Home

Friday, July 16, 2021

വാൽമീകി മഹർഷി


 

ഭാരതീയ ഇതിഹാസമായ രാമായണത്തിന്റെ രചയിതാവാണ് വാല്മീകി മഹർഷി . നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജീവിതത്തിൽ വന്ന സമയംവരെ അദ്ദേഹം ഒരു കവർച്ചക്കാരനായിരുന്നു. പില്ക്കാലത്ത്  അദ്ദേഹം ആദ്യത്തെ യഥാർത്ഥ കവി അഥവാ ആദി കവി എന്നു വിളിക്കപ്പെട്ടു.

ദേവനാഗരി ലിപിയിൽ‍, സംസ്കൃതത്തിലാണ് വാല്മീകിയുടെ രാമായണം എഴുതപ്പെട്ടിരിക്കുന്നത്. 24000 ശ്ലോകങ്ങൾ‍ അടങ്ങിയിട്ടുള്ള ഇത് ഏഴ് വിഭാഗങ്ങളായി അഥവാ കാണ്ഡങ്ങളാക്കി വിഭജിക്കപ്പെട്ടിരിക്കുന്നു.


വാൽമീകി ചരിത്രം


🔆🔆🔆🔆🔆🔆🔆🔆🔆




വാല്മീകി, പ്രചേതസ‍ മഹർഷിയുടെ മകനായാണ് ഭൂജാതനായത്‌.രത്നാകരൻ‍ എന്ന പേരിൽ വളർന്ന അദ്ദേഹം ബാലകനായിരിക്കുമ്പോൾ വനമദ്ധ്യേ വച്ച് വഴിതെറ്റി. വീട്ടിലേക്കുള്ള മാർഗ്ഗം മറന്നു അലഞ്ഞു തിരിഞ്ഞയുന്ന സമയം  ഒരു വേട്ടക്കാരൻ‍ ആ ബാലകനെ കണ്ടെത്തുകയും തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയും ചെയ്തു.പുതിയ രക്ഷകർത്താവായ വേട്ടകാരന്റെ ശിക്ഷണത്തിൽ‍ വളർന്ന രത്നാകരൻ‍ കാലക്രമേണ സ്വന്തം പിതാവിനെയും പൂർവ്വകാലത്തെയും മറക്കുകയും ഒടുവിൽ‍വിവാഹപ്രായമെത്തിയപ്പോൾ‍ വേട്ടക്കാരുടെ കുടുംബത്തിൽ‍ നിന്നു വിവാഹം കഴിക്കുകയും ചെയ്തു.



വിവാഹശേഷം  കുടുംബത്തെ‍ പരിപാലിക്കുവാനായി‍ നായാട്ടും വേട്ടയും പോരെന്നു തിരിച്ചറിഞ്ഞ രത്നാകരൻ‍ വഴിയാത്രക്കാരെ കൊള്ളയടിക്കാൻ‍ തുടങ്ങി.വിജനമായ വഴിയിൽ‍ വരുന്ന യാത്രക്കാരെ കൊള്ളയടിച്ചു ധാരാളം പണം രത്നാകരൻ‍ സമ്പാദിച്ചു.



