പുരിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ബലിഗ്രാം എന്ന ഗ്രാമത്തിൽ ദാസിയ ബൗരി എന്ന താമസിച്ചിരുന്നത്. അജ്ഞനായ ദാസിയന് ഭക്തിപരമായ പെരുമാറ്റം എന്താണെന്നും പാപപരമായ പെരുമാറ്റം എന്താണെന്നും അറിയില്ലായിരുന്നു.അദ്ദേഹവും ഭാര്യയും വളരെ ദരിദ്രരും സന്താനങ്ങൾ ഇല്ലാത്തവരും ആയിരുന്നു.ദാസിയ ഒരു നെയ്ത്തുകാരനായിരുന്നു, തുണി വിറ്റുകിട്ടുന്ന പണം കഷ്ടിച്ച് ജീവനിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളു. ഉത്സവ ദിവസങ്ങളിൽ, ദാസിയ തന്റെ ഗ്രാമത്തിലെ ബ്രാഹ്മണരുടെ വീടുകൾ സന്ദർശിക്കുകയും ഭഗവാന്റെ ശ്രേഷ്ഠമായ കീർത്തനങ്ങൾ കേൾക്കുകയും ചെയ്യുമായിരുന്നു. അവന് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും കേൾക്കാൻ ഇഷ്ടപ്പെട്ടു. ഈ രീതിയിൽ അദ്ദേഹം തന്റെ ജീവിതം ചെലവഴിക്കുകയായിരുന്നു- സ്വന്തം ചിലവുകൾക്കായി ജോലി ചെയ്യുകയും, ഉത്സവ ദിവസങ്ങളിൽ കീർത്തനങ്ങൾ കേൾക്കുകയും ചെയ്തു.
ഒരു ഘട്ടത്തിൽ അദ്ദേഹം ഒരു ഗുരുവിൽ നിന്ന് മന്ത്ര ദീക്ഷ സ്വീകരിച്ച് കണ്ഠി മാല ധരിക്കാനും നെറ്റിയിൽ തിലകം ചാർത്താനും തുടങ്ങി. അദ്ദേഹം ഭക്തരുമായി സഹവസിക്കുകയും അവരിൽ നിന്ന് ഹരി-കഥ കേൾക്കുകയും ചെയ്തു. പതുക്കെ അദ്ദേഹം കാര്യങ്ങൾ ഗ്രഹിച്ചു, ഭഗവാൻ ശ്രീ ഹരി മാത്രമാണ് സത്യമെന്ന് അദ്ദേഹത്തിന് മനസ്സിലായി. സന്തോഷകരവും ദുരിതപൂർണ്ണവുമായ അവസ്ഥകളിലും ദാസിയ ഒരു പോലെ സംതൃപ്തനായിരുന്നു.എന്നിട്ടും അദ്ദേഹം പലപ്പോഴും സ്വയം ചിന്തിച്ചിരുന്നു, "വിധാതാ, വിധി കൊണ്ട് ഞാൻ ഒരു താഴ്ന്ന കുലത്തിൽ ജനിച്ചു. താഴ്ന്ന ജാതിക്കാരനായ എനിക്ക് എങ്ങനെ ഹരി ഭക്തി ലഭിക്കും?"
പുരിയിലെ ജഗന്നാഥ രഥയാത്രയ്ക്ക് വീണ്ടും സമയമായി. ജഗന്നാഥൻ തന്റെ ക്ഷേത്രത്തിൽ നിന്ന് പുറത്തുവന്ന് രഥത്തിൽ കയറുന്നത് കാണാൻ ആയിരക്കണക്കിന് ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുരിയിലേക്ക് യാത്രയായി. പുരിയിൽ പോയി ഭഗവാനെ കാണണമെന്ന് ദാസിയ കരുതി.ഭഗവാന്റെ രൂപം എങ്ങനെയെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. ഈ രീതിയിൽ ചിന്തിച്ചുകൊണ്ട് തന്റെ ഗ്രാമത്തിൽ നിന്നുള്ള മറ്റുള്ളവരോടൊപ്പം പുരിയിലേക്ക് പോയി. പുരിയിൽ എത്തിയ അദ്ദേഹം ഉത്സവ വേളയിൽ രാജപാതയിൽ ഒരു സ്ഥലം കണ്ടെത്തി. ജഗന്നാഥന്റെ നന്ദിഗോഷ് രഥത്തിന്റെ മുന്നിൽ നിന്ന് അദ്ദേഹം ഭഗവാൻ ജഗന്നാഥന്റെ ദർശനം കണ്ടു.
