ഒറീസയിലെ ജജ്പൂർ നഗരത്തിൽ ബന്ധു മൊഹന്തി എന്നൊരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പെൺമക്കളും ഒരു മകനുമുണ്ടായിരുന്നു. ഭാര്യ വളരെ അനുസരണയുള്ളവളായിരുന്നു. വളരെ ദരിദ്രനായ അദ്ദേഹം ഭിക്ഷ യാചിച്ചാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന് കരുതൽധനമൊന്നും ഉണ്ടായിരുന്നില്ല. അന്നന്നത്തേക്കുള്ള ചിലവിനുള്ളത് കഴിഞ്ഞ് വേറൊന്നും അവശേഷിച്ചിരുന്നില്ല.
ഭഗവാൻ ഹരിയുടെ ശ്രേഷ്ഠ ഭക്തനായിരുന്നു ബന്ദു മൊഹന്തി.ഭഗവാന്റെ പവിത്രനാമം ചൊല്ലിക്കൊണ്ട് അദ്ദേഹം ദിവസങ്ങൾ ചെലവഴിക്കാറുണ്ടായിരുന്നു. എല്ലാ ജീവജാലങ്ങളോടും വളരെ കരുണയുള്ളവനും, സത്യസന്ധനും ബ്രാഹ്മണരെ സേവിക്കുന്നതിൽ വളരെയധികം ഇഷ്ടപ്പെടുന്നവനുമായിരുന്നു. ഭഗവാന്റെ വിശുദ്ധനാമം ഒഴികെ എല്ലാം താൽക്കാലികമാണെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം തന്റെ കുടുംബജീവിതത്തിൽ നിസ്സംഗനായിരുന്നു. ഈ രീതിയിൽ, സന്തോഷത്തോടെ തന്റെ ദിവസങ്ങൾ ചെലവഴിച്ചു.
ഒരിക്കൽ അദ്ദേഹത്തിന്റെ പ്രദേശത്ത് വരൾച്ചയുണ്ടായി, ഭക്ഷണം ഇല്ലാതെ ആളുകൾ മരിക്കാൻ തുടങ്ങി. ബന്ദു മൊഹന്തി ഭിക്ഷക്കായി ചില ഗ്രാമങ്ങളിൽ പോയി, പക്ഷേ ആളുകൾക്ക് സ്വന്തം ആവശ്യത്തിന് പോലും ഭക്ഷണം ഉണ്ടായിരുന്നില്ല. അവർക്ക് എങ്ങനെ ബന്ദു മൊഹന്തിക്ക് ദാനം നൽകാനാകും? ഭഗവാനെ ഭജിച്ചു കൊണ്ട് ഭക്ഷണമില്ലാതെ അവൻ വീട്ടിലേക്ക് മടങ്ങി. കുട്ടികൾക്ക് വളരെ വിശക്കുന്നുണ്ടെന്നും ഇനി അവർക്കു പട്ടിണി കൊണ്ടുള്ള വേദന സഹിക്കാൻ കഴിയില്ലെന്നും ഭാര്യ പറഞ്ഞു.
അവൾ ചോദിച്ചു, "ഈ ദുഷ്‌കരമായ സമയത്ത് നമ്മളെ സഹായിക്കാൻ കഴിയുന്ന ബന്ധുക്കൾ നിങ്ങൾക്കില്ലേ? നമുക്ക് ഈ സ്ഥലം വിട്ട് നിങ്ങളുടെ ബന്ധുക്കൾ താമസിക്കുന്ന സ്ഥലത്തേക്ക് പോകാം." ബന്ദു മൊഹന്തി മറുപടി പറഞ്ഞു, "എന്നെ സഹായിക്കാൻ എനിക്ക് ബന്ധുക്കളില്ല, പക്ഷേ എനിക്ക് ഒരു സുഹൃത്ത് ഉണ്ട്. പക്ഷേ അദ്ദേഹം ഇവിടെ നിന്ന് വളരെ ദൂരെയാണ് താമസിക്കുന്നത്. എല്ലാ ജനങ്ങളിലും ഏറ്റവും മികച്ചവനാണ് അദ്ദേഹം. അദ്ദേഹത്തിന് തുല്യനായ ആരുമില്ല. അദ്ദേഹം ശ്രീ ക്ഷേത്ര പുരി ധാമിലാണ് താമസിക്കുന്നത്. എങ്ങനെയെങ്കിലും നമുക്ക് അദ്ദേഹത്തെ സമീപിക്കാൻ കഴിയുമെങ്കിൽ, നമ്മളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും."
ഇത് കേട്ടപ്പോൾ ഭാര്യക്ക് വളരെ സന്തോഷമായി. അവൾ പറഞ്ഞു, "എങ്കിൽ നമുക്ക് ഉടനെ അവിടേക്ക് പോകാം. ഞാൻ ഒരു കുട്ടിയെ എടുക്കാം. നിങ്ങൾ മറ്റൊരാളെ എടുക്കൂ. കാലതാമസമില്ലാതെ നമ്മൾക്ക് ഇപ്പോൾ തന്നെ പോകാം. ഇത് കേട്ടപ്പോൾ ബന്ദു മൊഹന്തി വളരെ സന്തോഷിച്ചു. ശ്രീ ക്ഷേത്രയിൽ പോയി ജഗന്നാഥൻ, ബാലദേവൻ, സുഭദ്ര എന്നിവരുടെ ദർശനം നടത്തുന്നത് വളരെ നല്ലതാണെന്ന് അദ്ദേഹം കരുതി.
യാത്ര ആരംഭിച്ച് നാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ ശ്രീ ക്ഷേത്രയിൽ എത്തി. ജഗന്നാഥ ക്ഷേത്രത്തിന്റെ സിംഹ ധ്വാര കവാടത്തിനു സമീപം ചെന്നു. ആയിരക്കണക്കിന് ആളുകൾ ക്ഷേത്രം സന്ദർശിച്ചിരുന്നു, സുരക്ഷ വളരെ കർശനമായിരുന്നു. നിരവധി കാവൽക്കാർ, അവരുടെ കൈകളിൽ വടികൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ, ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിൽ ഉള്ള പതിത-പാവൻ ജഗന്നാഥന്റെ ദർശനം നടത്തി. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തവർക്ക് ഈ വിഗ്രഹത്തിന്റെ ദർശനം നടത്താം.
പിന്നെ ബന്ദു മൊഹന്തി പെജനളയ്ക്കടുത്തുള്ള തെക്കേ കവാടത്തിലേക്ക് പോയി, അവിടെ ജഗന്നാഥന്റെ അടുക്കളയിൽ നിന്ന് വേവിച്ച ചോറിൽ നിന്നുള്ള കഞ്ഞി വെള്ളം വരും. പെജ എന്നറിയപ്പെടുന്ന ഈ ദ്രാവകം പശുക്കൾ കുടിക്കുന്നു. ബന്ദു മൊഹന്തി വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹം തെക്കേ കവാടത്തിനടുത്ത് ഇരുന്നു. ഭാര്യ പറഞ്ഞു, "നിങ്ങൾ എന്തിനാണ് ഇവിടെ ഇരിക്കുന്നത്? വൈകുകയാണ്.ഇപ്പോൾ സായാഹ്ന സമയമാണ്. ഉന്മേഷം നേടാനും എന്തെങ്കിലും കഴിക്കാനും നമുക്ക് നിങ്ങളുടെ ചങ്ങാതിയുടെ വീട്ടിൽ പോകാം. നാമെല്ലാവരും വളരെ വിശന്നു ക്ഷീണിതരായി. നിങ്ങളുടെ ചങ്ങാതിയുടെ വീട് എവിടെ?" ഞങ്ങൾക്ക് വിശക്കുന്നു. വിശപ്പ് ഇനി സഹിക്കാൻ കഴിയില്ല എന്ന് പറഞ് കുട്ടികൾ കരയാൻ തുടങ്ങി. ഞങ്ങൾക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ ഉടൻ തന്നെ മരിച്ചു പോകും എന്ന് അവർ സങ്കടത്തോടെ പറഞ്ഞു.”
ബന്ദു മൊഹന്തി അവരോട് പറഞ്ഞു, "ഇന്ന് എന്റെ സുഹൃത്തിന്റെ വീട്ടിൽ ധാരാളം അതിഥികളുണ്ട്. ദ്വാരപാലകന്മാർ തിരഞ്ഞെടുത്ത അതിഥികളെ മാത്രമേ അകത്തേക്ക് അനുവദിക്കുകയുള്ളൂ. ആരെങ്കിലും ബലപ്രയോഗത്തിലൂടെ പ്രവേശിക്കാൻ ശ്രമിച്ചാൽ അവർ ശിക്ഷിക്കപ്പെടും. ഇന്ന് രാത്രി നമുക്ക് ഇവിടെ ഉറങ്ങാം. ജഗന്നാഥന്റെ അടുക്കളയിൽ നിന്നുള്ള കുറച്ച് കഞ്ഞി വെള്ളം കുടിച്ച് രാത്രി ഇവിടെ ചിലവഴിക്കാം. അതിരാവിലെ ഞങ്ങൾ എന്റെ സുഹൃത്തിനെ കണ്ട് നമ്മൾക്ക് അഭയവും ഭക്ഷണവും നൽകാൻ ആവശ്യപ്പെടാം. എന്റെ സുഹൃത്ത് വളരെ കരുണയുള്ളവനാണ്."
ഈ നിർദ്ദേശം ഭാര്യ സമ്മതിച്ചു. ഒരു തകർന്ന കളിമൺ കലം എടുത്ത്, എല്ലാവരും കഞ്ഞി വെള്ളം കുടിച്ചു. അവർക്ക് വിശപ്പിൽ നിന്ന് ഒരു ചെറിയ ആശ്വാസം ലഭിച്ചു. കുടുംബത്തിലെ എല്ലാ അംഗങ്ങളും വളരെ ക്ഷീണിതരായതിനാൽ, താമസിയാതെ ഉറങ്ങുകയും ചെയ്തു.
ബന്ദു മൊഹന്തി ഭഗവാൻ ജഗന്നാഥന് തന്റെ പ്രാർത്ഥനകൾ അർപ്പിക്കാൻ തുടങ്ങി: "പ്രപഞ്ചനാഥാ, അങ്ങയുടെ സൃഷ്ടിയിൽ അങ്ങ് എല്ലാവരേയും പരിപാലിക്കുന്നു. ഞാൻ അങ്ങയുടെ സൃഷ്ടിയിൽ നിന്ന് പുറത്താണോ? ഭക്ഷണം ഇല്ലാതെയാണ് ഞങ്ങൾ ഇവിടെ കഷ്ടപ്പെടുന്നത്. ദയവായി ഞങ്ങളെ അനുഗ്രഹിക്കൂ. അല്ലെങ്കിൽ ഞങ്ങളുടെ ജീവൻ നഷ്ടപ്പെടും, ദയവായി ഞങ്ങളുടെ കാര്യം പരിഗണിക്കുക." ഈ വിധത്തിൽ ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ അവൻ ഉറങ്ങിപ്പോയി.
ഇതിനിടയിൽ ജഗന്നാഥന്റെ പൂജാരി ഭഗവാന്റെ സായാഹ്ന പൂജകൾ പൂർത്തിയാക്കിയ ശേഷം ക്ഷേത്രത്തിന്റെ വാതിൽ പൂട്ടി, താക്കോൽ കയ്യിൽ കരുതി വീട്ടിലേക്ക് പുറപ്പെട്ടു. രാത്രിയിൽ, ജഗന്നാഥൻ തന്റെ ഭക്തൻ ഒന്നും കഴിക്കാതെ ഉറങ്ങുകയാണെന്ന് മനസ്സിലാക്കി വ്യാകുലപ്പെട്ടു. ജഗന്നാഥന് ഉറങ്ങാൻ കഴിഞ്ഞില്ല.
"എന്റെ സുഹൃത്ത് ഇതുവരെ വന്നിട്ട്, അവന് കഴിക്കാൻ കൊടുക്കാതെ എനിക്ക് എങ്ങനെ സമാധാനമായി ഉറങ്ങാൻ കഴിയും? ഞാൻ അവന്റെ ഏക സുഹൃത്താണെന്ന് കരുതി അദ്ദേഹം എന്റെ സഹായം തേടി ഇവിടെയെത്തി.”
ജഗന്നാഥൻ കലവറയിൽ പ്രവേശിച്ച് ഒരു സ്വർണ്ണ താലം കൈയ്യിൽ എടുത്തു. മധുരം പലഹാരം, പായസം, പുലാവ്, പ്രസാദം തുടങ്ങി പലതരം ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. പിന്നെ തന്റെ ക്ഷേത്രത്തിന്റെ തെക്കേ കവാടത്തിൽ എത്തി.
ഭഗവാൻ വിളിച്ചു, "ഓ എന്റെ പ്രിയപ്പെട്ട ബന്ധു, ദയവായി ഇവിടെ വരൂ." ആരോ തന്റെ പേര് വിളിക്കുന്നത് ബന്ധു മൊഹന്തി കേട്ടു. അദ്ദേഹം വിചാരിച്ചു, "അവർ മറ്റാരെയോ വിളിക്കുകയാവും. ഈ പേരിൽ ഇവിടെ ധാരാളം ആളുകൾ ഉണ്ടായിരിക്കണം. എന്നെ ഇവിടെ ആരും അറിയില്ല, അതിനാൽ ആരാണ് എന്റെ പേര് വിളിക്കുന്നത്?" ഇതുപോലെ ചിന്തിച്ച അദ്ദേഹം പ്രതികരിച്ചില്ല. ഭഗവാൻ വീണ്ടും വിളിച്ചു, "ഓ, ജജ്പൂരിൽ നിന്നുള്ള ബന്ധു മൊഹന്തി, ദയവായി ശ്രദ്ധിക്കൂ.
നിങ്ങൾ കുടുംബത്തോടൊപ്പം പെജനളയ്ക്ക് സമീപമാണ് താമസിക്കുന്നത്. ദയവായി ഇവിടെ വരൂ. ഞാൻ നിങ്ങൾക്ക് പ്രസാദം കൊണ്ട് വന്നതാണ്. ബന്ധു പോയി നോക്കിയപ്പോൾ പലതരം ഭക്ഷ്യവസ്തുക്കൾ നിറഞ്ഞ ഒരു താലം കയ്യിൽ പിടിച്ച വയസ്സായ ഒരു ബ്രാഹ്മണനെ കണ്ടു. വയസ്സായ ബ്രാഹ്മണന്റെ രൂപത്തിലുള്ള ഭഗവാൻ ബന്ധുവിനോട് പറഞ്ഞു- ഈ പ്രസാദം സ്വീകരിച്ച് കുടുംബാംഗങ്ങൾക്കും കൊടുക്കൂ. നാളെ രാവിലെ ഞാൻ നിങ്ങൾക്കായി എല്ലാം ഏർപ്പാടാക്കാം. "ഇത് പറഞ്ഞ് ഭഗവാൻ അവിടെ നിന്ന് അപ്രത്യക്ഷനായി.
ബന്ദു മൊഹന്തി പ്രസാദം വളരെ സന്തോഷത്തോടെ സ്വീകരിച്ചു. അദ്ദേഹം എല്ലാ കുടുംബാംഗങ്ങളെയും ഉണർത്തി, എല്ലാവരും പ്രസാദം വളരെ സന്തോഷത്തോടെ സ്വീകരിച്ച് പൂർണ്ണ സംതൃപ്തിയോടെ വീണ്ടും ഉറങ്ങി. താലം വൃത്തിയാക്കിയ ശേഷം, ബന്ദു മൊഹന്തി തെക്കേ കവാടത്തിലേക്ക് താലം തിരികെ നൽകാമെന്ന് കരുതി പോയി. ബ്രാഹ്മണൻ അവിടെ ഉണ്ടെന്ന് പ്രതീക്ഷിച്ച് അയാൾ വാതിൽ തള്ളി. എന്നാൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്രാഹ്മണൻ അവിടെ ഉണ്ടായിരുന്നില്ല. ബന്ധു ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് തിരിച്ചു പോയി, താലം തുണിയിൽ പൊതിഞ്ഞ് വച്ചു, രാവിലെ അത് തിരികെ നൽകാമെന്ന് തീരുമാനിച്ചു.