ഒരുനാൾ രത്നാകരൻ വസിക്കുന്ന ആരണ്യത്തിലൂടെ നാരദമഹർഷി വരുവാൻ ഇടയായി. അദ്ദേഹത്തെ കണ്ടയുടനെ കൊള്ളയടിക്കണം എന്ന ഉദ്ദേശത്തോടുകൂടി രത്നാകരൻ അദ്ദേഹത്തെ ബലമായി ബന്ധനസ്ഥനാക്കി .എന്നാൽ ഇതിലൊന്നും ഭയപ്പെടാതെ നാരദമഹർഷി വളരെ ശാന്തനായി നിലകൊണ്ടു. തൻറെ ദർശന മാത്രയിൽ തന്നെ ഭയന്നു വിറയ്ക്കുന്നതിനുപകരം ശാന്തനായി നിലകൊള്ളുന്ന നാരദമഹർഷിയെ കണ്ട് രത്നാകരൻ അത്ഭുതപ്പെട്ടു. ഇതിനുകാരണം ആരാഞ്ഞ രത്നാകരനോട് എന്തിന് വേണ്ടിയാണ് ഇപ്രകാരം കൊള്ളയടിക്കുന്നത് എന്ന മറുചോദ്യം നാരദമഹർഷി  ചോദിച്ചു. തൻറെ കുടുംബത്തെ പരിപാലിക്കാനാണ് താൻ കൊള്ളയടിക്കുന്നത് എന്ന് അവൻ ഉത്തരമേകി. അവൻ  ഇപ്രകാരം സമ്പാദിക്കുന്ന ധനം മൂലം ഉളവാകുന്ന പാപങ്ങൾ അവന്റെ കുടുംബം പങ്കിട്ടെടുക്കുമോ എന്ന് നാരദമഹർഷി രത്നാകരനോട് ആരാഞ്ഞു. തൻറെ കുടുംബത്തിൽ അമിതമായ വിശ്വാസം ഉണ്ടായിരുന്ന രത്നാകരൻ താൻ സമ്പാദിക്കുന്ന ധനം അനുഭവിക്കുന്ന തൻറെ കുടുംബാംഗങ്ങൾ തന്റെ പാപത്തിലും പങ്കുകൊള്ളുന്നമെന്ന് ആത്മവിശ്വാസത്തോടെ മറുപടിയോതി .എന്നാൽ ഈ ചോദ്യം കുടുംബാംഗങ്ങളോട് ആരാഞ്ഞ് അവരുടെ പ്രതികരണം എന്തെന്ന് അറിഞ്ഞു വരുവാനായി നാരദമഹർഷി രത്നാകരനെ നിർദ്ദേശിച്ചു.നാരദമഹർഷിയെ ബന്ധനസ്ഥനാക്കിയതിനുശേഷം രത്നാകരൻ അതിവേഗം തൻറെ ഭവനത്തിൽ എത്തി. കുടുംബാംഗങ്ങളോട് മഹർഷി ആരാഞ്ഞ അതേ ചോദ്യം ആവർത്തിച്ചു .കുടുംബാംഗങ്ങളെ പരിപാലിക്കേണ്ടത് ഗൃഹനാഥന്റെ കടമയാണെന്നും എന്നാൽ അതിനായി കൈകൊള്ളുന്ന പാപഫലങ്ങളെ പങ്കിട്ടെടുക്കാൻ കഴിയില്ലെന്നുമുള്ള കുടുംബാംഗങ്ങളുടെ മറുപടി രത്നാകരന്റെ മനസ്സിൽ വലിയൊരു തിരിച്ചറിവ് ഉണ്ടാക്കി നിരാശനായ രത്നാകരൻ വീണ്ടും നാരദ മുനിയെ സന്ധിച്ച് അദ്ദേഹത്തിൻറെ പാദകമലങ്ങളിൽ   വീണു നമസ്കരിച്ചു. ഈ പാപങ്ങളിൽ നിന്നെല്ലാം മോചിതനാകാനുള്ള വഴി എന്തെന്ന്  അവൻ ആരാഞ്ഞു . താൻ മടങ്ങിവരുന്നത് വരേക്കും താരകമന്ത്രമായ' രാമ'നാമം ജപിക്കുവാൻ അദ്ദേഹം രത്നാകരനോട് നിർദ്ദേശിച്ചു.  കൊടും പാതകങ്ങൾ മാത്രം ചെയ്തു ശീലിച്ച രത്നാകരന്റെ നാവിൽ 'രാമ' എന്ന പവിത്ര നാമം ഉദിച്ചില്ല!അദ്ദേഹത്തിന് 'രാമ' എന്ന നാമം ഉച്ചരിക്കുവാൻ സാധിച്ചില്ല. ഇത് മനസ്സിലാക്കിയ നാരദമഹർഷി അദ്ദേഹത്തിനോട് 'മരാ' എന്ന് തുടർന്ന് ജപിക്കുവാനായി ആവശ്യപ്പെട്ടു .പ്രകൃത്യാതന്നെ ക്രൂരകൃത്യങ്ങൾ ചെയ്തു ശീലിച്ചവനായ രത്നാകരന് മരിക്കുക എന്നർത്ഥം വരുന്ന 'മരാ' എന്ന പദം ഉച്ചരിക്കുന്നതിൽ വിഷമമൊന്നും ഉണ്ടായില്ല.എന്നാൽ 'മരാ മരാ മരാ '  എന്ന് തുടർച്ചയായി ജപിക്കവേ അത് രാമനാമമായി മാറി. 






