Home

Friday, July 30, 2021

ഭഗവാൻ ജഗന്നാഥന്റെ മഹാ പ്രസാദം



ഭഗവാൻ ജഗന്നാഥന്റെ  മഹാ പ്രസാദം

(ശ്രീല ലോചനദാസ താക്കുറ എഴുതിയ  ചൈതന്യ-മംഗളത്തിൽ പരാമർശിച്ചിട്ടുള്ളത്)

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


 ഒരിക്കൽ നാരദ മുനി വൈകുണ്ഠം സന്ദർശിക്കുകയും അവിടെ  മാതാ ലക്ഷ്മിയെ (ലക്ഷ്മി ദേവിയെ) വളരെ ശ്രദ്ധയോടെ സേവിക്കുകയും പരിചരിക്കുകയും ചെയ്തു.  ലക്ഷ്മി ദേവി വളരെയധികം  സന്തുഷ്ടയാകുകയും,  ആഗ്രഹിക്കുന്ന വരം ചോദിച്ചുകൊള്ളുവാൻ  നാരദ മുനിയോട് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ നാരദ മുനി ഇങ്ങനെ മറുപടി പറഞ്ഞു, "എന്റെ പ്രിയപ്പെട്ട ലക്ഷ്മി മാതാവേ ഞാൻ ആവശ്യപ്പെടുന്നതെന്തും അവിടുന്ന് നൽകാമെന്ന് എനിക്ക്  വാഗ്ദാനം നൽകണം." അദ്ദേഹത്തിന്റെ ആഗ്രഹം സന്തോഷപൂർവ്വം നിറവേറ്റാമെന്ന് ലക്ഷ്മി ദേവി പ്രതിജ്ഞയെടുത്തു.. ശ്രേഷ്ഠനായ നാരദ മുനി തന്റെ ആഗ്രഹം വെളിപ്പെടുത്തി: നാരദ മുനി ശ്രീ ലക്ഷ്മി ദേവിയോട് ശ്രീമൻ നാരായണ ഭഗവാന്റെ മഹാ പ്രസാദത്തിന്റെ  ശേഷിച്ച ഭാഗം (ബാക്കി വന്ന ഭാഗം) തനിക്ക് പ്രസാദമായി നൽകണമെന്ന് അഭ്യർത്ഥിച്ചു.


പെട്ടെന്ന് ലക്ഷ്മി ദേവിയുടെ ഭാവം മാറുകയും, ദേവിയുടെ മുഖം ഉത്കണ്ഠ കൊണ്ട് മൂടപ്പെടുകയും ചെയ്തു. “ഭഗവാന്റെ പ്രസാദമൊഴിച്ച് വേറെ എന്തെങ്കിലും വരം തന്നോട് ആവശ്യപ്പെടാൻ,” ദേവി അഭ്യർത്ഥിച്ചു. "കുറച്ചുനാൾ മുമ്പ് ഭഗവാൻ തന്റെ പ്രസാദം ആർക്കും നൽകരുതെന്ന് എനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  എന്റെ പതിയുടെ കൽപന ലംഘിക്കാൻ എനിക്കാവില്ലെന്നത് താങ്കൾ മനസ്സിലാക്കണം. എന്റെ പ്രിയപുത്രാ,  ആയതിനാൽ എനിക്ക്  പ്രസാദം നൽകാൻ സാധിക്കുകയില്ല " നാരദൻ വളരെ അചഞ്ചലനായിരുന്നു, ഒപ്പം ദേവിയുടെ വാഗ്ദാനത്തെപറ്റി ഓർമ്മപ്പെടുത്തി. “ദേവി ശ്രീമൻ നാരായണന്റെ പ്രിയപ്പെട്ട പത്നിയാണ്,” നാരദ മുനി പറഞ്ഞു. "ദേവി എനിക്ക് ഈ അനുഗ്രഹം നൽകണം. എങ്ങിനെയെങ്കിലും ഏതെങ്കിലും രീതിയിൽ  ദേവി എനിക്ക് ഭഗവാന്റെ മഹാ പ്രസാദ നൽകണം" ലക്ഷ്മി ദേവി ഇപ്പോൾ വലിയ  ധർമ്മ സങ്കടത്തിലായിരിക്കുന്നു. എന്തു ചെയ്യാൻ കഴിയും? , അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ എന്തുചെയ്യാമെന്ന് ആലോചിക്കാമെന്നും, കാത്തിരിക്കാനും നാരദ മുനിയോട് ലക്ഷ്മി ദേവി പറഞ്ഞു.മദ്ധ്യാഹ്നമായപ്പോൾ  ലക്ഷ്മി ദേവി തന്റെ ഭർത്താവ് ശ്രീമൻ നാരായണന് ഭോജനം നൽകി. വളരെ ശ്രദ്ധയോടും വൈദഗ്ധ്യത്തോടും കൂടി തന്നെയാണ് ദേവി തന്റെ കടമകൾ നിർവഹിച്ചതെങ്കിലും, തൻ്റെ പത്നി വളരെ അസന്തുഷ്ടയാണെന്ന് ഭഗവാന് അനുഭവപ്പെട്ടു. ദേവിയുടെ മുഖം ഇരുണ്ടതും അസന്തുഷ്ടി ഉള്ളതുമായിരുന്നു. ഭഗവാൻ നാരായണൻ ദേവിയുടെ സങ്കടത്തിന്റെ കാരണം സൗമ്യമായി ദേവിയോട് ആരാഞ്ഞു . ഭഗവാന്റെ  പാദപത്മങ്ങൾ അഭയം തേടി കൊണ്ട് ലക്ഷ്മി ദേവി തന്റെ വിഷമാവസ്ഥ വിശദീകരിച്ചു.മിഴിനീരൊഴുക്കുന്ന പത്നിയെ കരുണാപൂർവ്വം ആശ്വസിപ്പിച്ചുകൊണ്ട്  ഭഗവാൻ നാരായണൻ പറഞ്ഞു, "ഇന്നത്തേക്ക് മാത്രം ഞാൻ ഈ നിയന്ത്രണം ഒഴിവാക്കിത്തരാം. ദേവിക്ക് എന്റെ പ്രസാദത്തിൻ്റെ ബാക്കി വന്ന ഭാഗം (ശേഷ ഭാഗം) എടുത്ത് നാരദന് നൽകാം. എന്നാൽ ഞാൻ കാണാത്ത വിധത്തിൽ ദേവി പ്രസാദം നൽകണം. ഞാൻ എന്റെ മുഖം ഒരു വശത്തേക്ക് തിരിക്കുമ്പോൾ, ഞാനറിയാത്തതുപോലെ ദേവിക്ക് പ്രസാദത്തിൻ്റെ പാത്രം എടുത്തുകൊണ്ട് പോകാം." ദേവി സന്തോഷവതിയായി തൻ്റെ പ്രിയപ്പെട്ട പതിയുടെ നിർദേശപ്രകാരം, അദ്ദേഹം മുഖം തിരിച്ചിരിക്കുന്ന സമയത്ത് ദേവി അദ്ദേഹത്തിന്റെ മഹാ പ്രസാദത്തിൻ്റെ ശേഷ ഭാഗം  സൂക്ഷ്മമായി നീക്കം ചെയ്തു.


ലക്ഷ്മി ദേവി ഉടൻ തന്നെ മഹാ പ്രസാദത്തിൻ്റെ തളികയെടുത്ത് സന്തോഷത്തോടെ നാരദ മുനിക്ക് സമ്മാനിച്ചു. പരമാനന്ദത്താൽ നൃത്തം ചെയ്യുന്ന നാരദ മുനി ഭഗവാന്റെ മഹാ പ്രസാദത്തിൻ്റെ ശേഷം വന്നത് മഹാ മഹാ പ്രസാദമായി ആകാംക്ഷയോടെ ആസ്വദിച്ചു. അദ്ദേഹം നാരായണ പ്രസാദത്തെ ആസ്വദിച്ചു കഴിച്ചു.തുടർന്നുണ്ടായ പരമാനന്ദത്താൽ ഭഗവാന്റെ ദിവ്യ നാമങ്ങൾ ജപിക്കുന്നതിൽ നിന്നും, ആനന്ദ നൃത്തം ചെയ്യുന്നതിൽ നിന്നും ഒരു നിമിഷം പോലും സ്വയം നിയന്ത്രിക്കാൻ അദ്ദേഹത്തിന്  കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വികാരാധീനത വർദ്ധിച്ചതോടെ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല. നാരദ മുനി തന്റെ വീണയോടൊപ്പം ഒരു ഭ്രാന്തനെപ്പോലെ പ്രപഞ്ചത്തിലുടനീളം സഞ്ചരിക്കാൻ തുടങ്ങി. ഭഗവാൻറെ ദിവ്യനാമങ്ങൾ  നിർത്താതെ ജപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത അദ്ദേഹം ഒരു ലോകത്തുനിന്ന് നിന്ന് മറ്റൊരു ലോകത്തിലേക്ക് മാറി മാറി സഞ്ചരിക്കുകയും ഒടുവിൽ അദ്ദേഹം മഹാദേവന്റെ വാസസ്ഥലമായ കൈലാസ പർവതത്തിലെത്തുകയും ചെയ്തു.നാരദ മുനി ജപിക്കുന്നതും നൃത്തം ചെയ്യുന്നതും കണ്ട് പരമശിവൻ അത്ഭുതപ്പെട്ടു. വിഷ്ണുനാമങ്ങളുടെ തിരമാലകളിൽ നീന്തിതുടിക്കുന്ന നാരദ മുനി ശിവനെ ശ്രദ്ധിച്ചില്ല. മഹാദേവൻ നാരദ മുനിയെ സാന്ത്വനിപ്പിച്ചു  കൊണ്ട്  ചോദിച്ചു "നാരദാ, നാരായണ ഭഗവാന്റെ നാമം താങ്കൾ നിരന്തരം ചൊല്ലുന്നതിനാൽ താങ്കൾ എല്ലായ്പ്പോഴും ആനന്ദോന്മാദത്തിലാണെന്ന് എനിക്കറിയാം. എന്നാൽ  താങ്കളെ ഒരിക്കലും ഇത്തരമൊരു അവസ്ഥയിൽ ഞാൻ കണ്ടിട്ടില്ല! താങ്കൾക്ക് എന്താണ് സംഭവിച്ചത്?" പിന്നെ നാരദ മുനി ശാന്തനായി എല്ലാം വിശദീകരിച്ചു. "പ്രഭോ നാരായണ ഭഗവാൻ്റെ മഹാ പ്രസാദത്തെ ആസ്വദിച്ചതിന് ശേഷം എനിക്ക് വളരെയധികം സന്തോഷവും പരമാനന്ദവും ലഭിച്ചു, എനിക്ക് നൃത്തവും നാമജപവും നിർത്താൻ കഴിഞ്ഞില്ല," നാരദൻ ശ്വാസം വിടാതെ പറഞ്ഞു. മഹാദേവൻ കൈകൾ കൂപ്പികൊണ്ട് മറുപടി പറഞ്ഞു, "ഓ നാരദാ! നാരായണന്റെ മഹാപ്രസാദം ആസ്വദിച്ചതിനാൽ താങ്കൾ വളരെയധികം  ഭാഗ്യവാനാണ്." ശിവൻ പ്രതീക്ഷയോടെ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. "പ്രിയ നാരദാ, താങ്കൾ എനിക്കായി എന്തെങ്കിലും പ്രസാദ കൊണ്ടുവന്നിട്ടുണ്ടോ?"