പിറ്റേന്ന് അതിരാവിലെ, ജഗന്നാഥന്റെ പൂജാരികൾ ക്ഷേത്ര കവാടം തുറന്നു. എല്ലാവരും അവരുടെ വ്യക്തിഗത സേവനങ്ങളിൽ തിരക്കിലായിരുന്നു. കലവറ തുറന്നപ്പോൾ ജഗന്നാഥന്റെ സ്വർണ്ണ താലം കാണാനില്ലെന്ന് അവർ കണ്ടെത്തി. താലം മോഷ്ടിക്കപ്പെട്ടു! പൂജാരികൾ മോഷണം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു, കലവറയിൽ നിന്ന് താലം മോഷ്ടിച്ചത് ഒരു പൂജാരി തന്നെ ആയിരിക്കും എന്ന് കരുതി ഭടന്മാർ എല്ലാ പൂജാരികളെയും ബന്ധിച്ച് മർദ്ദിക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെ തെക്കേ കവാടത്തിനടുത്ത് ഒരാൾ കുടുംബത്തോടൊപ്പം ഉറങ്ങുന്നത് ചില ആളുകൾ യാദൃശ്ചികമായി കണ്ടു. അവന്റെ തുണിയിൽ പൊതിഞ്ഞ സ്വർണ്ണ താലം അവർക്ക് കാണാൻ കഴിഞ്ഞു. സൂര്യപ്രകാശത്തിൽ താലം മിന്നുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആളുകൾ ബന്ധു മൊഹന്തിയെ പിടിച്ചു കയറിൽ കെട്ടി, കഠിനമായി തല്ലി, സ്വർണ്ണ താലം എടുത്തു. അർദ്ധരാത്രിയിൽ പ്രസാദം നിറച്ച ഈ താലം ഒരു ബ്രാഹ്മണൻ തങ്ങൾക്ക് നൽകിയതെങ്ങനെയെന്ന് ബന്ദു മൊഹന്തിയും ഭാര്യയും വിശദീകരിച്ചു.
പ്രസാദം കഴിച്ച ശേഷം താലം ബ്രാഹ്മണന് തിരികെ നൽകാൻ പോയെങ്കിലും കണ്ടെത്താനായില്ല, അങ്ങനെയാണ് താലം തന്റെ തുണിയിൽ പൊതിഞ്ഞ് വച്ചത്. ബന്ദു മൊഹന്തിയും ഭാര്യയും ഭടന്മാരോട് അഭ്യർത്ഥിച്ചു: "ഞങ്ങൾക്ക് തെറ്റുകാരല്ല, പിന്നെ എന്തിനാണ് ഞങ്ങളെ ശിക്ഷിക്കുന്നത്?" എന്നാൽ അവർ പറഞ്ഞതൊന്നും ആരും ശ്രദ്ധിച്ചില്ല. പിടിച്ചു കൊണ്ട് പോയി കാരാഗൃഹത്തിലടച്ചു.
അദ്ദേഹം ഭഗവാൻ ജഗന്നാഥനിൽ മനസ്സ് ഉറപ്പിക്കുകയും പ്രാർത്ഥനകൾ ആരംഭിക്കുകയും ചെയ്തു: "പ്രിയ ജഗന്നാഥാ, ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപിയായ വ്യക്തിയാണ് ഞാൻ. അങ്ങ് കരുണയുടെ സമുദ്രമാണ്. എന്നെപ്പോലെ പാപിയായ ആരും ഇല്ല, അങ്ങയെ പോലെ കാരുണ്യവാനായ ആരും ഇല്ല. പതിതാത്മാക്കളുടെ മുക്തിദായകനാണ് അങ്ങ്. അങ്ങ് എന്നോട് എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവോ, അത് ദയവായി ചെയ്യുക. എനിക്ക് അങ്ങല്ലാതെ മറ്റൊരു അഭയവുമില്ല. ഇതുപോലെ ചിന്തിച്ചുകൊണ്ട് അദ്ദേഹം ഭഗവാന്റെ പാദകമലങ്ങൾ ധ്യാനിച്ചു.
അന്ന് വൈകുന്നേരം എല്ലാ ക്ഷേത്ര ഭക്തരും ഭഗവാന് സേവനങ്ങൾ പൂർത്തിയാക്കി അവരുടെ വീടുകളിലേക്ക് മടങ്ങി. തന്റെ ഭക്തർക്കുവേണ്ടി എപ്പോഴും വ്യാകുലപ്പെടുന്ന ഭഗവാന് തന്റെ ഭക്തന്റെ കഷ്ടപ്പാടുകൾ സഹിക്കാനാവില്ല. അദ്ദേഹം ഉടനെ ഗരുഡന്റെ മുകളിൽ കയറി രാജാവിന്റെ കൊട്ടാരത്തിലേക്ക് പോയി. ആ സമയത്ത് രാജാവ് ഉറങ്ങുകയായിരുന്നു.
ഭഗവാൻ രാജാവിന്റെ ഉറക്കത്തിൽ പ്രത്യക്ഷനായി പറഞ്ഞു, "ഓ രാജാവേ, ദയവായി ശ്രദ്ധിക്കൂ: അതിഥികൾ നിങ്ങളുടെ വീട്ടിലെത്തുമ്പോൾ, അവർക്ക് ഭക്ഷണം നൽകാതെയും പരിപാലിക്കാതെയും താമസിക്കാൻ നിങ്ങൾ അനുവദിക്കുമോ? നിങ്ങളുടെ കൊട്ടാരത്തിൽ ഭക്ഷണം കഴിക്കാതെ ആരെങ്കിലും ഉണ്ടോ? എന്റെ സുഹൃത്ത് ജജ്പൂരിൽ നിന്നും കുടുംബത്തോടൊപ്പം എന്നിൽ വളരെയധികം വിശ്വാസത്തോടെ വന്നിരുന്നു. ഞാൻ അദ്ദേഹത്തിന് ഭക്ഷണം നൽകി. നിങ്ങളുടെ പിതാവിന്റെ സ്വത്ത് ഞാൻ ചെലവഴിച്ചോ? ഞാൻ എന്റെ സുഹൃത്തിന് പ്രസാദം എന്റെ സ്വർണ്ണ താലത്തിൽ കൊടുത്തു. നിങ്ങൾക്ക് എന്താണ് പ്രശ്നം?
നിങ്ങളുടെ ആളുകൾ അവനെ കുടുംബത്തോടൊപ്പം പിടികൂടി കഠിനമായി മർദ്ദിച്ചു. കൈയും കാലും ബന്ധിച്ച് കാരാഗ്രഹത്തിലടച്ചു. ഇപ്പോൾ എന്റെ സുഹൃത്തിന്റെ കുടുംബം മുഴുവൻ വളരെയധികം കഷ്ടപ്പെടുന്നു. ഉടൻ പുരിയിലേക്ക് പോകാൻ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നു. കാരാഗ്രഹത്തിൽ നിന്ന് അവരെ മോചിപ്പിച്ച് അവരുടെ പാദകമലങ്ങളിൽ വിനയത്തോടെ സേവനം ചെയ്യുക. അവർക്ക് മികച്ച വസ്ത്രങ്ങളും ആഭരണങ്ങളും നൽകുക.
