Home

Sunday, July 4, 2021

യോഗിനി ഏകാദശി


യോഗിനി ഏകാദശി 

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


ആഷാഢ മാസത്തിലെ ( ജൂൺ-ജൂലൈ ) ശുക്ലപക്ഷത്തിൽ വരുന്ന യോഗിനി ഏകാദശിയുടെ മാഹാത്മ്യങ്ങൾ ബ്രഹ്മവൈവർത്തപുരാണത്തിൽ ഭഗവാൻ കൃഷ്ണനും യുധിഷ്ഠിരനും തമ്മിലുള്ള സംഭാഷണത്തിൽ വിവരിച്ചിരിക്കുന്നു


 ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഇപ്രകാരം ഉര ചെയ്തു . " അല്ലയോ പരമ പുരുഷനായ ഭഗവാനേ ! അല്ലയോ മധുസൂദനാ ! നിർജ്ജല ഏകാദശിയുടെ മഹത്വങ്ങൾ ഞാൻ ശ്രവിച്ചിരിക്കുന്നു. ഇപ്പോൾ  ആഷാഢ മാസത്തിലെ ( ജൂൺ-ജൂലൈ ) ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ മാഹാത്മ്യത്തെക്കുറിച്ച് കേൾക്കാനായി ഞാൻ ആഗ്രഹിക്കുന്നു." 


ഭഗവാൻ മറുപടി പറഞ്ഞു " അല്ലയോ രാജാവേ ,  ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയെപ്പറ്റി ഞാൻ വിവരിക്കാം . ഈ ഏകാദശിയുടെ നാമം യോഗിനി എന്നാണ്. ഇത് ഒരുവന്റെ അതീവഗുരുതരമായ സകല പാപപ്രതികരണങ്ങളെയും നശിപ്പിക്കുകയും ഭൗതിക അസ്ഥിത്വമാകുന്ന മഹാസാഗരത്തിൽ നിന്ന് ഒരുവനെ മോചിപ്പിക്കുകയും ചെയ്യുന്നു. "


" അല്ലയോ നൃപോത്തമാ ഈ സത്യത്തെ സ്പഷ്ടമാക്കുന്നതിനായി പുരാണത്തിൽ നിന്നുള്ള ഒരു കഥ ഞാൻ ഉദ്ധരിക്കാം.  അളകാപുരിയുടെ രാജാവായ കുബേരൻ,  മഹാദേവന്റെ അചഞ്ചലനായ ഒരു ഭക്തനും ഇടവിടാതെ അദ്ദേഹത്തെ ആരാധിക്കുന്നവരുമായിരുന്നു. ഹേമ മാലി( മാലി=ഉദ്യാന പാലകൻ ) എന്ന യക്ഷനായിരുന്നു അദ്ദേഹത്തിൻറെ ഉദ്യാനപാലകൻ . ഹേമയുടെ പത്നിയായിരുന്നു വിശാലാക്ഷി . അവൾ അസാധാരണമാംവിധം മനോഹരിയായതിനാൽ ഹേമ അവളിൽ അത്യാസക്തനായിരുന്നു. 


ഹേമ മാലി പതിവായി മാനസസരോവരത്തിൽനിന്ന് പുഷ്പങ്ങൾ ശേഖരിക്കുകയും യക്ഷമാരുടെ രാജാവായ കുബേരന് അദ്ദേഹത്തിന്റെ ശിവാരാധനക്കായി അവ സമർപ്പിക്കുകയും ചെയ്തു വന്നു. ഒരുനാൾ ഒരുനാൾ ഹേമ മാനസസരോവരത്തിൽനിന്ന് പുഷ്പങ്ങൾ സമാഹരിക്കുകയും ,  പത്നിയുടെ സ്നേഹത്തിനാൽ ബന്ധിതനായ അവൻ അവ കുബേരന് സമർപ്പിക്കുന്നതിന് പകരം സ്വഭവനത്തിൽ തങ്ങുകയും ചെയ്തു.


അല്ലയോ രാജാവേ, ഇതിനാൽ അന്നത്തെ ദിവസം കുബേരന് പുഷ്പങ്ങൾ ഒന്നുംതന്നെ ലഭിച്ചില്ല. പുഷ്പങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ആറുനാഴികയോളം അദ്ദേഹം കാത്തുനിന്നു . പുഷ്പങ്ങളുടെ അസാന്നിധ്യത്തിൽ ശിവാരാധന പൂർത്തിയാക്കാൻ  അദ്ദേഹത്തിന് സാധിച്ചില്ല.കോപാന്ധനായ  യക്ഷരാജാവ് ഉടൻതന്നെ ഉദ്യാനപാലകന്റെ  ഈ കാലതാമസത്തിന് കാരണം എന്തെന്നറിയുവാനായി ഒരു സന്ദേശവാഹകനെ അയച്ചു.


അല്പ സമയത്തിനു ശേഷം ആ ദൂതൻ തിരിച്ചു വന്നിട്ട് ഇപ്രകാരം പറഞ്ഞു " അല്ലയോ പ്രഭോ ഹേമ തൻറെ പത്നിയോടൊപ്പം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്." ഈ വാക്കുകൾ ശ്രവിച്ചയുടനെ ക്രുദ്ധനായ കുബേരൻ, ഹേമയെ അദ്ദേഹത്തിൻറെ മുന്നിൽ ഹാജരാക്കാൻ ആജ്ഞാപിച്ചു. താൻ ചെയ്തത് മഹാപരാധമാണെന്ന് തിരിച്ചറിഞ്ഞ ഹേമ തുലോം ലജ്ജിതനായി. ഭയന്നുവിറച്ചു കൊണ്ട് അവൻ കുബേരസന്നിധിയിലെത്തി തന്റെ  സാദരപ്രണാമങ്ങൾ സമർപ്പിച്ചു. ഉഗ്രകോപത്താൽ വിറച്ചു കൊണ്ടിരുന്ന കുബേരന്റെ ഇരുകണ്ണുകളും രക്തവർണ്ണമായിത്തീർന്നു . അദ്ദേഹം ഇപ്രകാരം ശപിച്ചു  " ഓ കൊടും പാതകി !  ധർമ്മ തത്വങ്ങളുടെ ഹന്താവേ !  നീ എൻറെ ആരാധനാമൂർത്തിയായ ശിവശങ്കരനെ അവഹേളിക്കുകയും സ്വന്തം ഇന്ദ്രിയ ആസ്വാദനത്തിൽ മുഴുകുകയും ചെയ്തു . അതിനാൽ ഞാൻ നിന്നെ ശപിക്കുകയാണ്. നീ കുഷ്ഠ രോഗ ബാധിതനായി നിൻറെ പത്നിയിൽനിന്ന് എന്നെന്നേക്കുമായി വേർപിരിക്കപ്പെടും. ഓ തരംതാണ വിഡ്ഢി !  ഇപ്പോൾ തന്നെ ഈ ഇടം ഉപേക്ഷിച്ച് പോകേണ്ടതാണ്."


