്ചത് . ഈ ഏകാദശി അപരാ ഏകാദശി എന്ന് അറിയപ്പെടുന്നു.
അല്ലയോ രാജാവേ! ഈ ഏകാദശി അനുഷ്ഠിക്കുന്നവർ ബൃഹത്തായ അളവിലുള്ള പുണ്യം നേടുകയും സർവ്വപാപപ്രതികരണങ്ങളേയും നശിപ്പിക്കുകയും ചെയ്യുന്നു. ഈ അപരാ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ, ബ്രഹ്മഹത്യ, ഗോഹത്യ, ഗർഭച്ഛിദ്രത്തിലൂടെയുള്ള ഭ്രൂണഹത്യ, മറ്റുള്ളവരെ വിമർശിക്കൽ, അവിഹിത ലൈംഗിക ജീവിതം നയിക്കൽ, കള്ളം പറയുക, കള്ളസാക്ഷി പറയുക, മറ്റുള്ളവരോട് വീമ്പിളക്കുക, പണത്തിനു വേണ്ടി വേദങ്ങൾ പാരായണം ചെയ്യുകയോ പഠിപ്പിക്കുകയോ ചെയ്യുക, അതിൽ സ്വന്തം അഭിപ്രായങ്ങൾ സംയോജിപ്പിക്കുക എന്നിങ്ങനെയുള്ള ഗുരുതരമായ നിരവധി പാപ പ്രവർത്തികൾ നശിപ്പിക്കപ്പെടുന്നു. ഒരു വഞ്ചകനും, ഒരു കപട ജ്യോതിഷിയും, വഞ്ചകനായ വൈദ്യനും, കള്ളസാക്ഷ്യം നൽകുന്നവരെപ്പോലെ പാപികളാണ്. ഇത്തരത്തിലുള്ള എല്ലാ പാപപ്രവർത്തനങ്ങളും അപരാ ഏകാദശി ആനുഷ്ഠിക്കുന്നതിലൂടെപൂർണ്ണമായും ഇല്ലാതാക്കപ്പെടും. തന്റെ തൊഴിൽ ഉപേക്ഷിച്ച് യുദ്ധക്കളത്തിൽ നിന്ന് പലായനം ചെയ്യുന്ന ഏതൊരു ക്ഷത്രിയനും തന്റെ നിശ്ചിത കടമകളിൽ നിന്ന് താഴേ പതിക്കുമെന്നതും നരകം പുകുമെന്നതും തീർച്ചയാണ് . അത്തരമൊരു വ്യക്തി ഈ ഏകാദശിയെ വിശ്വാസത്തോടെ അനുഷ്ഠിച്ചാൽ തീർച്ചയായിട്ടും അവൻ സ്വർഗ്ഗീയ ഗ്രഹത്തെ പ്രാപിക്കുന്നതാണ്.
ശ്രീ കൃഷ്ണ ഭഗവാൻ തുടർന്നു, "അല്ലയോ രാജാവേ, ഒരു ശിഷ്യൻ, തന്റെ ആത്മീയ ഗുരുവിൽ നിന്ന് അറിവ് സ്വീകരിച്ചശേഷം തന്റെ ആത്മീയ ഗുരുവിനെ നിന്ദിക്കുന്നതിൽ ഏർപ്പെടുന്ന പക്ഷം അയാൾ തീർച്ചയായും വലിയ പാപങ്ങൾ ശേഖരിച്ച് കൂട്ടുകയാണ്. അപലപനീയനായ പാപിയായ അത്തരം വ്യക്തിക്ക് അപരാ ഏകാദശി ആചരിക്കുന്നതിലൂടെ പാപ ഫലങ്ങളിൽ നിന്ന് മോചനം നേടാനും പരമോന്നത ലക്ഷ്യസ്ഥാനം നേടാനും കഴിയും.
അല്ലയോ രാജാധിരാജൻ, കാർത്തിക മാസത്തിൽ പുഷ്കരത്തിൽ മൂന്നു പ്രാവശ്യം കുളിക്കുന്നതിലൂടെയും, ഒരാൾ മകര (ജനുവരി) മാസത്തിൽ സൂര്യൻ ഉത്തരായണത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രയാഗിൽ കുളിക്കുന്നതിലൂടെ ലഭിക്കുന്ന പുണ്യഫലം, കാശിയിൽ ഉപവസിച്ച് ശിവരാത്രി വ്രതം പാലിക്കുന്നതിലൂടെയും, ഗയയിലെ വിഷ്ണുഭഗവാൻ്റെ പാദപദ്മങ്ങളിൽ ഉപചാരം അർപ്പിക്കുന്നതിലൂടെയും, ഒരാൾ വ്യാഴം സിംഹ രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ഗൗതമി നദിയിൽ കുളിക്കുന്നതിലൂടെയും ലഭിക്കുന്ന മംഗളകരമായ ഫലങ്ങൾ, കുംഭമേള സമയത്ത് കേദാർനാഥ് സന്ദർശിക്കുന്നതിലൂടെയും, ബദരീനാഥനെ സന്ദർശിച്ച് ആരാധിക്കുന്നതിലൂടെയും, സൂര്യഗ്രഹണ സമയത്ത് കുരുക്ഷേത്രത്തിൽ കുളിക്കുന്നതിലൂടെയും, ആനകൾ, കുതിരകൾ, പശുക്കൾ, സ്വർണം , ഭൂമി എന്നിവ ദാനംനൽകുന്നതിലൂടെയും ലഭിക്കുന്ന പുണ്യഫലങ്ങൾ എന്നിവയെല്ലാം തന്നെ അപര ഏകാദശി വ്രതം പാലിക്കുന്നതിലൂടെ എളുപ്പത്തിൽ ലഭിക്കും.
ഇത് പാപവൃക്ഷത്തെ ഛേദിക്കുന്ന മൂർച്ചയേറിയ കോടാലി പോലെയും, പാപ പ്രവർത്തികളാകുന്ന ഇന്ധനത്തെ ഭസ്മീകരിക്കുന്നതായ ആളികത്തുന്ന കാട്ടു തീ പോലെയും പ്രവർത്തിക്കുന്നു. പാപപ്രവർത്തനങ്ങളാൽ ഉത്ഭൂതമാകുന്ന അന്ധകാരത്തെ ഇല്ലായ്മ ചെയ്യുന്ന ഉജ്ജ്വലനായ സൂര്യനെപ്പോലെയാണിത്. അതുപോലെ പാപപ്രവൃത്തികളുടെ വനത്തിനുള്ളിലെ ഒരു മാനിന് സിംഹത്തെ എന്നത് പോലെയാണിത്.
അല്ലയോ രാജാവേ! ഈ അപരാ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെയും, വിഷ്ണുവിനെ തന്റെ ത്രിവിക്രമ രൂപത്തിൽ ആരാധിക്കുന്നതിലൂടെയും ഒരു വ്യക്തി ഭഗവാൻ വിഷ്ണുവിന്റ സർവ്വ മംഗളകരമായ ധാമത്തെ പ്രാപിക്കുന്നു.
എല്ലാവരുടെയും നന്മക്കായി ഞാൻ അങ്ങേക്ക് വിവരിച്ച ഈ ഏകാദശിയുടെ മഹാത്മ്യത്തെ ആരൊക്കെ വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നുവോ, അവർ എല്ലാ പാപ പ്രവർത്തനങ്ങളിൽ നിന്നും മോചനം നേടുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .