Home

Tuesday, August 3, 2021

കാമിക ഏകാദശി

 

കാമിക ഏകാദശി

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



 കാമിക ഏകാദശിയെ കുറിച്ചുള്ള വിശദാംശങ്ങൾ ബ്രഹ്മവൈവർത്തപുരാണത്തിൽ ഭഗവാൻ കൃഷ്ണനും യുധിഷ്ഠിരനും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവരിച്ചിരിക്കുന്നു.


 യുധിഷ്ഠിര മഹാരാജാവ് പറഞ്ഞു "അല്ലയോ പരമപുരുഷാ ! കൃഷ്ണാ ! അങ്ങയിൽ നിന്ന് ദേവശയന ഏകാദശിയുടെ മാഹാത്മ്യത്തെ പറ്റി ഞാൻ കേട്ടറിഞ്ഞു. ഇപ്പോൾ ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയെക്കുറിച്ച് കേൾക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. എന്റെ ഭഗവാനേ ! ഈ ഏകാദശിയുടെ മഹാത്മ്യങ്ങളെ പറ്റി ദയവുണ്ടായി  വിശദീകരിച്ചാലും"

 

പത്മലോചനനായ ഭഗവാൻ കൃഷ്ണൻ മറുപടിയോതി "അല്ലയോ രാജാവേ, ഒരുവന്റെ  സർവ്വവിധ പാപങ്ങളെയും ഉന്മൂലനം ചെയ്യുന്ന ഈ ഏകാദശി വ്രതാനുഷ്ഠാനത്തെ പറ്റി ദയവായി ശ്രദ്ധാപൂർവ്വം ശ്രവിച്ചു കൊള്ളുക."


പണ്ടൊരിക്കൽ നാരദമുനി ബ്രഹ്മദേവനോട് ഇതേ വിഷയത്തെപ്പറ്റിയും, ഈ ഏകാദശിയുടെ അധിഷ്ഠാനദേവതയെപ്പറ്റിയും , ഏകാദശി വ്രതാനുഷ്ഠാനത്തിന്റ വിധി മുറകളെ പറ്റിയും ചോദിക്കുകയുണ്ടായി."


സമസ്ത പ്രപഞ്ചത്തിന്റേയും ആത്മീയ ഗുരുവായി വിളങ്ങുന്ന ബ്രഹ്മദേവൻ ഇപ്രകാരം മറുപടിയോതി. "ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഈ ഏകാദശി ,കാമിക ഏകാദശി എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. ഈ ഏകാദശിയെ പറ്റി ശ്രവിക്കുന്നതിലൂടെ ഒരുവന് വാജപേയ യജ്ഞം ചെയ്ത പുണ്യഫലം ലഭിക്കുന്നു."


" ഈ ശുഭ ദിനത്തിൽ ഒരുവൻ ശംഖ ചക്ര ഗദാ പത്മ ധാരിയായ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കണം. ഗംഗ ,  കാശി , നൈമിഷാരണ്യം , പുഷ്കരം എന്നീ തീർത്ത സ്ഥലങ്ങളിൽ തങ്ങുന്നതിനാലും അവയിൽ സ്നാനം ചെയ്യുന്നതിനാലും ലഭിക്കുന്ന പുണ്യ ഫലത്തെ ഈ ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ മാത്രം ഒരുവന് നേടാൻ കഴിയും. കേദാർനാഥിലോ കുരുക്ഷേത്രത്തിലോ സ്നാനം ചെയ്താലോ ,സൂര്യഗ്രഹണസമയത്തെ വ്രതാനുഷ്ഠാനത്തിനാലോ  ലഭിക്കാത്ത പുണ്യഫലങ്ങൾ അത്രയും തന്നെ ഈ ദിവസം ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നത് കൊണ്ട് മാത്രം ഒരുവൻ നേടുന്നു. അതിനാൽ കാമിക ഏകാദശി വ്രതം നോൽക്കുന്നതും ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നതും സമസ്ത ലോകരുടേയും അതിപ്രധാനമായ കർത്തവ്യമാകുന്നു


ഒരു താമരയിലയിൽ പതിക്കുന്ന ജലത്തുള്ളികൾക്ക് അതിനെ സ്പർശിക്കാനാകാത്തത് പോലെ കാമിക ഏകാദശിയുടെ പ്രഭാവത്താൽ ഒരുവൻ പാപകർമ്മങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഈ ദിവസം ഭഗവാൻ ഹരിയെ തുളസി ദളങ്ങളാൽ അർച്ചന ചെയ്യുന്ന ഒരുവൻ സകലവിധ പാപങ്ങളിൽ നിന്നും മുക്തി നേടുന്നു. തുളസി ദേവിയെ ദർശിക്കുന്നതിലൂടെ മാത്രം ഒരുവന്റെ സകലവിധ പാപങ്ങളും നശിപ്പിക്കപ്പെടുന്നു.  തുളസി ദേവിയെ സ്പർശിക്കുന്നതിലൂടെ മാത്രം ഒരുവൻ ശുദ്ധ ഹൃദയനായിത്തീരുന്നു.തുളസീദേവിക്ക് പ്രാർത്ഥനകൾ അർപ്പിക്കുന്നതിലൂടെ ഒരുവൻ രോഗശാന്തിയടയുന്നു. തുളസി ദേവിയെ സ്നാനം ചെയ്യിക്കുന്ന ഒരുവന് മരണത്തിന്റെ ദേവനായ യമരാജനെ ഭയപ്പെടേണ്ടതില്ല . തുളസി ദേവിയെ നട്ടു വളർത്തുന്നതിലൂടെ ഒരുവൻ ഭഗവാൻ ശ്രീകൃഷ്ണന്റെ നിത്യ വാസസ്ഥലമായ ഗോലോക വൃന്ദാവനത്തിൽ വസിക്കാൻ മാത്രം ഭാഗ്യശാലിയായിത്തീരുന്നു. പരമപുരുഷനായ ഭഗവാന്റെ പാദപത്മങ്ങളിൽ തുളസീദളങ്ങൾ സമർപ്പിക്കുന്ന ഒരുവൻ ശുദ്ധ ഭക്തിയുത സേവനം എന്ന് ഉൽകൃഷ്ടമായ  നിധി പ്രാപ്തമാക്കുന്നു."


"ഏകാദശി ദിവസം തുളസീദേവിക്ക് നെയ് ദീപം സമർപ്പിച്ച് പ്രണാമങ്ങൾ അർപ്പിക്കുന്ന ഒരുവൻ  നേടുന്ന പുണ്യ ഫലത്തെ ചിത്രഗുപ്തന് പോലും അളന്ന് തിട്ടപ്പെടുത്താനാകുന്നതല്ല. ബ്രഹ്മഹത്യ, ഭ്രൂണഹത്യ മുതലായ  ഹീനമായ പാപകൃത്യങ്ങൾ പോലും  നശിക്കപ്പെടുമെന്നത്, ഈ  ഏകാദശിയുടെ അനുഷ്ഠാനത്താൽ ലഭിക്കുന്ന തുലോം  അപ്രധാനമായ ഫലങ്ങളിൽ ഒന്നാണ്. ഈ ഏകാദശിയുടെ മഹാത്മ്യം വിശ്വാസത്തോടെ ശ്രവിക്കുകയോ വായിക്കുകയോ ചെയ്യുന്ന ഒരുവൻ  നിശ്ചയമായും ഭഗവാൻ വിഷ്ണുവിന്റ പരമധാമമായ വൈകുണ്ഡം പ്രാപിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