കുബേര ശാപത്താൽ ഗ്രസ്തനായ  ഹേമ അളകാപുരിയിൽ നിന്ന് ശീഘ്രം നിപതിക്കുകയും, ഈ ഭുവനത്തിൽ ജന്മം എടുക്കുകയും  കുഷ്ഠരോഗ ത്താൽ ബാധിതനായ അവൻ അത്യന്തം ഘോരമായ യാതന അനുഭവിക്കുകയും ചെയ്തു. ഈ അവസ്ഥയിൽ, അതിയായ മനോ ദുഃഖത്താൽ പീഡിതനായതിനാലും ആഹാരം , ദാഹജലം എന്നിവയുടെ അഭാവത്തിനാലും വലഞ്ഞ അവൻ  ദുർഘടമായതും ഇടതൂർന്നതുമായ ഒരു ഘോരവനത്തിൽ പ്രവേശിച്ചു. രാവും പകലും വിശപ്പ് , ദാഹം ആദിയായവയാൽ ദുരിതം അനുഭവിച്ചുകൊണ്ട് ആ വനത്തിൽ ദിവസങ്ങൾ തള്ളിനീക്കി. പകൽ സമയങ്ങളിൽ അവൻ ആനന്ദം കണ്ടെത്തിയിരുന്നില്ല . നിശാസമയത്ത് നിദ്രയും അനുഗ്രഹിച്ചിരുന്നില്ല. മരം കോച്ചുന്ന ശൈത്യകാലത്തിലും അഗ്നി സമാനമായ ഗ്രീഷ്മ കാലത്തിലും അവൻ യാതന അനുഭവിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും മുൻജന്മത്തിൽ മഹാദേവൻറെ ആരാധനയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നതിനാൽ അവന് തൻറെ പൂർവജന്മസ്മരണ ഉണ്ടായിരുന്നു. അനേകം പാപകർമ്മങ്ങൾ ചെയ്തിരുന്നുവെന്നാലും അവൻ താൻ മുൻ ജന്മത്തിൽ ചെയ്ത ഭക്തിയുത സേവനത്തെ സ്മരിക്കുകയും അതിന്റെ പ്രഭാവത്താൽ ശുദ്ധ ചിത്തനായും അതേസമയം ജാഗരൂകനായും നിലകൊള്ളുകയും ചെയ്തു.


 ഇപ്രകാരം വനാന്തരത്തിൽ അലഞ്ഞുതിരിഞ്ഞ ഹേമ ഭാഗ്യവശാൽ ഹിമാലയ പർവ്വതത്തിൽ എത്തിച്ചേർന്നു. ഇപ്രകാരം അവിടെയുമിവിടെയും സഞ്ചരിച്ചുകൊണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ വിധിവശാൽ ഋഷിമാരിൽ അഗ്രഗണ്യനും ഏഴ് കൽപത്തോളം ജീവിതദൈർഘ്യം ഉള്ളവനുമായ  മാർക്കണ്ഡേയ മഹർഷിയെ സന്ധിക്കാനുള്ള ഭാഗ്യം അവന് ലഭിച്ചു. അപരാധ ബോധത്താൽ ലജ്ജിതനായ ഹേമ കുറച്ചു ദൂരെ നിന്നുകൊണ്ട് മഹർഷിക്കു വീണ്ടും വീണ്ടും പ്രണാമങ്ങൾ അർപ്പിച്ചു. കരുണാമയനായ മാർക്കണ്ഡേയ ഋഷി കുഷ്ഠരോഗ ബാധിതനായ ആ മനുഷ്യനെ തൻറെ സമക്ഷം വിളിക്കുകയും ഇപ്രകാരം ആരായുകയും ചെയ്തു ." അല്ലയോ മനുഷ്യാ! എപ്രകാരമാണ് നിനക്ക് ഭയാനകമായ ഈ രോഗാവസ്ഥ പ്രാപ്തമായത്. ഇത്രമാത്രം ദുരിതപൂർണ്ണമായ ഈ ജീവിതം പ്രാപ്തമാക്കാൻ മാത്രം എന്ത് പാപമയവും വിലക്കപ്പെട്ടതുമായ പ്രവർത്തിയാണ് നീ ചെയ്തത് ? " 