മഹാദേവനു നൽകാൻ പ്രസാദങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലാത്തതിൽ നാരദന് വളരെയധികം വിഷമം തോന്നി. തല താഴ്ത്തി, നാരദൻ കൈകൾ കൂപ്പികൊണ്ട് മഹാദേവന്റെ മുൻപിൽ നിന്നു. അപ്പോൾ പ്രസാദത്തിന്റെ  ഒരു തരി വിരൽത്തുമ്പിൽ പറ്റിയിരിക്കുന്നതായി അദ്ദേഹത്തിൻ്റ ശ്രദ്ധയിൽ പെട്ടു . ഉടനെ തന്നെ നാരദൻ മഹാദേവനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു, "ഓ, ഇതാ കുറച്ച് പ്രസാദം! പ്രസാദത്തിന്റെ ഒരു കണിക മാത്രം, പ്രസാദത്തിന്റെ ഒരു തരി അങ്ങക്കായി മാത്രം."


മഹാദേവൻ കാണുന്നതിനായി നാരദ മുനി ശ്രദ്ധാപൂർവ്വം കൈ ഉയർത്തിപ്പിടിച്ചു. "ഓ ദേവാ (ശിവ), താങ്കൾ വളരെയധികം ഭാഗ്യവാനാണ്. ദയവായി ഈ മഹാപ്രസാദം സ്വീകരിച്ചാലും. നാരദ മുനി മഹാദേവന്റെ വായിലേക്ക് വിരൽ തുമ്പ് വയ്ക്കുകയും, മഹാ പ്രസാദത്തിന്റെ ആ ചെറിയ തരി മഹാദേവന്റെ നാവിൽ സ്പർശിച്ചയുടനെ, അദ്ദേഹത്തിന് പരമാനന്ദവും സന്തോഷവും അനുഭവപ്പെടുകയും, പിന്നെ അദ്ദേഹത്തിനും ശാന്തനായിരിക്കാൻ കഴിയാതായി. മഹാദേവൻ നാമങ്ങൾ ജപിക്കാനും നൃത്തം ചെയ്യാനും തുടങ്ങി. പരമാനന്ദം അത്യാധികമായപ്പോൾ അദ്ദേഹത്തിന്റെ നൃത്തം വർദ്ധിച്ചു. അദ്ദേഹത്തിന്റെ നൃത്തം വളരെ ഊർജ്ജസ്വലമായിത്തീർന്നു, തുടർന്ന് പ്രപഞ്ചം മുഴുവൻ ഇളകാൻ തുടങ്ങി. "എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ഈ നൃത്തം അകാലത്തിൽ നടക്കുന്നത്?   പ്രളയത്തിന്റെ സൂചന നൽകുന്നതു പോലത്തെ താണ്ഡവനൃത്തം, അപ്പോൾ ഉന്മൂലനാശനത്തിനുള്ള സമയമല്ലല്ലോ" എന്ന് ചിന്തിച്ച് എല്ലാവരും പരിഭ്രാന്തരായി.


താണ്ടവ നൃത്തം ചെയ്യുന്നതിൽ നിന്ന് മഹാദേവനെ തടയാൻ ആരും ധൈര്യപ്പെട്ടില്ല. പ്രഭുവിനെ സമാധാനിപ്പിക്കാൻ ദേവന്മാർ  പാർവതി ദേവിയോട് അപേക്ഷിച്ചു, അല്ലാത്തപക്ഷം പ്രപഞ്ചം മുഴുവൻ നശിപ്പിക്കപ്പെടും. ഉടനെതന്നെ പാർവതി ദേവി  അവിടെയെത്തുകയും, മഹാദേവൻ അനിയന്ത്രിതമായ ആവേശത്തിൽ നൃത്തം ചെയ്യുന്നതും കണ്ടു. പാർവതി ദേവി വിനയപൂർവ്വം മഹാദേവനെ സമീപിച്ചു കൊണ്ട്, അദ്ദേഹത്തിന് ബാഹ്യ ബോധം വന്നപ്പോൾ  ദേവി ചോദിച്ചു, "എന്റെ പ്രിയ നാഥാ, അങ്ങക്കെന്താണ് സംഭവിച്ചത്? എന്താണ് ഇത്രയധികം ആനന്ദത്തിൽ നൃത്തം ചെയ്യാൻ അങ്ങയെ പ്രേരിപ്പിച്ചത്?" നാരദ മുനിയിൽ നിന്ന് തനിക്ക് ഭഗവാൻ നാരായണന്റെ മഹാപ്രസാദം ലഭിച്ചതായി ശിവൻ വിശദീകരിച്ചു. പാർവതി ദേവി അത്ഭുതപ്പെട്ടു. "എന്റെ പ്രിയപ്പെട്ട  നാഥാ, അങ്ങ് എനിക്കായി എന്തെങ്കിലും മഹാ പ്രസാദം സൂക്ഷിച്ചിട്ടുണ്ടോ?" ശിവന് മറുപടി പറയാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് നാരദനിൽ നിന്ന്  ഒരു തരി  പ്രസാദം മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിൽനിന്ന് എങ്ങനെ എന്തെങ്കിലും മാറ്റിവൈക്കാൻ കഴിയും? 


തനിക്ക് മഹാ പ്രസാദം ലഭിക്കാത്തതിൽ പാർവതിക്ക് കോപവും പരിഭവവും വന്നു. "നാരായണ പ്രസാദം ലഭിക്കുന്നതിൽ നിന്ന് എന്നെ ഒഴിവാക്കി." "ദേവി  കോപാകുലയാവുകും, ദേവിയുടെ കോപത്തിന്റെ അഗ്നിയാൽ പ്രപഞ്ചം മുഴുവൻ കത്താൻ തുടങ്ങി. പാതാളം മുതൽ  സ്വർഗലോകം വരെയുള്ള എല്ലാ ലോകങ്ങളും കത്തുന്ന ചൂട് അനുഭവപ്പെട്ടു. പാർവതി ദേവിയുടെ കടുത്ത കോപത്താൽ എല്ലാം അവസാനിക്കാൻ പോകുകയാണെന്ന്  മുനിമാർക്കും ഋിഷിമാർക്കും മനസ്സിലായി  അവർക്കാർക്കും ദേവിയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല.


ഒടുവിൽ ബ്രഹ്മാവിന്റെ നേതൃത്വത്തിലുള്ള എല്ലാ ദേവൻന്മാരും ഭഗവാൻ വിഷ്ണുവിനെ അറിയിക്കാൻ വൈകുണ്ഠത്തിലേക്ക് വന്നു. സാഹചര്യം മനസ്സിലാക്കിയ വിഷ്ണു ഭഗവാൻ ഗരുഡന്റെ പുറകിലിരുന്ന് കൈലാസത്തിലേക്ക് യാത്രയായി. പാർവ്വതി ദേവി നാരായണ ഭഗവാനെ കണ്ടയുടനെ നമസ്കരിക്കാൻ മുന്നോട്ടുവന്നു. ഭഗവാൻ നാരായണൻ തന്റെ ഭക്തയെ അനുഗ്രഹിച്ച് കൊണ്ട് ദേവിയോട് പറഞ്ഞു, "ഭവതി ആഗ്രഹിക്കുന്നത്ര മഹാപ്രസാദം ഞാൻ നൽകാം. ദയവായി ശാന്തയാകുകയും ഭവതിയുടെ കോപം ഉപേക്ഷിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം, പ്രപഞ്ചത്തിലെ ദേവിയുടെ  മക്കളെല്ലാവരും ഇല്ലാതെയാകും." എന്നാൽ പാർവതി മാത പ്രതിഷേധം തുടർന്ന്കൊണ്ട് പറഞ്ഞു. "ഭഗവാൻ്റെ മഹാ പ്രസാദം അങ്ങ് എനിക്ക് മാത്രം നൽകിയതുകൊണ്ട് ഞാൻ സംതൃപ്തനാകില്ല. എന്റെ എല്ലാ മക്കൾക്കും- എല്ലാ ജീവജാലങ്ങൾക്കും താങ്കളുടെ മഹാപ്രസാദം നൽകണമെന്ന് ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.  താങ്കളുടെ മഹാപ്രസാദം ലഭിക്കാത്തതിനാൽ (നിരാകരിച്ചതിനാൽ) ഞാൻ വിഷമസ്ഥിതിയിലായതുപോലെ  എന്റെ മക്കളാരും കഷ്ടപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നായ്ക്കൾ ഉൾപ്പെടെുളള എല്ലാ ജീവജാലങ്ങൾക്കും അങ്ങയുടെ മഹാ പ്രസാദത്തെ ആസ്വദിക്കുന്നതിനായുള്ള എന്തെങ്കിലും ക്രമീകരണം താങ്കൾ ചെയ്തുതരണം " 