എന്റെ സുഹൃത്തിന്റെ തലയിൽ തലപ്പാവ് വയ്ക്കുക. നിങ്ങൾ എനിക്ക് നൽകുന്ന അതേ സേവനത്തിന് എന്റെ സുഹൃത്ത് അർഹനാണ്. നിങ്ങൾ അവനും കുടുംബത്തിനും അവരുടെ ജീവിതകാലം മുഴുവൻ മികച്ച ഭക്ഷണവും താമസസൗകര്യവും നൽകണം. നിങ്ങൾ എന്റെ കൽപന പാലിച്ചില്ലെങ്കിൽ, നിങ്ങളുടെ കുടുംബം മുഴുവൻ നശിപ്പിക്കപ്പെടും." ഇത് പറഞ്ഞതിന് ശേഷം ജഗന്നാഥൻ രാജാവിനെ ഉണർത്തി, കൊട്ടാരം വിട്ടു.
രാജാവ് ഉടനെ തന്റെ എല്ലാ മന്ത്രിമാരെയും വിളിച്ച് അവർക്ക് എല്ലാം വിശദീകരിച്ചു. രാജാവ് വ്യക്തിപരമായി കാരാഗ്രഹത്തിൽ ബന്ദു മൊഹന്തിയെ മോചിപ്പിക്കാൻ പോയി, അദ്ദേഹത്തെ വാത്സല്യത്തോടെ സ്വീകരിച്ചു. രാജാവ് പറഞ്ഞു, "നിങ്ങളുടെ ദർശനം കൊണ്ട് എന്റെ ജീവിതം വിജയിച്ചു. ഇപ്പോൾ ഞാൻ ഭാഗ്യവാനാണ്. എന്റെ ആളുകൾ ചെയ്ത എല്ലാ കുറ്റങ്ങൾക്കും ദയവായി എന്നോട് ക്ഷമിക്കൂ. "ഇത് പറഞ്ഞതിന് ശേഷം രാജാവ് മൊഹന്തിയെ തീർത്ഥം കൊണ്ട് അഭിഷേകം ചെയ്തു, ധരിക്കാൻ ആഡംബര വസ്ത്രങ്ങൾ നൽകി, തലയിൽ തലപ്പാവ് വച്ചു.
ബന്ദു മൊഹന്തിയുടെ മുഴുവൻ കുടുംബത്തെയും അവരുടെ ജീവിതകാലം മുഴുവൻ പരിപാലിക്കാനുള്ള കാര്യങ്ങൾ രാജാവ് ക്രമീകരിച്ചു. അവർ സ്വന്തം ബന്ധുക്കളാണെന്ന മട്ടിൽ രാജാവ് അവരെ ബഹുമാനിച്ചു. ക്ഷേത്രത്തിന്റെ തെക്കേ കവാടത്തിനടുത്ത് അദ്ദേഹം അവർക്ക് ഒരു വീട് ഒരുക്കി. സുഹൃത്ത് ജഗന്നാഥന്റെ അരികിൽ താമസിക്കുന്നതിൽ ബന്ദു മൊഹന്തി സന്തോഷിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം ഭഗവാൻ ജഗന്നാഥനെ സന്തോഷത്തോടെ സേവിച്ചു.
ജഗന്നാഥന്റെ ഭക്ത-വാത്സല്യത്തിന്റെ ഉദാഹരണമാണിത്. ദൃഢ വിശ്വാസത്തോടെ ഭഗവാനെ സേവിക്കുന്നവരുമായി ഈ വിധത്തിൽ ഭഗവാൻ ആദാനപ്രദാനം ചെയ്യുന്നു. തന്റെ വിശ്വസ്ത ഭക്തർക്ക് ഭഗവാൻ വളരെ പ്രിയപ്പെട്ടവനാണ്. വിശ്വാസമില്ലാത്തവന് ജഗന്നാഥൻ വളരെ അകലെയാണ്. ബന്ദു മൊഹന്തിയുടെ ഈ ലീല കേൾക്കുന്നവർ എല്ലാ പാപങ്ങളിലും നിന്ന് മുക്തനാകും. തന്റെ എല്ലാ ശ്രമങ്ങളിലും അദ്ദേഹം വിജയം കൈവരിക്കും, ഒരിക്കലും യമലോകം കാണില്ല. എല്ലാ വേദഗ്രന്ഥങ്ങളും ഇത് പ്രസ്താവിച്ചിരിക്കുന്നു.