മഹർഷിയുടെ ഈ അന്വേഷണം ശ്രവിച്ച ഹേമ ഉത്തരമേകി. " അല്ലയോ മഹർഷേ , യക്ഷ രാജാവായ കുബേരന്റെ ഉദ്യാനപാലകനാണ് ഞാൻ. എൻറെ നാമം ഹേമ മാലി. ഞാൻ പതിവായി മാനസ സരോവരത്തിൽ നിന്ന് സുഗന്ധ പുഷ്പങ്ങൾ പറിച്ച് യജമാനനായ കുബേരന് സമർപ്പിക്കുകമായിരുന്നു. അദ്ദേഹം ഈ പുഷ്പങ്ങളാലാണ് തന്റെ ശിവാരാധന നടത്തിയിരുന്നത്. ഒരുനാൾ സ്വന്തം കാമാഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനായി പത്നിയോടൊപ്പം സമയം ചെലവഴിച്ചതിനാൽ എന്റെ യജമാനന് പുഷ്പങ്ങൾ സമയത്തിന് നൽകുവാൻ സാധിച്ചില്ല. അതിനാൽ യക്ഷ രാജാവായ കുബേരൻ ക്രുദ്ധനാവുകയും എന്നെ ശപിക്കുകയും ചെയ്തു. ആ ശാപത്തിൻറെ ഫലമായി കുഷ്ഠരോഗ ത്താൽ കഷ്ടമനുഭവിച്ചു കൊണ്ടിരിക്കുകയും സ്വപത്നിയിൽ നിന്ന് വേർപിരിയുകയും ചെയ്തു. എന്നാൽ അങ്ങയെ കണ്ടുമുട്ടുന്നതിനായി മാത്രം എന്ത് ഭാഗ്യമാണ് ഈ നിർഭാഗ്യവാൻ അനുഷ്ഠിച്ചത് എന്നറിയില്ല. ശുദ്ധ ഭക്തന്മാരുടെ ഹൃദയം മറ്റുള്ളവരുടെ ദുരിതങ്ങൾ കാണുന്നതിനാൽ ആർദ്രമാകുമെന്ന് ഞാൻ ശ്രവിച്ചിട്ടുണ്ട് . അങ്ങനെയുള്ള ശുദ്ധ ഭക്തന്മാർ എല്ലായിപ്പോഴും  സഹജീവികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു . അല്ലയോ മഹർഷേ  മംഗളകരമായ ഒരു പരിണാമത്തിനായി പതീതാത്മാവായ എന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. ദയവുണ്ടായി ഈ നരകീയാവസ്ഥയിൽനിന്ന് ഈയുള്ളവനെ മോചിപ്പിച്ചാലും."


മാർക്കണ്ഡേയ മഹർഷി അനുകമ്പയോടെ മൊഴിഞ്ഞു. " അല്ലയോ ഉദ്യാനപാലകാ , അത്യന്തം മംഗളദായകവും ഗുണപ്രദവുമായ ഒരു വ്രതത്തെക്കുറിച്ചും അത് എപ്രകാരമാണ് പാലിക്കേണ്ടത് എന്നതിനെക്കുറിച്ചും ഞാൻ നിനക്കു പറഞ്ഞുതരാം. ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന യോഗിനി ഏകാദശിവ്രതം നീ അനുഷ്ഠിക്കണം. ഈ വ്രതാനുഷ്ഠാനത്താൽ ലഭിക്കുന്ന പുണ്യഫലത്താൽ താങ്കൾ തീർച്ചയായും ഈ ശാപത്തിൽ നിന്നും മോചിതനാകും. മാർക്കണ്ഡേയ ഋഷിയുടെ ഈ നിർദ്ദേശം ശ്രവിച്ച ഹേമ മാലി ആനന്ദ ചിത്തനാവുകയും കൃതജ്ഞതയോടെ അദ്ദേഹത്തിന് സാദരപ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു. അതിനുശേഷം അവൻ മഹർഷി നിർദ്ദേശിച്ചതുപോലെ വിധിപ്രകാരം പവിത്രമായ ഈ ഏകാദശി വ്രതമനുഷ്ഠിച്ചു . ഈ വ്രതത്തിന്റെ  പ്രഭാവത്താൽ തന്റെ ദിവ്യമായ ശരീരം വീണ്ടെടുക്കുകയും തന്റെ ഗൃഹം പൂകുകയും ഭാര്യയുമായി പുനഃസംഗമിക്കുകയും ചെയ്തു.


88,000 ബ്രാഹ്മണർക്ക് ഭോജനം നൽകുന്നതിലൂടെ ലഭിക്കുന്ന പുണ്യഫലം ഈ യോഗിനി ഏകാദശീവ്രതം അനുഷ്ഠിക്കുന്നത് കൊണ്ട് മാത്രം ഒരുവനു ലഭിക്കുന്നു . ഈ ഏകാദശി ഒരുവന്റെ എല്ലാ പാപ പ്രതികരണങ്ങളെയും നശിപ്പിച്ച് മഹത്തായ പുണ്യഫലത്തെ പ്രദാനം ചെയ്യുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com