പതിയെപ്പതിയെ രത്നാകരന് പരിപാവനമായ രാമനാമത്തിൽ ആസക്തി ഉണ്ടായി.ഒരു നിമിഷം പോലും പാഴാക്കാതെ തുടർച്ചയായി അദ്ദേഹം രാമനാമം ജപിച്ചു കൊണ്ടേയിരുന്നു. വർഷവും വേനലും അറിയാതെ സ്ഥലകാലം മറന്ന് ഒരിടത്ത് അനങ്ങാതെ രാമ നാമം ഉച്ചരിച്ചു കൊണ്ടിരുന്നു രത്നാകരൻ .അപ്രകാരം വർഷങ്ങളോളം  അനങ്ങാതെ ഒരു ശിലപോലെ ഉപവിഷ്ടനായി രാമനാമം ജപിച്ചു കൊണ്ടേയിരുന്ന അദ്ദേഹത്തിന്റെ  ദേഹോപരിതലത്തിൽ ചിതലുകൾ കൂടുകെട്ടി. ആ ചിതല്പുറ്റ് വളർന്നു വളർന്നു അദ്ദേഹം അതിനുള്ളിൽ മറഞ്ഞുപോയി.ഒരിക്കലും ഭംഗം വരാത്ത നിരന്തരമായ ആ തപസ്സിനാൽ അദ്ദേഹം ചെയ്ത എല്ലാ പാപങ്ങളും കഴുകി കളയപ്പെട്ടു. അപ്രകാരം ശുദ്ധ ഹൃദയനായ അദ്ദേഹത്തെ നാരദ മഹർഷി ആശീർവദിച്ചു.ചിതൽപുറ്റ് അഥവാ വൽമീകത്തിൽ നിന്ന് പുറത്തു വന്നതിനാൽ അദ്ദേഹം വാൽമീകി നാമത്താൽ പ്രശസ്തനായി.


ഒരു നാൾ.നാരദ മഹർഷി വാൽമീകിയുടെ ആശ്രമത്തിൽ ‍ വരികയുണ്ടായി.അദ്ദേഹത്തിന് പാദപൂജയർപ്പിച്ച് വേണ്ട വിധം സ്വീകരിച്ചതിന് ശേഷം തപസ്വിയായ വാല്മീകി നാരദമുനിയോട് ചോദിച്ചു


"കോന്വസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ കശ്ചവീര്യവാൻ"


ആരാണ് ഈ ലോകത്ത് ഏറ്റവും വീര്യവാനും ഗുണവാനുമായവൻ? 


ഇതിന് ഉത്തരമായി നാരദമഹർഷി ശ്രീരാമചരിതം വിവരിച്ചു.രാമായണം രചിക്കുവാൻ നിർദ്ദേശിച്ചു.ശ്രീരാമന്റെ സമകാലികനായിരുന്നു വാല്മീകി. 


തമസാ നദിക്കരയിലെ ആശ്രമത്തിൽ താമസിക്കുന്ന മാമുനി , നാരദമഹർഷിയുടെ നിർദ്ദേശങ്ങളെ പരിചിന്തനം ചെയ്തുകൊണ്ട് സന്ധ്യാവന്ദനത്തിനായി തീരത്തേക്ക് പോകുമ്പോൾ  ക്രൗഞ്ചമിഥുനങ്ങളുടെ കളകൂജനം കേൾക്കാൻ ഇടവന്നു. വേടന്റെ അമ്പേറ്റ് അവയിലൊന്ന് താഴെ വീഴുന്നതു കണ്ടു. ഉടനെ മാമുനിയിൽ നിന്ന് അറിയാതെ ശാപവാക്കുകൾ പുറത്തേക്ക് ഒഴുകി.


'മാ,നിഷാദ പ്രതിഷ്ഠാം

ത്വമഗമഃ ശാശ്വതീസമാഃ 

യത് ക്രൗഞ്ച മിഥുനാദേക 

മവധീഃ കാമമോഹിതം


കാമാർത്തരായ ക്രൗഞ്ച മിഥുനത്തെ കൊന്ന കാട്ടാളാ, നീ നെടുനാൾ വാഴാതെ പോവട്ടെ, അധർമ്മത്തിനെതിരെ ധർമ്മത്തിന്റെ ആദ്യ ശബ്ദമായിരുന്നു അത്. 'രാമോ വിഗ്രഹവാൻ ധർമ്മ'. ഗാനാത്മകമായി പ്രഹരിച്ച ശാപവാക്കുകൾ ശ്ലോകം തന്നെയല്ലെ എന്ന് മാമുനി ചിന്തിച്ചുകൊണ്ടിരിക്കവേ ഈ ഭൗതീകലോകത്തിന്റെ സൃഷ്ടികർത്താവായ ബ്രഹ്മാവ് അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷനായി. ബ്രഹ്മദേവൻ പറഞ്ഞു 'അങ്ങ് വ്യാകുലപ്പെടേണ്ട. ഇത് ശ്ലോകമാണ്, അങ്ങയിലുണ്ടായ ഈ സരസ്വതീ പ്രവാഹത്താൽ രാമചരിതം മുഴുവനായി രചിച്ചാലും.


വാല്മീകി, രാമന്റെ കഥ ഏഴ് കാണ്ഡങ്ങളും അഞ്ഞൂറ് സർഗ്ഗങ്ങളും ഇരുപത്തിനാലായിരം ശ്ലോകങ്ങളുമായി, ഗായത്രി ഛന്ദസ്സിൽ രചിച്ചു.ഇതു സംസ്കൃതത്തിലെ ആദ്യ ശ്ലോകം ആയതിനാൽ‍ വാല്മീകിയെ ആദിമകവിയെന്നും വിളിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