ദാസിയ സന്തോഷത്തിൽ ആറാടി. ജഗന്നാഥൻ രഥത്തിൽ ഇരിക്കുന്നത് കണ്ട് ദാസിയ പ്രണാമം അർപ്പിച്ചു. ഭഗവാന്റെ കറുത്ത സു-മുഖ് (സുന്ദരമായ മുഖം) നോക്കിക്കൊണ്ട് അദ്ദേഹം കണ്ണുനീർ ഒഴുക്കി. ഭഗവാന്റെ മനോഹരമായ ചുവന്ന അധരങ്ങളും കറുത്ത നയനങ്ങളും കണ്ട് നിർവൃതിപൂണ്ടു. "എന്റെ ഭഗവാൻ ജഗന്നാഥാ, ഞാൻ ഈ ലോകത്തിലെ ഏറ്റവും പാപിയായ വ്യക്തിയാണ്. ദയവായി എന്നെ അവഗണിക്കരുത്. ദയവായി എന്റെ ഹൃദയത്തെ ബോധദീപ്‌തമാക്കൂ.വീണു പോയ ആത്മാക്കളെ രക്ഷിക്കുന്നത് കൊണ്ട് അങ്ങ് പതിത-പാവനൻ എന്ന് അറിയപ്പെടുന്നു. ഭഗവാനെ! ദയവായി എന്നെ രക്ഷിക്കൂ.
ആനന്ദത്തോടെ വിളിച്ചു പറഞ് അദ്ദേഹം ഭഗവാന് പ്രണാമമർപ്പിച്ചു. അദ്ദേഹം എഴുന്നേറ്റു പറഞ്ഞു, "ഈ പ്രപഞ്ചത്തിലെ ഒരേയൊരു സത്യം അങ്ങാണ്. ബാക്കി എല്ലാം മിഥ്യയാണ്. ഇനി മുതൽ, എന്റെ സർവസ്വവും അങ്ങാണ്!" ഇത് പറഞ്ഞശേഷം ദാസിയ വീട്ടിലെത്തി, ഭാര്യ അദ്ദേഹത്തെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കാലും കൈയും കഴുകിയ ശേഷം അദ്ദേഹം ഇരുന്നു, ഭാര്യ തയ്യാറാക്കിയ ഭക്ഷണം വിളമ്പി, അതിൽ ചോറും ചീരയും ഉണ്ടായിരുന്നു. ചുവന്ന കളിമൺ കലത്തിന്റെ നടുവിൽ വളരെ വെളുത്തതായി കാണപ്പെടുന്ന ചുടു ചോറ് അവൾ വിളമ്പി. ചോറിനു മുകളിൽ അവൾ കറുത്ത ചീര വിളമ്പി. അവൾ അത് തന്റെ ഭർത്താവിന് മുന്നിൽ വച്ചപ്പോൾ, കളിമൺ കലത്തിന്റെ ചുവന്ന വൃത്തം ദാസിയ കണ്ടു, നടുവിൽ വെളുത്ത ചോറും, അതിനു മുകളിൽ കറുത്ത ചീരയും ഉണ്ടായിരുന്നു. ദാസിയയുടെ മനസ്സിൽ അത് ജഗന്നാഥന്റെ കണ്ണുകളോട് സാമ്യമുള്ളതായി തോന്നി. അദ്ദേഹം പറഞ്ഞു, "ഓ! ഇത് എന്റെ നാഥന്റെ വെളുത്ത പങ്കജ നയനങ്ങൾ പോലെ കാണപ്പെടുന്നു! ഞാൻ ഇത് എങ്ങനെ കഴിക്കും?" അവന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി, സംസാരിക്കാൻ കഴിഞ്ഞില്ല.അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, ശരീരത്തിലെ രോമങ്ങൾ എഴുനേറ്റ് നിൽക്കുന്നു. അവൻ ഒരു ഭ്രാന്തനെപ്പോലെയായി, ആർക്കും മനസ്സിലാകാത്ത പലതരം കാര്യങ്ങൾ പറയാൻ തുടങ്ങി. അദ്ദേഹം കയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ഭർത്താവിന്റെ വിചിത്രമായ പെരുമാറ്റം കണ്ടപ്പോൾ, ഗ്രാമത്തിലെ നേതാക്കളെ വിളിച്ച്, ഭർത്താവ് ഭ്രാന്തനെപ്പോലെ പെരുമാറുന്ന അവസ്ഥ പറഞ്ഞു.അദ്ദേഹം പുരിയിലേക്ക് പോയതിനാൽ ഭ്രാന്തനാക്കാൻ ആരെങ്കിലും അദ്ദേഹത്തോട് എന്തെങ്കിലും തന്ത്രം ചെയ്തുവെന്ന് അവൾ ചിന്തിച്ചു.ഗ്രാമവാസികൾ ദാസിയയോട് ചോദിച്ചു, "നിങ്ങൾ എന്തിനാണ് ഇതുപോലെ ചാടി കളിച്ചു ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് എന്ന് ചോദിച്ചു" "ഇത് എന്റെ നാഥന്റെ കണ്ണുകൾ പോലെ കാണപ്പെടുന്നു. ഞാൻ ഇത് എങ്ങനെ കഴിക്കും?" ഇത് പറഞ്ഞതിന് ശേഷം ദാസിയ നൃത്തം ചെയ്യാൻ തുടങ്ങി. ഗ്രാമവാസികൾ ഇത് ദാസിയയിൽ നിന്ന് കേട്ടപ്പോൾ, അവന്റെ ഭക്തി കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ ചോദിച്ചു, "നിങ്ങൾക്ക് ഈ ഭക്തിഭാവം എവിടെ നിന്ന് ലഭിച്ചു ? ഭാവാഗ്രാഹി, ജഗന്നാഥ പ്രഭു, നിങ്ങൾക്ക് കരുണ നൽകിയോ? ഇന്ന് മുതൽ നിങ്ങൾ ബലിഗ്രാം ദാസ് എന്നറിയപ്പെടും. "അവർ ഭാര്യയോട് പറഞ്ഞു," ദയവായി ചോറും ചീരയും രണ്ട് വ്യത്യസ്ത പാത്രങ്ങളിൽ വിളമ്പുക. അങ്ങനെ വിളമ്പിയപ്പോൾ ബലിഗ്രാം ദാസിയ സമാധാനത്തോടെ കഴിച്ചു.
അന്നുമുതൽ അദ്ദേഹം ഭഗവാന്റെ പങ്കജ നേത്രങ്ങളിൽ മനസ്സ് ഉറപ്പിച്ചു, രഥയാത്രയുടെ മൃദംഗ, കരതാൾ, ഖണ്ഡ (മണി) എന്നിവയുടെ ശബ്ദ സ്‌പന്ദനം എപ്പോഴും ഓർഞ്ഞു. എല്ലാ ഭൗതിക കാര്യങ്ങളും വിഷം പോലെയാണെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം വളരെ സമാധാനവും കരുണയും വിനയവും സത്യസന്ധനുമായ വ്യക്തിയായി മാറി. സദാ സമയവും ഭവാൻ പദ്മനാഭനെ കുറിച്ച് ചിന്തിച്ചു.
അദ്ദേഹം തന്റെ എല്ലാ ഇന്ദ്രിയങ്ങളും നിയന്ത്രിക്കുകയും കണ്ണുകൾ അടച്ച് ജഗന്നാഥന്റെ സുന്ദരമായ മുഖത്തിനെ ധ്യാനിക്കുകയും ചെയ്തു.ജഗന്നാഥൻ തന്റെ ഭക്തർക്ക് വളരെ പ്രിയപ്പെട്ടവനാണ്. ഭക്തന്റെ ഭക്തി മാത്രമാണ് ഭഗവാൻ നോക്കുന്നത്. ജാതി, മത പ്രവർത്തനങ്ങളെ ഭഗവാൻ പരിഗണിക്കുന്നില്ല.കഠിനനിഷ്ഠ, ദാനം,ധർമ്മനിഷ്ഠമായ പ്രവർത്തനങ്ങൾ, വ്രതങ്ങൾ, പുണ്യസ്ഥല യാത്രകൾ എന്നിവക്കൊന്നും ഭഗവാനെ പ്രീതിപ്പെടുത്താൻ കഴിയില്ല. ദാനത്തിന്റെയും,പുണ്യപ്രവർത്തനങ്ങളുടെയും പ്രയോജനം എന്താണ്? ദേവന്മാരെ ആരാധിക്കുന്നതിന്റെ പ്രയോജനം എന്താണ്? ഇവയിലൂടെ ആർക്കും ഭഗവാനെ നേടാൻ കഴിയില്ല. ഭഗവാൻ ഭാവഗ്രാഹിയാണ്,. ഉറച്ച വിശ്വാസത്തോടെ ഒരാൾ ഭഗവാന്റെ പവിത്ര നാമം ചൊല്ലുന്നുവെങ്കിൽ, ഭഗവാൻ അവന്റേതാണ്.രാവും പകലും ദാസിയഭഗവാനെ കുറിച്ച് മാത്രം ചിന്തിച്ചു. ഭഗവാനല്ലാതെ അവന് വേറെ ഒന്നും അറിയില്ലായിരുന്നു.
ഒരു രാത്രിയിൽ, ഭഗവാന്റെ പാദ കമലങ്ങൾ ധ്യാനിച്ച് ഉറങ്ങാൻ പോയി. അവൻ പ്രാർത്ഥിച്ചു, “ഭഗവാന്റെ ചതുർ ഭുജ രൂപം കാണാൻ ഭഗവാൻ എന്നോടു കരുണ കാണിക്കുമോ?” അദ്ദേഹത്തിന്റെ ഇച്ഛ മനസിലാക്കിയ ജഗന്നാഥൻ? തന്റെ ശ്രീകോവിൽ ഉപേക്ഷിച്ച് ദാസിയയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ദാസിയ മനസ് നിറയും വരെ ഭഗവാനെ ദർശിച്ചു. അദ്ദേഹം പറഞ്ഞു, "ഞാൻ രഥത്തിൽ കണ്ടതും ഇപ്പോൾ എന്റെ മുമ്പിലുള്ള രൂപവും തുല്യമാണ്. ഞാൻ നേരിട്ട് ഭഗവാനെ കാണുന്നു!ബ്രഹ്മാവും എല്ലാ ദേവന്മാരും അസുരന്മാർ, യക്ഷന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, സിദ്ധകൾ, യോഗികൾ, മുനിമാർ എന്നിവർ ഭഗവാന്റെ പാദ കമലങ്ങൾ നിരന്തരം ധ്യാനിക്കുന്നു. അവർക്ക് ഭഗവാനെ കാണാൻ കഴിയുന്നില്ല. അജ്ഞാനനും താഴ്ന്ന കുല ജാതനുമായ ഞാൻ ഒരു ഭക്തി സേവനവും ചെയ്തിട്ടില്ല. പ്രപഞ്ചനാഥാ, നീ എന്റെ കുടിലിൽ വന്നിരിക്കുന്നു.
"മഞ്ഞ പട്ടു വസ്ത്രം ധരിച്ച ഭഗവാൻ പറഞ്ഞു," ദാസിയ, ദയവായി ശ്രദ്ധിക്കൂ.എന്റെ ഹൃദയം സ്വർഗ്ഗത്തിലേക്കോ മുക്തിയി ലേക്കോ ആകർഷിക്കപ്പെടുന്നില്ല. ആരെങ്കിലും എന്നെ ഭക്തിയോടെ ആരാധിക്കുന്നുവെങ്കിൽ, എന്റെ മനസ്സ് അവനിലേക്ക് ആകർഷിക്കപ്പെടുന്നു. നിങ്ങളുടെ ഭക്തി എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്റെ പ്രിയ ഭക്താ, എന്ത് അനുഗ്രഹം വേണമെന്ന് ദയവായി എന്നോട് പറയൂ. "വളരെ സന്തോഷവാനായി ദാസിയ മറുപടി പറഞ്ഞു," എന്റെ ഭഗവാനേ, അങ്ങളുടെ പാദ കമലങ്ങൾ നിരന്തരം ഓർമിക്കുക എന്ന അനുഗ്രഹം മാത്രമാണ് എനിക്ക് വേണ്ടത്. മറ്റൊരു വരവും ആവശ്യമില്ല. അങ്ങയുടെ ഭക്തരുടെ പാദ കമലങ്ങളിൽ എന്റെ മനസ്സ് ഉറപ്പിക്കാൻ എന്നെ അനുഗ്രഹിക്കൂ. ഞാൻ അങ്ങയെ ധ്യാനിക്കുമ്പോഴെല്ലാം അങ്ങയുടെ ദർശനം ലഭിക്കുന്നതിന് ദയവായി എന്നെ അനുഗ്രഹിക്കൂ. എനിക്ക് മറ്റൊന്നും ആവശ്യമില്ല.
ഇതുകേട്ട ഭഗവാൻ പറഞ്ഞു, "നിങ്ങളുടെ ജീവിതം അനുഗ്രഹീതമാണ്. നിങ്ങൾ പുരിയിലേക്ക് പോകുമ്പോഴെല്ലാം എന്റെ ക്ഷേത്രത്തിന് മുകളിലുള്ള നിലചക്രം നോക്കൂ. ഞാൻ അവിടെ നിങ്ങൾക്ക് പ്രത്യക്ഷമാവും. നിങ്ങൾ എനിക്ക് എന്ത് വാഗ്ദാനം ചെയ്താലും ഞാൻ അത് സ്വീകരിക്കും." ഇത് പറഞ്ഞതിന് ശേഷം ഭഗവാൻ അപ്രത്യക്ഷനായി.
ഒരു ദിവസം ബലിഗ്രാം ദാസിയ ഒരു ബ്രാഹ്മണന്റെ വീട്ടിലേക്ക് കുറച്ച് തുണി വിൽക്കാൻ പോയി. മരത്തിൽ ഒരു നല്ല തേങ്ങ കണ്ടു. അദ്ദേഹം ബ്രാഹ്മണനോട് ചോദിച്ചു, "നിങ്ങൾക്ക് ഈ തേങ്ങ തരാമോ? ജഗന്നാഥന് ഇത് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തു വിലയായാലും ദയവായി എന്റെ തുണിയുടെ വിലയിൽ നിന്ന് കുറയ്ക്കുക." അത്യാഗ്രഹിയായ ബ്രാഹ്മണൻ പറഞ്ഞു, "തുണിക്ക് പകരമായി എനിക്ക് ഈ തേങ്ങ തരാം." ബലിഗ്രാം ദാസിയയുടെ ഉപജീവനമാർഗ്ഗം ഈ തുണി കച്ചവടം മാത്രമായിരുന്നു. പക്ഷേ, അദ്ദേഹം അതിനെക്കുറിച്ച് ആശങ്കപ്പെട്ടില്ല. തുണിക്ക് പകരമായി തേങ്ങ സ്വീകരിച്ച അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് മടങ്ങി. അന്ന് ജഗന്നാഥന് പലതരം പഴങ്ങളും പാലും സമർപ്പിക്കാൻ ഒരു ബ്രാഹ്മണൻ പുരിയിലേക്ക് പോവുകയായിരുന്നു. ബലിഗ്രാം ദാസിയ അവന്റെ അടുത്ത് ചെന്ന് ജഗന്നാഥന് അർപ്പിക്കാൻ തേങ്ങ കൊണ്ടുപോവാൻ അഭ്യർത്ഥിച്ചു.
ബലിഗ്രാം ബ്രാഹ്മണനോട് പറഞ്ഞു, "ദയവായി ഈ തേങ്ങ എടുക്കുക. നിങ്ങളുടെ വഴിപാടുകൾ സമർപ്പിച്ച ശേഷം ദയവായി എന്റെ വഴിപാടിനെക്കുറിച്ച് ചിന്തിച്ചാൽ മതി. ഗരുഡ സ്തംഭത്തിന് പിന്നിൽ നിന്ന് നിങ്ങളുടെ ഭക്തനായ ബലിഗ്രാം ദാസിയ ഈ തേങ്ങ അയച്ചതായി ഭഗവാനോട് പറഞ്, ദയവായി ഇത് സ്വീകരിക്കാൻഅഭ്യർത്ഥിക്കുക. കൈ നീട്ടിക്കൊണ്ട് ഭഗവാൻ ഈ തേങ്ങ സ്വീകരിക്കുകയാണെങ്കിൽ, അത് കൊടുക്കുക.അല്ലാത്തപക്ഷം, ഈ തേങ്ങ എന്റെ അടുത്തേക്ക് തിരിച്ചു കൊണ്ടുവരിക. ഇത് കേട്ട് ബ്രാഹ്മണൻ ചിരിച്ചുകൊണ്ട് പുരിയിലേക്ക് പോയി. ബലിഗ്രാമ ദാസിയ തന്റെ വീട്ടിലേക്ക് തിരിച്ചുപോയി. ബ്രാഹ്മണൻ ജഗന്നാഥ ക്ഷേത്രത്തിലെത്തി ജഗന്നാഥന്റെ പൂജ പൂർത്തിയാക്കി. മടങ്ങിവരുമ്പോൾ അദ്ദേഹം ബലിഗ്രാമ ദാസിയ നൽകിയ തേങ്ങയെ ഓർത്തു.
"എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം" എന്ന് അയാൾ ചിന്തിച്ചു. ആകാംക്ഷയോടെ അദ്ദേഹം ഗരുഡ സ്തംഭത്തിന്റെ പുറകിലേക്ക് പോയി. തേങ്ങ കയ്യിൽ പിടിച്ച് കണ്ണുകൾ അടച്ച് അദ്ദേഹം പറഞ്ഞു, "ദാരു-ബ്രഹ്മാ! ബലിഗ്രാം ദാസിയ ഈ തേങ്ങ അങ്ങേക്കായി അയച്ചിട്ടുണ്ട്. ത്രികൈകൾ നീട്ടി ഇത് സ്വീകരിച്ചാലും, അല്ലാത്തപക്ഷം ഞാൻ അത് തിരികെ കൊണ്ട് പോകും."
പെട്ടെന്നു ഭഗവാൻ ശ്രീകോവിലിൽ നിന്ന് തന്റെ നീണ്ട ഭുജം നീട്ടി ബ്രാഹ്മണന്റെ കയ്യിൽ നിന്ന് തേങ്ങ എടുത്തു. ഈ വിധത്തിൽ തേങ്ങ ജഗന്നാഥന് സമർപ്പിച്ചു. ഭക്തന്റെ ശക്തമായ വിശ്വാസം കാണുക. ലക്ഷ്മി ദേവിക്ക് പോലും ഇത് മനസ്സിലാക്കാൻ കഴിയില്ല.ഇത് കണ്ട് ബ്രാഹ്മണൻ ആനന്ദത്തിൽ കരയാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു, "ഓ ബലിഗ്രാം ദാസിയ! നിങ്ങളുടെ ജീവിതം അനുഗ്രഹീതമാണ്! നിങ്ങളുടെ അച്ഛനും അമ്മയും അനുഗ്രഹിക്കപ്പെട്ടവരാണ്! അവർക്ക് എല്ലാ മഹത്വങ്ങളും! നിങ്ങളുടെ ഗ്രാമം അനുഗ്രഹീതമാണ്. മഞ്ഞപട്ടുടുത്ത ഭഗവാൻ നിങ്ങളിൽ വളരെ സംപ്രീതനാണ്.”
