Tuesday, June 15, 2021
ശരിയായ യോഗപരിശീലനം
ഭഗവാൻ ഇപ്പോഴും യജമാനനും , ആത്മാവ് ഇപ്പോഴും ദാസനുമാണ്
ഒരു സുഹൃത്ത് ആത്മമിത്രത്തിന്റെ അഭീഷ്ടം നിറവേറ്റിക്കൊടുക്കുന്നതു പോലെ പരമാത്മാവ് അണുമാത്രനായ ജീവാത്മാവിന്റെ ഇഷ്ടം സാധിച്ചുകൊടുക്കുന്നു. മുണ്ഡകോപനിഷത്തും ശ്വേതാശ്വതരോപ നിഷത്തുംപോലുള്ള വേദഗ്രന്ഥങ്ങൾ പരമാത്മജീവാത്മാക്കളെ ഒരേ വ്യക്ഷത്തിന്മേൽ ഇരിക്കുന്ന രണ്ട് കിളികളോടുപമിച്ചിട്ടുണ്ട്. അവയിലൊന്ന് (ജീവാത്മാവ്) വൃക്ഷത്തിന്റെ ഫലങ്ങൾ ആസ്വദിക്കുകയാണ്. മറ്റൊന്ന് (കൃഷ്ണൻ) ആ സുഹൃത്തിനെ വീക്ഷിച്ചുകൊണ്ടുമിരിക്കുന്നു. ഗുണത്തിൽ സമാനതയുള്ളവരാണെങ്കിലും ഇതിലൊരാൾ ഭൗതിക വൃക്ഷത്തിന്റെ ഫലത്തിൽ ആകൃഷ്ടനാണ്. മറ്റേത് സുഹൃത്തിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ നിരീക്ഷ കനാണ് കൃഷ്ണൻ, അർജുനൻ ഫലാസ്വാദകനും. സുഹൃത്തുക്കളെ ന്നിരിക്കിലും അവരിലൊരാൾ സ്വാമിയും മറ്റെയാൾ ആശ്രിതനുമാണ്. അണുമാത്രനായ ജീവാത്മാവ് ഈ ബന്ധം മറന്നുപോകുന്നതിനാലാണ് അതിന് ഒരു വൃക്ഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് അഥവാ ഒരു ശരീരം വിട്ട് പുതിയൊന്നിലേയ്ക്ക് അടിക്കടി മാറേണ്ടി വരുന്നത്. ഈ ശരീരമാകുന്ന വൃക്ഷത്തിലിരുന്ന് ജീവൻ നന്നേ ക്ലേശിക്കുന്നു. അർജുനൻ കൃഷ്ണനെ ആത്മീയാചാര്യനായി സ്വീകരിച്ച് സ്വയം സമർപ്പിച്ചതു പോലെ മറ്റേ പക്ഷിയെ പരമോന്നതനായ ആത്മീയഗുരുവായി സ്വയം വരിക്കുന്ന പക്ഷം ആ കിളിക്ക് സർവ്വ ശോകങ്ങളിൽ നിന്നും ക്ഷണേന മോചനം നേടാം.
ഭഗവദ് ഗീതാ യഥാരൂപം 2.22 / ഭാവാർത്ഥം