ഭഗവാൻ നാരായണൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു "തഥാസ്തു. അങ്ങനെതന്നെയാകട്ടെ. എന്റെ പ്രിയപ്പെട്ട പാർവതി, ദേവിയുടെ ആഗ്രഹം നിറവേറ്റാൻ(സഫലമാക്കാൻ) ഞാൻ നിലാചല-ധാമത്തിൽ പ്രത്യക്ഷപ്പെടും. എന്റെ പ്രസാദം വിതരണം ചെയ്യുന്നതിലൂടെ എന്റെ  ഈ ക്ഷേത്രം വളരെയധികം പ്രസിദ്ധമാകും. എന്റെ പ്രസാദം സ്വീകരിക്കുന്നവർ എല്ലാവരും മുക്തരായിത്തീരും. എൻ്റെ എല്ലാ പ്രസാദവും ആദ്യം ഭവതിക്ക് നൽകപ്പെടും. അപ്പോൾ അവയെല്ലാം മഹാ പ്രസാദമായി മാറും. ഈ മഹാ പ്രസാദം  പരിഗണനകൾ ഒന്നും തന്നെ ഇല്ലാതെ എല്ലാവർക്കുമായി  വിതരണം ചെയ്യും. ക്ഷേത്രത്തിൽ ഞാൻ ഇരിക്കുന്നതിൻ്റെ അരികിലായി ദേവിയെയും ഇരുത്തും. പ്രധാന അങ്കണത്തിൽ എന്റെ തൊട്ടുപിന്നിൽ ദേവിയുടെ ക്ഷേത്രം ഉണ്ടാകും. മഹാ പ്രസാദം നൽകാൻ അവഗണിച്ചതിനാൽ ശിവൻ്റെ ക്ഷേത്രം എന്റെ തൊട്ടു പുറകുവശത്ത് അകലെയായിട്ടായിരിക്കും. അദ്ദേഹത്തിന്റെ ക്ഷേത്രം പ്രധാന അങ്കണത്തിന് പുറത്തുഭാഗത്തായിട്ട് ആയിരിക്കും.


പുരിയിൽ ജഗന്നാഥനായി ഭഗവാൻ പ്രത്യക്ഷപ്പെടുകയും,  അവിടെ വിമല ദേവിയെന്ന പേരിൽ പാർവതി ദേവി വരികയും, ജഗന്നാഥ ഭഗവാന്റെ പ്രസാദങ്ങളെല്ലാം ആദ്യം വിമലദേവിക്ക് സമർപ്പിക്കുകയും ചെയ്യുന്നു. അതിനു ശേഷം മാത്രമേ അത് മഹാ പ്രസാദമായി വിതരണം ചെയ്യൂ. പുരിയിൽ ജഗന്നാഥ മഹാ പ്രസാദം നൽക്കുന്നതിന് താഴ്ന്നതും ഉയർന്നതുമായ വ്യത്യസ്ഥ ജാതി വ്യവസ്ഥകൾ ഒന്നും തന്നെ ഇല്ല. ജഗന്നാഥ മഹപ്രസാദം വളരെ പരിശുദ്ധമാണ്, ഒരു ബ്രാഹ്മണന് മഹാ പ്രസാദത്തെ നായയുടെ വായിൽ നിന്ന് പോലും എടുക്കാമെന്ന് ശാസ്ത്രം പറയുന്നു. ഇത് ഒരിക്കലും മലിനമാകില്ല.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