ഈ വാർത്ത ക്ഷേത്രത്തിലെ ആളുകൾക്കിടയിൽ പ്രചരിച്ചു. ബലിഗ്രാമ ദാസിയയുടെ ശുദ്ധ ഭക്തിയെ എല്ലാവരും പ്രകീർത്തിച്ചു.ഒരു ദിവസം ബലിഗ്രാം ദാസിയ ജഗന്നാഥന്റെ ദർശനത്തിന് പുരിയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഭഗവാന് സമർപ്പിക്കാൻ എന്തെങ്കിലും കൊണ്ടുപോകാൻ ആലോചിച്ചു. ആ സമയത്ത് ഒരു മാമ്പഴ കച്ചവടക്കാരൻ വന്നു. വളരെ സുന്ദരവും വലുതും മധുരമുള്ളതുമായ മാമ്പഴങ്ങൾ ഉണ്ടായിരുന്നു. ബലിഗ്രാം ദാസിയ നാൽപതോളം മാമ്പഴം വാങ്ങി ആ മാമ്പഴത്തെ ഒരു കൊട്ടയിൽ പുരിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം സിംഹ ധ്വാരത്തിൽ എത്തിയപ്പോൾ, എല്ലാ പാണ്ടകളും മാമ്പഴത്തെ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോകാൻ പുറകിൽ കൂടി.മാമ്പഴം എടുക്കാൻ അവർ പരസ്പരം പോരടിച്ചു. ഈ മാമ്പഴം അർപ്പിക്കാൻ നിങ്ങളിൽ ആരുടേയും ആവശ്യമില്ലെന്ന് ബലിഗ്രാം ദാസിയ പറഞ്ഞു. പാണ്ടകൾ പറഞ്ഞു, "പിന്നെ നിങ്ങൾ മാമ്പഴം എന്തുചെയ്യും? നിങ്ങൾ ഞങ്ങൾക്ക് തന്നിട്ടില്ലെങ്കിൽ അവ എങ്ങനെ അർപ്പിക്കപ്പെടും? ഭഗവാന് സമർപ്പിക്കാതെ തിരികെ കൊണ്ടുപോയാൽ നിങ്ങൾ എന്തു ചെയ്യും? ഈ മാമ്പഴങ്ങൾ. ഭഗവാന് സമർപ്പിക്കുന്നതിനാണ്. ഭഗവാന് സമർപ്പിക്കാതെ ആർക്കും അത് തൊടാനാവില്ല.
ബലിഗ്രാം ദാസിയ പത്ത് അടി പിന്നോട്ട് പോയി മാമ്പഴത്തിന്റെ കൊട്ട നിലത്ത് വച്ചു. അയാൾ നിലചക്രം നോക്കി. അവിടെ ജഗന്നാഥനെ കണ്ടു. അദ്ദേഹം പ്രണാമമർപ്പിച്ച് പറഞ്ഞു, "ഭഗവാനേ, ഈ മാമ്പഴങ്ങൾ അങ്ങയുടെ സ്വത്താണ്. അങ്ങയുടെ സ്വന്തം ഇഷ്ടപ്രകാരം അവ ആസ്വദിക്കൂ. ഈ ബ്രാഹ്മണർ ആവശ്യമില്ലാതെ കലഹം ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്?" ഇത് പറഞ്ഞതിന് ശേഷം ബാലിഗ്രാം ദാസിയ രണ്ട് മാമ്പഴങ്ങൾ എടുത്ത് നിലചക്രത്തിന് കാണിച്ചു. ഉടനെ ആ മാമ്പഴങ്ങൾ അപ്രത്യക്ഷമാവുകയും ജഗന്നാഥന്റെ കയ്യിൽ എത്തുകയും ചേർന്നു. ജഗന്നാഥൻ മാമ്പഴം സന്തോഷത്തോടെ കഴിച്ചു. ഈ രീതിയിൽ ജഗന്നാഥൻ എല്ലാ മാമ്പഴങ്ങളും ആസ്വദിച്ചു. ഇതാണ് ഭഗവാന്റെ പ്രകൃതം. ഒരാൾ എത്ര താഴ്ന്നവനായാലും പ്രശ്നമല്ല, ശുദ്ധ ഭക്തി ഉണ്ടെങ്കിൽ, നമ്മുടെ കയ്യിൽ നിന്ന് ഇലകളും പഴങ്ങളും പൂക്കളും ഭഗവാൻ സന്തോഷത്തോടെ സ്വീകരിക്കും. ഉയർന്ന ജാതിക്കാരനായാലും, അയാൾക്ക് ഭക്തിയില്ലെങ്കിൽ, പലതരം രുചികരമായ ഭക്ഷണം അർപ്പിച്ചാലും ഭഗവാൻ അത് സ്വീകരിക്കില്ല. എല്ലാ മാമ്പഴങ്ങളും കഴിച്ചശേഷം ഭഗവാൻ ആ സ്ഥലത്ത് നിന്ന് അപ്രത്യക്ഷനായി. ബലിഗ്രാമ ദാസിയാസിന്റെ കയ്യിൽ നിന്ന് മാമ്പഴം എങ്ങനെ അപ്രത്യക്ഷമാകുന്നുവെന്ന് എല്ലാവരും നിരീക്ഷിച്ചു കൊണ്ടിരുന്നു. അവർ ചോദിച്ചു, "എല്ലാ മാമ്പഴങ്ങൾക്കും എന്ത് സംഭവിച്ചു? ഇത് ഒരുതരം മാസ്‌മരവിദ്യയാണോ? മന്ത്രവാദമാണോ?" ദാസിയ അവരോട് പറഞ്ഞു, "പ്രപഞ്ചനാഥൻ എല്ലാ മാമ്പഴങ്ങളും ഭക്ഷിച്ചു. പോയി ക്ഷേത്രത്തിനുള്ളിൽ പരിശോധിക്കുക." എല്ലാ പാണ്ടകളും ക്ഷേത്രത്തിലേക്ക് ഓടി. ശ്രീകോവിലിൽ മാങ്ങ വിത്തുകളും തൊലികളും കിടക്കുന്നത് കണ്ട് അവർ അത്ഭുതപ്പെട്ടു.
ബ്രാഹ്മണൻ പറഞ്ഞു, "നിങ്ങൾ ഭഗവാന്റെ വലിയ ഭക്തനാണ്. നിങ്ങളുടെ ഭക്തിയാൽ നിങ്ങൾ ഭഗവാനെ വാങ്ങിയിരിക്കുന്നു. ഈ പ്രപഞ്ചത്തിൽ നിങ്ങളെപ്പോലെ ആരാണ്? ഞങ്ങൾ നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമില്ല." ബ്രാഹ്മണർ ബലിഗ്രാമന് ജഗന്നാഥന്റെ പ്രസാദ മാല നൽകുകയും ജീവിതത്തിലെ ഏറ്റവും ഉയർന്ന ലക്ഷ്യസ്ഥാനം നേടാൻ അനുഗ്രഹിക്കുകയും ചെയ്തു. ഇതുകേട്ട ബലിഗ്രാമ ദാസിയ എല്ലാ ബ്രാഹ്മണരുടെയും പാദ കമലങ്ങളിൽ വീണു. ബ്രാഹ്മണരുടെ പാദങ്ങളിലെ പൊടി അവൻ ശരീരത്തിലുടനീളം പുരട്ടി. വീണ്ടും വീണ്ടും പ്രണാമം അർപ്പിച്ചു. അദ്ദേഹം പറഞ്ഞു, "ഓ ബ്രാഹ്മണരേ, നിങ്ങളുടെ അനുഗ്രഹം കിട്ടിയ ഞാൻ ഭാഗ്യവാനാണ്.
ഈ രീതിയിൽ ബലിഗ്രാം ദാസിയയെ അനുഗ്രഹിച്ച ശേഷം എല്ലാ ബ്രാഹ്മണരും പോയി. ബലിഗ്രാമ ദാസിയ ഹൃദയത്തിൽ ഭഗവാനെ ധ്യാനിച്ചു. അദ്ദേഹം പറഞ്ഞു, "ചക്രപാണി, സമഗ്ര ജ്ഞാനമുള്ള ഭഗവാന് ഞാൻ എന്റെ പ്രണാമങ്ങൾ അർപ്പിക്കുന്നു. എനിക്ക് അങ്ങയോട് ഒരു എളിയ അഭ്യർത്ഥനയുണ്ട്: ദയവായി അങ്ങയുടെ എല്ലാ രൂപങ്ങളും എന്നെ കാണിക്കൂ. അങ്ങയുടെ വ്യത്യസ്ത രൂപങ്ങളുടെ ദർശനം നടത്തി എന്റെ ജീവിതം ശുദ്ധീകരിക്കപ്പെടട്ടെ!" ബലിഗ്രാമ ദാസിയയുടെ മനസ്സ് മനസിലാക്കിയ ജഗന്നാഥൻ, മത്സ്യാവതാരം മുതൽ കൽക്കി അവതാരം വരെ വ്യത്യസ്ത രൂപങ്ങളിൽ നിലചക്ര ക്ഷേത്രത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ടു. ബലിഗ്രാമ ദാസിയ വീണ്ടും വീണ്ടും നിലത്തു വീണ് പ്രണാമങ്ങൾ അർപ്പിച്ച് പറഞ്ഞ, "ഇപ്പോൾ ഞാൻ മുക്തനായി!" അദ്ദേഹം തിരിച്ച് തന്റെ വീട്ടിലേക്ക് മടങ്ങി ഭഗവാന്റെ ഭക്തിസേവനത്തിൽ സന്തോഷപൂർവ്വം മുഴുകി.